നാട്യശാസ്ത്ര ഉപാസകരുടെ നീണ്ട പട്ടികയില്‍ അവിസ്മരണീയമായ ചരിത്രമുദ്രകള്‍ പാകിയ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ് കലാമണ്ഡലം സുജാത ടീച്ചര്‍. ജന്മസിദ്ധമായ കലയുടെ സ്ഫുരണങ്ങള്‍ കഠിനമായ ഇച്ഛശക്തിയാല്‍ പടിപടിയായി വളര്‍ത്തി വലുതാക്കി നൃത്തസാമ്രാജ്യത്തില്‍ പ്രസന്നയായി നില്‍ക്കുന്ന കലാമണ്ഡലത്തിലെ മുന്‍ വിദ്യാര്‍ഥിയും തുടര്‍ന്ന് അധ്യാപികയുമായിരുന്ന ഈ ഭരതനാട്യ പ്രതിഭ ഇന്ന് ഷഷ്ടിപൂര്‍ത്തിയുടെ അരങ്ങിലേക്ക് ചുവടുകള്‍ വെക്കുകയാണ്.
‘ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ പാട്ടുകേട്ടാല്‍ ഉടന്‍ താളത്തിനൊത്ത് തുള്ളുന്ന ഡാന്‍സ്‌കാരിയായിമാറുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. ടീച്ചര്‍മാരാണ് അമ്മയോട് ഇവളെ നൃത്തം പഠിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. എനിക്കും അതുതന്നെയായിരുന്നു ഇഷ്ടം’.
അങ്ങനെ പട്ടാമ്പിയിലെ വള്ളൂരില്‍ ജനിച്ച
സുജാതയുടെ ജാതദൗത്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി പ്രകൃതിതന്നെ പടിപടിയായി സാഹചര്യങ്ങള്‍ ഒരുക്കി.
എസ്. എസ്. എല്‍. സി. കഴിഞ്ഞതിനുശേഷം പതിനഞ്ചാം വയസ്സില്‍ കലയുടെ ഈറ്റില്ലമായ വിശ്വവിഖ്യാതമായ കലാമണ്ഡലത്തില്‍ എത്തിച്ചേര്‍ന്ന് നൃത്തപഠനത്തിനുള്ള മോഹങ്ങളില്‍ ചിലങ്ക ചാര്‍ത്തിയത് അങ്ങിനെയായിരുന്നു.
*ദീപ്തമായ നവലോകങ്ങളുടെ ഉള്‍ക്കാമ്പിലൂടെ
1985 ല്‍ നാട്യശാസ്ത്രത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ വെളിച്ചവുമായി കലാമണ്ഡലകവാടത്തിനു പുറത്തിറങ്ങിയ സുജാതയ്ക്ക് നാട്യശാസ്ത്രത്തിന്റെ സാന്ദ്രലോകത്തേക്കുള്ള പടികള്‍ തുറന്നുകൊടുത്തത് ലോകപ്രശസ്ത
മോഹിനിയാട്ടം ഗുരു കലാമണ്ഡലം ക്ഷേമാവതി ടീച്ചറായിരുന്നു. ക്ഷേമാവതി ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചതുമുതല്‍ സുജാതയുടെ നൃത്തസങ്കല്‍പ്പങ്ങളില്‍ പുതിയൊരു ലോകവും ആകാശവും നക്ഷത്രങ്ങളും ദീപ്തമായി.
സ്‌കോളര്‍ഷിപ്പിന്റെ തണലില്‍ അവിടെ പഠനം തുടര്‍ന്ന ശിഷ്യയുടെ പ്രതിഭാസൗരഭ്യം തിരിച്ചറിഞ്ഞ ക്ഷേമടീച്ചര്‍
പഠനത്തിന് ശേഷം ശിഷ്യയെ ‘കേരളകലാമന്ദിരം’ എന്ന തന്റെ നൃത്തവിദ്യാലയത്തില്‍ അധ്യാപികയായി നിയമിക്കുകയും, പഠനവും പഠിപ്പിക്കലുമായി തുടരുവാനും അനുവദിച്ചു.
സുജാതയില്‍ നിന്ന് സുജാത ടീച്ചറിലേക്കുള്ള ഈ പരിണാമം സുജാതയുടെ കലാജീവിതത്തിലെ മറക്കാനാകാത്ത ഒരു കനക സ്തൂപമായി കരളില്‍ ഇപ്പോളും സൂക്ഷിക്കുന്നു.
‘പിന്നീട് ഭാരതനാട്യത്തിലെ ഉയര്‍ന്ന പഠനങ്ങള്‍ക്ക് മദ്രാസില്‍ പറഞ്ഞയച്ച് കലൈമാമണി മുത്തുസ്വാമി പിള്ളയുടെ ശിഷ്യയായി പഠിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിത്തന്നതും ക്ഷേമാവതി ടീച്ചര്‍ തന്നെയാണ് ‘ എന്ന് അഭിമാനത്തോടെ പറയുന്ന സുജാത ടീച്ചറുടെ വാക്കുകളില്‍ അളവില്ലാത്ത കൃതജ്ഞതയുടെ അലകള്‍ തിളങ്ങുന്നു. ക്ഷേമാവതി ടീച്ചറെ ഓരോ കോശങ്ങളിലും പ്രതിഷ്ഠിച്ച് നൃത്തകലയുടെ പുത്തന്‍ ഉദയങ്ങളിലേക്ക്
പ്രതിഭ പായിക്കുന്ന സുജാത ടീച്ചര്‍ക്ക് സര്‍ഗ്ഗസൗന്ദര്യാവിഷ്‌കാരങ്ങളില്‍ ഊര്‍ജ്ജശോഷണം സംഭവിച്ചതായി ഇന്നോളം കേട്ടറിവുപോലുമില്ല.
‘എന്റെ നൃത്തസംഘത്തിലെ കുട്ടികളുമായി ഞങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നന്നായി പരിശീലനം ചെയ്തതിനുശേഷമേ എന്റെ കുട്ടികള്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യാറുള്ളൂ. ഒന്നിനൊന്ന് മെച്ചം എന്നരീതിയിലായിരിക്കും കുട്ടികളുടെ പെര്‍ഫോര്‍മന്‍സ്. എങ്കിലും സദസ്സിന്റെ ശ്രദ്ധ പ്രധാനമായും കേന്ദ്രീകരിക്കുക സുജാതയിലായിരിക്കും. അത്രമാത്രം മിഴിവോടെയായിരുന്നു ആ കുട്ടിയുടെ അവതരണഭംഗി’. പറയുന്നത് മാറ്റാരുമല്ല, സാക്ഷാല്‍ ക്ഷേമാവതി തന്നെ.
*കമലദള’ത്തിലെ സുഗന്ധ ദളങ്ങള്‍
സുജാത ടീച്ചറുടെ ജീവിതത്തിലെ മറ്റൊരു പ്രധാന അടയാളമായിരുന്നു ‘കമലദള’ത്തിനുവേണ്ടി മോഹന്‍ലാലിനെ നൃത്തം പഠിപ്പിച്ച കഥ. ലോഹിതദാസ് തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം നിര്‍വഹിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ചസിനിമകളില്‍ ഒന്നായിരുന്നു കമലദളം. നൃത്തത്തിന് പ്രാമുഖ്യമുണ്ടായിരുന്ന
അതിലെ നൃത്തസംവിധാനത്തിന്റെ ചുമതല നിര്‍വഹിക്കുവാന്‍ സിബി സമീപിച്ചത് ചലച്ചിത്ര സംവിധായകനായിരുന്ന പവിത്രന്റെ ജീവിതപങ്കാളികൂടിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചറെയായിരുന്നു. മോനിഷയും, പാര്‍വതിയും, വിനീതും,മോഹന്‍ലാലുമൊക്കെ അവതരിപ്പിക്കുന്ന നൃത്തരംഗങ്ങളുടെ സംവിധാനവുമായി ഒന്നുരണ്ട് മാസത്തോളം മാറിനില്‍ക്കുവാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നതുകൊ ണ്ട് ഏല്‍പ്പിച്ച പണി ടീച്ചര്‍ക്ക് വിശ്വാസമുള്ള
തന്റെ ശിഷ്യയായ സുജാതയെ ഏല്‍പ്പിക്കുകയായിരുന്നു. അത്ഭുതംകൊണ്ട് സമനില തെറ്റുമോ എന്നുപോലും ആശങ്കപ്പെട്ട് സുജാത ടീച്ചര്‍ കുഴങ്ങി. ആദ്യമായാണ് അന്ന് ഒരു കോറിയോഗ്രാഫറുടെ വേഷത്തില്‍ സുജാത ടീച്ചര്‍ അവതാരമെടുക്കുന്നത്. ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ചെയ്ത അതിലെ ‘സുമുഹൂര്‍ത്തമായ്…’എന്നുതുടങ്ങുന്ന മോനിഷ അഭിനയിക്കുന്ന രംഗവും, മോഹന്‍ലാല്‍ രംഗത്തെത്തുന്ന ‘പ്രേമോദാരനായ് അണയൂ നാഥാ…’ എന്നീ ഗാനരംഗങ്ങള്‍ക്ക് ചാരുതയാര്‍ന്ന ഇതളുകള്‍ തുന്നിവെച്ചത് ഈ ശിഷ്യയുടെ സര്‍ഗ്ഗലാവണ്യത്തിന്റെ മികച്ച തെളിവുകളായി കാലത്തിനെ അതിജീവിച്ചുകൊണ്ടിരിക്കുന്നു.
ഫുലന്‍ ദേവിയെക്കുറിച്ച് പണ്ട് പവിത്രന്‍ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ ഫുലന്‍ദേവിയുടെ വേഷം ആകര്‍ഷകമാംവിധം അഭിനയിച്ചത് സുജാതയായിരുന്നു. അന്നത്തെ സുജാതയുടെ രൂപത്തില്‍ വേഷവിധാനങ്ങള്‍ ഉചിതമായി ചേര്‍ത്തുവെച്ചപ്പോള്‍ പവിത്രന്റെ ഫുലന്‍ദേവി കാണികള്‍ക്ക് ശോഭിതമായി.
രണ്ട് വ്യാഴവട്ടത്തോളം കലാമണ്ഡലത്തിന്റെ ക്ലാസ്സ് മുറികളില്‍ അനേകം നൃത്തവിദ്യാര്‍ഥികള്‍ക്ക് വാത്സല്യപൂര്‍വം നൃത്തകലയുടെ രുചിഭേദങ്ങള്‍ പകര്‍ന്നുകൊടുത്ത ടീച്ചര്‍
2021ല്‍ തന്റെ മാതൃസ്ഥാപനത്തില്‍ നിന്ന് വിരമിച്ച് പടിയിറങ്ങി. വിരമിക്കുന്നതിന് മുന്‍പ് തന്നെ ടീച്ചര്‍ അവിടുത്തെ വകുപ്പ് മേധാവിയായി കൂടുതല്‍ സേവനങ്ങളില്‍ അവരോധിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ കലാമണ്ഡലം ദുബായില്‍ ഒരു സെന്റര്‍ തുടങ്ങിയപ്പോള്‍ അവിടെ ആറ് വര്‍ഷം ഉത്തരവാദിത്വത്തോടെ ആ കലാക്ഷേത്രത്തിന്റെ സാരഥിയായതും സുജാത ടീച്ചര്‍ തന്നെയായിരുന്നു.
*ചിന്നമ്മു അമ്മ ടീച്ചറെ അനശ്വരയാക്കിയ അഭിനേത്രി
2023 ല്‍ ക്ഷേമാവതി ടീച്ചറുടെ ജീവിതയാനങ്ങളെ രേഖപ്പെടുത്തിയ ഒരു ഡോക്യുമെന്ററി ചിത്രം പിറവിയെടുക്കുകയുണ്ടായി.
ആ ചിത്രത്തില്‍ ക്ഷേമാവതി ടീച്ചറുടെ കലാമണ്ഡലവിദ്യാര്‍ത്ഥിക്കാലം ചിത്രീകരിച്ചിരുന്നു. കലാമണ്ഡലത്തില്‍ ആദ്യകാലഗുരുവായിരുന്ന തോട്ടശ്ശേരി ചിന്നമ്മു അമ്മ ടീച്ചറുടെ രൂപത്തില്‍ സുജാത ടീച്ചറാണ് അഭിനയിച്ചത്. ചിന്നമ്മു അമ്മ ടീച്ചര്‍ പുനര്‍ജ്ജന്മമെടുത്ത്
നേരിട്ട് കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുന്ന തരത്തിലാണ് സുജാത ടീച്ചര്‍ അതില്‍ അഭിനയിച്ചത്. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ഉള്‍പ്പെടെ ഒമ്പത് വിവിധ സംഘടനകളുടെ അവാര്‍ഡുകള്‍ ലഭിച്ച ആ ചിത്രം കണ്ടവര്‍ ചിന്നമ്മു അമ്മ ടീച്ചറെ ‘നേരിട്ട്’ കാണാനായതിന്റെ നിര്‍വൃതിയിലാണ് ഇപ്പോഴും. ജീവിതത്തില്‍ ക്ഷേമാവതി ടീച്ചറുടെ ശിഷ്യയും, ചിത്രത്തില്‍ ഗുരുവും ആകാനുള്ള അപൂര്‍വ അവസരവും അങ്ങനെ സുജാത ടീച്ചര്‍ക്ക് കൈവന്നു.
ജീവിത പങ്കാളിയും കഥകളി ആചാര്യനുമായ കലാമണ്ഡലം ഉദയകുമാറും, രണ്ട് മക്കളും എക്കാലവും പ്രോത്സാഹനങ്ങളുമായി കൂടെയുള്ളത് ടീച്ചര്‍ക്ക് ശക്തമായ പ്രചോദനമാണ്.
പുരസ്‌കാരങ്ങളുടെ നിറവ് ജീവിതപഥങ്ങള്‍ക്ക് ചുറ്റും എക്കാലവും അനുഗമിച്ചിട്ടുള്ള ഈ ഉത്തമ കലാകാരി ഗുരുക്കന്മാരുടെ അനുഗ്രഹ വര്‍ഷം കൊണ്ടാണ് തനിക്ക് ഇതുവരെ മുന്നോട്ട് പോകാനായത് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
ക്ഷേമാവതി ടീച്ചര്‍,
ലീലാമ്മ ടീച്ചര്‍, ഹൈമാവതി ടീച്ചര്‍, കണ്ണൂരിലെ കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയ ഗുരുക്കന്മാരെ എന്നെന്നും മനസ്സില്‍ ധ്യാനിക്കുന്ന ടീച്ചര്‍ 60 ന്റെ യുവത്വത്തിലേക്ക് പ്രവേശിക്കുമ്പോളും നൃത്തസപര്യയുടെ രാജവീഥിയില്‍ പൂര്‍വാധികം സജീവമാണ്.
2026 ജനുവരി 22 ന് കലാമണ്ഡലത്തില്‍ നടന്ന വിപുലമായ ആഘോഷങ്ങളും,ആരവങ്ങളും സെമിനാറുകളും കൊണ്ട് നിളയുടെ തീരം വര്‍ണ്ണാഭമായപ്പോള്‍ സുജാത ടീച്ചറുടെ ഉള്ളിലെ സര്‍ഗ്ഗധാമത്തില്‍ ഉജ്ജ്വലമായ കലാസൃഷ്ടികളുടെ ഓളങ്ങള്‍ ഇനിയും ഉടുത്തൊരുങ്ങാനുള്ള തയ്യാറെടുപ്പില്‍ മുഖരിതമാണ്.









