കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-11

Facebook
Twitter
WhatsApp
Email

അധ്യായം-11

കണ്ണോത്ത് മനയുടെ പടിപ്പുരയിറങ്ങി കാറില്‍ കയറിയിരുന്ന രവിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു. സൂര്യദേവന്‍ തിരുമേനിയില്‍ നിന്നുമറിഞ്ഞ വിവരങ്ങള്‍ അയാളെയാകെ പിടിച്ചുലച്ചിരുന്നു. പ്രത്യേകിച്ച്, ദേവുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതോടെ അയാളുടെ മനസ്സ് തന്നെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയിരുന്നു. തിരുമേനി പിന്നീട് പറഞ്ഞതൊന്നും അയാളുടെ ചെവിയില്‍ വ്യക്തമായൊട്ട് പതിഞ്ഞതുമില്ല. മറ്റേതോ ലോകത്തിരുന്ന് തിരുമേനി സംസാരിക്കുന്നു എന്നേ അയാള്‍ക്ക് തോന്നിയിരുന്നുള്ളൂ. ഊര്‍ജ്ജസ്വലനായി മനയുടെ പടികള്‍ കയറി പോയ ആ മനുഷ്യന് മടങ്ങി വന്നപ്പോള്‍ മന്ദത ബാധിച്ചതുപോലൊരു തോന്നല്‍. രവി കണ്ണുകളിറുക്കി ടച്ച് സീറ്റില്‍ ചാരിക്കിടന്നു. പിന്നീട്, കണ്ണുകള്‍ തുറക്കുമ്പോഴേക്കും ആരെയാണുകാണേണ്ടത് എന്ന വ്യക്തമായ ധാരണ അയാള്‍ക്കുണ്ടായിരുന്നു.

വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. ഫോണ്‍ കാറില്‍ മറന്നുവച്ചാണ് താന്‍ മനയ്ക്കലേക്ക് പോയതെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഡാഷ്‌ബോര്‍ഡ് തുറന്ന് വേഗം ഫോണ്‍ എടുത്തു.

ഒന്‍പത് മിസ്സ്ഡ് കാള്‍സ്..! ഉമയുടേത് തന്നെ.

സമയം നാലുമണി. വെറുതെയല്ല, പാവം പേടിച്ചു കാണും. ഏകദേശം 10 മണി ആയപ്പോള്‍ വീട്ടില്‍ നിന്നും പോന്നതാണു. ഇത്രയും സമയം ഇവിടെ ചിലവഴിച്ചതായി തോന്നിയില്ല. അയാള്‍ അതിശയിച്ചു. രവി വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു. ഫോണില്‍ അയാളുടെ ശബ്ദം കേട്ടതും അവളൊന്ന് തേങ്ങി. അലിവോടെ അയാള്‍ വിളിച്ചപ്പോള്‍ അവളില്‍ കെട്ടി നിന്നിരുന്ന സങ്കടമൊക്കെ ഒഴുകിപ്പരന്നു.

‘ഉമേ….’

‘രവിയേട്ടാ…. ഞാനെത്ര പേടിച്ചു? ഫോണെടുക്കാഞ്ഞതെന്താ?’

‘അത് മറന്നു. ആട്ടെ, എന്തിനാ നീ പേടിച്ചത്?’

‘രവിയേട്ടന്‍ എപ്പോ വരും? ദേവുവും വല്ലാതെ ഭയപ്പെടുന്നു’.

‘തിരുമേനിയെ കണ്ടു. ചികിത്സയ്ക്ക് മുന്‍പായി അത്യാവശ്യം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതൊന്ന് നോക്കിയിട്ടേ ഞാന്‍ വരൂ…. നീ വിഷമിക്കാതെയിരിക്കൂ’

ഉമയോട് ഇനിയും സംസാരിച്ചാല്‍ തിരുമേനിയില്‍ നിന്നും അറിഞ്ഞ കര്യങ്ങള്‍ അവളോട് പറയേണ്ടി വരുമെന്ന് തോന്നിയതിനാല്‍ തിടുക്കം കാട്ടി കാള്‍ കട്ട്‌ചെയ്ത് അയാള്‍ ഒന്ന് നിശ്വസിച്ചു.
പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ തെല്ലൊന്നാലോചിച്ചു. ഗ്രാമത്തിലെത്തിയാല്‍ പിന്നെ ഇടത്തേക്കുള്ള ഇടവഴി. അവിടെ ഒന്നുരണ്ട് പലചരക്കുകടകള്‍ കഴിഞ്ഞു ഓടിട്ട ചെറിയൊരു വീട്. കഴിഞ്ഞ ദിവസം കാര്യസ്ഥന്‍ നാരായണേട്ടന്‍ പറഞ്ഞത് ഓര്‍മ്മയുണ്ട്. ഡ്രൈവര്‍ ദാമോദരേട്ടന്റെ വീട്ടില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ സമയം അഞ്ചുമണി.

മുറ്റത്ത് ശബ്ദം കേട്ടതും ഒരു സ്ത്രീ പുറത്തുവന്നു. അവരുടെ രൂപഭാവങ്ങളില്‍ നിന്ന് അത് ദാമോദരേട്ടന്റെ ഭാര്യയാവും എന്ന് രവി ഊഹിച്ചു. പരിചിതനല്ലാത്ത ആളെ കണ്ടതിന്റെ അന്ധാളിപ്പോടെ നോക്കിയ അവരോട് ദാമോദരേട്ടനെ കാണാന്‍ വാര്യത്ത് നിന്നും വന്നതാണെന്ന് അയാള്‍ പറഞ്ഞു.

വീടിന്റെ പിന്നിലെ ചെറിയ ചായ്പ്പിലേക്ക് വിരല്‍ ചൂണ്ടി അവര്‍ അകത്തേക്ക് കയറിപ്പോയി. ചായ്പ്പിലേക്ക് കാലെടുത്തുവച്ച രവി നടുങ്ങിപ്പോയി. കാലില്‍ ചങ്ങലക്കിലുക്കവുമായി ഏന്തിയേന്തി നടക്കുന്ന ഒരു എല്ലിന്‍കൂടം. അതായിരുന്നു രവിയെ അവിടെ എതിരേറ്റത്.

‘ദാമോദരേട്ടാ….’

അയാള്‍ അലിവോടെ വിളിച്ചപ്പോള്‍ ആ രൂപം വെളിച്ചത്തിലേക്ക് വന്നു. ഒരു ഓട്ടുഗ്ലാസ്സില്‍ വെള്ളവുമായി ആ സ്ത്രീ ചായ്പ്പിലേക്കു കയറി വന്നു.

‘സാറേ… ഈ മനുഷ്യന്‍ ജയിലില്‍ നിന്നും വന്നപ്പോള്‍ മുതലിങ്ങനെയാണ്. ‘ഞാന്‍ കൊന്നിട്ടില്ല’ എന്നൊരു വായ്ത്താരി മാത്രം. ഇറങ്ങി പുറത്ത് പോവും, ഭ്രാന്തനെന്ന വിളി കേട്ടാല്‍ കൈയില്‍ കിട്ടുന്നത് പെറുക്കി ആരെയും എറിയും. ഇപ്പോള്‍ തീരെ നിവൃത്തിയില്ലാതെ ചങ്ങലയിടേണ്ടി വന്നു.’

രവി നിരാശയോടെ ദാമോദരേട്ടനെ വീണ്ടും നോക്കി. എത്ര പ്രതീക്ഷയോടെയാണു വന്നത്? തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ട ആള്‍ മനോവിഭ്രാന്തിയില്‍… ഇനിയെന്ത് ചെയ്യും? ആരോട് ചോദിക്കും? അയാള്‍ കടങ്കഥയുടെ കെട്ടഴിക്കാന്‍ വെമ്പി.

‘അപ്പോള്‍ ശരിക്കും ദാമോദരേട്ടനല്ലേ? പിന്നെന്തിനു ദാമോദരേട്ടന്‍ ആ കുറ്റമേറ്റെടുത്ത് ജയിലില്‍ പോയി?’

‘വാര്യര്‍ സാറിനു വേണ്ടി…’ രവിയുടെ ചോദ്യത്തിനു ആ സ്ത്രീ മറുപടി പറഞ്ഞു.

‘അന്ന് രാത്രി ഒരു ചടങ്ങുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എന്റെ വീട്ടിലായിരുന്നു. വാര്യര്‍ സാര്‍ തന്നെയായിരുന്നു അന്നു വണ്ടിയിറക്കിയത്. ഒരബദ്ധം പറ്റി ദാമോദരാ… എന്നേ വാര്യര്‍ സാര്‍ പറഞ്ഞുള്ളൂ. ഈ മനുഷ്യന്‍ അത് സ്വയം ഏറ്റെടുത്ത് തിന്ന ചോറിന്റെ നന്ദി കാട്ടി.’

‘വാര്യര്‍ സാര്‍ ഞങ്ങളെ കണക്കിനു സഹായിച്ചു. രണ്ടാണ്മക്കള്‍ക്കും നല്ല വിദ്യാഭ്യാസവും ജോലിയുമായി. ഇതിയാനിങ്ങനെ മടങ്ങി വന്നപ്പോള്‍ അവര്‍ മാറിത്താമസിച്ചു. കുഞ്ഞുങ്ങളെയെങ്ങാനും ഉപദ്രവിച്ചാലോ എന്ന ഭയം. പിന്നെയിപ്പോള്‍ ഞങ്ങള്‍ തനിച്ചായി.’ ‘കുഞ്ഞാത്തോലിനെ കൊന്നവനു കൂട്ട് നിന്നതിനുള്ള ശിക്ഷയാണെന്നൊക്കെ നാട്ടുകാര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. ഇടയ്ക്കിടക്കീ മനുഷ്യന്‍ ആരെയോ കണ്ട് പേടിച്ച മട്ടില്‍ അലറുമ്പോള്‍ എനിക്കും തോന്നാറുണ്ട് അത് സത്യമാണെന്ന്…’ അവര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ രവി ഉത്തരം മുട്ടിയവനെപ്പോലെ നിന്നു. എല്ലാ വിരലുകളും കേന്ദ്രീകരിക്കുന്നത് ഒരേ ബിന്ദുവിലാണു. സ്വീകാര്യമല്ലെങ്കില്‍ക്കൂടിയും അത് സത്യമാണോ? രവി ചിന്താക്കുഴപ്പത്തിലായി.

അവിടെ നിന്നുമിറങ്ങി കാറിന്റെ ഡോര്‍ തുറക്കുമ്പോള്‍ ‘ഞാനല്ല കൊന്നത്’ എന്ന ഉച്ചത്തിലുള്ള ആക്രോശവും പാത്രമെന്തോ ശക്തിയായി വലിച്ചെറിഞ്ഞതിന്റെ ശബ്ദവും പിന്നില്‍ മുഴങ്ങുന്നത് വേദനയോടെ രവിയറിഞ്ഞു.

ഇനിയും വിശ്വസിക്കാനാവുന്നില്ല. സ്‌നേഹസമ്പന്നനായിരുന്നു ഉമയുടെ അച്ഛന്‍. കാണുമ്പോഴൊക്കെയും സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ഒരു പാവം മനുഷ്യന്‍. ആ അപകടം അതദ്ദേഹം മനപൂര്‍വ്വം വരുത്തിയതാണെന്നോ? സ്വന്തം മകളെപ്പോലെ കാണേണ്ട കുട്ടിയെ, അതും പൂര്‍ണ്ണഗര്‍ഭിണിയായൊരു പെണ്ണിനെ നിഷ്‌കരുണം ഇടിച്ച് വീഴ്ത്തി പോവാന്‍ മനസാക്ഷിയുള്ളൊരു വ്യക്തിക്കാവുമോ? അതും എന്തിനു വേണ്ടി? ഇനിയാരോട് ചോദിച്ചറിയും?ഒരായിരം ചോദ്യങ്ങളുടെ ചക്രവ്യൂഹത്തില്‍പ്പെട്ടവനെപ്പോലെ രവി വിയര്‍ത്തു.

സഡന്‍ബ്രെയ്ക്കിട്ടത് മാതിരി വണ്ടി നിന്നപ്പോള്‍ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട് ആവുന്നില്ല. അയാളിറങ്ങി ചുറ്റുപാടും നോക്കി. വിജനമായ പരിസരം. സഹായത്തിനൊരാളെ പോലും കാണാനില്ല. നാരായണേട്ടനെ വിളിച്ചു കാര്യം പറയാമെന്ന് വിചാരിച്ചപ്പോഴേക്കും ഒരു കരിമ്പൂച്ച മുരളിക്കൊണ്ട് കാറിനു നേരെ വന്നു. അതിന്റെ തിളങ്ങുന്ന കണ്ണുകളില്‍ നോക്കിയതും രവിക്ക് എന്തോ ഒരസ്വാഭാവികത തോന്നി. പൊടുന്നനെ ശക്തിയോടെ പൊടിപറത്തി വീശിവന്ന ഒരു കാറ്റിന്റെ മൂളല്‍. പൊടിയില്‍ നിന്നും രക്ഷപ്പെടാന്‍ അയാള്‍ എതിര്‍ദ്ദിശയിലേക്ക് മുഖം തിരിച്ചു.

അവിടെ, കാവിലേക്കുള്ള എണ്ണമറ്റ കല്‍പ്പടികളിലൊന്നില്‍ കാര്‍ത്തിയമ്മ. അവരെക്കണ്ടതും രവിയുടെ മനസ്സിലൊരു മഞ്ഞുവീണ പ്രതീതി. ഒപ്പം രൗദ്രഭാവം പൂണ്ട് വന്ന കാറ്റ് എവിടെയോ അപ്രത്യക്ഷമായതും അയാളറിഞ്ഞു. തന്നെ കാര്‍ത്തിയമ്മയുടെ അടുത്തെത്തിക്കാന്‍ ആരോ പറഞ്ഞുവിട്ടത് പോലെയായിരുന്നു ആ കാറ്റിന്റെ വരവെന്ന് അയാള്‍ക്ക് തോന്നി.

About The Author

Leave a Reply

Your email address will not be published. Required fields are marked *