LIMA WORLD LIBRARY

രക്തസാക്ഷികള്‍ – ബാലചന്ദ്രന്‍ അമ്പലപ്പാട്ട് (Balachandran Ambalappattu)

മങ്ങിയ വെളിച്ചത്തില്‍ വിറങ്ങലിച്ചു കിടക്കുന്ന പാളത്തിലൂടെ അയാള്‍ നടന്നു. പാടത്തിനു നടുവിലൂടെ ഇടത്തേയ്ക്ക് വളവു തിരിഞ്ഞ്, ഇരുട്ടിനെ പകുത്തുമാറ്റിയതുപോലെ തിളങ്ങിക്കിടക്കുന്ന പാളം.
വലതുഭാഗത്ത് പൊക്കത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന വെള്ളപൂശിയ വീട്. വീട്ടിലേയ്ക്കുകയറാതെ അയാള്‍ ഇടത്തേയ്ക്കു തിരിഞ്ഞ് വളവിലേയ്ക്കു നടന്നു.
കാത്തിരിക്കാനാരുമില്ലാത്ത വീട്ടിലെത്തിയാലും ജനലിലൂടെ ഈവളവിലേയ്ക്ക് നോക്കിയിരിക്കാനേ അയാള്‍ക്കുകഴിയുമായിരുന്നുള്ളു. പേടിപ്പെടുത്തുന്ന നിശബ്ദതയില്‍ കൊതുകുകളുടെ ആരവ ങ്ങള്‍ക്കൊ പ്പം നെടുവീര്‍പ്പുകളുടെ തേങ്ങലുകള്‍പോലെ ഊതിയടിക്കുന്നകാറ്റ്. കരിനാഗങ്ങളുടെചീറ്റലുകള്‍പോലെ ഗദ്ഗദത്തിന്റെ ചിറകടിയൊച്ചകള്‍. ഇരുട്ടില്‍ മിന്നാമിനുങ്ങുകള്‍ ചെന്നായ്ക്കളുടെ കണ്ണുകള്‍പോലെ.
പ്രശ്നങ്ങളെ നേരിടാന്‍ കഴിവില്ലാത്തവര്‍ക്ക് ജീവിതത്തില്‍നിന്നും ഒളിച്ചോടാനുള്ള സ്ഥലം. മരിക്കുന്നവര്‍ അവരുടെ രക്ഷമാത്രം ആഗ്രഹിക്കുന്നു. സ്വയംഇല്ലാതാക്കി, ജീവിച്ചിരിക്കുന്നവരോട് പ്രതികാരം ചെയ്യാമെന്നുമാത്രം.
ചീവീടുകളുടെ ചെകിടടപ്പിക്കുന്ന ചിലയ്ക്കലും നായ്ക്കളുടെ ഓരിയിടലും ഒന്നും അയാള്‍ അറിഞ്ഞില്ല. മനസ്സില്‍ ഒരായിരം കനലുകള്‍ കത്തിയെരിയുകയായിരുന്നു. അയാള്‍ പാളത്തില്‍ ഇരുന്നു. പാളത്തിലെ നനവ് അയാള്‍ തൊട്ടുനോക്കി. ചോരയുടെ മനംമറിക്കുന്നഗന്ധം മൂക്കില്‍ തുളച്ചുകയറി. ഇപ്പോള്‍ പോയവണ്ടി നക്കിയെടുത്ത ഏതോ ‘ഭാഗ്യവാന്റെരക്തം.
വ്യവസ്ഥിതിയെ മാറ്റിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒറ്റയാന്റെ രക്തത്തിളപ്പിന്റെ ഇരമ്പല്‍ നെഞ്ചില്‍ നിലയ്ക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞു. നഷ്ടപ്പെടുത്തിയത് അയാളുടെമാത്രം ജീവിതമായിരുന്നില്ലെന്ന തിരിച്ചറിവ് അയാളെ തളര്‍ത്തിക്കളഞ്ഞു.
വിപ്ലവം തലയ്ക്കുപിടിച്ചിരുന്ന കാലം, മാറ്റിമറിക്കലുകള്‍ക്കായി ഭ്രാന്തെടുത്ത് ഓടുകയായിരുന്നു.
എന്തിനെയും എതിര്‍ക്കപ്പെടാന്‍ വേണ്ടിമാത്രം എതിര്‍ക്കാനുള്ള ആവേശം.
നാട്ടുനടപ്പുകളും കുടുംബ ബന്ധങ്ങളും, അനുവര്‍ത്തിച്ചുപോന്ന ആചാര്യമര്യാദകളും എല്ലാം മാറ്റിമറിക്കേണ്ടതാണെന്ന പുതിയ ആചാര്യന്‍മാരുടെ വചനങ്ങളില്‍മാത്രം സത്യം കണ്ടെത്തിയിരുന്നകാലം.
പ്രത്യയശാസ്ത്രത്തിന്റെ പേരു പറഞ്ഞ് സഖാക്കളെ ബോധവല്‍ക്കരിക്കാന്‍ സ്റ്റഡിക്ലാസ്സുകളുമായി നടക്കുമ്പോള്‍ ആഹാരത്തിനു ബുദ്ധിമുട്ടേണ്ടി വന്നില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെ രോദനം മാത്രമെ കാതില്‍മുഴങ്ങുന്നുള്ളു എന്നു നടിച്ചിരുന്നതിനാല്‍ മനപ്പൂര്‍വ്വം കേള്‍ക്കാതിരുന്നത് അമ്മയുടെയും അനുജത്തിയുടെയും രോദനങ്ങളാണ്.
അവിശ്വാസത്തെ നേരിടേണ്ടിവരുന്ന നേൃതത്വത്തിനൊപ്പം അണികളെ പിടിച്ച്നിര്‍ത്തുന്നതിന്, കാവിപ്പട യുടെ കുത്തൊഴുക്കില്‍ കാലിടറുന്ന യുവശക്തിയെ ബോധവല്‍ക്കരിക്കാന്‍, അയാളെക്കാള്‍ കഴിവുള്ളവര്‍ വേറെയില്ലെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു.
വൈകി ലഭിച്ച അംഗീകാരം, കയ്യൂരിലെ ചോര ഉണങ്ങാത്ത മണ്ണില്‍ അയാള്‍ വിപ്ളവത്തിന്റെ വിത്തുകള്‍, പെറുക്കിയെടുത്ത് സ്വന്തം തട്ടകത്തില്‍ വളക്കൂറുനോക്കി വിതച്ചു. വിതയും കൊയ്ത്തും ഇല്ലാതെ, വില്‍ക്കാന്‍ സ്വന്തം ശരീരമല്ലാതെ മറ്റൊന്നില്ലാത്ത അവസ്ഥയിലെത്തിയ അമ്മയെയും അനജുത്തിയെയും സംരക്ഷിക്കുന്നതു വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കരുതെന്ന പുരോഗമന രാഷ്ട്രീയ പാംങ്ങള്‍ക്ക് വിരുദ്ധമാകുമെന്നയാള്‍ മനപ്പൂര്‍വംവിശ്വസിച്ചു.
വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അണികളുടെ ചുമലുകളെ ഏണിപ്പടികളാക്കാന്‍ അയാള്‍ പഠിച്ചുകഴിഞ്ഞിരുന്നു. പ്രത്യയശാസ്ത്രത്തിന്റെ നിഴലില്‍ മെലിഞ്ഞു വളരുമ്പോഴും നഷ്ടങ്ങള്‍ എഴുതിത്തള്ളാന്‍ അയാളെ പ്രേരിപ്പിച്ചതും ഈ ബാലപാഠങ്ങള്‍തന്നെ.

സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ മരിച്ചതിനാല്‍ അഛന്റെജോലി മകനുലഭിച്ചപ്പോള്‍ അമ്മയും സഹോദരിയും ആശ്വസിച്ചിരുന്നു. ഒരാണ്‍തരി ഉണ്ടായത് എത്ര ഭാഗ്യം’. അഛനും അതുതന്നെ ആഗ്രഹിച്ചിരുന്നു. അവനെ പഠിപ്പിച്ച് മിടുക്കനാക്കണം. തന്നെപ്പോലെ ഒരു നാലാം തരം ദരിദ്രജീവനക്കാരനായിത്തീരാതെ അവനെ വല്യ ആപ്പീസറാക്കണം.
അയാളുടെ സാഹചര്യങ്ങളെ പരാതിയൊ പരിഭവമോ പറയാതെ അമ്മ ന്യായീകരിച്ചു, വഴിപോക്കര്‍പോലും അവരുടെ കാര്യങ്ങളില്‍ വീട്ടുകാരെപ്പോലെ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ഒരാണ്‍തുണയുണ്ടായിരുന്നെങ്കിലെന്നവര്‍ കൊതിച്ചു. നാട്ടില്‍ വീട്ടുവേലയ്ക്കു മകളെ അയയ്ക്കുന്നത് തറവാടിന് അപമാനമാകുമെന്നതിനാല്‍ ആരുടെയോ കൂടെ മകളെ മറുനാട്ടിലേയ്ക്കയച്ച് അവര്‍ കാത്തിരുന്നു.
കാത്തിരിപ്പിന് പിന്‍ബലമായുണ്ടായിരുന്നത് വല്ലപ്പോഴും കിട്ടിയിരുന്ന കത്തുകളായിരുന്നു. അതുകൂടി നിലച്ചപ്പോള്‍ അവര്‍ വീടുവിട്ടു. മോക്ഷംതേടി..
പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന രക്തസാക്ഷിയുടെ മകളെ പാര്‍ട്ടിതന്നെ അയാള്‍ക്കു കെട്ടിച്ചുകൊടുത്തു. രണ്ടു പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു കുടുംബത്തെ രക്ഷപ്പെടുത്തുക എന്ന ദൗത്യം അയാള്‍ ഏറ്റെടുത്തു.വിപ്ലവാഭിവാദനങ്ങള്‍ കൊണ്ട് സഖാക്കള്‍ അയാളെ വീര്‍പ്പുമുട്ടിച്ചു
പുരോഗമന ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ മാതൃകയാകണമെന്ന സഖാക്കളുടെ നിര്‍ബന്ധം കൊണ്ടാണ് അയാള്‍ അവളെ വിവാഹം കഴിച്ചത്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഹോമിച്ച ഒരു സഖാവിന്റെ മകള്‍. അകന്ന ബന്ധത്തിലുള്ള ഒരു അമ്മുമ്മമാത്രം തുണയായി ഉണ്ടായിരുന്ന അവളെയും അനുജത്തിയെയും രക്ഷപെടുത്തുമ്പോള്‍ അണികളുടെ ആരവം മാത്രമാണ് കാതില്‍ മുഴങ്ങിക്കേട്ടത്.
അന്നുവരെ ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ മാത്രംരുചിച്ചിരുന്ന അവരെ സൗഭാഗ്യത്തിന്റെ മാധുര്യം നുകരുന്നതിന് ജാതിമത വര്‍ണ്ണവ്യത്യാസങ്ങള്‍ നോക്കാതെ അയാള്‍ സഹായിച്ചതില്‍ അഭിനന്ദനമറിയിക്കാന്‍ നേതാക്കളുടെ മത്സരം തന്നെ ഉണ്ടായി. അയാള്‍ അത് ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ ചെല്ലുംതോറും അവരുടെ പെരുമാറ്റത്തിലെ പലരീതികളും അയാളില്‍ അസ്വസ്ഥത ഉളവാക്കിക്കൊണ്ടിരുന്നു. എന്തൊക്കെയോ അരുതാഴികകള്‍ അവരില്‍ പ്രകടമാകുന്നത് അയാളെ വേദനിപ്പിച്ചിരുന്നു.
ആരോടാണ് പരാതി പറയേണ്ടത്. അവര്‍ രണ്ടുപേരുമല്ലാതെ അവര്‍ക്ക് ആരുമില്ലല്ലോ. പാര്‍ട്ടിയില്‍ പരാതിയുമായി ചെന്നാല്‍ കാത്തിരിക്കുക എന്നല്ലാതെ മറുപടി കിട്ടില്ല. കൂടുതല്‍ ശക്തമായി പരാതിപ്പെട്ടാല്‍ അച്ചടക്ക നടപടികളുണ്ടാകുമോ എന്നയാള്‍ ഭയപ്പെട്ടു. ത്യാഗം ചെയ്യാന്‍ കിട്ടിയ അവസരം സ്വയം ഉപയോഗപ്പെടുത്തിയതിന് പാര്‍ട്ടി സാക്ഷിയായി എന്നു മാത്രമല്ലേ ഉള്ളൂ എന്ന് പല സഖാക്കളും ചൊദിക്കുകയും ചെയ്തു.
അയാളുടെ ഭാര്യയും അനുജത്തിയും അല്പസമയംപോലും വേര്‍പിരിഞ്ഞുനില്‍ക്കാത്തതില്‍ അയാള്‍ക്കു പരിഭവമുണ്ടായിരുന്നു. അവളെ അയാള്‍ക്ക് ഒറ്റയ്ക്കുകിട്ടുന്നത് വിരളമായിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞങ്ങളെ വേര്‍പിരിക്കാന്‍ ശ്രമിയ്ക്കരുത്.
അവളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും കാണുന്ന അസ്വാഭാവികതകള്‍ അയാളെ ഭയപ്പെടുത്തുന്നതായിരുന്നു. വിവാഹ ദിവസവും അവള്‍ അനുജത്തിയുടെ കൂടെയാണ് ഉറങ്ങിയത്.
”അമ്മയില്ലാത്ത കുഞ്ഞല്ലേ അവളും. ഞാനെങ്ങനെ അവളെ ഒറ്റക്കു കിടത്തും. ഇതുവരെ അവള്‍ ഒറ്റക്കു കിടന്നിട്ടില്ല അതാ.. അവളുടെ അമ്മയും അച്ഛനും ഒക്കെ ഞാനാ.” പുലര്‍ച്ചെ മുറിയിലെത്തി അവള്‍ കട്ടിലിലിരുന്നു പറഞ്ഞപ്പോള്‍ അയാള്‍ അവളെ രൂക്ഷമായി നോക്കി.
”ദേഷ്യപ്പെടേണ്ട അവളിപ്പോള്‍ ചായ കൊണ്ടുവരും”
”ആര്, അതെന്തിനാ….” ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വാക്കുകള്‍ പുറത്തേക്ക് വന്നില്ല. അതിനുമുമ്പേ കുളിച്ചു കുറിയുമെക്കെയിട്ട് അനുജത്തി ചായയുമായി വന്ന് കട്ടിലിന്റെ മറുവശത്തിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കുന്നതിന് മുന്‍പെ അവള്‍ പറഞ്ഞു. ”ഞങ്ങള്‍ രണ്ട് ശരീരമാണെന്നേയുള്ളു…” ബാക്കി പറഞ്ഞതയാള്‍ കേട്ടില്ല. അയാള്‍ അവളെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി രഹസ്യമായി ചോദിച്ചു. എന്തു ഭ്രാന്താ ഈ കാണിക്കുന്നത്. എനിക്കും വേണ്ടേ ഒരു ജീവിതം.
”നിങ്ങള്‍ക്കെന്താ ജീവിതത്തിന് കുഴപ്പം,തന്നെയല്ല….ഒരാള്‍ക്കു പകരം രണ്ടുപേരായിപ്പോയതോ… നിങ്ങള്‍ക്ക് അതിന് കഴകത്തില്ലെ ഞങ്ങളെന്നാ ചെയ്യാനാ.”
”എന്തോന്ന് ഞങ്ങള്… ഞാന്‍ നിന്റെ കഴുത്തിലല്ലെ താലികെട്ടിയത്.”
”അതു ഞാനന്നു തന്നെ അഴിച്ച് അവളുടെ കഴുത്തില്‍ കെട്ടി കൊടുത്തല്ലോ. പിന്നെന്നാ.”
തന്നെപ്പോലെതന്നെ അനുജത്തിയേയും കാണണം, ഒരിക്കലും രണ്ടായിട്ടു കാണരുത് എന്നൊക്കെ പറഞ്ഞപ്പോള്‍ സഹോദരസ്നേഹത്തിന്റെ അളവുകോല്‍ നടന്നുവന്ന വഴികളില്‍ എവിടെയോ നഷ്ടപ്പെടുത്തിയതില്‍ അയാള്‍ ഖേദിച്ചു. അനുജത്തിയ്ക്കുകൂടി ഒരു കുഞ്ഞിനെ നല്‍കിയാലെ അവള്‍ അമ്മയാകൂ എന്നുശഠിച്ചപ്പോഴാണ് രോഗം മറനീക്കിപ്പുറത്തുവന്നത്.
പിറ്റെദിവസം മുതല്‍ രണ്ടുപേരും കട്ടിലിനു താഴെ പായവിരിച്ചു കിടന്നു. അയാള്‍ കട്ടിലിലും. ഒന്നിച്ച് ഉറങ്ങണം ഉണ്ണണം എന്നൊക്കെ അവള്‍ ശാഠ്യം പിടിച്ചിരുന്നു. വിവാഹം കഴിപ്പിച്ചയച്ചാല്‍ എല്ലാം തീരുമെന്ന് കരുതി അനുജത്തിയ്ക്ക് വരനെ അന്വേഷിക്കാന്‍ തുടങ്ങി. എല്ലാ ആലോചനകളും അവള്‍തന്നെ മുടക്കിക്കൊണ്ടിരുന്നു. അനുജത്തിയ്ക്ക് ചെറിയ മാനസിക രോഗമുണ്ടെന്നവള്‍ വന്നവരോടെല്ലാം പറഞ്ഞു.
”’എന്തായിത് എങ്ങനെയെങ്കിലും ഓരോന്നൊപ്പിച്ചുകൊണ്ടുവരുമ്പോ….. നാട്ടുകാര്‍ അതുമിതും പറയാന്‍തുടങ്ങി” അയാള്‍ വിമ്മിട്ടപ്പെട്ടു.
”’ഇതൊന്നും നാട്ടുകാരോടു ചോദിച്ചു ചെയ്യേണ്ടകാര്യമല്ല. ഇത് നമ്മുടെ വീട്ടുകാര്യം. എനിയ്ക്ക് പരാതിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്താ. ഇനി ഏതായാലും ഒരുകാര്യം തുറന്നു പറയാം. ഞങ്ങള്‍ ഒരുമിച്ചേ ജീവിക്കൂ. അവളെ എന്റെ അടുത്തുനിന്നുവേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ പിന്നെ ഞാനുണ്ടാവില്ല.”
അയാളുടെ എല്ലാ കാര്യങ്ങളിലും അവള്‍ അനുജത്തിയെ ഇടപെടുത്തിയിരുന്നു. തേച്ചു മടക്കിയ ഷര്‍ട്ടും മുണ്ടുമായി വന്ന അനുജത്തിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു. അയാള്‍ കെട്ടിയ താലി അവളുടെ കഴുത്തില്‍ മഞ്ഞച്ചരടില്‍ കിടക്കുന്നത് അയാള്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. സാരിത്തുമ്പുകൊണ്ട് അനുജത്തിയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് കലികയറിയതുപോലെ അവള്‍ പറഞ്ഞു.
”എന്തീന്നു വച്ചാല്‍ ഇന്ന് തീരുമാനിച്ചോണം. എന്റെ കുഞ്ഞിന്റെ കണ്ണു നനയാന്‍ ഇനി ഇടവരരുത്.” അവള്‍ ഗര്‍ജ്ജിക്കുകയായിരുന്നു. അവള്‍ അനുജത്തിയുടെ കവിളില്‍ തലോടി.
”നിനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്താല്‍ മതി, അവളെ എന്റെ കാര്യത്തില്‍ കൂടുതല്‍ ഇടപെടുത്തണ്ട.” അയാള്‍ തറപ്പിച്ചുപറഞ്ഞു.
അവള്‍ക്ക് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളു. ”ഞങ്ങളെ രണ്ടായിട്ടു കാണരുത്.”

”’അവള്‍ക്കും ഒരു കുടുംബജീവിതം വേണ്ടേ? അവള്‍ക്കും ആഗ്രഹങ്ങളില്ലാതിരിക്കുമോ, അവള്‍ക്ക് പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. നമ്മളല്ലെ അറിഞ്ഞുചെയ്യേണ്ടത്. അവള്‍ക്ക് നിന്നെ ഭയമായിട്ടാവും എതിര്‍ത്തു പറയാത്തത്. അവളോടു ഞാന്‍ സംസാരിക്കാം.”
അവളുടെ മുഖത്ത് ഗൗരവം നിറയുന്നത് അയാള്‍ തിരിച്ചറിഞ്ഞു. മാംസ-പേശികള്‍ വലിഞ്ഞു മുറുകി മുഖം വികൃതമാകുന്നത് കണ്ട് ഉള്ളില്‍ ഭയം ഇരമ്പി.
”ആഗ്രഹമുണ്ടെങ്കില്‍ അത് ഇവിടെത്തന്നെ ആകാമല്ലോ, എനിയ്ക്കുള്ളതുപോലെ ഒരു കുടുംബജീവിതം മതി അവള്‍ക്ക്. ഇത്രനാളും ഞങ്ങള്‍ ഒരു ശരീരംപോലെയാ കഴിഞ്ഞത്. ഇനിയും അങ്ങിനെതന്നെമതി.” അവളുടെ സ്വരം കര്‍ക്കശമായിരുന്നു.
കുഞ്ഞിനെ താലോലിക്കുന്നതുപോലെ അനുജത്തിയെ തലോടിക്കൊണ്ടവള്‍ പറഞ്ഞു. ”പോയി എണ്ണതേച്ച് കുളിച്ചിട്ടുവാ ചേട്ടനെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചോളാം.”
രണ്ടുപേരെ ഭാര്യമാരാക്കിവയ്ക്കുക. അണികളുടെ വിചാരണയെ അയാള്‍ ഭയപ്പെട്ടു. നേടിയതൊന്നും ഇനി നഷ്ടപ്പെടുത്താനാവില്ല. മലര്‍ക്കെതുറന്നിട്ടിരിക്കുന്ന വളര്‍ച്ചയുടെ വാതായനങ്ങള്‍ ഭ്രാന്തുപിടിച്ചൊരു പെണ്‍ബുദ്ധിക്കു കൂട്ടുനില്‍ക്കാന്‍ വേണ്ടി കൊട്ടിയടയ്ക്കാന്‍ അയാള്‍ തയ്യാറല്ലായിരുന്നു.
സമാനസാഹചര്യങ്ങള്‍ പാര്‍ട്ടിയില്‍ ന്യായീകരണത്തിന് പിന്‍ബലമായി ലഭിക്കുമെന്ന് കരുതി സഖാക്കളുടെ ജീവിതകഥകള്‍ അരിച്ചുപഠിച്ചു. മോഹിച്ചവരുടെയും പറഞ്ഞുപറ്റിച്ചവരുടെയും കഥകള്‍ കണ്ടുപഠിച്ചു. ഒളിഞ്ഞും തെളിഞ്ഞും സൃഷ്ട്ടിച്ച മക്കള്‍ക്ക് അഛന്റെ സ്ഥാനത്ത് സഖാക്കളുടെ പേരു പറയാന്‍ ഭയപ്പെട്ടിരുന്ന അമ്മമാരുടെ കഥകള്‍ കണ്ടു. പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ഭാര്യയെയും മക്കളെയു തള്ളിപ്പറഞ്ഞവരുടെ കഥകള്‍ കണ്ടു. അതു നേതാക്കന്‍മാരുടെപ്രതാപത്തിന്റെ കാലം. ഒരുപരീക്ഷണത്തിന് അയാള്‍ തയ്യാറല്ലായിരുന്നു. ഇനിയെന്തെന്ന ചിന്ത അയാളെ അലട്ടാന്‍ തുടങ്ങി,
”’നിന്റെ കാര്യം നീയാണു തീരുമാനിയ്ക്കേണ്ടത്. എന്തുസഹായവും ഞാന്‍ ചെയ്തുതരാം. നീ ചേച്ചിയോടുപറഞ്ഞ് തീരുമാനിയ്ക്കണം അവള്‍ പറയുന്നതൊന്നും നാട്ടുനടപ്പുള്ള കാര്യങ്ങളല്ല.” അയാള്‍ ഒറ്റ ശ്വാസത്തില്‍ അനുജത്തിയോടു പറഞ്ഞു. തന്റെ നിരപരാധിത്വം അവളുംകൂടി അറിയണമല്ലോ.
”നാട്ടുനടപ്പൊന്നുമല്ല കാര്യം, നമുക്കു ശരിയെന്നു തോന്നുന്നത് നാം ചെയ്യണം. അതിനു കഴിവില്ലെങ്കില്‍…” അവള്‍ അര്‍ത്ഥോക്തിയില്‍ വിരമിച്ചു.
തന്നെ അനുജത്തി തെറ്റിദ്ധരിക്കുമെന്ന ഭയം അയാളില്‍ അസ്തമിച്ചു. ഇരുവരുംകൂടി എടുത്ത തീരുമാനമാണിതെന്ന് അയാള്‍ക്ക് അപ്പോഴാണുമനസ്സിലായത്. രണ്ടുപേര്‍ക്കും ഒരുപോലെ ഭ്രാന്തുപിടിച്ചോ?.
അയാള്‍ തളര്‍ന്നുറങ്ങി.
അവള്‍ പതിവിലേറെ വാത്സല്യത്തോടെ കട്ടിലില്‍വന്നിരുന്ന് നെറ്റിയിലും മുടിയിഴകളിലും വിരലോടിച്ചു, ആദ്യമായിട്ടാണ് അവള്‍ ഒറ്റയ്ക്ക് അയാളുടെ അടുത്തിരിക്കുന്നത്. അയാള്‍ എഴുന്നേറ്റ് പോയി കതകടച്ചു കുറ്റിയിട്ടു. കട്ടിലില്‍ വന്നിരുന്നു. അവള്‍ അനുസരണയോടെ കട്ടിലിലേക്ക് കിടന്നു. അവളുടെ കണ്ണില്‍ കത്തുന്നതെന്താണെന്നയാള്‍ തുറിച്ചുനോക്കി. നിര്‍വ്വികാരതമാത്രം, പിന്നെ ഈ പ്രകടനങ്ങള്‍?.
”അവള്‍ക്കു കിട്ടാത്തതൊന്നും എനിയ്ക്കു മാത്രമായി ആവശ്യമില്ല, ഇതൊക്കെ അവള്‍ക്കും കിട്ടണം. അവള്‍ക്ക് ഒരു കുട്ടി വേണം.”
”വിവാഹം കഴിച്ച നിനക്കു കുട്ടി വേണ്ട, അതിനുമുന്‍പ് അനുജത്തിയ്ക്ക്”അയാള്‍ പൂര്‍ത്തിയാക്കിയില്ല.
അയാള്‍ സൗമ്യനായി ചോദിച്ചു. ”അതിനല്ലെ അവള്‍ക്കു ഞാന്‍ വിവാഹം ആലോചിച്ചത്. നീയല്ലെ നടത്താതിരുന്നത്?”’

മുടിയിഴകളില്‍ അവള്‍ മുറുകെപ്പിടിച്ചു. ജ്വലിക്കുന്ന കണ്ണുകളോടെ പറഞ്ഞു. ”’അതുവേണ്ട, അതു പുറത്തുനിന്നുവേണ്ട.”
അതിസുന്ദരിയുടെ മുഖത്തെ മാംസപേശികള്‍ ഒന്നു തുടിച്ചാല്‍ അവള്‍ ശൂര്‍പ്പണഖയാകും. എം. കൃഷ്ണന്‍നായരുടെ വാരഫലം മനസ്സില്‍തുടിച്ചു.
”അവള്‍ക്ക് ഒരു കുഞ്ഞിനെകൊടുത്താലേ ഞാന്‍ അമ്മയാകാന്‍ സമ്മതിക്കുവെന്ന് നേരത്തെ പറഞ്ഞതല്ലെ? നിങ്ങള്‍ വാക്കുമാറുമെന്നെനിക്കറിയാം, അതുകൊണ്ട് ആദ്യം അവള്‍ക്കൊരു കുഞ്ഞിനെക്കൊടുക്ക് അതുകഴിഞ്ഞുമതി എന്റെ കാര്യം.” അവള്‍ ഭൂമിചവിട്ടിമെതിച്ച് പുറത്തേയ്ക്കുപോയി.
നവവധുവിനെപ്പോലെ ഒരുക്കി അനുജത്തിയുമായി അവള്‍ മുറിയിലെത്തി. അയാള്‍ കട്ടിലില്‍നിന്നും ചാടിയെഴുന്നേറ്റു. പുറത്തുനിന്നും വാതിലടയ്ക്കാന്‍ ശ്രമിച്ച അവളെ തടഞ്ഞുകൊണ്ടയാള്‍ പറഞ്ഞു
”’ഇതുനടപ്പില്ല നിനക്കു ഭ്രാന്താണ്.” അയാള്‍ നിന്ന് അലറി. ”ഞാനാദ്യമേ പറഞ്ഞതല്ലേ…ഇതു നടപ്പില്ല…നോക്ക് പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കും, അറിയാമോ…? അയാളുടെ സ്വരത്തില്‍ യാചനയുടെ ഭാവം.
”’തീര്‍ച്ചയാണല്ലൊ ഇല്ലേ?” അവളുടെതീപാറുന്നകണ്ണുകളിലേയ്ക്ക് നോക്കാന്‍അയാള്‍ ഭയന്നു.
”എനിക്കു മാത്രമല്ല ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഭ്രാന്താ.”
”താനും തന്റെയൊരു പാര്‍ട്ടീം… സ്നേഹിക്കാനറിയാത്ത മഹാപാപി…പാര്‍ട്ടിക്കാരു തന്നെയല്ലേ ഇതുനടത്തിയത്..സഖാവു രാമന്‍കുട്ടി വാക്കുതന്നിട്ടാ ഞാനിതു സമ്മതിച്ചത് എന്നിട്ടിപ്പം ഒന്നു അറിയാത്തത് പോലെ.”
”എന്നാപ്പിന്നെ അയാളുടെ കൂടെ പോകാന്‍ മേലാരുന്നോ.” അയാള്‍ ഭിത്തിയില്‍ ആഞ്ഞിടിച്ചു.
”എവിടെപ്പോകണം ആരുടെകൂടെ പോകണം. എന്തുചെയ്യണമെന്നൊന്നും ഞങ്ങളെ ആരും പഠിപ്പിക്കണ്ട. തന്നെ ഞാന്‍ പഠിപ്പിച്ചുതരാം.”
”പാര്‍ട്ടി അറിഞ്ഞായിരുന്നെങ്കില്‍ പിന്നെ…. പിന്നെ… പാര്‍ട്ടിക്കാരോടൊന്നു സംസാരിക്കാം.” അയാള്‍ സൊമ്യനായി.
”എന്തോന്നു സംസാരിക്കാന്‍…. നിങ്ങള്‍ക്കു ഭ്രാന്താ, കഴിവുകെട്ടവന്‍… പാര്‍ട്ടി#്കകാരം മുഴുവനുംകൂടി വീട്ടിലേക്കു വിളിച്ചോ..”
അനുജത്തിയുടെ മുടിയിലെ മുല്ലപ്പൂക്കള്‍ പറിച്ചെടുത്ത് അവള്‍ തറയിലെറിഞ്ഞു. അയാളുടെ ഉടുപ്പ് വലിച്ചുകീറി, ശക്തിയായി പുറകിലേയ്ക്കുതള്ളി. അയാള്‍ കട്ടിലില്‍ മലച്ചുവീണു. അനുജത്തിയുടെ കൈപിടിച്ച് അവള്‍ ശക്തമായ കാല്‍വയ്പുകളോടെ പുറത്തേയ്ക്കുപോയി.
കട്ടിലില്‍ തലയടിച്ച് വീണ അയാള്‍ക്ക് ബോധം വീഴുമ്പോള്‍ മരണവളവില്‍നിന്നും വാരിക്കൂട്ടിയ വികൃതമായ ശരീരഭാഗങ്ങള്‍ വീട്ടുമുററത്തെത്തിച്ചിട്ടുണ്ടായിരുന്നു. ആര് ആരെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഇരുവരെയും ഒന്നിച്ചേ അടക്കാനാവുമായിരുന്നുള്ളു. മരണത്തിനു പോലും വേര്‍പിരിക്കാനാവരുതെന്നവര്‍ ആഗ്രഹിച്ചിരുന്നുവോ?
നായ്ക്കളുടെ ഓരിയിടല്‍ നിലച്ചു, ചീവീടുകളുടെ ചിലമ്പിച്ച ശബ്ദമില്ല, എല്ലാം പെട്ടെന്ന് നിശ്ചലമായതുപോലെ. അയാള്‍ഇരുളിലേയ്ക്ക്തുറിച്ചുനോക്കി.. പാദചലനങ്ങള്‍കേള്‍ക്കുന്നുവോ.
”’ഞങ്ങള്‍ രണ്ടുശരീരമാണെങ്കിലും ഒറ്റആത്മാവാ.”’അവരെരക്ഷിക്കാമായിരുന്നു. അയാള്‍ തേങ്ങി .
ഉരുക്കു ചക്രങ്ങളുടെ മരണവിളി അടുത്തുവരുന്നു. അയാള്‍ പാളത്തിലേയ്ക്ക് തല ചായിച്ചു. പെട്ടെന്ന് ആരോ എടുത്തെറിഞ്ഞതുപോലെ അയാള്‍ പാള ത്തില്‍ നിന്നും തെറിച്ചുവീണു. അയാളിരുന്ന പാളത്തിലൂടെ അലറിവിളിച്ചുപോയ തീവണ്ടിയുടെ ചക്രങ്ങളില്‍നിന്നും തെറിച്ചുവീണത് അയാളുടെ ചോരയല്ലെന്നത് അയാളെ വേദനിപ്പിച്ചു. ഇനിയും ശിക്ഷിച്ചു മതിയായില്ലേ… അയാള്‍ ചുണ്ടനക്കി…

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px