ഫാദർ സ്റ്റാൻ സ്വാമി സാഹിത്യകാരനല്ല പടത്തലവനാണ് – കാരൂർ സോമൻ, ലണ്ടൻ.

ഇന്ത്യൻ ഭരണകൂടം വിദേശ ഇന്ത്യക്കാരെ ഒരിക്കൽ കുടി ഫാദർ സ്റ്റാൻ  സ്വാമിയുടെ മരണത്തിലൂടെ അപമാനിച്ചിരിക്കുന്നു.  പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയുടെ ക്രൂരമായ പീഡനമുറകളെ തുറന്നെഴുതിയിരിക്കുന്നു.  യു.എൻ.മനുഷ്യാവകാശ സംഘടനപോലും അതീവ ദുഃഖവും അമർഷവും രേഖപ്പെടുത്തി.    പാവങ്ങളുടെ പ്രകാശഗോപുരമായിരുന്ന ഒരു പാവം മനുഷനെ ഇന്ത്യൻ ഭരണകൂടത്തിന്റ കനകത്തേരിൽ കഴുകനെപോലെ പറന്നെത്തി  കൊത്തിയെടുത്തുകൊണ്ടുപോയി തുറുങ്കിലടച്ചു് പീഡിപ്പിച്ചു കൊന്ന കഥകളാണ് പുറത്തുവരുന്നത്.  സന്യാസവൃത്തി വേഷംകെട്ടി നടക്കലല്ല, സാഹിത്യകാരൻ സർക്കാരിന്റെ വാലാട്ടിയല്ല എന്ന പാഠമാണ് ഈ മരണത്തിലൂടെ ലോകം കണ്ടത്.  ഈ രണ്ട് കൂട്ടർക്കും ശാന്തസുന്ദരമായ സമ്പന്ന ജീവിതത്തിന്റ മടിത്തട്ടിൽ ജീവിക്കാം. ആത്മീയതയുടെ, അക്ഷരത്തിന്റ പാദങ്ങളിൽ പ്രണമിച്ചു ജീവിക്കുന്നവർ ജീവിത ദർശനമുള്ളവരാണ്. അവർ  കാലഘട്ടത്തിന്റെ ജീർണ്ണതകൾക്കെതിരെ, പാവങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരടിക്കും. പാവങ്ങളുടെ കണ്ണിരൊപ്പും. ആ പുണ്യപ്രവർത്തിയാണ് ഫാ.സ്റ്റാൻ ചെയ്തത്.    അക്ഷര –  ആത്മീയ മൂല്യത്തിന്റ ആഴങ്ങളിൽ സഞ്ചരിക്കുന്നവരാണ് കയ്‌പേറിയ  അനുഭവങ്ങളെ  നേരിടുന്നത്. അവർ ശത്രുക്കളോട് പോലും ആദരവ് കാട്ടുന്നവരും കാരുണ്യമുള്ളവരുമാണ്. അവരെ മുട്ടുകുത്തിക്കാൻ ഈ ലോകത്തു് ഒരു ശക്തിക്കും സാധിക്കില്ല.  അതാണ് ജീവിക്കുന്ന ലോകചരിത്രം.  ആരാണ് ഫാ. സ്റ്റാൻ സ്വാമിയെ മരണത്തിലെത്തിച്ചത്? കോടതിയോ? സർക്കാരുകളോ? അന്വഷണ ഏജൻസികളോ?
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി, വിരഗലൂർ ഗ്രാമത്തിലാണ് ഫാ.സ്റ്റാനിസ്ളാവുസ് ലൂർദ് സ്വാമിയുടെ ജനനം. കത്തോലിക്ക ഈശോ സഭ അംഗമായ അദ്ദേഹം ഇന്ത്യയിലും, ഫിലിപ്പിൻസിലും പഠനങ്ങൾ നടത്തി.  ക്രിസ്‌തീയ വിശ്വാസപ്രകാരം യഥാർത്ഥ വൈദികർ മറ്റുള്ളവരിൽ  പ്രകാശം പരത്തുന്നവരാണ്. സർഗ്ഗപ്രതിഭകളും ഇതുതന്നെ ചെയ്യുന്നു.    നൂറിലധികം രാജ്യങ്ങളിൽ ഈശോ സഭകളുണ്ട്.    ഇന്ത്യയിലെ ഈശോ സഭകളുടെ എണ്ണം 4000 ത്തിലധികമാണ്. വത്തിക്കാനിലെ  പോപ്പ് പോലും ഈശോ സഭക്കാരനാണ്.  എന്നിട്ടും നിരപരാധിയായ ഒരു വൈദികൻ എങ്ങനെ ജയിലിൽ കിടന്നു?
വടക്കേ ഇന്ത്യയിൽ വർഗ്ഗിയത, ജാതി മതങ്ങൾ ആളിക്കത്തിച്ചാണ് ഭരണകൂടങ്ങൾ നിലനിൽക്കുന്നത്. ജാതിയും മതവും എരിയും പുളിയും ചേർത്തു് വിളമ്പിക്കൊടുക്കും. അന്ധവിശ്വാസികൾ അത് രുചിയോടെ ഭക്ഷിക്കും. ഞാൻ റാഞ്ചി എക്സ്പ്രസ്സ് ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന കാലം റാഞ്ചി ജില്ലയിലെ ഹട്ടിയയിൽ പശു ഇറച്ചിയുടെ പേരിൽ ഹിന്ദു മുസ്ലിം ലഹളയുണ്ടായി. പാവങ്ങളായ പല മുസ്ലിംങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. അന്ന് അതിന് ഒത്താശ ചെയ്തുകൊടുത്തത് അന്നത്തെ ഭരണകൂടമെങ്കിൽ  ഇന്ന് പാവപ്പെട്ട ഫാ. സ്റ്റാൻ സ്വാമിയെ പീഡിപ്പിച്ചു കൊന്നതിൽ ഇന്നത്തെ ഭരണകൂടങ്ങൾ ഒത്താശ ചെയ്തുകൊടുത്തു.  അതിന് ധാരാളം തെളിവുകൾ പുറത്തു വന്നിട്ടുണ്ട്.  ഇന്ത്യയിൽ ആദ്യമായിട്ടാണ് 84 വയസ്സുള്ള ഒരു പടുകിഴവന്റെ പേരിൽ യൂഎപിയെ ചുമത്തുന്നത്. മാത്രവുമല്ല പാർക്കിൻസൺസ്, ഹെർണിയ, വിറയൽ, കേഴ്വിക്കുറവ് തുടങ്ങിയ അസുഖങ്ങളുള്ള ഒരു വ്യക്തി കുടിയായിരിന്നു. അതിനാലാണ് വിദേശ മാധ്യമങ്ങൾ മനുഷ്യത്വരഹിതമായ മനുഷ്യാവകാശ ലംഘനമെന്ന് വിശേഷിപ്പിച്ചത്.  ഇന്ത്യയിൽ മത-രാഷ്ട്രീയത്തെക്കാൾ മനുഷ്യത്വമുള്ളവർ ഈ നീച പ്രവർത്തിയെ അപലപിച്ചു.    ശ്രീ.എം.എ.ബേബി, എ.കെ.ആന്റണി ഇതൊരു പീഡന കൊലപാതകമെന്നുവരെ വിശേഷിപ്പിച്ചു.  ഇത് ഭരണകുട ഭീകരത തന്നെയാണ്,
ബ്രിട്ടീഷ്കാർ ഇന്ത്യ ഭരിച്ച കാലത്തു് പോലും ജയിലിൽ കിടക്കുന്നവർക്ക് വേണ്ടുന്ന ഭക്ഷണമോ വെള്ളമോ കൊടുക്കാതിരിന്നിട്ടില്ല. ഇന്നും ബ്രിട്ടീഷ് ഭരണമായിരുന്ന നല്ലതെന്ന് പറയുന്നവരുണ്ട്.  ഇന്ത്യയിൽ ദാരിദ്ര്യ൦,  പട്ടിണി,  അറിവില്ലായ്‍മ, അന്ധവിശ്വാസ – ആചാരങ്ങൾ, കൊടിയുടെ നിറം  കുത്തിനിറച്ചു് മനുഷ്യ ജീവിതം ദുരിതപൂര്ണമാകുമ്പോൾ ആരും പറഞ്ഞുപോകുന്ന സത്യമാണത്.  ഫാ. സ്റ്റാൻ സ്വാമിക്ക് എന്തുകൊണ്ടാണ് വേണ്ടുന്ന ഭക്ഷണം, വെള്ളം, പുതക്കാനൊരു പുതപ്പ്, വൈദ്യ സഹായം ജയിൽ അധികൃതർ കൊടുത്തില്ല? ഈ വിഷയം ഫാ.സ്റ്റാൻ അഭിഭാഷകൻ വഴി നേരിട്ടും സഭ നേതൃത്വം വഴിയും  കോടതിയെ അറിയിച്ചിട്ടും എന്തുകൊണ്ട് ചെവി കൊണ്ടില്ല?  വിരലുകൾ വിറക്കുന്നതിനാൽ വെള്ളം കുടിക്കാൻ സ്ട്രൊയുള്ള കപ്പ് നൽകണമെന്ന് പറഞ്ഞിട്ടും അത് ലഭിക്കാൻ 20 ദിവസങ്ങൾ എന്തിന് കാത്തിരിക്കേണ്ടി വന്നു?  അതും മനുഷ്യാവകാശ പ്രവർത്തകർ കൂട്ടമായി പരാതിപ്പെട്ടപ്പോൾ മാത്രമല്ലേ ലഭിച്ചത്?  സത്യം തുറന്നു പറയുന്ന സാഹിത്യകാരന്മാർ, കവികൾ, എഴുത്തുകാർ, സന്യാസി വര്യന്മാരെ ഭയപ്പെടുത്തുന്നതും കള്ളകേസുണ്ടാക്കി ജയിലിൽ അടക്കുന്നതും നീതിനിക്ഷേധങ്ങളല്ലേ?    ഇന്ത്യ  ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് സഞ്ചരിക്കയാണോ?
എന്താണ് ഫാ.സ്റ്റാൻ സ്വാമി ചെയ്ത കുറ്റം? വടക്കേ ഇന്ത്യയിൽ നൂറ്റാണ്ടുകളായി പിന്നോക്ക സമുദായങ്ങൾ, ന്യൂന പക്ഷത്തുള്ളവർ പല വിധത്തിൽ പീഡനങ്ങൾ അനുഭവിക്കുന്നവരാണ്.  ഭരണഘടനയുടെ അഞ്ചാം വകുപ്പ് പ്രകാരം ഫാ.സ്റ്റാൻ പാവങ്ങളുടെ ആവശ്യങ്ങൾക്കായി ആദിവാസി കൗൺസിൽ രൂപീകരിക്കാൻ ശ്രമങ്ങൾ തുടങ്ങി. പാവങ്ങളുടെ മേൽ കുതിര കയറുന്ന സ്വാർത്ഥമതികളായ    ഭൂയുടമകൾ, മുതലാളിമാർ പാവങ്ങളുടെ ജീവിത സ്വാതന്ത്ര്യം,  അവരുടെ ഭൂമി തട്ടിയെടുക്കൽ  അങ്ങനെ പലതും പലവിധത്തിലും  പിച്ചിച്ചീന്തുപ്പോഴാണ് അറിവില്ലാത്ത പാവങ്ങൾക്കായി ഫാ.സ്റ്റാൻ സ്വാമി നിലകൊണ്ടത്. ഈ ബൂർഷ്വാ ഉപരിവർഗ്ഗത്തിന്റ താത്പര്യമനുസരിച്ചാണ് ഭരണകൂടങ്ങൾ മുന്നേറുന്നത്. ആദിവാസി സമരങ്ങളിൽ ഫാ.സ്റ്റാൻ സ്വാമി പങ്കെടുക്കാറുണ്ട്.  അതിന്റ പേരിൽ ഫാ.സ്റ്റാനും 19 ആദിവാസി യുവജങ്ങൾക്കെതിരെ കേസ്സെടുത്തു.  ഫാ.സ്റ്റാൻ ഒളുവിൽ പോയതായി പോലീസ് കോടതിയെ അറിയിച്ചു. അതും പോലീസ് കെട്ടിച്ചമച്ച കഥ. കോടതി ഫാ.സ്റ്റാന്റ് വസ്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു. ദരിദ്രനായ ഈ പുരോഹിതന് മേശയും കസേരകളും മാത്രമേയുണ്ടായിരുന്നുള്ളു. അത് കണ്ടുകെട്ടി. അപ്പോൾ ഓർമ്മ വന്നത് ദരിദ്രനായ ഒരു തുണ്ടി ഭൂമി സ്വന്തമായി ഇല്ലാതിരുന്ന യേശുക്രിസ്തുവിനെയാണ്. യേശുക്രിസ്തുവിന്റ അരുമശിഷ്യന്മാർ ദരിദ്രരാണ്. പാവങ്ങൾക്കായി ജീവൻ ബലിനൽകിയവർ.
ആദിവാസികൾക്കായി നിലകൊണ്ടതുകൊണ്ട് അദ്ദേത്തിന്റ മേൽ പല വിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ കേസിൽ കുടുക്കാനായി മറ്റാരോ വഴി മാവോയിസ്റ്റ് ബന്ധങ്ങളുള്ള  ഇമെയിൽ അയപ്പിച്ചു. എൻ ഐ എ അത് ഫാ.സ്റ്റാന്റ് കമ്പ്യൂട്ടറിൽ കണ്ടെത്തി. അതിൽ പ്രധാന മന്ത്രിയെ കൊല്ലണം തുടങ്ങി പലതും കണ്ടെത്തി.  ഭീമാ കൊറേഗാവ് കേസ്. അതും കെട്ടിച്ചമച്ചത്.  ഇദ്ദേഹം അവിടെ പോയിട്ടുപോലുമില്ല. എനിക്കിപ്പോൾ ഓർമ്മ വന്നത് ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷിക പരിപാടിയിൽ എന്റെ   “ഇരുളടഞ്ഞ താഴ്വര” എന്ന  നാടകം അവതരിപ്പിച്ചു. അത്  കേരള പോലീസിന്റ കിരാത കർമ്മങ്ങളെ കളിയാക്കിയ നാടകമായിരിന്നു. ഏറ്റവും നല്ല നടനുള്ള സ്കൂൾ സർട്ടിഫിക്കറ്റ് കിട്ടി. അത് ഇപ്പോഴും എന്റെ കയ്യിലുണ്ട്. ആ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് മാവേലിക്കര പോലീസ് എന്നെ പിടികൂടുന്നത്. എന്നിൽ ആരോപിച്ച കുറ്റം “ഞാൻ നക്സൽ” എന്നാണ്. പണ്ഡിത കവി കെ.കെ.പണിക്കർ സർ എന്നെ ഇറക്കികൊണ്ടുവരാൻ പോലീസ് സ്റ്റേഷനിൽ വരുമ്പോഴാണ് ഇൻസ്‌പെക്ടർ ശ്രീ. ഖാൻ പറഞ്ഞത് ഞാനും കേട്ടത്. ഈ നക്സൽ എന്ന ജന്തു എന്തെന്ന് അന്നെനിക്കറിയില്ലായിരുന്നു. സത്യം പറയുന്നവരെ നക്സൽ, മാവോയിസ്റ്റ് എന്നൊക്കെ വിളിക്കാൻ എളുപ്പമാണ്. അത് കൃത്രിമ തെളിവുകളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലം. ആ പേരിൽ വെടിവെച്ചു് കൊല്ലുകയും ചെയ്യും.
വിവിധ രോഗങ്ങളുമായി ജീവിതം നയിച്ച, അര കിലോമീറ്റർ പോലും നടക്കാൻ ആരോഗ്യമില്ലാത്ത ഒരു പാവം പുരോഹിതനെ അറസ്റ്റ് ചെയ്തു തുറുങ്കിൽ അടക്കുക, ജാമ്യം നിഷേധിക്കുക,  ഭക്ഷണം കൊടുക്കാതിരിക്കുക, ചികിത്സ കൊടുക്കാതിരിക്കുക ഇതൊക്കെ മനുഷ്യവകാശ ലംഘനങ്ങൾ തന്നെയാണ്.  പാവങ്ങളുടെ അവസാനത്തെ ആശ്രയമായ കോടതികൾ  സർക്കാരുകളുടെ പാവകളായി പ്രവർത്തിക്കുന്ന പോലീസ് റിപ്പോർട്ടുകൾ അതേപടി വിഴുങ്ങുന്നത് കൂട്ടിലടച്ച തത്തകൾ ആയതുകൊണ്ടാണോ?  ഫാ. സ്റ്റാൻ സ്വാമി  പറഞ്ഞു. “കൂട്ടിലടക്കപ്പെട്ട പക്ഷിക്കും പാടാനാകും. വിചാരണ പോലും നേരിടാതെ കള്ളക്കേസുകളിൽ കുടുക്കി  ആയിരകണക്കിന് നിരപരാധികളെ അധികാരി വർഗ്ഗം തുറുങ്കിൽ അടച്ചിട്ടുണ്ട്”. അനീതികളെ ചോദ്യം ചെയ്താൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ പാർപ്പിക്കുന്നതിന്റെ നീതി ശാസ്ത്രം എന്താണ്?   ഒരു രാജ്യം നിരപരാധികളെ ഇങ്ങനെ പീഡിപ്പിച്ചാൽ  അന്താരാഷ്ട്ര  സമൂഹം ഇന്ത്യയെ കാണുന്നത് എത്ര വിചിത്രമായിട്ടാണ്. ഫാ.സ്റ്റാൻ സ്വാമിയുടെ മരണം  ഗൗരവമേറിയ വിഷയമാണ് . അദ്ദേത്തിന്റ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇല്ലെങ്കിൽ ഇന്ത്യയിൽ ജനാധിപത്യ ഭരണമല്ല ഭീകര ജനാധിപത്യമെന്ന് വിലയിരുത്തേണ്ടി വരും. മാത്രവുമല്ല നാടുവാഴി, രാജഭരണം മാറിയതുപോലെ  സമ്പന്ന വർഗ്ഗത്തിനൊപ്പം നിൽക്കുന്ന ഈ വ്യവസ്ഥതി മാറണം. പാവങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.  അടിച്ചമർത്തവനൊപ്പം നിൽക്കുന്നവരാണ് തലച്ചോറുള്ള സർഗ്ഗപ്രതിഭകൾ, സന്യാസികൾ. പാവങ്ങളുടെ പടത്തലവനായി മാറിയ ഫാ.സ്റ്റാൻ സ്വാമിക്കൊപ്പം ആയിരമായിരം സ്റ്റാൻ സ്വാമിമാർ ഇന്ത്യയിൽ ഉയർത്തെഴുന്നേൽക്കട്ടെ.
………………………………………….

1 COMMENT

  1. നീതിക്കു വേണ്ടി പോരാടുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നവരുടെ ഇരയാണ് കത്തോലിക്കാ ജെസ്യൂട്ട് വൈദികനായ സ്റ്റാന്‍ സ്വാമി. 2020 ഒക്ടോബര്‍ എട്ടിന് ജാര്‍ഖണ്ഡിലെ റാ്ഞ്ചിയിലുള്ള വസതിയില്‍ നിന്നു അര്‍ധരാത്രി അറസ്റ്റു ചെയ്ത മുംബൈയിലെ ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ ഒരു ഭീകരബന്ധവും തെളിയിക്കാന്‍ ഒമ്പതു മാസമായിട്ടും എന്‍ഐഎക്കു കഴിഞ്ഞില്ല. സത്യത്തിന്റെ ശബ്ദം കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ ഈ മരണം കാരണമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here