LIMA WORLD LIBRARY

കത്തെഴുത്തുവാരം-( മണിയ ) Mary Alex

വീട്ടിലെത്തലും ഹാള്‍ ടിക്കറ്റ് വാങ്ങലും പരീക്ഷ എഴുത്തും മുറപോലെ നടന്നു. പഠനത്തിന്റെ അലംഭാവമോ ജാഗ്രതക്കുറവോ റിസള്‍ട്ട് എല്ലാവരും വിചാരിച്ചത്ര ശുഭമായില്ല. സെക്കന്റ് ക്ലാസ്സ് മാത്രം. ഫസ്റ്റ് ക്ലാസ്സായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. പക്ഷെ താന്‍ പ്രതീക്ഷിച്ചത് സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. തോറ്റിരുന്നെങ്കിലോ !എന്തായാലും
തോറ്റില്ല.സെക്കന്റ് ക്ലാസ്സ് കിട്ടുകയും ചെയ്തു. രണ്ടാമത്തെ ചേച്ചിയുടെ ശുപാര്‍ശയില്‍ വെല്ലൂര്‍ സി എം സി യില്‍ ഒരു റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ കയറാനും സാധിച്ചു. താമസത്തിനു ആ കോമ്പൗണ്ടില്‍ തന്നെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ ഒരു റൂം കിട്ടുകയും ചെയ്തു.താമസം മാത്രം അവിടെ. ഭക്ഷണത്തിനു സി എം സിയുടെ ക്യാന്റീനില്‍ അല്ലെങ്കില്‍ പുറത്ത് പോകണം.മറ്റു ഹോസ്റ്റലുകളെ പോലെ വാര്‍ഡനോ മേല്‍നോട്ട ക്കാരോ ഇല്ല.പത്തു മണിക്ക് മുന്‍പ് കോമ്പൗണ്ടില്‍ കയറണം അതു മാത്രമേ ഉള്ളു നിബന്ധന.അതു കഴിഞ്ഞാല്‍ മതില് ചാടണം. അല്ലെങ്കില്‍ തന്നെ തലങ്ങും വിലങ്ങും ഡോക്ട്‌ടേഴ്‌സും
നഴ്‌സസും j സ്‌റുഡന്റ്‌സും പാരാ മെഡിക്കല്‍ സ്റ്റാഫും കാന്റീന്‍ സ്റ്റാഫും റിസര്‍ച്ച്കാരും അതിന്റെ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫും രോഗികളും അവരോടൊപ്പമുള്ളവരും കിടപ്പുരോഗികളോടൊപ്പം നില്‍ക്കുന്നവരും നടക്കുന്നിടത്ത് ആരു ആരെ ആരറിയാന്‍! ഒരാള്‍
എന്തിനു പോകുന്നു,എവിടെ പോകുന്നു എന്നു ആരു തിരക്കാന്‍ ആര്‍ക്കു നേരം? പ്രേമിക്കണ്ടവര്‍ക്ക്
പ്രേമിക്കാം.വളയ്കണ്ടവര്‍ക്ക് വളയ്കാം വളയേണ്ടവര്‍ക്ക് വളയാം അങ്ങനെ ഒരു ലോകം.
എന്തോ എനിക്ക് ഈ ഒന്നിലും താല്‍പര്യം തോന്നിയില്ല. മനസ്സ് ഒന്നില്‍ മാത്രം ഉറച്ചു പോയപോലെ.
വീട്ടിലെത്തിയപ്പോള്‍ ചേച്ചിയ്ക് എഴുതിയ കത്തില്‍ ജോസാറിനോട് പറയണം എന്നു കുറിച്ചിരുന്നു. റിസള്‍ട്ട് അറിഞ്ഞപ്പോഴും. പിന്നെ ഒന്നും അറിയിക്കാനോ ചേച്ചിയ്ക് എഴുതാനോ പറ്റിയില്ല.വീട്ടില്‍ നിന്ന് ചേച്ചിയ്ക് അയച്ച കത്തില്‍ താന്‍ സി എം സി യിലേക്ക് പോകുന്ന കാര്യം അമ്മ അറിയിച്ചിരുന്നു. അത്ര മാത്രം.അമ്മയ്കറിയില്ലല്ലോ തനിക്ക് മറ്റൊരാളെക്കൂടി അവിടെ അറിയിക്കാന്‍ താല്പര്യമുണ്ടെന്ന്.
ഒരു കത്തയച്ചാലോ എന്നു മനസ്സു മന്ത്രിച്ചു. അഡ്രസ് ഓട്ടോഗ്രാഫില്‍ ഉണ്ട്.ദിവസം ഒരു പ്രാവശ്യമെങ്കിലും ആ പേജ് എടുത്തു മറിച്ചു നോക്കാറും ഉണ്ട്. അപ്പോള്‍ പിന്നെ എഴുതാം അല്ലേ? സ്ത്രീ അല്ലല്ലോ ഒരു തുടക്കം ഇടേണ്ടത്? ചിന്തകള്‍ ആ വഴിക്കു തിരിയവെ വേണ്ട എന്ന തീരുമാനമാകും. ആ ചിന്തകള്‍ മനസ്സിനെ മധിച്ചു കൊണ്ടിരുന്നു. മാത്രമല്ല ‘വല്ലപ്പോഴും ഓര്‍ക്കുവാന്‍ ശ്രമിക്കുക’ എന്നെ പറഞ്ഞിട്ടുള്ളു. എന്നും ഓര്‍മ്മിക്കണമെന്നോ ഓര്‍മ്മിക്കാം എന്നോ പറഞ്ഞിട്ടില്ല.
മനസ്സിന് ആശ്വാസം എന്നോണം സ്വന്തം അഡ്രസ്സില്‍ ഒരു കവര്‍ കിട്ടി.അത് ജോസാറിന്റ ആയിരുന്നു. നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ഇമ്പമൂറുന്ന വാക്കുകള്‍ കവിതാ രൂപത്തില്‍,
സിനിമാശകലങ്ങള്‍ കോട്ട് ചെയ്ത് അങ്ങനെ അങ്ങനെ. ഒരെഴുത്തു കിട്ടിയാല്‍ മറുപടി അയക്കേണ്ടത് ഒരു മര്യാദ അല്ലേ? പിന്നെ കത്തുകളുടെ ഒരു പ്രവാഹം ആയിരുന്നു. ആഴ്ചയില്‍ രണ്ടു കത്ത് അങ്ങോട്ടെങ്കില്‍ മൂന്നു കത്ത് ഇങ്ങോട്ട്.
ചേച്ചി ഇടക്കൊക്കെ അനുജത്തിയെ കാണാന്‍ മുറിയില്‍ വരും. ചിലപ്പോള്‍ കൂട്ടിക്കൊണ്ട് പുറ ത്തു ഷോപ്പിംഗിന് പോകാന്‍. ഫിലിം കാണാന്‍, ആരുടെയെങ്കിലും ട്രീറ്റിനു കൂട്ടാന്‍. അതുകൊണ്ട് തന്നെ കത്തുകള്‍ വളരെ ഭദ്രമായി ഒരിടത്ത് ഒളിപ്പിച്ചു വയ്ക്കും. പെട്ടെന്നു നാട്ടില്‍ നിന്ന് ഒരു വിളി വന്നു. ഒരു മാസം ലീവെടുത്തു വേഗം എത്തണം. കാര്യം പറഞ്ഞിരുന്നില്ല. ചേച്ചി കോളേജ് ഓഫ് നഴ്‌സിങ്ങില്‍ പഠിപ്പിക്കയാണ്. ലീവെടുക്കാന്‍ പറ്റില്ല.കൂട്ടിന് ആളെ തിരക്കി കണ്ടെത്തി ടിക്കറ്റും എടുത്ത് കയറ്റി വിട്ടു.
വീടെത്തി. പത്താം ക്ലാസ്സ് പാസ്സായപ്പോള്‍ എഴുതി മറന്നു കിടന്ന പി എസ് സി ടെസ്റ്റിന്റെ റിസള്‍ട്ടില്‍ റാങ്ക് ലിസ്റ്റില്‍ പേരു വന്ന് അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ പോസ്റ്റ് ഓഫീസില്‍ വന്നു കിടക്കുന്നു. വീട്ടുകാര്‍ തിരിച്ചയപ്പിക്കാത്ത രീതിയില്‍ കൈകാര്യം ചെയ്തു വച്ചിരിക്കയാണ്. ഗവണ്മെന്റ് ജോലി കിട്ടുക എന്നാല്‍ ചില്ലറ കാര്യമാണോ? ഒന്നു പോയി നോക്കുക അതാണ് വീട്ടുകാരുടെ ഉദ്ദേശം.ഗവണ്മെന്റ് ജോലി എന്നാല്‍ ചില്ലറ കാര്യമാണോ! അതും ഈ ചെറുപ്രായത്തില്‍. അമ്പത്തഞ്ചു വയസ്സു വരെ ജോലി ചെയ്യാം.മാക്‌സിമം പ്രൊമോഷന്‍സ് കി ട്ടുകയും ചെയ്യും. കുടുംബത്തില്‍ ആദ്യത്തെ ഗവണ്മെന്റ് ജോലി ക്കാരി. വീട്ടില്‍ നിന്നും പോയി വരാം.പ്രോലോഭനങ്ങളുമായി വീട്ടുകാരും നാട്ടുകാരും. കയ്ച്ചിട്ട് ഇറക്കാനും വയ്യ. മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന സ്ഥിതിയിലായി എന്റെ കാര്യം. ഓര്‍ഡര്‍ കൈപ്പറ്റി അതുമായി രണ്ടു ബസ്സ് കയറി പുതിയ ഓഫീസില്‍ പോയി.ഒറ്റയ്ക്കല്ല അപ്പച്ചനും ഉണ്ട് കുടെ. ചെന്നപാടെ അവര്‍ക്ക് സന്തോഷമായി. ആളില്ലാതെ വര്‍ ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന സീറ്റില്‍ ആള്‍ വരിക. സന്തോഷമില്ലാതെ വരുമോ? കൂടാതെ അപ്പച്ചന്റെ സംസാര രീതി.ഓഫീസര്‍ ആണെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ആള്‍. ആര്‍ക്കും ഇഷ്ടപ്പെടാതെ വരില്ല. കണ്ടു കേട്ടു പോരാം എന്നു പറഞ്ഞു പോയ ഞാന്‍ അക്കിടി പറ്റിയ പോലെ ആയി. അവര്‍ പെട്ടെന്നു എന്നെ ജോയിന്‍ ചെയ്യിപ്പിക്കുകയും ചെയ്തു.
ഇനിയാണ് എന്റെ പ്രശ്‌നം. എന്റെ അവിടത്തെ റസിഗ് നേഷന്റെ കാര്യം.റൂമിന്റെ കാര്യം.ഇട്ടിട്ടു പോന്ന സാധനങ്ങളുടെ കാര്യം. മാത്രമോ ഒളിപ്പിച്ചു ഒരു കെട്ടു കത്തുകളുടെ കാര്യം.ആദ്യ ഭാഗങ്ങളൊക്കെ എങ്ങനെയും നടത്താം. അവസാന ഭാഗമോ ! കൂടെ വന്ന ആള്‍ക്കാരില്‍ ഒരാളുടെ വീടു കണ്ടു പിടിച്ച് റൂമിന്റെ താക്കോല്‍ ഏല്‍പ്പിച്ചു.
ചേച്ചി അയച്ചു തന്ന രീതിയില്‍ റെസിഗ് നേഷനൊപ്പം രഹസ്യമായി ഒരു കത്തെഴുതി ചേച്ചിയ്ക് അയച്ചു. മറുപടിയില്‍ അമ്പടീ കള്ളി സ്വര്‍ണ്ണം പോലും ആരും ഇങ്ങനെ ഒളിപ്പിക്കില്ല. കള്ളന്മാരു പോലും കണ്ടു പിടിക്കില്ലല്ലോ. പെണ്ണെ! സമ്മതിച്ചിരിക്കുന്നു.
എവിടെ എന്നാണല്ലേ ഇപ്പോള്‍ നിങ്ങളുടെ സംശയം. സാധാരണ മെത്തയ്കടിയിലും തലയിണക്കവറി നകത്തും ഒക്കെ ഒളിപ്പിക്കാറുണ്ട്. ഇത് കയറിനു പകരം വീതിയില്‍ ടേപ്പ് വരിഞ്ഞ ഹോസ്പിറ്റല്‍ കട്ടിലായിരുന്നു. അതിനിടയില്‍. ആള്‍ മോശമല്ലല്ലോ എന്നു നിങ്ങളും ചിന്തിക്കും. അവസാനം എന്തായെന്നും ! എന്താകാന്‍ അക്കാലത്ത് കാത്തലിക്‌സുമായി ജേക്കബൈറ്റ്‌സ്/ഓര്‍ത്തഡോക്‌സ് ബന്ധം നടത്തുകില്ലായിരുന്നു. എങ്കിലും വീട്ടുകാര്‍ അര്‍ദ്ധസമ്മതം മൂളി. പക്ഷെ ആളെവിടെ പോയി ഒളിച്ചു എന്ന് ഒരു പിടിയും ഇല്ല. ആളില്ലാതെ എങ്ങനെ കല്യാണം ആലോചിക്കാന്‍. ഇന്നും ആ പ്രേമലേഖനത്തെ ചൊല്ലി ഞാന്‍ അപഹാസ്യ ആകാറുണ്ട്. മറ്റാരില്‍ നിന്നുമല്ല എന്റെ സ്വന്തം ഭര്‍ത്താവില്‍ നിന്ന് . പറഞ്ഞത് മറ്റാരുമല്ല ഞാന്‍ തന്നെ. എങ്ങനെയുണ്ട് കത്തെഴുത്തു വാരം പൂര്‍ത്തിയാക്കിയത്?

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px