പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം റഷ്യന്‍ സാഹിത്യത്തില്‍ പ്രവൃത്തിച്ച പ്രമുഖ ചെറുകഥാകൃത്തും നാടകകൃത്തുമാണ് ആന്റണ്‍ ചെക്കോവ്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ അറിയപ്പെടുന്ന ചെറുകഥയാണ് ‘മണ്ടിപ്പെണ്ണ് ‘.
(A defenceless creature/A silly woman). ചെക്കോവിന്റെ സൂക്ഷ്മമായ ഹാസ്യവും പരിഹാസവും ഒരു ചെറിയസംഭവത്തിലൂടെ സാമൂഹ്യ സത്യങ്ങള്‍ വിളിച്ചു പറയുന്ന രീതിയും ഈ കഥയിലൂടെ അനാവൃതമാകുന്നു.
സ്വന്തം ശരീരം തന്നെ തന്റെ നിലനില്‍പ്പിന് തടസ്സമാകുന്ന അവസ്ഥ ഇന്ന് പലവിധത്തില്‍ നേരിടുന്നവളാണ് സ്ത്രീ. ബഹുഭൂരിപക്ഷം സ്ത്രീകളെയും സംരക്ഷിക്കാന്‍ നിയമവും നിയമവാഴ്ചയും അല്ലാതെ നിത്യജീവിതത്തില്‍ മറ്റൊന്നുമില്ലെന്നതാണ് സത്യം.അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാതിരിക്കാന്‍, ജനിച്ച കാലം മുതല്‍ സ്ത്രീയെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കുന്നു. അവളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനായി പുരുഷന്മാര്‍ പിന്നില്‍ ഉണ്ടെന്ന് ബോധപൂര്‍വം അവളെ പഠിപ്പിച്ച് അവളുടെ പൊരുതാനുള്ള കഴിവിനെ ചെറുപ്പത്തിലെ കരിച്ചു കളയുന്നു. തനിക്ക് ചുറ്റുമുള്ള ലോകം തന്റേതല്ലെന്ന് സമൂഹം നിരന്തരം സ്ത്രീയോട് പറഞ്ഞുകൊണ്ടിരിക്കുന്നു. താനൊരു പൂര്‍ണ്ണ വ്യക്തിയാണെന്നും തന്റെ സ്വാതന്ത്ര്യം ഒറ്റയ്ക്കും കൂട്ടായുമു ള്ള പരിശ്രമങ്ങള്‍ നടത്തി നേടേണ്ടതാണെന്നും സ്ത്രീകള്‍ ഇന്ന് കുറച്ചൊക്കെ തിരിച്ചറിയുന്നുണ്ട്.
ചൂഷക വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീ വിഭാഗം, കുടുംബത്തിലും പുറത്തും ചൂഷണത്തിനിരയായാ ണ് കഴിഞ്ഞുകൂടുന്നത്. ഇതിനു പരിഹാരം കാണണമെങ്കില്‍ ഓരോ സ്ത്രീയും സജീവമായി ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുകയും അനീതികള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയാര്‍ജിക്കുകയുമാണ് വേണ്ടത്.ഇതില്‍ കൂടി മാത്രമേ സ്ത്രീകള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കൂ.ഇത് സാധ്യമാകാത്തതിന്റെ പ്രധാന കാരണം സ്ത്രീസഹജമായ പരാധീനതകളാണ്. അതിനു പരിഹാരം കണ്ട് അവരെ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള ശ്രമം സമൂഹത്തില്‍ നിന്നും ഉണ്ടാകണം.പുരുഷ മേധാവിത്വത്തിന്റെ കാഴ്ചപ്പാട്,അബോധ പൂര്‍വ്വമായെങ്കിലും, പുരുഷന്മാരില്‍ ശക്തമായി നിലകൊള്ളുന്നു എന്നത് നമുക്ക് വിസ്മരിച്ചുകൂടാ. പത്തൊമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഈ കഥയിലെ മണ്ടിപ്പെണ്ണിനെ ഇന്നും നമുക്ക് സമൂഹത്തില്‍ വീക്ഷിക്കാന്‍ സാധിക്കുന്നു.
കഥയിലൂടെ ഒന്നു കടന്നുപോകാം: ‘കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ഞാനെന്റെ മക്കളുടെ ആയ ജൂലിയയെ മുറിയിലേക്ക് വിളിപ്പിച്ചു. ‘ ഇരിക്കൂ ജൂലിയ.നിന്റെ ശമ്പളം കണക്കുതീര്‍ത്തു തരാമെന്ന് കരുതി വിളിച്ചതാണ്.നിനക്ക് പണത്തിന് എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും നീ ചോദിക്കില്ലല്ലോ. ഒരുമാസം 30 റൂബിള്‍ ആയിരുന്നല്ലോ നമ്മള്‍ പറഞ്ഞുറപ്പിച്ച ശമ്പളം’. അല്ല 40 എന്ന് ഇടയ്ക്ക് ജൂലിയ ഓര്‍മിപ്പിച്ചു. ’30 ആണ്, ഞാന്‍ എഴുതി വെച്ചിട്ടുണ്ടല്ലോ’, എന്നു പറഞ്ഞ് അയാള്‍ അവളെ തിരുത്തി. ‘നിനക്ക് മുമ്പ് വന്നിട്ടുള്ളവര്‍ക്കും ഞാന്‍ 30 റൂബിള്‍ ആയിരുന്നു കൊടുത്തുകൊണ്ടിരുന്നത്. നീ ഇവിടെ വന്നിട്ട് രണ്ടുമാസമായല്ലോ എന്നോര്‍ത്തപ്പോള്‍…’ ‘അല്ല, രണ്ടുമാസവും അഞ്ചു ദിവസവും’. അവള്‍ തിരുത്തി. ‘കൃത്യം രണ്ടുമാസം. ഞാന്‍ കുറിച്ചിട്ടിട്ടുണ്ട്. അതായത് 60 റൂബിള്‍ ഞാന്‍ നിനക്ക് തരണം. അതില്‍ നിന്നും 9 ഞായറാഴ്ചകള്‍ വെട്ടിക്കുറയ്ക്കണം. പിന്നെ മൂന്ന് അവധി ദിവസങ്ങളും’. ജൂലിയ വിളറി വെളുത്ത് ഒരക്ഷരം പോലും മിണ്ടാതെ നിന്നു.’ മൂന്ന് അവധി ദിവസങ്ങള്‍ക്ക് 12 റൂബിള്‍ ഞാന്‍ കുറയ്ക്കുന്നു.
എന്റെ ഒരു മകള്‍ കോലിയ സുഖമില്ലാതെ കിടന്നതിനാല്‍ മറ്റേ മകളായ വാനിയ ക്ക് മാത്രമാണ് നീ ക്ലാസ് എടുത്തത്. മൂന്ന് ദിവസം നിനക്ക് സുഖമില്ലാതിരുന്നതിനാല്‍ ഉച്ചകഴിഞ്ഞ് ജോലി ചെയ്തിരുന്നില്ല. അതിന്റെ 19 റൂബിള്‍ കുറച്ചാല്‍ നിനക്ക് കിട്ടേണ്ടത് 41റൂബിള്‍, ശരിയല്ലേ ജൂലിയ ? ‘. ജൂലിയയുടെ കണ്ണുകള്‍ കലങ്ങിനിറഞ്ഞു, ചുണ്ടുകള്‍ വല്ലാതെ വിറച്ചു. അവള്‍ കരച്ചിലിന്റെ വക്കത്ത് എത്തി. പക്ഷേ അപ്പോഴും അവള്‍ ഒരു വാക്കുപോലും ഉരിയാടിയില്ല.’ നീ ഒരു കപ്പും സോസറും. പൊട്ടിച്ചതോര്‍ക്കുന്നു. ആ വഴിക്ക് രണ്ട് റൂബിള്‍ കുറയ്ക്കുന്നു. കപ്പ് വളരെവിലയേറി യതായിരുന്നെങ്കിലും പോകട്ടെ.പിന്നെ ഒരു ദിവസം നിന്റെ അശ്രദ്ധമൂലം മകള്‍ കോലിയ മരത്തില്‍ കയറി കുപ്പായം കീറിയത് ഓര്‍മ്മയുണ്ടല്ലോ, അല്ലേ. പത്ത് റൂബില്‍ അതിലേക്ക് വകയിരുത്തുന്നു. വീണ്ടും നീ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് മകള്‍ വാങ്ങിയ ചെരിപ്പുകള്‍ വേലക്കാരി മോഷ്ടിച്ചു കൊണ്ടുപോയി. ഇതെല്ലാം നീ ശ്രദ്ധിക്കേണ്ടതല്ലേ. അഞ്ചു റൂബിള്‍ ഇതിന് കുറയ്ക്കുന്നു. ജനുവരി 10ന് നിനക്ക് ഞാന്‍ പത്തു റൂബില്‍ കടം തന്നിരുന്നു’. ‘ഇല്ല’, ജൂലിയ പതിഞ്ഞ
സ്വരത്തില്‍ പറഞ്ഞു.
‘ പക്ഷേ ഞാന്‍ അതും കുറിച്ചിട്ടിട്ടുണ്ട്. 41ല്‍ നിന്ന് 27 കുറച്ചാല്‍ ബാക്കി 14 റൂബിള്‍ ‘. ജൂലിയയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. പാവം കുട്ടി.
‘ എനിക്കു കടം തന്നത് അങ്ങല്ല.അങ്ങയുടെ ഭാര്യയാണ്.അത് വെറും മൂന്ന് റൂബിള്‍ മാത്രം.’ ‘ ഓ അങ്ങനെയും ഉണ്ടായോ,ഞാനത് കുറിച്ചിടാന്‍ മറന്നല്ലോ. അപ്പോള്‍ 14 ല്‍ നിന്ന് മൂന്നു കുറച്ചാല്‍ ബാക്കി 11. ഇതാ നിന്റെ പണം. എടുത്തോളൂ. ഞാന്‍ 11 റൂബില്‍ അവള്‍ക്ക് നീട്ടി. മൂന്ന് മൂന്ന് മൂന്ന് ഒന്ന് ഒന്ന്’. വിറക്കുന്ന
കൈകളോടെ അവള്‍ ആ നാണയങ്ങള്‍ വാങ്ങി കുപ്പായത്തിന്റെ പോക്കറ്റില്‍ തിരുകി.’ദയവുണ്ടാകണം’, വിറച്ചുകൊണ്ട് ജൂലിയ കെഞ്ചി.
‘ ഞാന്‍ ചാടി എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. കോപം കൊണ്ട് ഞാന്‍ പൊട്ടിത്തെറിച്ചു. എന്തിനാണ് നീ കെഞ്ചുന്നത്?. നിനക്കറിയില്ലേ ഞാന്‍ നിന്നെചതിച്ചതാണെന്ന്. ഞാന്‍ നിന്നെ കൊള്ളയടിക്കുകയല്ലേ ചെയ്തത്?. പിന്നെയും നീ എന്തിനാണ് കെഞ്ചുന്നത്? ‘.’ മറ്റു പല വീടുകളില്‍ നിന്നും എനിക്ക് ഒന്നും കിട്ടിയിരുന്നില്ല’, വേദനയോടെ ജൂലിയ തന്റെ നിസ്സഹായത പറഞ്ഞു.’ ഓഹോ ഒരു നാണയം പോലും തരാത്തവരും ഉണ്ടല്ലേ. അതില്‍ എനിക്ക് ഒരു അതിശയവും ഇല്ല. നിനക്ക് കിട്ടേണ്ടത് ഒക്കെ നീ ചോദിച്ചു വാങ്ങണം.അത് നിന്നെ പഠിപ്പിക്കാനാണ് ഞാന്‍ ഈ ക്രൂരമായ തമാശ കാണിച്ചത്.നിന്റെ മുഴുവന്‍ ശമ്പളവും ഞാന്‍ തരും.നിന്റെ 80 റൂബിളും ഞാനിവിടെ മാറ്റിവെച്ചിട്ടുണ്ട്. നിന്നോട് നീതികേട് കാട്ടിയിട്ടും നീ എന്താണ് കുട്ടീ മിണ്ടാത്തത് ? എന്തേപ്രതിഷേധിച്ചില്ല?. ഇങ്ങനെ ഒരു ലോകത്ത് പല്ലും നഖവും ഇല്ലാതെ ഒരു വെറും പൊട്ടിപ്പെണ്ണായി ജീവിക്കാന്‍ കഴിയുമെന്ന് നീ കരുതുന്നുണ്ടോ ? നന്ദിയോടെ ജൂലിയ മന്ദഹസിച്ചു. അങ്ങനെ ജീവിക്കാന്‍ സാധിക്കുമെന്നാണോ അവള്‍പുഞ്ചിരിയിലൂടെ പറഞ്ഞത്?.
ഞാന്‍ പഠിപ്പിച്ച ക്രൂരമായ പാഠത്തിന് അവളോട് മാപ്പ് പറഞ്ഞു. അവള്‍ക്ക് കൊടുക്കേണ്ട 80 റൂബിളും നല്‍കി’. ‘എന്നോട് ദയകാട്ടിയല്ലോ’, എന്ന് മന്ത്രിച്ച് കൊണ്ട് അവള്‍ മുറിവിട്ടിറങ്ങി. ‘ആ പോക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു, ഈ ലോകത്ത് പാവങ്ങളെ ചൂഷണം ചെയ്യാന്‍ എത്ര എളുപ്പമാണ്’.
ലിംഗപരമായ കാരണങ്ങളാല്‍ പുരുഷനില്‍ നിന്ന് വ്യത്യസ്തയായ സ്ത്രീയ്ക്ക് പുരുഷ മേധാവിത്വം നേരിടേണ്ടി വരുന്നു എന്ന സത്യം അവഗണിച്ചുകൂടാ. എങ്കിലും ഒരു സ്ത്രീയും ഒരിക്കലും ഈ കഥയിലെ മണ്ടിപ്പെണ്ണ് പോലെ ആയിക്കൂടാ. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പുരുഷനോടൊപ്പം നില്‍ക്കേണ്ട സ്ത്രീയ്ക്ക് അവളുടെതായ സവിശേഷപ്രശനങ്ങള്‍ കൂടി പരിഹരിക്കേണ്ട തുണ്ട്.സ്ത്രീസഹജമായ പരാധീനതകള്‍ ഉണ്ടെന്നത് ശരിയാണ്. അതിന് പരിഹാരം കണ്ട് അവരെ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ വേണ്ട പരിശ്രമം നമ്മളില്‍ ഉണ്ടാകണം.










