LIMA WORLD LIBRARY

എസ്. പി വെങ്കിടേഷ് പൊഴിച്ച ഗന്ധര്‍വ്വ രാഗങ്ങള്‍ – ജയരാജ് പുതുമഠം

മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ശ്യാം തുടങ്ങിയ വന്‍ മരങ്ങള്‍ക്ക് ശേഷം അഴകണിഞ്ഞ അനുഗ്രഹം ചൊരിഞ്ഞ സംഗീത സംവിധായകനായിരുന്നു നമ്മെ വിട്ടുപോയ എസ്. പി. വെങ്കിടേഷ്.
പത്തിരുപത് വര്‍ഷങ്ങളോളം ഒരു തലമുറയുടെ യൗവന-കൗമാര വസന്തങ്ങളില്‍ സംഗീതത്തിന്റെ ശാന്തമായ ചിറകിലേറ്റി വാദ്യഘോഷങ്ങളോടെ പറന്നുനടന്ന മറക്കാനാവാത്ത കലാകാരനായിരുന്നു വെങ്കിടേഷ് എന്ന തെന്നിന്ത്യന്‍ ഭാഷാഗീതനിപുണനായ ഈ കലാകാരന്‍.

1986 ല്‍ തമ്പി കണ്ണന്താനത്തിന്റെ വിഖ്യാത മോഹന്‍ലാല്‍ ചിത്രമായ ‘രാജാവിന്റെ മകനി’ലൂടെയാണ്
തന്റെ നെഞ്ചിലെ ഈണവുമായ് ‘വിണ്ണിലെ ഗന്ധര്‍വ
വീണകള്‍ പാടുന്നു
സംഗീതമേ… ഓ…
സംഗീതമേ…
എന്ന ഷിബു ചക്രവര്‍ത്തി രചിച്ച
വരികളെ അണിയിച്ചൊരുക്കി മലയാളമുറ്റത്തേക്ക് കയറിവന്നത്.

മാന്‍ഡലിന്‍ വാദകനായിരുന്ന പിതാവിന്റെ നാദതരംഗങ്ങള്‍ നിറഞ്ഞൊഴുകിയിരുന്ന അന്തരീക്ഷം ശ്വസിച്ചുവളര്‍ന്ന വെങ്കിടേഷ്
ബാല്യം മുതല്‍തന്നെ മാന്‍ഡലിന്‍, ഗിറ്റാര്‍, ബാന്‍ജോ തുടങ്ങിയ സംഗീതോപകരണങ്ങളില്‍ വാദനവൈദഗ്ദ്യത്തിന്റെ നിലാവുകള്‍ പൊഴിക്കാന്‍ തുടങ്ങിയിരുന്നു.
എ. ടി. ഉമ്മറിന്റെയും, രവീന്ദ്രന്‍ മാഷുടെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഈ മാന്ത്രിക സംഗീതജ്ഞന്‍ തമിഴ്, കന്നട, തെലുഗു, മലയാളം സിനിമകളില്‍ ഓര്‍ക്കസ്ട്രയുടെ പിന്നിലെ ശക്തിസ്രോതസ്സായി വിളങ്ങിയതില്‍ തെല്ലും അത്ഭുതപ്പെടേണ്ടതില്ല.

മലയാളത്തിലെ പുതിയ വഴികള്‍

87 ല്‍ പുറത്തിറങ്ങിയ
‘വഴിയോരക്കഴ്ച’കളില്‍ ‘പവിഴമല്ലി പൂവുറങ്ങി ‘ എന്നഗാനം ചിത്രയുടെ ആലാപന മിഴിവോടെ ശ്രവിക്കാനിടവന്ന മലയാളി, മെലഡി ഗാനനിര്‍മ്മിതിയുടെ പുതിയ പാതകള്‍ കണ്ട് സായൂജ്യമടഞ്ഞു.
1988 ല്‍ ‘നായര്‍ സാബ്’ പുറത്തിറങ്ങിയപ്പോള്‍ അതിലെ ഗ്രാമീണശീലുകള്‍ കൂട്ടിച്ചേര്‍ത്ത ‘പുഞ്ചവയലുകൊയ്യാന്‍’ എന്ന ഗാനം ആസ്വദിച്ച സംഗീതപ്രിയര്‍ക്കും എസ്. പി. വി പ്രിയനായി കഴിഞ്ഞിരുന്നു.
ഗാനമേളകളിലും, സ്വകാര്യസദസ്സുകളിലെ മൂളല്‍ പാട്ടുകളിലും ഇദ്ദേഹത്തിന്റെ സംഗീത സാന്നിധ്യങ്ങള്‍ അറിയാതെ കയറിവരാന്‍ തുടങ്ങിയപ്പോള്‍ ജനഹൃദയങ്ങളിലെ സംഗീതസംവിധായക ഇടങ്ങളില്‍ വെങ്കിടേഷിന്റെ പ്രസക്തി ഏറിവരുന്നതിന്റെ ലക്ഷണങ്ങളും തെളിയാന്‍ തുടങ്ങിയിരുന്നു.

‘ഇന്ദ്രജാല’ത്തിലെ ‘കുഞ്ഞിക്കിളിയെ കൂടെവിടെ…’
‘കിലുക്ക’ത്തിലെ
‘പനിനീര്‍ ചന്ദ്രികേ…’
തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ജനഹൃദയങ്ങളില്‍ അനശ്വരമായി നിലനില്‍ക്കുന്നുണ്ട്.
‘ജോണി വാക്കര്‍’ ചിത്രത്തിലെ പ്രശസ്തമായ,
‘ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍’ ചുണ്ടില്‍ തത്തികളിക്കാതെ ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

‘കനകനിലാവേ തുയിലുണരൂ’.
‘തളിര്‍വെറ്റിലയുണ്ടോ വരദക്ഷിണ വെക്കാന്‍’, ‘മാലിനിയുടെ തീരങ്ങള്‍…’ ‘സീതാ കല്യാണ വൈഭോഗമേ’ ‘വാല്‍ക്കണ്ണെഴുതിയ മകരനിലാവിന്‍’ തുടങ്ങിയ വിവിധങ്ങളായ രാഗഭേദങ്ങളുടെ അകമ്പടിയോടെ മലയാള സംഗീതശാഖയെ സമ്പന്നമാക്കിയ വെങ്കിടേഷിന്റെ സംഭാവനകള്‍ മറന്നുപോകാന്‍ ഒരിക്കലും മലയാളിക്ക് കഴിയില്ല.

ഇതുപോലെ എത്രയെത്ര ഗാനങ്ങളെക്കൊണ്ട്
ഇതര തെന്നിന്ത്യന്‍ ചിത്രങ്ങളിലും ഈ പ്രതിഭയുടെ ഈണങ്ങള്‍ വിടര്‍ന്ന് നില്‍ക്കുന്നുണ്ടെന്ന് അറിയണമെങ്കില്‍ അങ്ങോട്ടേക്കും അല്‍പ്പം കാത് തിരിച്ചാല്‍ മതിയാകും.
അദ്ദേഹത്തിന്റെ സര്‍ഗ്ഗ സംഭാവനകളില്‍ മനസ്സിനെ പായിച്ചാല്‍ എസ്. പി. വി യുടെ നാദമുദ്രകള്‍ വിളങ്ങുന്നത് സംഗീതജ്ഞര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടാകാറില്ല. അതിലൊന്നാണ് ഗിറ്റാറിന്റെ സ്വരസൗന്ദര്യത്തെ ചാലിച്ചണിഞ്ഞ ചെറിയ ചെറിയ മ്യൂസിക് പീസുകള്‍.

നൂറ്റി അമ്പതിലേറെ ചിത്രങ്ങളില്‍ സംഗീത സംവിധാനവും, ഏറെ ചിത്രങ്ങളില്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനവധി ഗാനങ്ങള്‍ക്ക് ഇപ്പോഴും ഹിറ്റ് പരിവേഷത്തിന്റെ പൊലിമ അവകാശപ്പെടാവുന്നതാണ്.

പാല്‍നിലാവിനും നൊമ്പരമുള്ള ഋതുവിന്റ ഈ പരിണാമഘട്ടത്തില്‍ ചന്ദനക്കാറ്റിനോട് കുളിര്‍കൊ ണ്ടുവരാന്‍ കെഞ്ചുന്ന കാലത്തില്‍ നിന്നുകൊണ്ട് പ്രിയപ്പെട്ട ‘സംഗീതരാജ’ന് കൂപ്പുകയ്യോടെ ഞങ്ങള്‍ വിടചൊല്ലുന്നു.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px