അധ്യായം-6
അതിശക്തമായി ആടിയുലഞ്ഞ കരിമ്പനത്തലപ്പുകള്‍ അതിവേഗം ശാന്തമായത് രവിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അയാള്‍ ഏകദേശം ഒരു കിലോമീറ്റര്‍ മുന്നില്‍ നടന്നകലുന്ന ആ സ്ത്രീരൂപത്തിന്റെ ഒപ്പം നടന്നെത്താനുള്ള തിടുക്കത്തില്‍ അതിവേഗം നടന്നു. ഇരുവശവും പടര്‍ന്നു കയറിയ വള്ളിച്ചെടികള്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചെങ്കിലും മുന്നോട്ടു പോകാനുള്ള ഉള്‍പ്രേരണ അയാളുടെ നടത്തത്തിനു ഗതി കൂട്ടി. അതറിഞ്ഞെന്ന മട്ടില്‍ ആ സ്ത്രീ തിരിഞ്ഞൊന്നു നോക്കി. ഏതാണ്ട് അതേ നിമിഷത്തില്‍ ഒരു കരിമ്പൂച്ച എവിടെനിന്നോ മുരണ്ട് കൊണ്ട് ഇടവഴിയിലേക്ക് ചാടിവീണു. ഒന്ന് പകച്ചെങ്കിലും അത് കാര്യമാക്കാതെ രവി അവരുടെ ഒപ്പമെത്താനായി നടപ്പ് തുടര്‍ന്നു.
കള്ളിമുണ്ടും ബ്ലൗസും തോര്‍ത്തും ധരിച്ച ഒരു അറുപത് വയസ്സുകാരി. ഒരുപാട് ക്ലേശങ്ങള്‍ സഹിച്ച ജീവിതമാണവരുടേതെന്ന് പറയാതെ പറയുന്ന മുഖഭാവം. രവി അവരെ നോക്കി പുഞ്ചിരിച്ചു.
‘കുഞ്ഞ് വാര്യത്തെ ഉമക്കുഞ്ഞിന്റെ ആളല്ലേ’ എന്ന അവരുടെ ചോദ്യത്തിനു ‘എങ്ങനെ മനസ്സിലായി’ എന്ന മറുചോദ്യമെറിഞ്ഞ് രവി ഉത്തരം കൊടുത്തു.
‘ഇന്നലെ പാടത്ത് പണിയുമ്പോള്‍ കണ്ടിരുന്നു നിങ്ങള്‍ കാറില്‍ നിന്നും ഇറങ്ങുന്നത്. എന്റെ പേരു കാര്‍ത്തി. ദാ, പാടത്തിനു പടിഞ്ഞാറായി ആ വരമ്പോരത്താണു എന്റെ വീട്.’ അവര്‍ പരിചയപ്പെടുത്തി.
‘എന്നും പണിയുണ്ടാവും. അത് കഴിഞ്ഞാല്‍ ഞാനീ മനയ്കലൊന്ന് വരും. ഓര്‍മ്മ വച്ച നാള്‍ മുതല്‍ മനയ്കലെ പുറമ്പണികള്‍ ഞാനാണു ചെയ്തിരുന്നത്. ഇപ്പോഴും ഒരു കടമപോലെ ചെയ്യുന്നു.
ആത്തോലമ്മയെ കുളിപ്പിക്കാനും ആഹാരം കൊടുക്കാനും ആരുമില്ലല്ലോ. ഓര്‍ത്താല്‍ സഹിക്കില്ല, ആവുമ്പോലെ സഹായിക്കാമെന്നല്ലാതെ എനിക്കെന്ത് ചെയ്യാനൊക്കും?’ പറഞ്ഞു തീര്‍ന്നപ്പോള്‍ ആയമ്മ വിതുമ്പിപ്പോയി.
‘കാര്‍ത്തിയമ്മേ….. ഞാനും മനയ്ക്കലേക്കാണ്. അവിടെ എന്താ സ്ഥിതി?’ രവി ചോദിച്ചപ്പോള്‍ അവര്‍ സംശയത്തോടെ രവിയെ നോക്കി.
‘അല്ല, ഞാന്‍ പത്ത് പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ ഈ നാട്ടില്‍ വന്നിരിക്കുന്നത്. ഒന്നുമങ്ങോട്ട് പിടികിട്ടുന്നില്ല.’ രവി കൂട്ടിച്ചേര്‍ത്തു.
‘കുഞ്ഞാത്തോല്‍ മരിച്ച ദിവസം ആത്തോലമ്മ തളര്‍ന്ന് വീണു. കൊച്ചു തിരുമേനിക്കും അന്നത്തെ ആ അപകടത്തില്‍ കാര്യമായ ദേഹാഘാതം ഉണ്ടായി. നട്ടെല്ലില്‍ പൊട്ടലുണ്ടായതോടെ കുറേക്കാലം കിടപ്പായിരുന്നു. പിന്നീടെണീറ്റെങ്കിലും വടിയുടെ സഹായത്തോടെയേ അല്‍പമെങ്കിലും നടക്കാന്‍ സാധിക്കൂ എന്ന മട്ടാണ്. എത്ര നല്ല തറവാടായിരുന്നു, സുകൃതക്ഷയം എന്നല്ലാതെ എന്ത് പറയാന്‍…..’ കാര്‍ത്തി നെടുവീര്‍പ്പിട്ടു.
‘ഞാനിവിടെ നിത്യം വന്ന് വൃത്തിയാക്കിയിടും, തുണിയലക്കും, അങ്ങനെ ചില്ലറജോലികള്‍ ചെയ്യുമെന്നേയുള്ളൂ. രണ്ട് മനുഷ്യജീവികളുള്ളതല്ലേ?
അക്കരെക്കാവില്‍ നിന്നും ആരെങ്കിലും ഒരുനേരം ഉണങ്ങലരിച്ചോറും നൈവേദ്യവും ഇവിടെ കൊണ്ടുവന്ന് കൊടുക്കും. അതാണു വര്‍ഷങ്ങളായി വിനയന്‍ തിരുമേനിയ്ക്കും ആത്തോലമ്മയ്ക്കും ഭക്ഷണം. ഞാന്‍ തൊട്ടുകൂടാത്ത ജാതിയല്ലേ, അടുക്കളയിലൊന്നും കയറാറില്ല. തൊട്ട് കൂട്ടാന്‍ ഉപ്പോ മുളകോ വല്ലപ്പോഴും വാങ്ങികൊണ്ടുവരും.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
‘പക്ഷേ കാര്‍ത്തിയമ്മേ….നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ കുഞ്ഞാത്തോല്‍ ഇവിടെയൊക്കെ ഉണ്ടെന്ന്?’
‘ഞാന്‍ കണ്ടിട്ടില്ല…’ ആ അമ്മയുടെ കണ്ണില്‍ നനവൂറി.
‘പക്ഷേ ഞാനറിയുന്നുണ്ട്, ന്റെ കുഞ്ഞൂനു ഈ വീട് വിട്ട് പോവാന്‍ കഴിയില്ല. ഈ മനയിലെങ്ങനെ പാറിനടന്നിരുന്ന കുട്ടിയാ! മുറ്റമടിക്കുമ്പോഴൊക്കെ ഞാന്‍ കേള്‍ക്കാറുണ്ട് മുല്ലയില്‍ നിന്നും പൂനുള്ളുന്ന ശബ്ദം. ആത്തോലമ്മയെ കുളിപ്പിക്കാനെഴുന്നേല്‍പ്പിക്കുമ്പോഴും ഞാനൊരു അദ്ര്യശ്യസാന്നിദ്ധ്യം അനുഭവിക്കാറുണ്ട്. എന്നെ ആരോ സഹായിക്കുന്ന പോലെയൊരു തോന്നല്‍.’ അവരുടെ ശബ്ദം പതറി.
‘കാര്‍ത്തിയമ്മേ…. എനിക്കെല്ലാമറിയണം. ഇവിടെ യക്ഷിയുണ്ട് പോവണ്ടാന്ന് നാരായണേട്ടന്‍ പറഞ്ഞപ്പോഴെ കാര്യങ്ങള്‍ അറിയണമെന്ന് ഞാന്‍ നിശ്ചയിച്ചതാണ്. കാര്‍ത്തിയമ്മയ്ക്ക് അറിയാവുന്നത് പോലെ മറ്റാര്‍ക്കും കോയിക്കല്‍ മനയെപറ്റി അറിയുമെന്ന് തോന്നുന്നില്ല.’
‘എല്ലാം പറയാം മോനേ… ഇതാ നമ്മള്‍ മനയിലെത്തിയല്ലോ. കുറച്ച് ജോലി ചെയ്തിട്ട് ഉടനെ മടങ്ങണം. അപ്പോള്‍ എല്ലാം പറയാം.’ കാര്‍ത്തിയമ്മ പറഞ്ഞു.
പഴമയുടെ നിറമടിച്ച കോയിക്കല്‍ മന. വിശാലമായ പൂമുഖവും വീട്ടിയില്‍ കടഞ്ഞ ഉരുളന്‍തൂണുകളും കൊത്തുപണി ചെയ്ത നീളന്‍ വരാന്തയുമെല്ലാം നഷ്ടപ്രതാപത്തെ വിളിച്ചോതുന്നവയായിരുന്നു. ചെന്നയുടനെ ഒരരികില്‍ വച്ചിരുന്ന ഈര്‍ക്കിലിച്ചൂലെടുത്ത് അവര്‍ ഒരറ്റം മുതല്‍ മുറ്റം വൃത്തിയാക്കിത്തുടങ്ങി. ഇലകള്‍ മൂടിക്കിടന്നിരുന്ന മുറ്റം നിമിഷങ്ങള്‍ക്കുള്ളില്‍ തെളിഞ്ഞ് മനോഹരമായി.
പൂമുഖത്തേക്ക് കയറിയ രവി അവിടെ തൂങ്ങിക്കിടന്നിരുന്ന വലിയ ഓട്ടുമണിയില്‍ ബന്ധിച്ചിരുന്ന കയറില്‍ പിടിച്ച് മണിയടിച്ചു. വലിയൊരു ശബ്ദത്തോടെ ഓട്ടുമണിയൊന്ന് ഇളകിയപ്പോള്‍ അതില്‍ നിന്നും കടവാവലുകള്‍ പറന്നുയര്‍ന്നു. ചുക്കിലിയും മറ്റെന്തൊക്കെയോ വസ്തുക്കളും താഴേക്കും വീണുകൊണ്ടിരുന്നു. വര്‍ഷങ്ങളായി ആരും ആ മണിയടിച്ചിട്ടില്ല എന്ന് രവിക്ക് മനസ്സിലായി. വീതിയുള്ള, ചിത്രപ്പണികള്‍ ചെയ്ത പൂമുഖവാതില്‍ ഒരു ഞരക്കത്തോടെ രണ്ട് പാളികളായി തുറന്നു. വളരെനേരം കഴിഞ്ഞിട്ടും വാതിലിനു പിന്നില്‍ ആരെയും കാണാതെ പരിഭ്രമിച്ച രവി ഇരുട്ട് മയങ്ങുന്ന അകത്തളത്തിലേക്ക് കണ്ണോടിച്ചു.
അകത്തളത്തില്‍ മുനിഞ്ഞ് കത്തുന്ന എണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ കണ്ട കാഴ്ചയില്‍ രവി അസ്ത്രപ്രജ്ഞനായി നിന്നു പോയി.
അവിടെ… അരതിണ്ണയില്‍, മടിയില്‍ കാലിളക്കിച്ചിരിക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ കൊഞ്ചിക്കുന്ന യുവതി കുഞ്ഞാത്തോല്‍ ആണെന്ന തിരിച്ചറിവില്‍ രവിയുടെ ഉള്ളംകാലില്‍ നിന്നൊരു തരിപ്പ് ഹൃദയത്തിലേക്കും മസ്തിഷ്‌ക്കത്തിലേക്കും ബാധിച്ചു. പൊടുന്നനെ വീശിയടിച്ച കാറ്റില്‍ പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം പരന്നു. ഒരു നിമിഷം കണ്ണിലാകെ ഇരുട്ട് ബാധിച്ച ആ അവസ്ഥയില്‍ നിന്നും അയാള്‍ മടങ്ങി വന്നപ്പോഴേക്കും അകത്തളം ശൂന്യമായിരുന്നു, പക്ഷേ അയാളുടെ തൊട്ടുമുന്നില്‍ ഊന്നുവടിയില്‍ താങ്ങി, കണ്ണുകള്‍ കുഴിയിലാണ്ട, എല്ലുംതോലുമായ ഒരു രൂപമുണ്ടായിരുന്നു… കൊച്ചുതിരുമേനി !
About The Author
No related posts.