LIMA WORLD LIBRARY

മലയോര ഗ്രാമത്തില്‍ മഞ്ഞ് പെയ്തിറങ്ങി – ഡോ. വേണു തോന്നയ്ക്കല്‍

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് 128 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 2240 മീറ്റര്‍ (7350 അടി) ഉയരത്തിലാണ് നീലഗിരി മലകളുടെ റാണി എന്നറിയപ്പെടുന്ന ഊട്ടി സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷ് ഭരണ കാലത്ത് 1817 ല്‍ കോയമ്പത്തൂര്‍ കളക്ടര്‍ ആയിരുന്ന ജോണ്‍ സള്ളിവന്‍ (John Sullivan) ആണ് ഈ പ്രദേശം ലോക ശ്രദ്ധയില്‍ കൊണ്ടു വന്നത്.
ഒട്ടക്കല്‍ മണ്ടു (ottakal Mandu) ഒരു തമിഴ് മലയോര ഗ്രാമമായിരുന്നു. കാര്‍ഷിക വൃത്തിയും വനമേഖലയില്‍ നിന്ന് ലഭിക്കുന്ന വന സമ്പത്തും കൊണ്ട് കഷ്ടിച്ച് ജീവിച്ചിരുന്ന ഒരു വിഭാഗം തമിഴ് ജനതയുടെ അധിവാസ കേന്ദ്രം.

ഊട്ടി (Ooty) എന്ന പേര് ഉത്ഭവിച്ചത് യഥാര്‍ത്ഥ പ്രാദേശിക നാമമായ ഒട്ടക്കല്‍ മണ്ടു എന്ന നാമത്തില്‍ നിന്നാണ്. ഒട്ടക്കല്‍ (ottakal) എന്നത് ഒരു തമിഴ് പദമാണ്. ഒറ്റക്കല്ല് എന്നാണ് അര്‍ത്ഥമാക്കുന്നത്. പ്രാദേശിക ഗോത്രങ്ങള്‍ ആരാധിക്കുന്ന ഒരു പുണ്യശിലയെ (scared stone) ഈ ശബ്ദം സൂചിപ്പിക്കുന്നു. മണ്ടു (mundu) എന്നത് തോഡ ഭാഷയിലെ ശബ്ദമാണ്. ഗ്രാമം എന്നാണര്‍ത്ഥം. പ്രദേശത്തെ തോഡ (toda) ആദിവാസി ഗോത്രത്തിന്റെ ഭഷയാണ് തോഡ.

ബ്രിട്ടീഷുകാര്‍ ആംഗലേയവല്‍ക്കരിച്ച് ഒട്ടക്കല്‍ മണ്ടു (ottakal Mandu) എന്ന പേരിനെ ഊട്ടകമുണ്ട് (Ootacamund) എന്നാക്കി. ഊട്ടക (ootaca) എന്നത് പ്രദേശത്തിന്റെ പ്രാദേശിക നാമത്തിന്റെ ഒരു വികലമായ പ്രയോഗമാണ്. ഇവിടെയെത്തിയ ജോണ്‍ സള്ളിവന്‍ ഉള്‍പ്പെടെയുള്ള ബ്രട്ടീഷ് സായ്പന്‍മാര്‍ക്ക് അപ്രകാരം വിളിക്കാനായിരിയ്ക്കാം താല്‍പര്യം. മുണ്ട് എന്നത് മണ്ടു എന്ന തോഡ പദത്തിന് പകരമായുപയോഗിച്ചതാണ്.

1821-ല്‍ മദ്രാസ് ഗസറ്റിന് എഴുതിയ കത്തില്‍ വോട്ടോകിമുണ്ട് (Wotokymund) എന്ന പേരില്‍ ഈ സ്ഥലത്തെ പരാമര്‍ശിക്കുന്നുണ്ട്.
കാലക്രമേണ ഊട്ടകമുണ്ട്, ഊട്ടി എന്ന പൊതുനാമമായി പരിണമിച്ചു. പരിണാമ സിദ്ധാന്തം ഭാഷയിലും ആവാമല്ലോ.

കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും. തീര്‍ന്നില്ല. തമിഴര്‍ക്ക് ഇംഗ്ലീഷുകാരിട്ട പേരത്ര രസിച്ചില്ലായെന്നു വേണം കരുതാന്‍. തമിഴര്‍ക്ക് അവരുടെ ഭാഷയോട് ബഹുമാനവും പ്രിയവും അഭിമാനവുമുണ്ട്. ബ്രട്ടീഷ്‌കാര്‍ ഇന്ത്യ വിട്ട് നാട് സ്വതന്ത്രമായപ്പോള്‍ 1972 ല്‍ അവര്‍ ഊട്ടിയുടെ ഔദ്യോഗിക നാമം ഉദഗമണ്ഡലം (Udhagamandalam) എന്ന് മാറ്റി. ഒട്ടക്കല്‍ മണ്ടു എന്ന യഥാര്‍ത്ഥ തോഡ പേരിന്റെ തമിഴ് പതിപ്പാണ് ഉദഗമണ്ഡലം. ഉദഗമണ്ഡലം എന്ന പേര് മലകളിലെ വീട് എന്നര്‍ത്ഥം വരുന്ന ഒതക്കല്‍-മുണ്ട് (Othakal-mund) എന്ന തോട പദങ്ങളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത് എന്നുമൊരഭിപ്രായമുണ്ട്.

ഔദ്യോഗിക മാറ്റം ഉണ്ടായിരുന്നിട്ടെന്താ കഥ. പൊതു ജനങ്ങളും വിനോദ സഞ്ചാരികളും വ്യാപകമായി ഉപയോഗിക്കുന്നത് ഊട്ടി എന്നു തന്നെയാണ്. ലോകമെമ്പാടും അറിയപ്പെടുന്നതും ഊട്ടിയാണ്. ഊട്ടിയെന്ന ആരുടെ നാവിലും വഴങ്ങുന്ന ശബ്ദം ലോക പ്രശസ്തമായതില്‍ അത്ഭുതമില്ല.
തണുപ്പ് രാജ്യത്ത് സുഖ സൗകര്യങ്ങളോടെ വളര്‍ന്ന വിദേശിക്ക് ഇന്ത്യയിലെ ചൂട് തീര്‍ച്ചയായും അസഹ്യം തന്നെ. ചൂടിനെ പ്രതിരോധിക്കുക പ്രയാസമാണല്ലോ. അതിനാല്‍ അവരുടെ ഉഷ്ണ കാല വസതിയായി ഊട്ടി മാറി. മിക്ക സര്‍ക്കാര്‍ (ബ്രിട്ടീഷ്) സ്ഥാപനങ്ങളും അവിടേക്ക് മാറ്റി.

ഊട്ടിയുടെ ഭൂമി ശാസ്ത്രവും തണുപ്പും അവര്‍ ഉപയോഗപ്പെടുത്തി. അങ്ങനെ സായ്വിന്റെ ഭരണ സിരാകേന്ദ്രവും ഉഷ്ണകാല വസതിയും ടൂറിസ്റ്റ് കേന്ദ്രവുമായി ഊട്ടി വളര്‍ന്നു. പ്രദേശം മദ്രാസ് പ്രസിഡന്‍സിയുടെ (Madras presidency) തലസ്ഥാനമാക്കുകയും ചെയ്തു.

ഊട്ടിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഒരു ചെറു നഗരത്തിന്റെ ഗരിമ വളരെ പെട്ടെന്ന് ഊട്ടി സ്വന്തമാക്കി. തലയെടുപ്പുള്ള വലിയ കെട്ടിടങ്ങള്‍, ധനാഢ്യരുടെ ബംഗ്ലാവുകള്‍, ആധുനിക സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍, നിലവാരമുള്ള സ്‌കൂളുകള്‍, സ്റ്റാര്‍ നിലവിരമുള്ള ഹോട്ടലുകള്‍, റോഡുകള്‍, വാഹന സൗകര്യങ്ങള്‍, ട്രെയ്‌നുകള്‍, വിനോദ മേഖലകള്‍, കച്ചവട കേന്ദ്രങ്ങള്‍, അങ്ങനെ ഒന്നൊന്നായി സ്വന്തമാക്കി നഗരം വളര്‍ന്നു കൊണ്ടേയിരുന്നു.

മലയോര കര്‍ഷകരുടെ ഒറ്റക്കാല്‍ മണ്ട് എന്ന ഗ്രാമം ഊട്ടി എന്ന ടൂറിസ്റ്റ് കേന്ദ്രമായി വളര്‍ന്ന് വികസിച്ചപ്പോള്‍ തദ്ദേശീയരായ ഗ്രാമ വാസികളുടെ ജീവിതം മെച്ചപ്പെട്ടു എന്നാവും ഏവരും കഴുതുക. എന്നാല്‍ തെറ്റി. മണ്ണിന്റെ അവകാശികളും കര്‍ഷകരുമായ ഗ്രാമ വാസികളെ നഗരം പുറം തള്ളി. അവര്‍ വിസ്മൃതിയിലായി.
പരിഷ്‌കാരികള്‍, കച്ചവടക്കാര്‍, ധനാഢ്യര്‍, തുടങ്ങിയവര്‍ നഗരത്തിലേക്ക് ചേക്കേറി. അവരുടേതായി നഗരം. നഗരത്തിലെ മുഴുവന്‍ സൗകര്യങ്ങളും നേട്ടങ്ങളും അവര്‍ സ്വന്തമാക്കി. അപ്പോഴും നഗരയിടങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ തങ്ങളുടെ നിലനില്‍പിന്നായി പുതിയ ഇടങ്ങള്‍ തേടുന്നുണ്ടായിരുന്നു.
അപ്പോഴും ലോക നീതി കണക്കെ ഊട്ടിയും പരമാനന്ദം വില്‍ക്കാനൊരിടമായി ടൂറിസ്റ്റ് മാപ്പില്‍ പച്ചപ്പിട്ടു നില്‍ക്കുന്നു. സ്വന്തം ധന ശേഷിയ്ക്കനുസരിച്ച് ആര്‍ക്കും ഊട്ടി വന്നു കണ്ടു വണങ്ങി മടങ്ങാം

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px