കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-5

Facebook
Twitter
WhatsApp
Email

അധ്യായം-5

മിന്നായം പോലെ പ്രത്യക്ഷപ്പെട്ട്, ഒരു നിമിഷാര്‍ദ്ധത്തില്‍ മറഞ്ഞ് പോയ ആ രൂപത്തെ രവി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അയാള്‍ കണ്ണുകള്‍ തിരുമ്മി ആ ഭാഗത്തേക്ക് വീണ്ടും വീണ്ടും നോക്കി. പുലര്‍വെയിലില്‍ തിളങ്ങി നില്‍ക്കുന്ന കരിമ്പന തലപ്പുകള്‍. താന്‍ നേരത്തെ കണ്ടത് സത്യമോ മിഥ്യയോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത മൗഢ്യത്തില്‍ രവി വിഷണ്ണനായി. പാടം കടന്ന് കോയിക്കല്‍ മനയ്ക്കലൊന്ന് പോകുവാനുള്ള ഉല്‍ക്കടമായ ആഗ്രഹം അയാളുടെ മനസ്സില്‍ ഉണ്ടായി. ഉമയെ കൂട്ടിനു വിളിച്ചാലോ എന്നോര്‍ത്തെങ്കിലും ഒടുവില്‍ ആരും അറിയാതെ അവിടെ പോയി വരാമെന്ന് രവി തീരുമാനിച്ചു.

ഷര്‍ട്ടെടുത്തിട്ട് രവി പുറത്തിറങ്ങിയപ്പോള്‍ ഉമ ആരോടോ ഫോണില്‍ സംസാരിക്കുന്ന ശബ്ദം. വാര്യരെ ചികിത്സിപ്പിക്കാനുള്ള ശ്രമമാണു.

‘എഴുന്നേറ്റ് നടന്നാല്‍ മതി, അച്ഛനിവിടെ തനിച്ചല്ലേ’ അവള്‍ സങ്കടപ്പെടുന്നു,

‘എന്ത് പറ്റീന്നറിയില്ല…. പെട്ടെന്ന് തളര്‍ന്ന് വീണു എന്നാ നാരായണേട്ടന്‍ പറഞ്ഞത്. കേട്ടപ്പോള്‍ ഉടനെ ഞങ്ങളിങ്ങു പോന്നു. എത്രയും വേഗം ചികിത്സ തുടങ്ങണം. എല്ലാം ഒന്ന് തുടങ്ങി വച്ചിട്ട് ഞങ്ങള്‍ക്ക് പോവണം. ദേവൂട്ടിയുടെ ക്ലാസ് മുടങ്ങും.’

പിന്നില്‍ ഉമയുടെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് കേള്‍ക്കാതായപ്പോഴാണു താന്‍ വാര്യത്തിന്റെ പടിപ്പുര കഴിഞ്ഞ് പാടത്തേക്കിറങ്ങി എന്ന് രവി തിരിച്ചറിഞ്ഞത്.

പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ ഉമയുമായി മനയ്ക്കലെ മുറ്റം വരെ പോയ ഓര്‍മ്മയുണ്ട്. അന്ന് ഗര്‍ഭിണി ആയ ആത്തോല്‍മാരെ അന്യപുരുഷന്മാര്‍ കാണാന്‍ പാടില്ല എന്നൊരു ന്യായം പറഞ്ഞു കുഞ്ഞാത്തോലിനെ കാണാന്‍ ആത്തോലമ്മ സമ്മതിച്ചില്ല. ഉമയെ മാത്രം ഉള്ളില്‍ പ്രവേശിപ്പിച്ചു തന്നെ പൂമുഖത്തിരുത്തി. അന്ന് കുഞ്ഞാത്തോലിന്റെ ഭര്‍ത്താവ് വിനയന്‍ പുറത്ത് വന്ന് കുശലം ചോദിച്ചതും രവി ഓര്‍ത്തു.

‘കുഞ്ഞെവിടേക്കാ? ‘

വരമ്പിന്റെ ഏതാണ്ട് പകുതിയായപ്പോഴേക്കും നാരായണേട്ടനെ കണ്ടു. വാര്യത്തെ കാര്യസ്ഥനാണു അദ്ദേഹം.

‘നാരായണേട്ടാ…. ഞാനാ മനയ്കലൊന്നു പോയി വരട്ടെ. വിനയനെ ഒന്ന് കണ്ട് വരാം’

രവി പറയുന്നത് കേട്ട് വായ തുറന്ന പടി നിന്നു പോയി അയാള്‍.

‘എന്ത് പറ്റി നാരായണേട്ടാ… അവിടെ ആരും താമസമില്ലേ?’ രവി ചോദിച്ചു.

ഭയപ്പെട്ടതെന്തോ കേട്ടത് പോലെ അയാള്‍ ചകിതനായി രവിയെ നോക്കി.

‘കുഞ്ഞേ…അറിയില്ലേ… ആ കുഞ്ഞാത്തോല്‍. ചിലരൊക്കെ കണ്ടിട്ടുണ്ടേ്രത… താരാട്ട് മൂളുന്നതും കേള്‍ക്കാറുണ്ടെ്രത. പിന്നെ ചിലപ്പോള്‍ തേങ്ങിക്കരച്ചിലും… പാടത്തിന്റെ ഈ പകുതി കടന്ന് ആരും ആ ഭാഗത്തേക്ക് പോകാറില്ല’.

‘പിന്നെ ഒരു കാര്യം’.

ചുറ്റുപാടും ഒന്ന് നോക്കി, ഒരു രഹസ്യം പറയുന്ന മട്ടില്‍ അല്‍പം കൂടി അടുത്തു വന്ന് അയാള്‍ തുടര്‍ന്നു.

‘വാര്യത്തെ കാറിടിച്ചല്ലേ ആ പെങ്കൊച്ച് മരിച്ചത്, അതും നിറവയറോടെ. ഡ്രൈവര്‍ ദാമോദരന്‍ ജയിലില്‍ പോയെങ്കിലും ആ യക്ഷിക്ക് പക തീര്‍ന്നിട്ടുണ്ടാവില്ല. വാര്യര്‍ സാറിന്റെ ഈ വീഴ്ചയുടെ പിന്നിലും അവള്‍ ആണെന്നൊരു രഹസ്യസംസാരം നാട്ടില്‍ കേട്ട് തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് പറയുകയാ കുഞ്ഞ് ഒറ്റയ്ക്കങ്ങോട്ടൊന്നും പോവണ്ട.’ പറഞ്ഞു തീര്‍ന്നപ്പോള്‍ നാരായണേട്ടന്‍ കിതച്ചു.

‘ഏയ്, ശുദ്ധ അസംബന്ധം!’ രവി അയാളുടെ വാക്കുകളെ ഖണ്ഡിച്ചു. ‘അങ്ങനെയൊന്നും ഇല്ലെന്റെ നാരായണേട്ടാ…’

‘എന്തായാലും ഞാന്‍ അവിടൊന്ന് പോയിവരാം… ആഹ് പിന്നെ, ഉമയോടിതൊന്നും പറയല്ലേ… അവള്‍ പേടിക്കും. ഞാനുടനെ വരാം.’

യാത്ര പറഞ്ഞ് രവി പാടവരമ്പിലൂടെ നടന്നകലുന്നത് നാരായണേട്ടന്‍ അങ്കലാപ്പോടെ നോക്കി നിന്നു. നാരായണേട്ടനെ സമാധാനിപ്പിക്കാന്‍ അങ്ങനെ പറഞ്ഞെങ്കിലും രവിയുടെ ഉള്ളിലും ഇപ്പോള്‍ ഭീതി തോന്നിത്തുടങ്ങിയിരുന്നു. ഇന്നലെ മുതല്‍ അയാളുടെ ഉള്ളില്‍ മുളച്ച ആശങ്കകള്‍ ഇപ്പോള്‍ വേരിട്ട് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.

എന്ത് തന്നെയാണെങ്കിലും രവിക്ക് നിജസ്ഥിതി അറിഞ്ഞേ പറ്റൂ. ദേവൂട്ടിയുടെ ജീവനും രക്ഷയ്കും അഹിതമായതൊന്നും അയാള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല.

ഇരുവശവും നെല്ലോലകള്‍ നിറഞ്ഞ വരമ്പ് കടന്നു കോയിക്കല്‍ പുരയിടം. പുരയിടവും പാടവും തമ്മില്‍ അതിര്‍ത്തി തീര്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍. പുരയിടമാകെ കാട് കയറികിടക്കുന്നു. ഇരുവശവും വള്ളിചെടികള്‍ പടര്‍ന്നു വളര്‍ന്നൊരു ഇടവഴി മനയിലേക്കു നീളുന്നു. ഇടവഴിയിലേക്ക് അയാള്‍ കാല്‍ വച്ചതും പേടിച്ചരണ്ടത് പോലെ കരിമ്പനത്തലപ്പില്‍ തൂങ്ങി കിടന്നിരുന്ന ഒരു കൂട്ടം വവ്വാലുകള്‍ കഠോരശബ്ദം മുഴക്കി പറന്നുയര്‍ന്നു. ഒന്ന് ഞെട്ടി ചുറ്റുപാടും കണ്ണോടിച്ച അയാള്‍ കൊടുങ്കാറ്റിലെന്ന വണ്ണം ആടിയുലയുന്ന കരിമ്പനകള്‍ കണ്ട് സ്തബ്ദ്ധനായി നിന്ന് പോയി. മുന്നോട്ട് പോവുന്നതപകടമാണെന്ന് മനസ്സ് മന്ത്രിച്ചപ്പോള്‍ മടങ്ങാന്‍ തുനിഞ്ഞതാണ്, പക്ഷേ ഇടവഴിയില്‍ കുറച്ച് മുന്നിലായി, മനയെ ലക്ഷ്യം വച്ചു നടന്ന് പോവുന്ന ഒരു സ്ത്രീയെ കണ്ടതും അയാള്‍ ധൈര്യം വീണ്ടെടുത്ത് മുന്നോട്ട് പോവാന്‍ തന്നെ തീരുമാനിച്ചു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *