കാവല്‍ മാലാഖ (നോവല്‍ 11) മരുഭൂമിയിലെ നദി

Facebook
Twitter
WhatsApp
Email

നൂറനാട്ടെ വീട്ടില്‍ കുഞ്ഞപ്പി കലി തുള്ളി. അമ്മിണി കണ്ണു തുടച്ചു. ഏകമകനെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജയിലിലിട്ടു അവള്‍. വെറുതേ വിടാന്‍ പാടില്ല. ഞങ്ങള്‍ ഒന്നു നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ലാത്ത കുഞ്ഞാണവന്‍. എന്നിട്ടവനെ ആ ഒരുമ്പെട്ടവള്‍. ഇനി വേണ്ട അവളുമായുള്ള ബന്ധം. ബന്ധം വേര്‍പെടുത്താതെ ഇനി നാട്ടിലേക്കില്ലെന്നാണു സൈമണ്‍ പറയുന്നത്. അവന്‍ പറഞ്ഞതു തന്നെയാണു ശരി. അവന്‍ ഫോണ്‍ ചെയ്തു വിവരം മുഴുവന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണു മാതാപിതാക്കളുടെ ആധി.

അവളെ ഇനി വേണ്ട. പക്ഷേ, കുട്ടിയെ വീണ്ടെടുക്കണം. അതിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല. ഈ കുടുംബത്തിലെ ചോരയാണ് ആ കുഞ്ഞ്. അതിനെ വളര്‍ത്തുന്നത് അതിന്‍റെ തന്തയുടെ അവകാശമാ. അവളങ്ങനെ കൊച്ചുമായിട്ടു സുഖിച്ചു വാഴണ്ട. സൂസനെ ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു കുഞ്ഞപ്പിക്ക്.

എത്ര കൊള്ളരുതാത്തവനെന്നു പേരു കേള്‍പ്പിച്ചവനാണെങ്കിലും സ്വന്തം മകനാണ്. ഒരുപാടു പ്രതീക്ഷകളോടെ വളര്‍ത്തിക്കൊണ്ടുവന്ന പൊന്നുമകന്‍. എന്തിന്‍റെ പേരിലായിലും അവനെ ജയിലിട്ടത് അംഗീകരിക്കാന്‍ ആ വൃദ്ധമനസ് സമ്മതിക്കുന്നില്ല. അവനോടു ചെയ്തതിന്‍റെ ഫലം അവള്‍ അനുഭവിച്ചേ മതിയാകൂ. മനസിലെ രോഷം കത്തിക്കാളി. സ്ത്രീധനം പോലും വാങ്ങാതെ ദാരിദ്ര്യം പിടിച്ച വീട്ടീന്നു കെട്ടിക്കോണ്ടു വന്നതാ. ഇപ്പോ കാശായപ്പോ അവള്‍ക്ക് അഹങ്കാരം. സ്വന്തം കെട്ടിയോനെ പോലീസിനെക്കൊണ്ടു പിടിപ്പിച്ചിരിക്കുന്നു, അതും അന്യനാട്ടില്‍! ആരുണ്ട് അവനവിടെ സഹായിക്കാന്‍, അതെങ്കിലും ഓര്‍ത്തോ അവള്‍, ഭാര്യയാണെന്നു പറഞ്ഞു നടക്കുന്നു!

കാര്യം സൈമനു നാട്ടില്‍ ചില വഴിവിട്ട ബന്ധങ്ങളൊക്കെയൊണ്ടാരുന്നു. അതിപ്പോ ഇക്കാലത്തൊള്ള ഏതു ചെറുപ്പക്കാര്‍ക്കാ ഇല്ലാത്തത്. അതീന്നൊക്കെയൊന്നു മാറി നിക്കട്ടേന്നു വച്ചാ ലണ്ടനില്‍ ജോലിയൊള്ള നേഴ്സിനെക്കൊണ്ടു വേറൊന്നും നോക്കാതെ കെട്ടിച്ചത്. അതിപ്പോ അതിലും വലിയ കുരിശായി. നാട്ടിലാരുന്നെങ്കില്‍ സമാധാനമെങ്കിലുമൊണ്ടാരുന്നു. ഓരോന്നാലോചിക്കുന്തോറും കുഞ്ഞപ്പിയുടെ മുഖം കൂടുതല്‍ വലിഞ്ഞു മുറുകിക്കൊണ്ടിരുന്നു.

സാധാരണ ശാന്തസ്വഭാവക്കാരിയായ അമ്മിണിയുടെ മനസിലും മരുമകളോടെ വെറുപ്പു നിറഞ്ഞു. മനസാകെ ഇടറി.

“നിങ്ങളവനു കാശയച്ചോ?”

അമ്മിണിയുടെ ചോദ്യം കുഞ്ഞപ്പിയെ ചിന്തകളില്‍ നിന്നുണര്‍ത്തി.

“ഇന്നലയെല്ലേ പതിനായിരം പൗണ്ട് അങ്ങോട്ടയച്ചത്.”

അയാള്‍ അതും പറഞ്ഞ് ഭ്രാന്തു പിടിച്ചു പോലെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്ക്ക് സോഫയില്‍ തളര്‍ന്നിരിക്കും. തലേരാത്രി ഇരുവരും ഒരുപോള കണ്ണടച്ചില്ല. ഇഞ്ചിഞ്ചായി വേദനിക്കുകയാണു മനസും ഹൃദയവും. മകനുമായി ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു. എന്നിട്ടും മനസ് ശാന്തമായിട്ടില്ല. നാട്ടിലേക്കു വരാന്‍ പറഞ്ഞിട്ട് അവന്‍ സമ്മതിക്കുന്നില്ല. ബന്ധം വേര്‍പെടുത്താതെ മടങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. അവളുടെ കുറ്റങ്ങള്‍ ഒന്നൊന്നായി അവന്‍ അച്ഛനമ്മമാരുടെ മുന്നില്‍ നിരത്തിയിരിക്കുന്നു. പെട്ടിയും ഭാണ്ഡവുമെല്ലാം അയല്‍ക്കാരനായ സേവ്യറിന്‍റെ വീട്ടില്‍ കൊണ്ടുവച്ചിരിക്കുന്നു. വീടിന്‍റെ വാടക പോലും കൊടുക്കാതെയാണു കെട്ടിയെടുത്തു പോയിരിക്കുന്നത്. സോളിസിറ്റര്‍ മുഖാന്തിരം ജാമ്യത്തിലിറക്കിയതു സേവ്യറാണ്. സ്വന്തം ഭാര്യയെക്കാള്‍ സ്നേഹമുള്ളവരാണു സേവ്യറും മേരിയും.

ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു നടത്തിക്കൊടുക്കേണ്ടവളല്ലേ ഭാര്യ. പക്ഷേ, ആ ഗുണമൊന്നും സൂസനില്ല. അവള്‍ ജോലിക്കു പോകുന്നതു വരെ അവളുടെ കുടുംബത്തിനു വേണ്ടിയാണ്. ഈ നാട്ടില്‍ അവളെന്നെ ആക്ഷേപിച്ചു നടന്നതിനു കൈയും കണക്കുമില്ല. മലയാളികളുടെ മുഖത്തു നോക്കാന്‍ വയ്യാത്ത അവസ്ഥ. ഇങ്ങനൊരുത്തിയെ ഇനി ഭാര്യയായി വച്ചുപൊറുപ്പിക്കാന്‍ പറ്റില്ല.

അപ്പന്‍റെ ഇഷ്ടപ്രകാരം കെട്ടിയതാണവളെ. അതുകൊണ്ടെന്താ കല്യാണം കഴിഞ്ഞ് ഓടുമേഞ്ഞ വീട്ടില്‍ ഉറങ്ങേണ്ടി വന്നു. ഇപ്പോ ജയിലിലും കിടക്കേണ്ടി വന്നു. സമ്പത്തും സൗഭാഗ്യങ്ങളും നിറഞ്ഞ എത്രയോ പെണ്‍കുട്ടികളുടെ ആലോചനകള്‍ വന്നതാണ്. അതൊക്കെ വേണ്ടെന്നു വച്ച് ലണ്ടനിലെ നഴ്സിനെ കെട്ടിയതാണ്. അതിപ്പോ ഇങ്ങനെയായി. കുറേ കാശ് കണ്ടപ്പോള്‍ അവളുടെ സ്വഭാവം അടിമുടി മാറി. കാശു കണ്ടു വളര്‍ന്നവര്‍ക്ക് പെട്ടെന്നങ്ങനൊരു സ്വഭാവമാറ്റമുണ്ടാകില്ല. പുരുഷന്‍മാര്‍ക്കു പല ദുശ്ശീലങ്ങളും കാണും. അവന്‍റെ കുറ്റവും കുറവും മനസിലാക്കി അതൊക്കെ മറ്റുള്ളവര്‍ക്കു മുന്നില്‍ ഊതിവീര്‍പ്പിച്ചു കാണിക്കാന്‍ എങ്ങനെ ധൈര്യം വന്നു അവള്‍ക്ക്. അവളുടെ മനസ് നന്നായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

ഭര്‍ത്താവിനെ അനുസരിക്കാനറിയാത്തവള്‍. അവളുടെ നെഗളിപ്പും അഹങ്കാരവും തന്‍റെ കുട്ടിയെയും അന്ധകാരത്തിലാക്കും. ലണ്ടനില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ തല്ലുന്നത് അവളും കണ്ടുകാണും. അതൊക്കെ ഇങ്ങോട്ടെടുത്താല്‍ ഇതാളു വേറെ.

മകന്‍റെ വാക്കുകള്‍ ഓരോ തവണ ഓര്‍ക്കുമ്പോഴും കുഞ്ഞപ്പിയുടെ മനസില്‍ തീകോരിയിട്ടുകൊണ്ടിരുന്നു. പെട്ടെന്ന് എന്തോ തീരുമാനിച്ചുറച്ച പോലെ അയാള്‍ ചാടിയെഴുന്നേറ്റു. ഫോണിനടുത്തേക്കാണ്. ഡയറി നോക്കി ആരുടെയൊക്കെയോ നമ്പര്‍ തപ്പിയെടുത്തു ധൃതിയില്‍ ഡയല്‍ ചെയ്യുന്നു.

അമ്മിണി ഭയത്തോടെ എല്ലാം നോക്കിനിന്നു. നാളെ താമരക്കുളത്തിനു പോകുന്നുണ്ട്, അതുമാത്രം അവര്‍ക്കു മനസിലായി. എന്തോ കുഴപ്പത്തിനു തന്നെയാണു പുറപ്പാട്, അതുറപ്പാണ്. മകന്‍ ജയിലില്‍ കിടന്ന കാര്യം പുറത്താരുമറിയരുതെന്ന് അയാള്‍ അവരോടു പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്.

“ഞാനും വരുന്നു താമരക്കുളത്തിന്. എനിക്കു കൊച്ചിനെ ഒന്നു കാണണം….”

അമ്മിണിക്കു കണ്ണീരടക്കാനാകുന്നില്ല. കൊച്ചുമോനെ ഒരുനോക്ക് കാണാന്‍ കാത്തുകാത്തിരുന്നിട്ട് ഇപ്പോഴിങ്ങനെയായല്ലോ എന്ന ആധിയായിരുന്നു അവരുടെ മനസില്‍ ഏറെയും.

“വേണ്ടാ…, കൊച്ചിനെ കൊണ്ടരാന്‍ തന്നെയാ പോന്നേ. വരുമ്പക്കണ്ടാ മതി….”

കുഞ്ഞപ്പിയുടെ രൂക്ഷമായ മറുപടിക്കു താമസമുണ്ടായില്ല.

“അതിനവളിനി വരുവോ ഇങ്ങോട്ട്?”

“അവളല്ല, കൊച്ചിനെ കൊണ്ടരാനെന്നാ പറഞ്ഞേ, നെനനക്കു മലയാളം പറഞ്ഞാ മനസിലാകത്തില്ലിയോ?”

അപ്പോ കൊച്ചിനെ ബലമായി കൊണ്ടുപോരാനാണ് അപ്പന്‍റേം മോന്‍റേം പരിപാടി. അതാരിക്കണം അവന്‍ ഫോണ്‍ വിളിച്ചു പറഞ്ഞുകൊടുത്തിരിക്കുന്നത്. എന്തായാലും അതല്‍പ്പം കടന്ന കൈ തന്നെ. ഇതിയാന്‍ അവിടെ പോയി ആകെ കൊഴപ്പമൊണ്ടാക്കും- അമ്മിണിക്കു വളരെ നന്നായറിയാം കുഞ്ഞപ്പിയുടെ സ്വഭാവം.

“നിങ്ങള്‍ വഴക്കിനൊന്നും പോണ്ടാ. ഞാനും വരാം നാളെ.”

അമ്മിണി അവസാനമായി ഒന്നുകൂടി കേണു.

“വരണ്ടാന്നു പറഞ്ഞില്യോടീ. കേറിപ്പൊക്കോണം അകത്ത്.”

പിന്നെ അവര്‍ക്കവിടെ നില്‍ക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.

അതിരാവിലെ തന്നെ മുറ്റത്തു കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടാണ് അമ്മിണി ഉറക്കമുണരുന്നത്. എണീറ്റു ജനലിലൂടെ നോക്കുമ്പോള്‍ കുഞ്ഞപ്പി കുറേ തടിമാടന്‍മാരുമായി എന്തൊക്കെയോ അടക്കം പറയുന്നു. അല്പം കഴിഞ്ഞപ്പോള്‍ അമ്മിണിയോട് ഒരു വാക്കു പോലും പറയാതെ അയാള്‍ കാറുകളിലൊന്നില്‍ കയറി പോയി. അമ്മിണി ഉച്ചത്തില്‍ മിടിക്കുന്ന നെഞ്ചുമായി നോക്കി നിന്നു, എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത്, കര്‍ത്താവേ….

ഒരാഴ്ച മാത്രമാണു സൂസനുമായി അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുള്ളത്. നല്ല അടക്കവും ഒതുക്കവും ദൈവഭയവുമുള്ള പെണ്ണായിട്ടേ ഇന്നുവരെ തോന്നിയിട്ടുള്ളൂ. നാലു സ്വര്‍ണവളകളും രണ്ടു മാലകളും കല്യാണം കഴിഞ്ഞു വന്നപ്പോള്‍ അവളെ അണിയിച്ചു കൊടുത്തതാണ്. പക്ഷേ, അവള്‍ വാങ്ങിയില്ല. സ്വര്‍ണത്തിലൊന്നും എനിക്കു താത്പര്യമില്ലമ്മേ. എനിക്കു കഴുത്തില്‍ ഈ മിന്നുമാല മാത്രം മതി. വേറൊന്നും വേണ്ട- അന്നവള്‍ പറഞ്ഞത് ഇപ്പോഴും നല്ല ഓര്‍മയുണ്ട്.

മരുമകളെക്കുറിച്ചുള്ള മതിപ്പു കൂടിയതേയുള്ളൂ അപ്പോള്‍. സ്ത്രീയുടെ മാനവും സൗന്ദര്യവും മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളിലും സ്വര്‍ണാഭരണങ്ങളിലുമൊന്നുമല്ലെന്നു വിശ്വസിക്കുന്ന ഇതുപോലുള്ള പെണ്‍കുട്ടികള്‍ ഇന്നത്തെക്കാലത്ത് എവിടെ കാണും. എന്നിട്ട് ആ സൂസനാണ് ഇപ്പോള്‍…. വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടവിടെ. സൈമണ്‍ പറഞ്ഞതു പൂര്‍ണമായങ്ങ് ഉള്‍ക്കൊള്ളാന്‍ അമ്മിണിക്കു കഴിഞ്ഞില്ല, മകനോടുള്ള സ്നേഹം വഴിഞ്ഞൊഴുകുന്നുണ്ടായിരുന്നെങ്കിലും.

സൈമണ്‍ ഇവിടുത്തെപ്പോലെ അവിടെയും കണ്ടമാനം നടന്നിട്ടുണ്ടാകുമോ? മകനെ നന്നായറിയുന്ന അമ്മിണിയുടെ മനസ് പല ഊടുവഴികളിലൂടെയം സഞ്ചരിച്ചു. പക്ഷേ, കുഞ്ഞപ്പി അതൊന്നും ആലോചിക്കുന്നുണ്ടാവില്ല. മകനെക്കുറിച്ചു മാത്രമായിരിക്കും ചിന്ത. കുഞ്ഞിനെ കൊണ്ടുവരാനാണു പോകുന്നത്. പക്ഷേ, ഒരമ്മയും അറിഞ്ഞുകൊണ്ട് സ്വന്തം കുഞ്ഞിനെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ആരെയൊക്കെയോ കൂട്ടിയാണു പോയിരിക്കുന്നത്. അത്ര നല്ല ആളുകളൊന്നുമല്ല. അതിവിനയം ഭാവിച്ചു നില്‍ക്കുന്നതു കണ്ടാലേ അറിയാം കള്ളക്കൂട്ടങ്ങളാണ്. അവരവിടെ പോയി കുഴപ്പമുണ്ടാക്കുമെന്നുറപ്പാണ്. കൊച്ചുമോനെ ഒന്നു കാണണമെന്നു മാത്രമേ അമ്മിണിക്ക് ആശയുള്ളൂ. തട്ടിയെടുത്ത് സ്വന്തമാക്കണമെന്നില്ല. പാപമാണതെന്നവര്‍ക്കു വിശ്വാസമുണ്ട്. ഭര്‍ത്താവിന്‍റെ കണ്ണിലെ വെറുപ്പും ക്രോധവും അവരുടെ മനസില്‍ ഭീതിയായി വളര്‍ന്നു. പടയൊരുക്കത്തിന്‍റെ കാഹളങ്ങളാണു രാവിലെ മുതല്‍ കേള്‍ക്കുന്നതെന്ന് അവരുടെ മനസ് പറഞ്ഞു. അവരുടെ നെഞ്ചിടിപ്പേറിക്കൊണ്ടിരുന്നു.

ഒന്നും എതിര്‍ത്തു നില്‍ക്കാനുള്ള കരുത്തില്ല. ഭര്‍ത്താവിന്‍റെ കൊട്ടാരത്തില്‍ തടവിലാണ്, കല്യാണം കഴിഞ്ഞു വന്നനാള്‍ മുതല്‍. മകന്‍ വളര്‍ന്നപ്പോള്‍ അവനും അമ്മയെ ബഹുമാനിക്കാനല്ല ഭരിക്കാനാണു ശീലിച്ചിട്ടുള്ളത്. അപ്പനെയോ മോനെയോ ഉപദേശിക്കാനോ ശാസിക്കാനോ ശബ്ദമുര്‍ന്നിട്ടില്ല, ഒരിക്കലും. സിരകളില്‍ എപ്പോഴും ക്രോധവുമായി നടക്കുന്നവര്‍ക്കു ബന്ധങ്ങള്‍ വഷളാക്കാനോ അറിയൂ.

തുടരും..

About The Author

Leave a Reply

Your email address will not be published. Required fields are marked *