LIMA WORLD LIBRARY

ഇരുളില്‍ തൂങ്ങിയ വഴിവിളക്ക് – സജീവന്‍ കെ.ടി (Sajeevan K.T)

രാത്രിയായി,,,
ഭയം പതിവിലധികം കൂടി വന്നു.,
വഴിവിളക്കുകള്‍ അണയുമ്പോള്‍ അതിലധികം വിഹ്വലത,പേടി….!
ബോംബാണ് പൊട്ടിയത്.!ഞാന്‍ എന്റെ മനസ്സില്‍ മെല്ലെ പറഞ്ഞു.,.,ഇത് ചെറിയ സാധനമല്ല.
കരണ്ട് പൂര്‍ണ്ണമായും പോയി.
കൂടെ കിടന്ന മോന്‍ ഭീകരമായ ഒച്ച കേട്ട് അമ്മയുടെ ചാരത്തേക്ക് മാറി.,
അവളവനെ കൂടെ ചേര്‍ത്ത് മൂളിപ്പാട്ടോടെ മാറിലേക്ക് ചേര്‍ത്തു.-
ബോംബും,പൊട്ടാസും തിരിച്ചറിയാത്ത അവള്‍ക്കെന്തറിയാം.-
ബുദ്ധിയെന്തെന്നറിയാത്തവര്‍ തലവെട്ടുന്നു.ദാനശീലമില്ലാത്തവര്‍ കൈ വെട്ടുന്നു.പാവങ്ങള്‍ക്ക് വേണ്ടി രക്തം നല്‍കാന്‍ പാടുപെട്ട് ഓടുന്നവരുടെ കാല്‍ വെട്ടുന്നു.!
രാഷ്ട്രീയം തലക്ക് ഭ്രാന്ത് പിടിച്ചവര്‍ക്കിടയില്‍ എന്ത് ചെയ്യാം.!
ഞാനുറങ്ങിയില്ല,ഉറക്കം വന്നില്ല .
ദീപാവലിക്ക് പൊട്ടുന്ന പൊട്ടാസിന്റെ ചെറുശബ്ദം പോലും കേള്‍ക്കാന്‍ ത്രാണിയില്ലാത്ത എന്റെ വളര്‍ത്തു പട്ടിയും കട്ടിലിനുള്ളില്‍ അത്യധികം കിതപ്പോടെ ഒളിച്ചിരുന്നു.

ഭാര്യയും,മകനും ഒന്നുമറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു.
എന്റെ ലീഡര്‍ പണ്ടെപ്പോഴോ എനിക്ക് നല്‍കിയ വാള് എന്റെ സ്വയ രക്ഷക്ക് വേണ്ടി പരതിയെടുത്തു.
തുരുമ്പെടുത്ത മൂര്‍ച്ചയില്ലാത്ത ആ വാള്‍ സത്യത്തില്‍ ഒരു ആശ്രയം നല്‍കി.!
വീശാനോ ആരെയും വെട്ടാനോ അറിയില്ലെങ്കിലും
ഞാനും ഗമയോടെ
അല്‍പ്പം നെഞ്ച് വിരിച്ചു.!
സിനിമയില്‍ മാമുക്കോയ റൗഡിയായത് പോലെ..,

സമയം പോയതറിഞ്ഞില്ല.,
വലം കയ്യില്‍ മൂര്‍ച്ചയില്ലാത്ത വാളുമായി മയങ്ങിപ്പോയത് അമ്മയെ വിളിച്ച് മനസ്സില്‍ കരഞ്ഞത് കൊണ്ടാണോ..!?

ആരോ വാതിലിന് മുട്ടുന്നു.,ബെല്ലടിക്കുന്നു.!
ഞെട്ടലോടെ ഞാനറിഞ്ഞു,എന്നെയാണ് അടുത്ത അവരുടെ ഇര..!
മൂര്‍ച്ചയില്ലാത്ത ആ വാള്‍ ഞാന്‍ വീണ്ടും മുറുകെ പിടിച്ച് ധൈര്യമില്ലാ,ഭയത്തോടെ വാതില്‍ തുറന്നു.തുറന്നില്ല.!
അകത്തേക്കോ ,പുറത്തേക്കോ ഓടണോ,കുഴഞ്ഞു വീണത് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്.

കണ്ണു തുറന്നപ്പോള്‍ പകല്‍ വെളിച്ചം ,.ഭാര്യയും മോനും കരഞ്ഞ് കൊണ്ടടുത്തുണ്ട്.ഓര്‍മ്മ വീണ്ടെടുത്ത ഞാന്‍ വീണ്ടും വെപ്രാളത്തിലായി.!
വലം കയ്യില്‍ തുരുമ്പിച്ച വാള്‍ കണ്ടപ്പോള്‍ വീണ്ടും ധൈര്യം കിട്ടി..
പാല്‍കാരനാണ് വാതില്‍ മുട്ടിയതെന്ന് പിന്നീട് മനസ്സിലായി.
നിങ്ങളെന്താ മനുഷ്യാ,അങ്കച്ചേകവരോ വാളും പരിചയും,,അതും ഈ പുലര്‍ച്ചെ നടു കോലായില്‍..,,
അതും പറഞ്ഞ് പിറുപിറുത്ത് കൊണ്ട് അവളും മോനും അകത്തേക്ക്..!
മോനും എന്റെ ദുരവസ്ഥ നാടകത്തില്‍ കണ്ടതായി തോന്നിയ പോലെ പുച്ചത്തോടെ നോക്കി.,മുഖം തിരിച്ച് അകത്തേക്ക് പോയി.,
പോടാ നീ,, എന്ന മട്ടില്‍ ഞാന്‍ കസേരയില്‍ കയറിയിരുന്നു.
സൂര്യന്‍ ഉദിച്ചു വരുന്നു,അല്പം ധൈര്യം കിട്ടി.

സൈക്കിളില്‍ വന്ന പത്രക്കാരന്‍ ബെല്ലടിച്ചു,.പത്രം കോലായില്‍ എറിഞ്ഞ് വേഗം തിരിച്ച് പോയി.
പതിവ് പോലെ റോഡുകളില്‍ ആളുകളില്ല.
ഞാനുടനെ അതെടുത്തു വായിച്ചു,
വലിയ അക്ഷരം മാത്രം നോക്കി .
കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് അദ്ധ്യാപകനെ വെട്ടിനുറുക്കി.ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ തൊഴിലാളി നേതാവിനെ ബോംബെറിഞ്ഞ് വെട്ടി കൊലപ്പെടുത്തി.
അടുത്തത് ഞാനാണ് …….
വീണ്ടും ഞാന്‍ അബോധാവസ്ഥയിലായി..!
തുരുമ്പിച്ച വാള്‍ വീണ്ടും മുറുകെ പിടിച്ചത് മാത്രം ഞാനോര്‍ക്കുന്നു……!

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px