ലോകത്തിന്‍റെ സമയത്തുടിപ്പ്

Facebook
Twitter
WhatsApp
Email

പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ചിലെ റോയല്‍ ഒബ്സര്‍വേറ്ററിയിലെ സമയമാണ് ജി.എം.ടി. . ഇന്ത്യയിലെ സമയത്തേക്കാള്‍ അഞ്ചരമണിക്കൂര്‍ പിന്നിലാണ്. അതനുസരിച്ചാണ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഫോണില്‍ ബന്ധപ്പെടുന്നത്.
ലോകരാജ്യങ്ങളുടെ സമയങ്ങള്‍ കേന്ദ്രീകരിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം കാണാന്‍ കഴിയുമെന്ന് അന്നൊക്കെ സ്വപനത്തില്‍ പോലും വിചാരിച്ചില്ല. എല്ലാം ഭാഗ്യം. ഭൂലോകത്തെ സമയ കേന്ദ്രവും യുനെസ്ക്കോയുടെ പൈതൃക കേന്ദ്രവുമായ ഗ്രീന്‍വിച്ച് റോയല്‍ ഒബ്സര്‍വേറ്ററിയിലേക്കാണ് ഞങ്ങളുടെ കുടുംബ യാത്ര. ഞാന്‍ താമസ്സിക്കുന്ന ന്യൂഹാം ബൊറോയുടെ അടുത്ത പ്രദേശമാണ് ബോറോഓഫ് ഗ്രീന്‍വിച്ച്. കാറില്‍ അരമണിക്കൂര്‍ യാത്ര. ശാസ്ത്ര-സാങ്കേതിക രംഗത്തു പഠിക്കുന്ന കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥാപനമാണിത്. കാറില്‍ വരുന്നവര്‍ക്ക് അകത്തും പുറത്തും പാര്‍ക്ക് ചെയ്യാം. വീല്‍ ചെയറില്‍ വരുന്നവര്‍ക്കും യാത്ര ചെയ്യുവാനുള്ള വഴിയുണ്ട്. ഇതിനടുത്തായി യൂണിവേഴ്സിറ്റി ഓഫ് ഗ്രീന്‍വിച്ച്, പുരാതന നോവല്‍ കോളേജ് എന്നിവയും കാണാം. മുന്‍മ്പ് ഞാനിവിടെ വന്നത് ഈസ്റ്റ്ഹാമില്‍ നിന്നുള്ള വുള്‍വിച്ച് ബസ്സ് കയറി ഇവിടുത്തെ ഫെറി കടന്നാണ്. ഉല്ലാസ കപ്പലല്ല തേംസ് നദിയിലൂടെ വാഹനങ്ങളും യാത്രക്കാരെ അക്കരെയിക്കര എത്തിക്കുന്ന ചെറിയ കടത്തു കപ്പലുകളാണിത്. ഒഫ്സര്‍വേറ്ററിയിലേക്ക് എത്താന്‍ പലവഴികളുണ്ട്. കോളേജ് ഓഫ് നേവല്‍ ബേസിനടുത്താണ് ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തത്. അവിടെ നിന്ന് പത്ത് മിനിറ്റ് നടന്നെത്തുന്നത് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പച്ചപ്പാര്‍ന്ന മൈതാനത്തേക്കാണ്. ആദ്യം കാണുന്നത് വലത്തുഭാഗത്തായി ചെറിയ ഒരു തടാകമാണ്. അതില്‍ കുട്ടികള്‍ ചെറിയ ബോട്ടുകളില്‍ മത്സരിച്ച് കളിക്കുന്നു. കരക്ക് ഇരുന്ന നായ് ബോട്ടിനൊപ്പം ഓടുന്നു. ആ ബോട്ട് മടങ്ങി വരുമ്പോള്‍ നായും തിരികെയോടുന്നു. ബോട്ട് വെള്ളത്തില്‍ ഓടാതെ കിടക്കുമ്പോള്‍ നായ് അത് നോക്കിയിരിക്കുന്നു. ആ ബോട്ടിലോടുന്ന കുട്ടിയുടെ രക്ഷകര്‍തൃസ്ഥാനം ഈ നായ്ക്കാണോ എന്ന് തോന്നി. വീട്ടിലെ വളര്‍ത്തു നായിലും ഉത്തരവാദിത്വബോധം വെളിപ്പെടുത്തുന്നു. പലപ്പോഴും കണ്ടിട്ടുള്ളത് മനുഷ്യര്‍ക്കൊപ്പം നടക്കുന്ന നായ് മനുഷ്യരുടെ കാവല്‍ക്കാരായിട്ടാണ്. മനസ്സിന് സംതൃപ്തി നല്‍കുന്നതായിരുന്നു ആ നായുടെ ഓരോ ചലനങ്ങളും. ഞങ്ങള്‍ നടന്നകന്നു.
അകലെ കുന്നിന്‍ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന റോയല്‍ ഒഫ്സര്‍വേറ്ററി മ്യൂസിയം സൂര്യപ്രഭയില്‍ തിളങ്ങുന്നു. അവിടുത്തെ പച്ചപ്പാര്‍ന്ന മൈതാനത്തുകൂടി നടന്നപ്പോള്‍ ഒരു ഗ്രാമപ്രദേശത്തിന്‍റെ ഭംഗിയും സൗന്ദര്യവും കണ്ടു. നീണ്ടു നീണ്ടു കിടക്കുന്ന നടപ്പാതകള്‍. അതിലൂടെ സൈക്കിള്‍ സവാരിക്കാര്‍ ആണും പെണ്ണും മത്സരിച്ച് ചവുട്ടിപോകുന്നു. നിരനിരയായി നില്ക്കുന്ന വന്‍മരങ്ങള്‍ കാണാനഴകാണ്.
കല്ലു പാകിയ പടികള്‍ ചവിട്ടി കയറുമ്പോള്‍ ക്ഷീണിച്ചു വെള്ളം കുടിക്കുന്ന ഒരു വയോധികയെ കണ്ടു. ഈ പടികള്‍ ചവിട്ടികയറാന്‍ വല്ല നേര്‍ച്ചയുണ്ടോ എന്ന് തോന്നി. ഒറ്റ നോട്ടത്തില്‍ എഴുപത് വയസ്സിന് മുകളില്‍ പ്രായം വരും. ഏത് രാജ്യക്കാരിയെന്ന് നിശ്ചയമില്ല. ഒരു പക്ഷെ മരണത്തിന് മുന്‍മ്പുള്ള ആഗ്രഹനിര്‍വൃതിയാകാം ഈ അന്വേഷണ യാത്ര. മലകയറ്റം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എന്‍റെ നെറ്റിത്തടങ്ങളും നനഞ്ഞു. മുകളിലും കാര്‍പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. യാത്രക്കാരില്‍ കൂടുതലും അത് വഴിയാണ് വരുന്നത്. ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ മദ്ധ്യലണ്ടനില്‍ ഉയര്‍ന്ന നില്ക്കുന്ന പല കെട്ടിടങ്ങള്‍ കാണാം. താഴെത്തേക്ക് നോക്കിയാല്‍ താഴ്വാരങ്ങളില്‍ പ്രകൃതി രമണീയവും വൃക്ഷ നിബിഡവുമായ പ്രദേശം. മനസ്സിന് ആനന്ദം നല്കുന്ന കാഴ്ചകള്‍.
എ.ഡി 1675 മാര്‍ച്ച് 4 നാണ് ചാള്‍സ് രണ്ടാമന്‍ രാജാവിന് ലോകത്തെ നിയന്ത്രിക്കുന്ന സമയവും ദേശവും നിരീക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൊടുക്കുന്നത്. അതിന്‍റെ പ്രധാനകാരണം ലോകത്ത് പല കടലിടുക്കുകളിലും ബ്രിട്ടീഷ് യുദ്ധകപ്പലുകള്‍ സഞ്ചരിക്കുന്നുണ്ട്. സമയക്രമങ്ങള്‍ അവരെ വല്ലാതെ അലട്ടി. കടലിലെയും കരയിലെയും സമയക്രമങ്ങള്‍ ഇവിടുത്തെ ഒബ്സര്‍വേറ്ററി വഴി നടത്താന്‍ അവര്‍ തീരുമാനിച്ചു. അത് ഡിസൈന്‍ ചെയ്തത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ജോതി ശാസ്ത്രം, സമയം, സഞ്ചാരം കണക്കിലെടുത്താണ്. കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. ഓരോ മുറികളിലൂടെ കടന്നുപോകുമ്പോള്‍ നേവി ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും, ലോക ഭൂപടങ്ങളും, വിവിധ രൂപത്തിലുള്ള ചെറുതും വലുതുമായ ക്ലോക്കുകള്‍, ഡ്രോയിങ്ങുകള്‍, കോംമ്പസ്സുകള്‍, കാറ്റലോഗുകള്‍, ടെലിസ്കോപ്പുകള്‍, ഓഫ്സര്‍വേറ്ററി ഫോട്ടോഗ്രാഫുകള്‍, സ്പെക്റ്ററോ സ്കോപ്പുകള്‍, കോറോണോ മീറ്ററുകള്‍, റെഗുലേറ്ററുകള്‍, ചെറിയ ചിത്രങ്ങള്‍ ഇങ്ങനെ എഴുതിയാല്‍ തീരാത്തവിധമുള്ള ശാസ്ത്രോപകരണങ്ങളാണ് ദൃശ്യവസ്തുക്കളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പഴയ ടെലക്സ് മെഷിനിലേക്ക് ഞാന്‍ അല്പനിമിഷം നോക്കി. 1985 കളില്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ ടെലക്സ് ഓപ്പറേറ്റായി ജോലി ചെയ്തത് ഓര്‍മ്മയിലെത്തി. ഇതെല്ലാം കണ്ടു നടക്കുന്നതില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിയിനികളാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഈ മ്യൂസിയം കണക്കും സയന്‍സും പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ ഉപകരണങ്ങളെപ്പറ്റി വിവരിച്ചുകൊടുക്കുന്നവരും പലഭാഗങ്ങളിലായി കണ്ടു. ചിലയിടത്ത് വിശദമായി എഴുതിവെച്ചിട്ടുണ്ട്. അവിടുത്തെ കുട്ടികളില്‍ കണ്ട ഒരു പ്രത്യേകത അവര്‍ കണ്ട ഉപകരണത്തെപ്പറ്റി മൂന്ന് നാലു പേരടങ്ങുന്ന സംഘമായി നിന്ന് ഗൗരവമായി ചര്‍ച്ചചെയ്യുന്നു. അതിലൂടെ പുതിയ പുതിയ അറിവുകളും ആശയങ്ങളും അവര്‍ പരസ്പരം കൈമാറുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. പല രൂപത്തിലുള്ള ഘടികാരങ്ങളില്‍ പല രാജ്യങ്ങളിലെ സമയമാണുള്ളത്.
പതിനാറ്-പതിനേഴാം നൂറ്റാണ്ടിലെ സമയം നിര്‍ണ്ണയിച്ചിരിക്കുന്നതും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.റ്റി)നോക്കിയായിരുന്നു. അതിന്‍റെ കണക്ക് ആഗോള പ്രൈം മെറിഡിയന്‍ ലോങ്റ്റിട്യൂട് അനുസരിച്ചുള്ളതാണ്. ഭൂമി സൂര്യനെ ഒരു തവണ ചുറ്റാനുള്ള സമയമാണ് 365 ദിവസം. അതിനെ റോയല്‍ ഒബ്സര്‍വേറ്ററി 24 മണിക്കൂറുകളായി വീതിച്ചു. മാത്രവുമല്ല ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള സമയവും അവര്‍ നല്കുന്നു. ഇവര്‍ വികസിപ്പിച്ചെടുത്ത് സാങ്കേതിക വിദ്യ ഏത് സമുദ്രത്തില്‍ നിന്നാലു ഇവിടെയറിയാം. ഉപഗ്രഹ നിരീക്ഷണം പോലെ ഡിജിറ്റല്‍ ക്യാമറ ഡിവിഡി പ്ലെയറിനെ നിയന്ത്രിക്കുന്ന ലേസര്‍വരെ ഇവിടുത്തെ പരീക്ഷണ നിരീക്ഷണ ശാലയിലുണ്ട്. റോയല്‍ ഒബ്സര്‍വേറ്ററി ഗ്രീന്‍വിച്ചില്‍ നിന്ന് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അഞ്ചരമണിക്കൂര്‍ മുന്നിലാണെന്ന പറഞ്ഞല്ലോ. പടിഞ്ഞാറന്‍ രാജ്യങ്ങളിലോട്ട് പോകുമ്പോള്‍ അത്രയും സമയം പിറകോട്ടാണ്. ഭൂമിയെ 360 ഡിഗ്രിയില്‍ രണ്ടായി വിഭജിക്കുന്നു. അത് ഓരോരോ ദേശങ്ങളെ 15 ഡിഗ്രി ലോന്‍ങ്ങിട്യൂഡില്‍ നിറുത്തിയിരിക്കുന്നു. (3600 ഭാഗം 24 മണിക്കൂര്‍ = 150 ). പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത് ഒരിടത്തും ശരിയായ സമയക്ലീപ്തതയില്ലായിരുന്നു. നമ്മുടെ പൂര്‍വ്വികരക്കൊ രാവിലെ എഴുന്നേറ്റിരുന്നത് കിളികളുടെ ശബ്ദം, പൂവന്‍കോഴി കൂവുന്ന സമയത്തെ നോക്കിയാണ്. അത് പ്രകൃതി മനുഷ്യന് നല്കിയ ഒരനുഗ്രഹം. ചില രാജ്യക്കാര്‍ സമയം ക്രമീകരിച്ചിരുന്നത് സൂര്യ ചലനങ്ങള്‍ നോക്കിയായിരുന്നു. കടല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. ലോകത്തിന്‍റെ പലഭാഗങ്ങളിലായി ഫ്രഞ്ച്, സ്പെയിന്‍, പോര്‍ച്ചുഗീസ്സുകാരുമായി ബ്രിട്ടന്‍ ഏറ്റുമുട്ടി വിജയിച്ചതിന്‍റെ പിന്നില്‍ ഗ്രീന്‍വിച്ച് സമയവും വലിയയൊരു ഘടകമാണ്. ഏതൊരു യുദ്ധത്തിലും എതിരാളിയെ ആക്രമിക്കുന്നതില്‍ സമയത്തിനാണ് പ്രധാന പങ്കുള്ളത്. ഏ.ഡി 1660 കളില്‍ ബ്രിട്ടന്‍ ഭരിച്ച ചാള്‍സ് രണ്ടാമന്‍ രാജാവ് വിവിധ കടലുകളില്‍ കിടക്കുന്ന യുദ്ധകപ്പലുകളുടെ സമയം ഈ റോയല്‍ കമ്മീഷന്‍ വഴി തിരിച്ചറിയാന്‍ സാധിച്ചു. അതില്‍ പ്രധാനിയാണ് ഓക്സ്ഫഡ് പ്രൊഫസറും സര്‍വേയര്‍ ജനറലുമായിരുന്ന സര്‍ ക്രിസ്റ്റഫര്‍ റെന്‍, പ്രൊഫസറായിരുന്ന റോബര്‍ട്ട് ഹുക്ക്, ഗണിത ശാസ്ത്രജ്ഞനായിരുന്ന സര്‍ ജോനസ് മൂരി, യുവജോതി ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ ഫ്ളാംസ്റ്റീഡ്. ഇതിനായി രാജ്യമാകെ ഭുമി പിരശോധിച്ചെങ്കിലും ഈ മലമുകളാണ് ലോകത്തിന്‍റെ സമയതലസ്ഥാനമായി ഇവര്‍ കണ്ടെത്തിയത്. 1675 ഓഗസ്റ്റ് 10 ന് ജോണ്‍ ഫ്ളാംസ്റ്റീഡ് തറക്കല്ലിട്ട് പണിതുടങ്ങി. പിന്നീട് ഫ്ളാം സ്റ്റീഡ് ഹൗസ് ഉണ്ടായി. ഇതിനെ കുട്ടികളുടെ ഭവനം എന്നറിയപ്പെടുന്നു. ലോകത്തെ കാലാവസ്ഥയുടെ കണക്കറിയിക്കുന്ന പുതിയ ക്ലോക്കുകളും മറ്റ് ഉപകരണങ്ങളുമുണ്ടായി. ബ്രിട്ടനിലെ ആദ്യ സര്‍ക്കാര്‍ ശാസ്ത്രസ്പാനമാണ് ദ് റോയല്‍ ഓഫ് സര്‍ വേറ്ററി. ഗാലറികളില്‍ പഴയ ക്ലോക്കുകള്‍, ലോക ഭൂപടങ്ങള്‍ ആരിലും കൗതുകമുണര്‍ത്തുന്നു. ഒരു മുറിക്കുള്ളില്‍ ആകാശനീലിമയിലേക്ക് കണ്ണും നട്ടുള്ള ഭീമന്‍ ടെലിസ്കോപ്പ് കണ്ടു. ചെറുതും വലുതുമായ ടെലിസ്കോപ്പുകള്‍ പലയിടത്തുമുണ്ട്.
ഒടുവില്‍ ഒരു വില്പനശാലയില്‍ എത്തി. വിവധ തരം ഭൂപടങ്ങള്‍, പുസ്തകങ്ങള്‍, ക്ലോക്കുകള്‍ മറ്റ് ശാസ്ത്ര സംബന്ധിയായ പലതും വില്പനക്കുണ്ട്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കണ്ടതുപോലുള്ള തിരക്കാണ് ഇവിടേയും. അതില്‍ മുന്‍പന്തിയിലുള്ളത് വിദ്യാര്‍ത്ഥികളാണ്.
2000 ത്തില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദിഅറേബ്യയിലെ ആരാംകോയുടെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളം ബ്രിട്ടാഷ്-അമേരിക്കന്‍ എന്‍ജീനിയറന്മാരെ എണ്ണ പോകുന്ന പൈപ്പ് ലൈന്‍ ജോലിക്കായി നിയോഗിച്ചിരുന്നു. ദഹറാനിലെ ആരാംകോ അസ്ഥാനത്തു നിന്ന് ജിദ്ദയിലെ റിഫൈനറിയിലെത്താന്‍ ഒരു രാത്രി വേണം. ഇവിടെ നിന്ന് വൈകിട്ട് പുറപ്പെട്ടാല്‍ അതിരാവിലെയവര്‍ ജിദ്ദയിലെത്തു. അവര്‍ക്ക് കൊടുത്തുവിടുന്നത് ഒരു പിക്ക്അപ്പ് വാഹനം മാത്രം. ഒറ്റക്ക് പോകുമോ അതോ ഡ്രൈവറെ വിടണമോയെന്ന് ചോദിച്ചാല്‍ അവര്‍ ഒറ്റക്ക് പൊയ്ക്കൊള്ളാം എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ ഞാനവരെ ആശ്ചര്യത്തോടെ നോക്കിയിട്ടുണ്ട്. ഇതേ സ്ഥാനത്ത് ഒരു ഏഷ്യക്കാരനെങ്കില്‍ വഴിയറിയാവുന്ന ഒരു ഡ്രൈവറെ ഒപ്പം വിടണം. വികസിത രാജ്യത്തു് നിന്നുള്ളവര്‍ നാവിഗേറ്റര്‍ ഉപയോഗിച്ചാണ് ഏത് മലയിലും മരുഭൂമിയിലും യാത്ര ചെയ്യുന്നത്. ബ്രിട്ടീഷ്കാരുടെ യുദ്ധവിജയങ്ങള്‍ക്ക് പിന്നിലും നാവിഗേറ്ററിന് വലിയൊരു സ്ഥാനമുണ്ട്.്. 2018 ല്‍ ഇത് കണ്ടുപിടിച്ച ഒഫ്സര്‍വേറ്ററിയില്‍ നിന്നപ്പോഴാണ് പാശ്ചാത്യന്‍റെ ബുദ്ധി നമ്മളേക്കാള്‍ എത്രയോ ഉയരങ്ങളിലെന്ന് മനസ്സിലായത്. പുറത്തിറങ്ങിയപ്പോള്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിലെ മണിനാദം കേട്ടു. മ്യൂസിയത്തിന് മുന്നില്‍ മൂന്നാള്‍പൊക്കത്തിലുള്ള ജനറല്‍ ജയിംസ് വുള്‍ഫിന്‍റെ പ്രതിമയുണ്ട്. യാത്രികര്‍ അടിവാരങ്ങളിലെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു.
ഞങ്ങള്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം എന്ത്, എങ്ങനെയെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാച്ചില്‍ നോക്കി. പിന്നെ അഞ്ചരമണിക്കൂര്‍ കൂട്ടിനോക്കി. എന്‍റെ നാട്ടിലെ മാവേലിക്കര, താമരക്കുളത്ത്, ചാരുംമൂട്ടില്‍ സന്ധ്യയായിരിക്കുന്നു. ഇവിടെ പകല്‍ ഏറെ ബാക്കി. രാവിലത്തെ യാത്രക്ഷീണമകറ്റാന്‍ കുളിച്ചിട്ട് ഒന്ന് മയങ്ങാം. ഉന്മേഷം വീണ്ടെടുക്കുമ്പോള്‍ ഒരു സായാഹ്ന നടത്തം കൂടിയാകാം. ഒപ്പം ചിന്തിക്കാം അടുത്ത യാത്ര എപ്പോള്‍, എങ്ങോട്ട് വേണം. 2019 ല്‍ അത് റോം-പാരീസാണ്. അതെ, അന്വേഷങ്ങള്‍, യാത്രകള്‍ അവസാനിക്കുന്നില്ല. കണ്ടറിയാന്‍ ഇനിയും ഒത്തിരി കാര്യങ്ങള്‍ ബാക്കിയുണ്ട്.
(കടപ്പാട് – എന്‍.എം.എം. എന്‍റര്‍പ്രൈസസ്സ ലിമിറ്റഡ്, റോയല്‍ മ്യൂസിയം, ഗ്രീന്‍വിച്ച്)

About The Author

Leave a Reply

Your email address will not be published. Required fields are marked *