LIMA WORLD LIBRARY

വനിത കമ്മീഷൻ മാത്രമല്ല മാറേണ്ടത് – കാരൂർ സോമൻ (ലണ്ടൻ)

“എന്റെ പാർട്ടി, എന്റെ കോടതി എന്റെ പൊലീസ് എന്നെ ഒരാൾ പീഡിപ്പിച്ചാൽ എന്റെ പാർട്ടിക്ക് പരാതി കൊടുക്കും”  എന്നൊക്കെ ഒരു വനിത കമ്മീഷൻ പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇപ്പോഴും ഒരു പാർട്ടിയുടെ ആധിപത്യത്തിൽ നിന്നും നമ്മുടെ വനിത കമ്മീഷൺ സ്വതന്ത്രമായിട്ടില്ല.    വ്യക്തിപരമായ താല്പര്യങ്ങളുടെ പ്രതിഫലനങ്ങളാണ് ഒളിഞ്ഞോ തെളിഞ്ഞോ സ്ത്രീ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു വനിത കമ്മീഷനിൽ നിന്നുണ്ടായത്.    ഇങ്ങനെ കൊടിയുടെ നിറം നോക്കി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പുതുപോഷണമേകി ഭാഷയെ – സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നവർ ധാരാളമാണ്. നമ്മുടെ പാവപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്ന ദുഃഖ ദിരിതങ്ങൾപോലെ  നമ്മുടെ സാഹിത്യ സാംസ്കാരിക സ്ഥാപനങ്ങളിൽ പാവപ്പെട്ട സർഗ്ഗധനരായ എഴുത്തുകാരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നവരെ കണ്ടെത്താൻ ഒരു മാർഗ്ഗവും മുന്നിലില്ല.  ഏത് വഷളത്തരത്തിനും മൂടുപടമിടുന്ന പ്രച്ഛന്നവേഷക്കാർ കേരളത്തിൽ പെരുകുന്നു.
വനിത കമ്മീഷനിൽ കണ്ടത് രൂഢമൂലമായ പാർട്ടി മേധാവിത്വമാണ്. പാർട്ടി സ്വാധിനമില്ലത്ത എഴുത്തുകാരനും പാവപ്പെട്ട സ്ത്രീയും ഒരേ ത്രാസ്സിലാണ് തുങ്ങുന്നത്.  അവർക്ക് നീതി ലഭിക്കുന്നില്ല.  സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ  നടക്കുന്ന അനീതികളെപ്പറ്റി പലരും എഴുതിയിട്ടുണ്ട്. അവർക്ക് ഒരു കുലുക്കവുമില്ല. വനിത കമ്മീഷന് കിട്ടിയ ലക്ഷങ്ങൾ പോലെ എല്ലാം മാസവും പാവപ്പെട്ടവന്റെ നികുതി പണം അവർക്ക് വേതനമായും മറ്റ് പല പേരുകളിലും കിട്ടുന്നു.  ആരൊക്കെ മടിശ്ശില നിറക്കുന്നുവെന്നുള്ള കണക്കൊന്നും എന്റെ കയ്യിലില്ല.   സർക്കാർ സ്ഥാപനങ്ങളിൽ തിരുകികയറ്റുന്നവർക്ക് പാർട്ടി  പറയുന്നതാണ് വേദവാക്യം. രാജ ഭരണകാലത്തും, ബ്രിട്ടീഷ്‌കാർ ഭരിച്ച കാലത്തും ഇത്തരത്തിൽ ഒരു കൂട്ടരേ തൃപ്തിപ്പെടുത്താൻ ഇതുപോലുള്ള വിശ്വസ്ത സേവകർ അല്ലെങ്കിൽ രാഷ്ട്രീയ വീട്ടുവേലക്കാരെ കണ്ടിട്ടുണ്ട്.  സത്യവും നീതിയും  പൊതുതാല്പര്യവും ബലികഴിച്ചുകൊണ്ട് വർഗ്ഗ താല്പര്യവും സ്വാർത്ഥതയും വളർത്തുന്നവർക്ക് പരിരക്ഷ കൊടുക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.  ഇന്ന് കാണുന്ന പ്രവണത പരാതി പറയുന്നവരെ, അനീതിക്കെതിരെ ശബ്‌ദിക്കുന്നവരെ ഭയപ്പെടുത്തുന്നു അല്ലെങ്കിൽ നിശ്ശബ്തരാക്കുന്നു.
വനിത കമ്മീഷൺ പുറത്തുപോയപ്പോൾ സൂത്രശാലികളായ പരിചാരകർ പറയുന്നത്   സ്‌നേഹത്തോടെ, സഹോദര്യത്തോടെ സ്ത്രീകളോട് പെരുമാറണമായിരിന്നു. ഈ കൂട്ടർക്ക് ഇപ്പോഴാണ് ബോധോദയമുണ്ടായത്.     ഇതെ സ്ത്രീ വിരുദ്ധ സമീപനം തന്നെയാണ് പാർട്ടി     അംഗങ്ങളല്ലാത്ത എഴുത്തുകാരോടും കാട്ടുന്നത്. പാർട്ടി മേലാളന്മാർക്ക് ഓശാന പാടുന്നവർക്കെതിരെ പരാതി കൊടുത്താൽ അത് പ്രഹസനമായി മാറുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ 2015 -16 ൽ ഞാൻ കൊടുത്ത സർദാർ പട്ടേൽ ജീവചരിത്രം ഇന്നുവരെ പുറത്തുവന്നിട്ടില്ല. എന്റെ പരാതി നേരിട്ട് പലർക്കും കൊടുത്തു.  ഉടൻ പരിഹാരമുണ്ടാകുമെന്ന് പറഞ്ഞുവെങ്കിലും ഇന്നുവരെ ഒരു ഫലവുമുണ്ടായില്ല.  ഇവിടെ നടക്കുന്നത് രാഷ്ട്രീയ സ്വാധിനവും സ്വജനപക്ഷവാതവുമാണോ? ഇത് പല എഴുത്തുകാർക്ക്  അറിയാമെങ്കിലും വർഗ്ഗ താല്പര്യം നിലനിർത്താനുള്ള സങ്കുചിത മനസാക്ഷിയാണ് കണ്ടിട്ടുള്ളത്. കിട്ടാനിരിക്കുന്ന പാർട്ടിസർക്കാർ അവാർഡുകൾ, പദവികൾ നഷ്ടപ്പെടാൻ പാടില്ല. അങ്ങനെയും യോഗ്യതയില്ലാത്തവർ പലതും നേടുന്നു.  പണ്ട് മേൽജാതിക്കാരെ കണ്ട് താഴ്ന്ന ജാതിക്കാർ ഓടിപ്പോകുന്നതുപോലെയാണ് പാർട്ടിയുടെ എഴുത്തുകാരെ കാണുമ്പൊൾ പാർട്ടിയില്ലാത്തവർ ഓടിപോകുന്നത്.  സ്ത്രീവിമോചനം പോലെ സാഹിത്യ സാംസ്‌കാരിക രംഗത്തും വിമോചനം ആവശ്യമാണ്. ഈ രംഗം ഒരു സ്വതന്ത്ര ഭരണകൂടത്തെ ഏൽപ്പിക്കാതെ ഭാഷയും കലാ സാഹിത്യ രംഗവും രക്ഷപ്പെടില്ല. കേരളത്തിലെ പുരുഷാധിപത്യം പല സ്ത്രീകളെയും ചില്ലുപാത്രത്തിലടച്ചതുപോലെയാണ് പാർട്ടികളുടെ ഏകാധിപത്യം എഴുത്തുകാരേയും കൂട്ടിലടക്കുന്നത്. .
ഒരു ഭാഗത്തു മലയാള കലാസാഹിത്യത്തിന്റ അഭിവൃത്തിക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്ന് പറയുകയും മറുഭാഗത്തു്  പാർട്ടി എഴുത്തുകാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നത് ഭാഷയോട് കാണിക്കുന്ന അനീതിയാണ്.    കേരള സർക്കാരിന്റെ കിഴിലുള്ള പ്രമുഖ സാഹിത്യ സാംസ്‌കാരിക സ്ഥാപനമായ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എടുക്കുക. അതിന്റ ഡയറക്ടർ ഒരു പ്രമുഖ സാഹിത്യകാരനോ കവിയോ പണ്ഡിതനോ അല്ല. എന്നിട്ടും പദവി കൊടിയുടെ നിറത്തിൽ കിട്ടുന്നു. യോഗ്യതയുള്ളവർ തള്ളപ്പെടുന്നു. ഭാഷയോടുള്ള ബന്ധമല്ല ഇവിടെ നടപ്പാക്കുന്നത് അതിലുപരി ഓരോരുത്തർ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത്. നമ്മുടെ സാംസ്കാരിക രംഗത്തെ ചവുട്ടിമെതിക്കുന്ന ഈ പ്രവണത എന്നാണ് അവസാനിക്കുക?   കൊടിയുടെ നിറം നോക്കി ഒരു പറ്റം എഴുത്തുകാരുടെ തൂലികയോടിക്കയും പാർട്ടിക്ക് വേണ്ടി എഴുതുന്ന എഴുത്തുകാരനുവേണ്ടി അക്ഷിണം പരസ്പരം സ്വാധിനിച്ചും പൂരിപ്പിച്ചും   പദവിയും പുരസ്കാരങ്ങളും കൊടുക്കുന്നത് ഓരോരോ പാർട്ടിക്കാർ നടത്തുന്ന സവർണ്ണ സാഹിത്യ വർഗ്ഗീയതയാണോ?
വിദ്യകൊണ്ട് പ്രബുദ്ധരായ കേരള ജനതക്ക് ജാതി വ്യവസ്ഥ പോലെ പാർട്ടി വ്യവസ്ഥ വിവേചനം അല്ലെങ്കിൽ വിഭജനം ഭാഷയുടെ വിലാപമായി അലയടിച്ചുയരുക തന്നെ ചെയ്യും.  സ്ത്രീകളുടെ സംരക്ഷണത്തിനായി സ്‌നേഹവും കരുതലുമുള്ള വനിത കമ്മീഷൻ കേരളത്തിൽ ഉണ്ടാകട്ടെ. അതുപോലെ കാലോചിതമായ മാറ്റങ്ങൾ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും  പുത്തൻ ഉണർവുണ്ടാകട്ടെ.  വനിത കമ്മീഷൻ രാജിവെച്ചതുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള പലരും രാജിവെക്കേണ്ടത് അനിവാര്യമാണ്.
………
karoor soman

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts