ജീവികളെ കുറിച്ച് എഴുതുമ്പോള്‍ പേരുകളുടെ കൂട്ടത്തില്‍ ശാസ്ത്രനാമം കൂടി എഴുതാറുണ്ടല്ലോ. അതെന്തൊരു വട്ടപ്പേരാണ് എന്ന് ചിലര്‍ ചോദിക്കാറുണ്ട്.
അത് വട്ടപ്പേരല്ല. ദ്വിനാമ പദ്ധതി (binomial nomenclature) പ്രകാരം ജീവജാലങ്ങള്‍ക്ക് ശാസ്ത്രലോകം നല്‍കുന്ന പേരാണ്. ദ്വിപദ നാമകരണം.
കരോളസ് ലിന്നേയസ് (Carolus Linnaeus) എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണ് ഈ പേരിടല്‍ കര്‍മത്തിന്റെ ഉപജ്ഞാതാവ്. കാള്‍ ലിന്നേയസ് എന്നും കാള്‍ വോന്‍ ലിന്നെ എന്നും അദ്ദേഹം അറിയപ്പെട്ടു. കാള്‍ ലിന്നേയസ് (CE.1707-1778) ഒരു ബയോളജിസ്റ്റും (biologist) ഭിഷഗ്വരനും ആയിരുന്നു. ജന്തു ശാസ്ത്രത്തിലും (zoology) സസ്യ ശാസ്ത്രത്തിലും (botany) അദ്ദേഹം പ്രവര്‍ത്തിച്ചു. ആധുനിക വര്‍ഗ്ഗീകരണത്തിന്റെ പിതാവായി ലിന്നേയസ് ആദരിക്കപ്പെട്ടു. സംഗതി നടക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്.
ജീവികള്‍ ഓരോ ഭൂപ്രദേശത്തും വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അവയ്ക്ക് ശാസ്ത്ര നാമം ഒന്നേയുള്ളൂ. ഭൂലോകത്ത് എവിടെയും ആ പേരില്‍ അവയെ തിരിച്ചറിയാം. നാം പറയാറില്ലേ ‘വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവും’ എന്ന്. ഇതും അപ്പടി തന്നെ.
നമ്മുടെ ശാസ്ത്രനാമം ഹോമോ സേപിയന്‍സ് (Homo sapiens) എന്നാണ്. നാട്ടില്‍ കാണുന്ന അണ്ണാന് പേര് ഫൂനംബുലസ് പാമാരം (Funambulus palmarum). അപ്പോള്‍ തെങ്ങ്. കൊകോസ് ന്യൂസിഫെറ (Cocos nucifera).
രണ്ടു കഷണം പേരുകള്‍ തുന്നിച്ചേര്‍ത്ത ഒരു ഗോളാന്തര നാമം. അതാണ് ഒരു ജീവിയുടെ ശാസ്ത്രനാമം. ഇങ്ങനെ ഒരു ശാസ്ത്രനാമം ഇല്ലായിരുന്നുവെങ്കില്‍ ഓരോ ജീവികളെയും നാം എത്ര പേരുകളിട്ടു വിളിക്കും. കാര്യങ്ങള്‍ വലിയ കഷ്ടമായിപ്പോയേനെ.









