വാര്‍ത്തകള്‍ കൈമാറുന്നതിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും ശക്തമായ
വേദികളായി ഇന്ന് സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ഫേസ്ബുക്കും
യു ട്യൂബും , ഇന്‍സ്റ്റഗ്രാം റീല്‍സും ജനജീവിതത്തിന്റെ ഭാഗങ്ങളായി കഴിഞ്ഞി രിക്കുന്നു. ‘വ്യൂസ് എന്ന വാക്കിന് മനുഷ്യ ജീവിതത്തെക്കാള്‍ മൂല്യം കൊടുക്കുന്ന കാലമാണ്. ലൈക്കും , ഷെയറും ,
സബ്‌സ്‌ക്രൈബും കൂട്ടാന്‍ കണ്ണുനീരിനെ പോലും
ചൂഷണം ചെയ്യുന്ന മനസ്സാക്ഷി മരിച്ച കാലഘട്ടം.
‘ബ്രേക്കിംഗ് ന്യൂസ് ആകാന്‍ , ‘ഫസ്റ്റ് അപ് ലോഡ്
ആകാനുള്ള പരക്കം പാച്ചിലുകളാണ് എവിടെയും.
ഒരു സംഭവം നടക്കുമ്പോള്‍
എന്തു കൊണ്ട് അത് അങ്ങനെ സംഭവിച്ചു എന്നുള്ള കാര്യം വ്യക്തമാക്കാത്തത്
മാധ്യമ സ്വാതന്ത്ര്യമോ അഭിപ്രായ സ്വാതന്ത്ര്യമോ അല്ല. എങ്ങനെ ‘ വൈറലാക്കാം ‘ എന്നുള്ള സ്വാര്‍ത്ഥചിന്ത മാത്രമാണ് .
യു ട്യൂബ് ചാനലുകളും , റീല്‍സുകളും ഇന്നൊരു
തൊഴിലാണ്. അതൊരു തെറ്റല്ല. പക്ഷേ ദുഃഖവാര്‍ത്തകള്‍ പോലും ചിലര്‍ക്ക് വിഷയ വസ്തുവാണ്.
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു
കയറുന്നതും മോശമായ കാര്യമാണ്. ഇത് കാണുമ്പോള്‍ ചോദിക്കാതെ വയ്യ. ‘സഹാനുഭൂതിയൊക്കെ എവിടെപ്പോയി ‘ ? മാന്യതയ്ക്ക് ഇവര്‍ നല്‍കുന്ന
വിലയെത്രയാണ് ‘ ? .
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിന് മറ്റൊരാളെ നശിപ്പിക്കരുതെന്നു കൂടിയുള്ള ഓര്‍മ്മപ്പെടുത്തലുണ്ട്.
ദീപക്കിനെ കുറ്റവാളിയാക്കി റീല്‍ എടുത്ത യുവതി ഇതിന്റെ ഭീകര ഉദാഹരണമായി മാറിയിരിക്കുകയാണ്. കാഴ്ചക്കാരുടെ എണ്ണം കൂട്ടാനായി ഒരാളെ കുറ്റവാളിയാക്കുന്ന ഡിജിറ്റല്‍
ക്രൂരകൃത്യം ചെയ്യുന്നവര്‍ അവരുടെ കുടുംബത്തെ
കുറിച്ചോര്‍ക്കേണ്ടത് കേവലം മനുഷ്യത്വം മാത്രമാണ്. ദീപക്കിന്റെ വൃദ്ധരായ മാതാപിതാക്കളുടെ വിലാപം മനസ്സില്‍ നിന്നും
മായുമോ ? അത് എത്ര സങ്കടകരമായ കാഴ്ചയായിരുന്നു.
ഇന്ന് ദീപക്ക് .നാളെ അത് മറ്റൊരാളായി
മാറാതിരിക്കുവാന്‍ റീലില്‍ പറയുന്ന വാക്കുകളും
തലക്കെട്ടില്‍ ചേര്‍ക്കുന്ന ആരോപണങ്ങളും
മുന്‍വിധിയോടെയുള്ളതുംഉത്തരവാദിത്വരഹിതവുമാകരുത്. ഒരു നിരപരാധിയെ
സമൂഹത്തിന്റെ കണ്ണില്‍ കുറ്റവാളിയാക്കി മാറ്റുന്ന തുമാകരുത്. സ്ഥിതീകരണമില്ലാത്ത കാര്യങ്ങള്‍
ആര്‍ക്കു നേരെയും ഉന്നയിക്കരുത്.
വേദനയെ പോലും ‘വ്യൂസിനും റീച്ചിനും ‘ വേണ്ടി
ചവിട്ടി മെതിക്കുന്ന അപകടകരമായ പ്രവണത
വളര്‍ന്നു വരുന്നതും കാണുന്നുണ്ട്. ഒരു മനുഷ്യജീവന്‍ പൊലിഞ്ഞത് ചിലര്‍ക്ക് ദുഃഖകരമായ സംഭവമായപ്പോള്‍
റീല്‍സ് എടുക്കുന്നവര്‍ക്ക് അത് മറ്റൊരു വിഷയമായി മാറി.
നിയമവും കോടതിയും ഉള്ള ഈ നാട്ടില്‍
വിധിയെഴുതുന്നവരുടെയും , അസഭ്യമായ ഭാഷയിലുള്ള വീഡിയോകള്‍ വൈറലാക്കുവാന്‍
തത്രപ്പെടുന്നവരുടെയും എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്.
ലൈക്കും ഷെയറും
ചെയ്ത് ഇത്തരം ഉള്ളടക്കങ്ങള്‍ക്ക് പ്രചാരം
നല്‍കുന്നതില്‍ വിഷയ (കണ്ടന്റ്) നിര്‍മ്മാതാക്കളെ പോലെ കാണികള്‍ക്കും പങ്കുണ്ട്. കാണികളില്ലെങ്കില്‍
ഈ പ്രവണതകള്‍ക്ക് നിലനില്‍പ്പില്ല.
വീഡിയോകള്‍ വിനോദത്തിന്റെയോ തമാശയുടെയോ യാഥാര്‍ത്യമറിയാതെയോ ഒക്കെ ഉള്ളതാകാം. അത് സൃഷ്ടിക്കുന്നവര്‍ അതിന്റെ ആഘാതമേല്‍ക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദം എത്രയാണെന്ന് പലപ്പോഴും ആലോചിക്കാറില്ല. ഒരാളുടെ ആത്മാഭിമാനത്തെയും മാനസികനിലയെയും ഗുരുതരമായി ബാധിക്കാമെന്ന സത്യവും പലപ്പോഴും മറന്നു പോകുന്നു.
ദീപക്കിന്റെ ദുരന്തം ഇനി ഒരിക്കലും ആവര്‍ത്തിക്കാതെ നോക്കേണ്ടത് സമൂഹത്തിന്റെ
കടമയാണ്.
അഭിപ്രായത്തിനും സ്വാതന്ത്ര്യത്തിനും അതിരുകളുണ്ട് എന്ന ബോധം
ഡിജിറ്റല്‍ ലോകം മനസ്സിലാക്കണം.. ഒരു മനുഷ്യന്റെ മാന്യതയെ തുലാസിലാടിക്കുന്ന
കാര്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ഒന്ന് ചിന്തിക്കുന്നത്
നന്ന്.
ദീപക്കിന്റെ ഓര്‍മ്മ നമ്മോട് ആവശ്യപ്പെടുന്നത് സഹതാപമല്ല. സമൂഹമാധ്യമ സംസ്‌കാരത്തില്‍ ഇനിയും മുറിവുകളും വേദനയും വിതയ്ക്കരുതെന്നാണ്.
ഓരോ റീലിനും , അപ് ലോഡിനും , ലൈക്കിനും ഷെയറിനും മുന്‍പ് ഒന്നു ചോദിക്കുക ‘ഇതൊരു
ജീവന്‍ പൊലിയുവാന്‍ കാരണമാകുമോ ‘ അല്ല
എന്നാണുത്തരമെങ്കില്‍ മാത്രം മുന്‍പോട്ട് പോകുക. ക്യാമറ ഓണ്‍ ചെയ്യുമ്പോള്‍
മനസ്സാക്ഷി ഓഫാക്കാതിരിക്കുക.









