ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കടന്ന ഒരു സന്ദര്‍ശകന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഫേണ്‍ ഹൗസ് (fern house). വിവിധയിനം ടെറിഡോഫൈറ്റകളെ (pterydophytes) ഓരോ ഗൃഹങ്ങളിലായി പ്രദര്‍ശനത്തിന് ക്രമീകരിച്ചിരിക്കുന്നു. അവയെ നമുക്ക് പരിചയപ്പെടാം.
സസ്യ രാജ്യത്തിലെ താണ തരം ജീവജാതികളാണ് ടെറിഡോഫൈറ്റകള്‍. ആധുനിക വിത്തുസസ്യങ്ങളുടെ പരിണാമത്തിന് മുമ്പ് ഭൂമിയില്‍ ആധിപത്യം പുലര്‍ത്തിയ ഒരു പ്രധാന സസ്യവിഭാഗമാണ് ടെറിഡോഫൈറ്റ. വേര്, തണ്ട്, ഇല, എന്നിവ വ്യക്തമായി വികസിച്ച ഒരു വര്‍ഗ്ഗം ചെടികളാണിവ.
അവയെ വാസ്‌കുലര്‍ ക്രിപ്‌റ്റോഗാമുകള്‍ (vascular cryptogams) എന്നോ വാസ്‌കുലര്‍ ആംഫിബിയന്‍സ് (vascular ambhibians) എന്നോ വിളിക്കുന്നു. വെള്ളവും പോഷകങ്ങളും കൊണ്ടു പോകുന്നതിന് പ്രത്യേക ടിഷ്യുകളായ (tissue) സൈലവും (xylem) ഫ്‌ലോയവും (phloem) വികസിച്ച വാസ്‌കുലര്‍ സസ്യങ്ങളുടെ (vascular plants) ആദ്യ വിഭാഗമാണിത്.
ടെറിഡോഫൈറ്റകള്‍ പൂക്കളോ വിത്തുകളോ ഉല്‍പാദിപ്പിക്കുന്നില്ല. ബീജ കോശങ്ങള്‍ വഴിയാണ് അവ പ്രജനനം നടത്തുന്നത്. അതിനാലാണ് അവയെ ക്രിപ്‌റ്റോഗാമുകള്‍ എന്ന് വിളിക്കുന്നത്.
നമ്മുടെ നാട്ടില്‍ ഈര്‍പ്പം വേണ്ടത്രയുള്ള പറമ്പുകളിലും പുഴയോരത്തും മരച്ചോടുകളിലും അവ വളരുന്നു. പന്നല്‍ച്ചെടി എന്നാണ് മലയാളത്തില്‍ ഇവയെ വിളിക്കുന്നത്. ദേശഭേദമനുസരിച്ച് വ്യത്യസ്ത പേരുകളാണുള്ളത്. എന്റെ നാട്ടില്‍ കീരഞ്ചി എന്നാണ് പേര്. ഒരു കീരഞ്ചി മല പുഴയോരത്തുണ്ടായിരുന്നു. കീരഞ്ചിയുടെ ഉപദ്രവം മൂലം കൃഷി ചെയ്യാതിരുന്ന പറമ്പിലെ കീരഞ്ചികള്‍ക്കിടയില്‍ ശൈശവ കേളികള്‍ക്കിടയില്‍ പെട്ടു പോയ എന്റെ പെങ്ങളുടെ കഥ ഇതെഴുതുന്ന വേളയില്‍ ചേച്ചി എന്നോട് പറയുന്നുണ്ടായി. ഇന്ന് അവിടെങ്ങും പന്നല്‍ച്ചെടി പോയിട്ട് അവയുടെ ഒരു പൂട കൂടി കാണ്മാനില്ല.
കുറച്ചു കാലങ്ങള്‍ക്കു മുമ്പ് നമ്മുടെ നാട്ടില്‍ വേദികളും പന്തലുകളും അലങ്കരിക്കാന്‍ മറ്റു ചെടികളോടൊപ്പം ഇവയും ഉപയോഗിച്ചിരുന്നു. എന്റെ ചേച്ചിയുടെ വിവാഹത്തിന് വേദിയും പന്തലും അലങ്കരിക്കാന്‍ ഇതര അലങ്കാര വസ്തുക്കളുടെ കൂട്ടത്തില്‍ ഈ ചെടികളും ഉപയോഗിച്ചിരുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. ഇന്ന് പ്ലാസ്റ്റിക് ചെടികളും കൃത്രിമ ദ്വീപാലങ്കാരങ്ങളും പകരക്കാരായി. പന്നല്‍ച്ചെടി എന്നത് ഒരിനം ചെടിയുടെ പേരല്ല. ഒരു കൂട്ടം ചെടികളുടെ പൊതുവേയുള്ള പേരാണ്. 10,500 മുതല്‍ 13,000 ഇനം ടെറിഡോഫൈറ്റകള്‍ ലോകമെമ്പാടും കാണപ്പെടുന്നു.
ഇരുപത്തിയേഴു തരം പന്നല്‍ ചെടികള്‍ ഊട്ടി ഫേന്‍ ഹൗസില്‍ കാണാനാവും. തിരുവനന്തപുരം മ്യൂസിയത്തിലും പന്നല്‍ ചെടികളുടെ നല്ലൊരു ശേഖരം ഉണ്ട്. മൃഗശാലയ്ക്കുള്ളിലും അവിടവിടെ കാണാം. നമ്മുടെ മലയോര ഗ്രാമങ്ങളിലും കിഴക്കന്‍ കാടുകളിലും ഇത്തരം ചെടികള്‍ ധാരാളമായി കാണാവുന്നതാണ്.
ഇവിടെ ഫേണ്‍ മാത്രമല്ല വിവിധ തരം കള്ളിമുള്‍ച്ചെടികള്‍ (cactus), ഓര്‍ക്കിഡുകള്‍ (orchids), എന്നിവയും കാണാം.
മരുഭൂമിയില്‍ ജീവിക്കാനുള്ള ആനുകൂലനങ്ങളുള്ള (xerophytic adaptations) ഒരു ചെടിയാണിത്. ശരീരത്തില്‍ നിന്നും ജല നഷ്ടം തടയുന്നതിനു വേണ്ടി അനവധി ശാരീരിക പ്രത്യേകതകള്‍ ഈ വിഭാഗം ചെടികള്‍ക്കുണ്ട്.
വെള്ളം സംഭരിക്കുകയും (sacculent) പ്രകാശ സംശ്ലേഷണം (photosynthesis) നടത്തുകയും ചെയ്യുന്ന കട്ടിയുള്ളതും മാംസളവുമായ തണ്ട്, ആഴം കുറഞ്ഞതും വിശാലമായി പടരുന്നതുമായ വേരു പടലം, ജല നഷ്ടം കുറയ്ക്കുന്നതിന് ഇലകള്‍ക്ക് പകരം മുള്ളുകള്‍. ഇപ്രകാരം അനവധി ശാരീരിക പ്രത്യേകതകളോടെ അതിജീവന ശേഷി നേടിയവരാണ് കള്ളിമുള്‍ച്ചെടികള്‍. ഇവ കാക്ടേസിയേ കുടുംബത്തില്‍ (family Cactaceae) പെടുന്നു.
ഫേണ്‍ ഹൗസിന് പുറത്ത് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ചെറിയ വൃക്ഷത്തോളം വലിപ്പമുള്ള കള്ളിമുള്‍ച്ചെടികള്‍ കാണാനാവും. അതേ സമയം വ്യത്യസ്തങ്ങളായ വിവിധാകൃതിയിലുള്ള കൗതുകമുണര്‍ത്തുന്ന അനേകം കള്ളിമുള്‍ച്ചെടികള്‍ കാണാന്‍ ഫേണ്‍ ഹൗസില്‍ തന്നെ പോവണം.
ഓര്‍ക്കിഡേസി (Orchidaceae) കുടുംബത്തില്‍ പെടുന്ന സസ്യങ്ങളാണ് ഓര്‍ക്കിഡുകള്‍. ഇവ വൈവിധ്യമാര്‍ന്നതും വിവിധാകൃതിയില്‍ വിവിധ വര്‍ണ്ണങ്ങളില്‍ കൗതുകപ്പെട്ടതുമായ പുഷ്പങ്ങളുള്ളവയാണ്. ഈ പ്രത്യേകതയാണ് അലങ്കാര പുഷ്പങ്ങളുടെ കൂട്ടത്തില്‍ അവയെ ഏറെ പ്രസിദ്ധരാക്കിയത്.
അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണുന്ന കോസ്‌മോപൊളിറ്റന്‍ (cosmopolitan) ചെടികളാണ്. ഏതാണ്ട് 700 ജീനസ്സുകളിലായി (genus) ഏകദേശം 28,000 ജാതി (species) ഓര്‍ക്കിഡുകളുണ്ട്.
ഇവയില്‍ മിക്ക ജാതികളും (species) എപ്പിഫൈറ്റുകളാണ് (epiphytes). അവ മറ്റു സസ്യങ്ങളില്‍ വളരുന്നു. ഭൂരിഭാഗവും എപ്പിഫൈറ്റുകളാണെങ്കിലും മറ്റുള്ളവ മണ്ണിലും (terrestrial) പാറയിലും (lithophytic) ദ്രവിക്കുന്ന വസ്തുക്കളിലും (saprophytic) വളരുന്നു.
ഫോണ്‍ ഹൗസില്‍ ഇവയുടെ നല്ലൊരു ശേഖരം ഉണ്ട്. സസ്യ ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഊട്ടിയില്‍ എത്തുകയാണെങ്കില്‍ തീര്‍ച്ചയായും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഈ പഠന വീട് കണ്ടിരിക്കണം. ഇത്രയേറെ പന്നല്‍ച്ചെടികളെയും ഓര്‍ക്കിഡുകളേയും കാണാനുള്ള അവസരം പാഴാക്കരുത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ കാഴ്ചകളില്‍ ഏറെ പ്രധാനമാണ് ഈ ദൃശ്യ വിരുന്ന്.










