അധ്യായം-10
‘രവിശങ്കര്‍…’ അലിവോടെ സൂര്യദേവന്‍ തിരുമേനി രവിയെ വിളിച്ചു.
‘ഞാന്‍ നേരത്തെതന്നെ പറഞ്ഞിരുന്നല്ലോ കുട്ടിയെപ്പറ്റി ശങ്ക വേണ്ട. രേവതിനാളില്‍ ശുക്രദശയില്‍ ജനിച്ചതിനാല്‍ അതീവഭാഗ്യശാലിയും പ്രതാപിയുമായിരിക്കും. കുട്ടിയുടെ ഇടത് കയ്യില്‍ ഒരു വെളുത്ത മറുകില്ലേ?’
തിരുമേനി ചോദിച്ചപ്പോള്‍ ദേവുവിന്റെ ഇടത് കൈമുട്ടിനു താഴെയായി കേരളത്തിന്റെ ആകൃതിയില്‍, നീളത്തില്‍ ഒരു വെളുത്തപാണ്ടുള്ളത് രവിയ്‌ക്കോര്‍മ്മ വന്നു. തിരുമേനിയുടെ അഗാധപാണ്ഡിത്യത്തിലും ശക്തിയിലും അയാള്‍ക്ക് തികഞ്ഞ മതിപ്പും തോന്നി.
‘ഉവ്വ്, ഒരു വെളുത്തപാണ്ട് പോലെ, ജന്മനാ ഉള്ളത്. അവള്‍ ജനിച്ച ദിവസം തന്നെ അവിടെ ഡോക്ടര്‍സ് കുഷ്ഠരോഗം ടെസ്റ്റ് ചെയ്തും നോക്കിയിരുന്നു.’
‘അതെ രവീ.., അതുതന്നെ. ദൈവാനുഗ്രഹമുള്ള കുട്ടിയാണു രവിയുടെ മകള്‍. ഒന്നും പേടിക്കാനില്ല. പക്ഷേ, വാര്യരുടെ കാര്യത്തില്‍ അത്തരമൊരുറപ്പ് എനിക്കു പറയാന്‍ കഴിയില്ല.’
‘അഥവാ എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ പോലും രവിയുടെ സഹായമില്ലാതെ കഴിയില്ല. പിന്നാമ്പുറങ്ങളിലെ കഥയറിയണം. ചെയ്ത ക്രൂരകൃത്യങ്ങള്‍ എത്രത്തോളം പാതകമാണെന്നറിയണം. എങ്കിലേ പരിഹാരക്രിയകളെപ്പറ്റി നോക്കാന്‍ പറ്റൂ. എന്നിരുന്നാല്‍ക്കൂടി കര്‍മ്മഫലമനുഭവിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് പറയേണ്ടതില്ലല്ലോ…’ തിരുമേനി പറഞ്ഞുനിര്‍ത്തിയപ്പോള്‍ കാര്യങ്ങള്‍ അന്വേഷിച്ച് ബോധിപ്പിക്കാമെന്ന് പറഞ്ഞു രവി കണ്ണോത്ത് മനയില്‍ നിന്നും പടിയിറങ്ങി.
രവിയെ കാത്ത് കാത്തിരുന്ന് ഉമക്ക് മടുപ്പ് തോന്നി. ആദ്യമായാണു രവിയേട്ടന്‍ തനിയെ വണ്ടിയെടുത്ത് പോവുന്നത്. അച്ഛനെപറ്റിയുള്ള ചിന്തയും രവി വരാന്‍ വൈകുന്നതിലുള്ള ആധിയും അവളെ തീര്‍ത്തും ക്ഷീണിതയാക്കി. അല്‍പം മുന്‍പ് ദേവൂട്ടി വന്ന് പറഞ്ഞ കാര്യവും ഉമയെ വിഷമത്തിലാഴ്ത്തിയിരിക്കുന്നു. ‘മടങ്ങി അമേരിക്കയിലേക്ക് പോവാം അമ്മേ’ എന്നാണവള്‍ പറഞ്ഞത്. എത്ര നന്നായി, എത്ര സ്ഫുടതയോടെയാണവള്‍ മലയാളം സംസാരിച്ചത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരമ്പരപ്പ്. ദേവൂട്ടി അല്‍പം അസാധാരണത്വം കലര്‍ന്ന കുട്ടിയാണെന്ന് നേരത്തെ തന്നെ തങ്ങള്‍ക്ക് മനസിലായിരുന്നു. പതിനഞ്ചാം വയസ്സില്‍ തന്നെ അമേരിക്കയിലെ അതിപ്രശസ്തമായ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബിരുദത്തിനു നേരിട്ട് പ്രവേശനം ലഭിക്കാന്‍ മാത്രം അതിബുദ്ധിമതിയാണവള്‍. പക്ഷേ, നാട്ടില്‍ വന്നിട്ട് രണ്ടുദിവസമേ ആയിട്ടുള്ളൂ, ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികളെപ്പോലെ ഇവളെങ്ങനെ മലയാളം സംസാരിക്കുന്നു? തന്നെയുമല്ല, അവള്‍ പാടിയ ആ പാട്ട്…. എവിടെയോ കേട്ട് പരിചയമുള്ള തോന്നലുണ്ടായെങ്കിലും ഇപ്പോഴാണു കൃത്യമായി മനസിലായത്. കുഞ്ഞുണ്ടാവുമ്പോള്‍ പാടിയുറക്കാന്‍ വേണ്ടി വിനയന്‍ തിരുമേനി എഴുതിയ വരികള്‍…. കുഞ്ഞാത്തോല്‍ എപ്പോഴും പാടിക്കൊണ്ട് നടന്നിരുന്ന ആ വരികള്‍ ദേവു എങ്ങനെ കേട്ടുപഠിച്ചു? ആലോചിക്കുംതോറും ഉമയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോലെ തോന്നി.
മട്ടുപ്പാവിലെ മുറിയില്‍ വായിച്ചുകൊണ്ടിരുന്ന ദേവുവിനു ആരോ വിളിക്കുന്ന പോലൊരു തോന്നലാണാദ്യം ഉണ്ടായത്. തന്നിലെന്തൊക്കയോ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നത് പോലൊരു ഭീതി രണ്ടുദിവസങ്ങളായി അവളെ അലട്ടുന്നുണ്ട്. ഡാഡിയുടെ സ്വതവേ പ്രസന്നമായ മുഖം എന്തൊക്കെയോ ചിന്തകളില്‍ വിഷണ്ണമായിരിക്കുന്നതും കാണുന്നുണ്ട്. തന്നെ കാണുമ്പോള്‍ മുത്തശ്ശന്റെ കണ്ണുകളില്‍ പ്രത്യക്ഷപ്പെടുന്ന അകാരണമായ ഭീതിയുടെ രഹസ്യവും മനസ്സിലാവുന്നില്ല. ആദ്യമായാണു ഈ വീട്ടില്‍ വന്നതെങ്കിലും ഓരോ മുക്കും മൂലയും വളരെ പരിചയമുള്ളത് പോലെ. അതിനും പുറമെയാണു എപ്പോഴും പേരുചൊല്ലി ആരോ വിളിക്കുന്നുവെന്ന തോന്നല്‍. ഡാഡി വരട്ടെ, ഇതൊന്ന് പറയണം. ഇന്നലെ രാവിലെ ക്ഷേത്രത്തിനുള്ളില്‍ നിന്നപ്പോള്‍ അനുഭവിച്ച അനുവാച്യമായ നിര്‍വൃതി…. വല്ലാത്തൊരു ശാന്തത. ഇന്ന് സന്ധ്യക്കും അമ്മ ക്ഷേത്രത്തില്‍ പോയേക്കും. കൂടെ പോയി നോക്കാം, മനസ്സല്‍പം ശാന്തമായേക്കും. ദേവു തീരുമാനിച്ചു.
മുറിയിലേക്ക് വീശിയടിച്ച് തന്നെ തലോടി കടന്ന് പോയ കാറ്റിനു വല്ലാത്തൊരു സുഖമുള്ളതുപോലെ തോന്നി ദേവുവിന്. ഒരു താരാട്ടുപാട്ടിന്റെ ശീലുകള്‍ അവളുടെ കാതോരത്ത് മുഴങ്ങി. കണ്ണുകള്‍ താനേയടഞ്ഞ് സുഖകരമായ ഒരു മയക്കത്തിലേക്കവള്‍ വഴുതിവീണു.
About The Author
No related posts.