ഡേവിഡ് ലിവിങ്‌സ്റ്റന്റെ ഹ്ര്യദയമുറങ്ങുന്ന മരത്തണൽ – കാരൂർ സോമൻ, ലീല തോമസ്.

ബോട്സ്വാനയിലെ  “തമാങ്” എന്ന സ്ഥലത്തുകുടിയാണ്  ഞാനും ലീലയും ഡ്രൈവർ വില്യത്തിനൊപ്പം ലിവിങ്‌സ്റ്റന്റെ  ഹ്ര്യദയമടക്കിയ മലയാളത്തിൽ “പുമരുത്” എന്ന് വിളിക്കുന്ന മരച്ചുവട്ടിലേക്ക്  യാത്രയായത്. ഈ മരത്തിനെ  ഇംഗ്ലീഷിൽ വിളിക്കുന്നത് “മുവ്‌ല” എന്നാണ്.   ഈ മരത്തിന്റ ഓരോ ഇതളുകളും ധാരാളം ഔഷധഗുണമുള്ളതെന്ന് ഡ്രൈവർ പറഞ്ഞു.   വഴിയോരങ്ങളിൽ മേഞ്ഞു നടക്കുന്ന കഴുതകൾ, ആട്ടിൻപറ്റങ്ങൾ, കുതിരകൾ, പ്രൗഢഭാവത്തോടെ ആകാശത്തേക്ക് വളരുന്ന മരങ്ങൾ, സടകുടഞ്ഞെഴുന്നേറ്റ  സിംഹത്തിന്റ കാറ്റിൽ പ്രകമ്പനം കൊള്ളുന്ന ഗർജ്ജനമെല്ലാം കണ്ടും കേട്ടും  മുന്നോട്ട് പോയി.  മരച്ചാർത്തുകൾക്കിടയിലൂടെ സൂര്യപ്രകാശം തെളിഞ്ഞു വരുന്നു.  പലയിടത്തും  ഇടകലർന്നു നിൽക്കുന്ന പച്ചപ്പുല്ലുകൾക്കിടയിലൂടെ വെള്ളം ഉറവകളായി ഒഴുകുന്നു. ഒരിടത്തു് ഏതാനം പാശ്ചാത്യർ കുഞ്ഞരുവികളുടെ അടുത്തേക്ക് നടക്കുന്നത് കണ്ട് ഞങ്ങളും  വാഹനത്തിൽ നിന്നിറങ്ങി അവിടേക്ക് നടന്നു.   മുന്നിൽ തുള്ളിത്തുളുമ്പിയൊഴുകുന്ന കുഞ്ഞരുവി കണ്ടപ്പോൾ ആനന്ദം തോന്നി. അതിനടുത്തുള്ള  കുഞ്ഞുമരങ്ങളിൽ കുഞ്ഞുകുരുവികൾ പാടുന്നു. അതിന്റ ആരവം ആനന്ദമയമാണ്. മറ്റേതോ കിളികൾ  മരക്കൊമ്പുകളിലിരുന്ന് അമർഷത്തോടെ  ചിലക്കുന്നു,  ചില കലാബോധമില്ലാത്ത  മനുഷ്യരുടെ സ്വഭാവം പോലെ തോന്നി. നല്ല പാട്ടുകൾ കേട്ടാൽ കൂവും അല്ലെങ്കിൽ  കൂക്കിവിളിക്കും. ഭാഷയെ ഉപകരണങ്ങളായി തേജസ്സെന്നപൊലെ  ഉപയോഗിക്കുന്നവരുടെ സിദ്ധികളെ തിരിച്ചറിയാത്തവർ.
പ്രഭാതസൂര്യന്റെ അരുണിമയിൽ  വെള്ളം വെട്ടിത്തിളങ്ങുന്നു. മരങ്ങളിലെ ഉണങ്ങിയ ഇലകൾ അരുവിയിലൂടെ   നീന്തിത്തുടിച്ചു പോകുന്നു.  അടുത്തുള്ള പാറക്കൂട്ടത്തിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി വരുന്നുണ്ട്.   വെള്ളത്തിലൂടെ ചീഞ്ഞളിഞ്ഞ ഇലകൾ ഒഴുകുന്നില്ല. എതിർഭാഗങ്ങളിൽ കാടിന്റെ മനോഹാരിത കാണാം.    അവിടെ നിന്നവർ സ്പടികതുല്യമായ വെള്ളം  കൈകുമ്പിളിലെടുത്തു കുടിക്കുന്നത് കണ്ട് ഞാനും മുഖം കുനിച്ചു ആർത്തിയോടെ  കുറെ വെള്ളം അകത്താക്കി. നാട്ടിലെ കിണറ്റിലുള്ള  വെള്ളത്തിന്റ തണുപ്പും മാധുര്യവുമുണ്ട്. . അവിടെ വന്നവരെല്ലാം ഈ വെള്ളം കുടിക്കുന്നത് കണ്ടാൽ തോന്നും ഇത് മക്കയിലും, ഗംഗയിലും ലഭിക്കുന്ന പുണ്യജലമാണോ?
മുന്നോട്ട് പോകുന്ന അരുവിയുടെ വിസ്‌തീർണ്ണം കുടികൊണ്ടിരിന്നു. അകലെ  ഏതാനം മാൻകൂട്ടം മതിവരുവോളം വെള്ളം കുടിക്കുന്നത് കൗതുകത്തോടെ കണ്ടു നിന്നു. അതിൽ കാട്ടുപന്നികളുമുണ്ട്.  പെട്ടൊന്നൊരു ശബ്‌ദം കേട്ട് തിരിഞ്ഞുനോക്കി. ഒരു പറ്റം ഇമ്പാല കൂട്ടം അടുത്തേക്ക് വരുന്നത് കണ്ട് ആകാശത്തു്  മിന്നൽവേഗത്തിൽ പായുന്ന മേഘങ്ങൾപോലെ ഞങ്ങൾ ജീപ്പിൽ കയറി മിന്നൽ വേഗത്തിൽ മുന്നോട്ട് പോയി.
ആർഷഭാരത൦  ലോകത്തെ അതിപുരാതന ഹിന്ദുമതമാണ്. ആ മതം ഒരു സംസ്കാരമാണ്. എത്രയോ  അധ്യാത്മഗുരുഭൂതന്മാരുടെ മണ്ണാണത്. മഹാഭാരത൦, രാമായണമെഴുതിയ വ്യാസ മഹർഷി, വാൽമീകി മഹർഷി, ബദരീനാദിലെ ഓം സദ്കേഗുരുബാബാജി നാഗരാജ്, കേരളത്തിലെ ആലുവയ്ക്കടുത്തു കാലടിയിൽ ജനിച്ച ശ്രീശങ്കരാചാര്യർ, ഗുരുദേവൻ തുടങ്ങിയവർ ശക്തമായ ആത്മീയ സമർപ്പണത്തിലൂടെ ദൈവിക മാർഗ്ഗത്തിലേക്ക് മനുഷ്യരെ നയിച്ചതുപോലെയാണ് ആഫ്രിക്കയുടെ ആത്മീയ ഗുരുവായ ഡോ.ഡേവിഡ് ലിവിങ്സ്റ്റൺ ആഫ്രിക്കൻ ജനതയെ നയിച്ചത്.   ഞങ്ങൾ കോളോബിങ്ങിലെ ബകേന്യയിൽ ചെന്നിറങ്ങിയപ്പോൾ കണ്ടത് പടുകിളവനെപോലെ നിൽക്കുന്നു ഒരു   പുമരുത്. ഇവിടുത്തുകാർ ഇതിനെ അത്തിമരമെന്നും വിളിക്കാറുണ്ട്. ഈ മരത്തണലിൽ കുറെ മനുഷ്യർ   മനസ്സിനെ ഏകാഗ്രമാക്കി പ്രാർത്ഥിക്കുന്നു.  ഇവിടെയിരുന്നാണ് ലിവിങ്സ്റ്റൺ രോഗികളെ പരിശോധിച്ചു് മരുന്നുകൾ നൽകിയതും അവർക്കായി പ്രാർത്ഥിച്ചതും.  ഇപ്പോൾ ഈ സ്ഥലം ലോകസഞ്ചാരികളുടെ തീർത്ഥാടന കേന്ദ്രമാണ്.  അദ്ദേഹം മരണമടഞ്ഞപ്പോൾ ആ ഹ്രദയം  ഈ മരത്തണലിലാണ് അടക്കം ചെയ്തത്.  സഞ്ചാരികൾ അവിടേക്ക് വന്നുകൊണ്ടിരിക്കുന്നു.   ഭാരതത്തിൽ വേദശാസ്ത്രം പഠിച്ചവർ  വർണ്ണാശ്രമങ്ങൾ തീർത്തു.  നഗരങ്ങളിൽ ഭക്തർക്ക് ദർശനം നല്കാൻ ആൾദൈവങ്ങൾ ഉണ്ടായി.  ഞാൻ ബിഹാറിലെ ഗയയിൽ കണ്ടത് ബുദ്ധൻ    മുപ്പത്തിയഞ്ചാം വയസ്സിൽ ബോധിമരച്ചുവട്ടിലിരുന്ന് തന്റെ ഭക്തർക്ക് ഈശ്വര ധർമ്മങ്ങൾ പഠിപ്പിക്കുന്നതാണ്.  ബുദ്ധൻ ഏഷ്യയിൽ ബുദ്ധമതം പ്രചരിപ്പിച്ചതുപോലെ  ലിവിങ്സ്റ്റൺ ആഫ്രിക്കയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചു. നമ്മുടെ മഹർഷിമാർ തപസ്സ് അനുഷ്ഠിച്ചത് ഗുഹകളിലായിരുന്നെങ്കിൽ ശ്രീബുദ്ധനും  ലിവിങ്‌സ്റ്റനും മനസ്സിനെ ഏകാഗ്രമാക്കി ധ്യാനിച്ചത് മരത്തണലിലാണ്. അവിടെ ഇരുന്നവരുടെ കുട്ടത്തിൽ ഏതാനം പാശ്ചാത്യ സ്ത്രീപുരുഷന്മാരും ഭയഭക്തിയോടെ കണ്ണടച്ചു പ്രാർത്ഥിക്കുന്നത് ഞാൻ കൺകുളിർക്കെ കണ്ടു നിന്നു. അതിനടുത്തായി കാടുകൾ, മരങ്ങൾ ധാരാളമായി വളരുന്നു. മറ്റൊരു ഭാഗത്തു് കഴുതകൾ മേഞ്ഞു നടക്കുന്നു.
 ബ്രിട്ടനിലെ സ്കോട്സ്കോലൻഡ്, ലനാർക്ക്ഷെയർ നിന്നെത്തിയ ലോകപ്രശസ്ത ക്രിസ്ത്യൻ മിഷനറി ഡോ. ഡേവിഡ് ലിവിങ്സ്റ്റൺ  (19.03.1813 -01.05.1873) ഈ മരത്തണലിലിരുന്നാണ്  രോഗികളെ ശിശ്രുഷിച്ചത്.  പാപ പ്രവർത്തികൾ അരുതെന്നും ജഡിക ചിന്തകളിൽ നിന്നകന്ന് ആത്മാവിൽ ജീവിക്കണമെന്നും  ഉപദേശിച്ചു..  യേശുവിന്റ നാമത്തിൽ സമർപ്പണമെടുത്തു ജീവന്റെ വഴികളിൽ നടന്നാൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിന്റ അവകാശികളും ദൈവ മക്കളാകുമെന്നുമറിയിച്ചു.  പ്രാർത്ഥനയുടെ അവസാനത്തിൽ പലരും രോഗ സൗഖ്യ൦ നേടിയതായി ഒപ്പമുള്ള  ഗൈഡ് വില്യം പറഞ്ഞു. ആ നിമിഷം ഞാനോർത്തത് ഭക്തർക്ക് ദിവ്യ ദർശനം  നൽകുന്ന  ഇന്ത്യയിലെ ആൾ ദൈവങ്ങളെയാണ്. ആർക്കും രോഗസൗഖ്യ൦ ലഭിച്ചതായി അറിയില്ല.    ഇവിടെ കാണാൻ സാധിക്കുന്നത് ആത്മീയ രംഗത്തെ തീഷ്ണതയാണ്. ലോകത്തുള്ള പല പ്രമുഖ ക്രിസ്ത്യൻ ദേവാലയങ്ങളിലെ ആഡംബര കാഴ്ചകൾ കണ്ട് നടന്നിട്ടുണ്ടെങ്കിലും ഇവിടെ ഓരോ വ്യക്തിയുടെ  മനസ്സും പഞ്ചേന്ദ്രിയങ്ങളും ആത്മാവിന്റ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നു.   യാതൊരു ശബ്ദകോലാഹങ്ങളുമില്ലാതെ  ഈശ്വരനിൽ അർപ്പിച്ചിരിക്കുന്ന കുറെ ഭക്തരുടെ ഉപാസനയാണത്.
 കൊളോബേങ്ലെ ഡേവിഡ് ലിവിങ്സ്റ്റൺ പ്രാർത്ഥിച്ചിരുന്ന  വിശാലമായ ഒരു മുറ്റത്തിലൂടെ  പള്ളിയിലേക്ക് ഞങ്ങൾ കടന്നു.  പള്ളിക്കുള്ളിലെ  ജനാലയിലൂടെ കണ്ടത്    പുറത്തെ മരത്തണലിൽ നിന്ന്   ഏതാനം പേർ  സംസാരിക്കുണ്ട്. ബെഞ്ചുകൊണ്ട് തീർത്ത ഇരിപ്പിടത്തിൽ കറുത്ത വർഗ്ഗക്കാരായ ഏതാനം സ്ത്രീകൾ ധ്യാനത്തിൽ മുഴുകിയിരിക്കുന്നു.     ദേവാലയത്തിൽ  അത്യപൂർവങ്ങളായ ആർഭാടങ്ങളോ അലങ്കാരങ്ങളോ കാണാൻ സാധിച്ചില്ല. ഇതിനടുത്തായിട്ടാണ്  ലിവിങ്സ്റ്റൺ മെമ്മോറിയൽ,  കോളേജ്, സ്കൂൾ, ആശുപത്രികൾ പലതുമുണ്ട്.  ഇവിടെ നിന്നാണ് സാംബിയ  തുടങ്ങിയ      ഇരുണ്ടുകിടന്ന ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്  യേശുവിന്റ ദിവ്യപ്രകാശവുമായി ലിവിങ്സ്റ്റൺ  സഞ്ചരിച്ചത്.  അതിൽ പ്രധാന രാജ്യങ്ങളാണ് സാംബിയ, മലാവി, റുവാണ്ട, ബറുണ്ടി, മൊസാംബിക്,   സിംബാബ്‌വെ, ടാൻസാനിയ, കോംഗോ, നമീബിയ, സൗത്ത് ആഫ്രിക്ക, കെനിയ തുടങ്ങിയ രാജ്യങ്ങൾ. യേശു മരുന്നില്ലാതെ രോഗികളെ സുഖപ്പെടുത്തിയെങ്കിൽ ലിവിങ്‌സ്റ്റൻ  മരുന്നുകൾ കൊടുത്തുകൊണ്ടാണ് ആ ധൗത്യം നിർവഹിച്ചത്. മരത്തണലിലും ദേവാലയത്തിലും കണ്ടത് ഒരാത്മീയാന്വേഷണമാണ്.
 കേരളത്തിലെ ശ്രീശങ്കരാചാര്യർ, നാരായണ ഗുരു ആത്മീയ  സാമൂഹ്യ സാംസ്കാരിക വളർച്ചക്ക് ദിവ്യപ്രകാശം നൽകിയതുപോലെയാണ് ആഫ്രിക്കയിൽ ലിവിങ്സ്റ്റൺ പ്രവർത്തിച്ചത്. എന്റെ മനസ്സ് കേരളത്തിലേക്ക് പോയി.  ബ്രിട്ടീഷ് ഭരണകൂടത്തിന്റ സഹായത്തോടെ 1811 ൽ റാണി ലക്ഷ്മിഭായ് തമ്പുരാട്ടി തിരുവിതാംകൂറിൽ അടിമത്വ വ്യാപാരം എങ്ങനെ അവസാനിപ്പിച്ചുവോ അതുപോലെയായിരിന്നു ലിവിങ്സ്റ്റൺ ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിലിരുന്ന പരമ്പരാഗത    അന്ധവിശ്വാസ – അനാചാരങ്ങൾ ബ്രിട്ടീഷ് ഭരണകൂടത്തിന്റ സഹായത്തോടെ അവസാനിപ്പിച്ചത്. ലിവിങ്‌സ്റ്റനിൽ ആഫ്രിക്കൻ ജനത ഒരു അപൂർവതേജസ്സ്‌ കണ്ടിരുന്നു. ആഫ്രിക്കൻ ജനതയുടെയുള്ളിൽ ഉറങ്ങിയ്ക്കിടന്ന ഭൂതത്തെ പുറത്താക്കി അവിടെ യേശുവിന്റ ആത്മാവിനെ നിറക്കുകയായിരുന്നു. പൈശാചിക സ്വഭാവമുള്ളവർ അന്ധവിശ്വാസികളെന്ന് പലരും തിരിച്ചറിഞ്ഞു.  ഗോത്രവർഗ്ഗക്കാരായ ആഫ്രിക്കൻ ജനതയുടെ ഗതകാല ജീവിത ശൈലിക്ക് കോട്ടങ്ങൾ വരാതെ  ആത്മീയ  സാമൂഹ്യസാംസ്കാരിക വിദ്യാഭ്യാസപരമായ വളർച്ചക്കായിട്ടാണ് ലിവിങ്സ്റ്റൺ പ്രവർത്തിച്ചു. ജനങ്ങളെ അന്ധവിശ്വാസങ്ങളിലൂടെ മുന്നോട്ട് നയിച്ച ഗോത്ര നേതാക്കൾ മാളത്തിലൊളിച്ചു. നമ്മുടെ നാട്ടിലെ മത സാമുദായിക ശക്തികളെപോലെ ഒരു കൂട്ടർ രംഗത്തിറങ്ങി. ബ്രിട്ടീഷ് പട്ടാളം കണ്ണുരുട്ടിയപ്പോൾ അവർ പിന്മാറി. വിദ്യാഭ്യാസം, പുസ്തക വായന സാമൂഹ്യ ഉത്തരവാദിത്വമായി അവർ ഏറ്റെടുത്തു. അറിവിന്റ വിശാലലോകത്തേക്ക് സഞ്ചരിക്കാൻ ലിവിങ്‌സ്റ്റൻ പലതും ആസൂത്രണം ചെയ്തു. ജനങ്ങളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു. വായനാശീലം വർദ്ധിച്ചു.
ബോട്സ്വാനയിലെ  “ക്വേന  അല്ലെങ്കിൽ ക്ഗോസി” യുടെ   ഭരണത്തലവൻ “സെചെൽ” (1831 -1892) ഒന്നാമൻ ആഫ്രിക്കൻ ജനതയെ ഒരു ജീർണ്ണ സംസ്കാരത്തിൽ നിന്ന് വിടുവിക്കുക മാത്രമല്ല ബോട്സ്വാനയുടെ വിദ്യാസ വളർച്ചക്കും  സുരക്ഷിതത്തിന് വേണ്ടി പോരാടിയ ധീരയോദ്ധാവാണ്.   ലിവിങ്‌സ്റ്റനെ അദ്ദേഹം കാണുന്നത് 1843 ലാണ്.   തന്റെ മകൾക്ക് മലേറിയപോലുള്ള ഏതോ രോഗമുണ്ടായി. മകളുടെ രോഗത്തിൽ ദുഃഖിതനായ സെചെലിനോട് സൈന്യത്തിലുള്ള  സുകൃത്തു പറഞ്ഞു.   “പ്രാർത്ഥനയിലൂടെ രോഗികൾക്ക്   സൗഖ്യ൦ കൊടുക്കുന്ന ലിവിങ്സ്റ്റനെ കണ്ടാൽ മകൾ രക്ഷപെടും”.   ഉടനടി  മകളെ കുതിരവണ്ടിയിലെത്തിച്ച സെചെൽ കണ്ടത് ലിവിങ്‌സ്റ്റൻ മകളുടെ തലയിൽ യേശുവിന്റ നാമത്തിൽ കൈവെച്ചു് പ്രാർത്ഥിച്ചുകൊണ്ട്ക്കു മരുന്നുകൊടുക്കുന്നതാണ്.   മകൾ സുഖം പ്രാപിച്ചത് സെചെൽ  അത്ഭുതത്തോടെ കണ്ടു.. ജീവിതത്തിൽ ആദ്യമായി  കണ്ട ഒരത്ഭുതും.  ദിവ്യപ്രകാശം ചൊരിയുന്ന ആ മുഖത്തേക്ക് നോക്കി പറഞ്ഞു. “എനിക്ക് അധികാരമുണ്ട് സർവ്വസൗഭാഗ്യങ്ങളുമുണ്ട്. ഞാൻ അങ്ങയുടെ ദാസൻ. യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ എനിക്ക് സാധിക്കുമോ?  എന്റെ ജനത്തിന് പാപത്തിൽ നിന്ന് മോചനം വേണം” ലീവിങ്സ്റ്റൻ കൊടുത്ത മറുപടി  “നീ വിശ്വാസത്തോട് പ്രാർത്ഥിച്ചാൽ കരുണാമയനായ ദൈവത്തിന്റ തേജസ്സ് നീ കാണും. പ്രാത്ഥനയുടെ ശത്രു അവിശ്വാസ- അധർമ്മങ്ങളാണ്.   ദൈവത്തെ അനുഭവിച്ചറിഞ്ഞാൽ നമ്മിലെ എല്ലാം ദുഷ് ചിന്തകളും മാറും. സന്തോഷവും സമാധാനവും ലഭിക്കും”.   ഈ അനുഭവത്തിലൂടെയാണ്  ജഡിക ജീവിതത്തിൽ നിന്നകന്ന് അദ്ദേഹം ആഴമേറിയ ആത്മീയ വിശ്വാസത്തിലേക്ക് കടന്നു വന്നത്. ആഫ്രിക്കയിലെങ്ങും    ക്രിസ്ത്യൻ വിശ്വാസവും മതപരിവർത്തനവും നടത്താൻ  ലിവിങ്‌സ്റ്റനൊപ്പം  “സെചെൽ” സഞ്ചരിച്ചു.
ഞങ്ങൾ അടുത്തുള്ള  ലിവിങ്‌സ്റ്റൻ  സെചെലിന്റ നേതൃത്വത്തിൽ പടുത്തുയർത്തിയ   കോൾബേങ് നദിക്കടുത്തുള്ള മിഷൻ സ്ഥാപനത്തിലേക്ക് പോയി.  ഇതിനെ ലിവിങ്‌സ്റ്റൻ മിഷൻ മെമ്മോറിയൽ എന്നും വിളിക്കാറുണ്ട്.    01 നവംബർ 1848 ലാണ് കൗൺസിൽ ഓഫ് വേൾഡ് മിഷൻ തുടങ്ങിയത്.    അവിടെ കാഴ്ചവസ്തുക്കൾ ഒന്നുമില്ലെങ്കിലും ലിവിങ്‌സ്റ്റനും സെചെലുമായുള്ള പുരാതന   എഴുത്തുകൾ സൂക്ഷിച്ചിട്ടുണ്ട്. ചിലത് നോക്കിയപ്പോഴാണ് സെചെലിന്റ സഹോദരങ്ങൾ വിവരംകെട്ടവരല്ല അതിനേക്കാൾ വിവേകികളും ജ്ഞാനികളുമെന്ന് മനസ്സിലാക്കിയത്. ഒരു സമൂഹത്തെ മാറ്റിമറിക്കാൻ ഈ കുടുബത്തിന് സാധിച്ചു. ആ കുട്ടത്തിൽ യൂറോപ്യൻസിന്റ ഏകാധിപത്യത്തെ അവർ എതിർക്കുകയും സ്വാതന്ത്യത്തിനായി പോരാടാനും തുടങ്ങി.  അതിനിടയിൽ ലിവിങ്‌സ്റ്റനും സെചെലുമായി ഒരു സംഘർഷമുണ്ടായി. സെചെലിന് അഞ്ചു് ഭാര്യാമാരിൽ ഒരാളെ ഭാര്യയാക്കാനും നാലുപേരെ ഉപേക്ഷിക്കാനും നിർബന്ധിച്ചു. ഒരു യഥാർത്ഥ ക്രിസ്തു ഭക്തന് അഞ്ചു്  ഭാര്യമാർ ചേർന്നതല്ല. ഏകദൈവ വിശ്വാസികൾക്ക് അതിന് സാധിക്കില്ല.  അത് ജഡത്തിന്റ മോഹങ്ങളാണ്”. ലിവിങ്സ്റ്റൻ തുറന്നുപറഞ്ഞു.    നാലുപേരെ ഒഴുവാക്കിയതിന് ശേഷമാണ് പുരോഹിതൻ വഴി   സെചെലിനെ സ്നാനപ്പെടുത്തി ക്രിസ്ത്യാനിയാക്കിയത്.  ആ സംഭവം വേർപിരിഞ്ഞു പോകേണ്ടിവന്നവർക്ക് കണ്ണീരുണ്ടാക്കിയെങ്കിലും  ക്രിസ്തുവിന്റ പാദങ്ങളിൽ പ്രണമിച്ചു നിൽക്കാനേ സെചെലിന് സാധിച്ചുള്ളൂ. യഥാർത്ഥ ക്രിസ്തിയാനി ജീവിത സുഖഭോഗങ്ങളിൽ ജീവിക്കേണ്ടവല്ലെന്നും അദ്ദേഹം മനസ്സിലാക്കി.     ക്രിസ്ത്യൻ വിശ്വാസം ആഫ്രിക്കയിലെങ്ങുമെത്താൻ ലിവിങ്‌സ്റ്റനൊപ്പം  “സെചെൽ” പ്രവർത്തിച്ചു.  1884 ൽ ലിവിങ്‌സ്റ്റനെ ഒരു സിംഹം ആക്രമിച്ചതും സിംഹം സ്‌നേഹവായ്‌പ്പോടെ നോക്കിനിന്നതുമെല്ലാം വില്യം ജീപ്പിലിരിക്കെ പറഞ്ഞത് വളരെ ആകാംക്ഷയോടെയാണ് ഞങ്ങൾ കേട്ടത്.
ഡേവിഡ് ലിവിങ്‌സ്റ്റൻ 1845 ൽ കൊളോബെങിലെ ബകേന്യിയിൽ താമസമാക്കി. ഇന്നത്തെ ഗാബോറോണിന് അടുത്താണത്.  1860 കളിൽ ബോട്സ്വാനയുടെ എല്ലാം പ്രമുഖ കേന്ദ്രങ്ങളിലും ഒരു സ്ഥിരം സുവിശേഷകനുണ്ടായിരുന്നു. ബോട്സ്വാനയിൽ തന്നെ അഞ്ചു് ക്രിസ്ത്യൻ സിനഡ് കളുണ്ട്. ആഫ്രിക്കയിൽ കുടുതലും പ്രൊട്ടസ്റ്റന്റ് വിശ്വാസികളാണ്. ഈ സിനഡിന്റെ നേതൃത്വത്തിൽ  പല വിധ സാമൂഹ്യ-സാംസ്‌കാരിക -ജീവകാരുണ്യ പ്രവർത്തനങ്ങൾ പാശ്ചാത്യരുടെ സഹായത്താൽ നടക്കുന്നു.  ഞങ്ങളുടെ മടക്കയാത്രയിൽ മനസ്സിൽ നിറഞ്ഞു നിന്നത് ലിവിങ്‌സ്റ്റനാണ്.   അദ്ദേഹത്തിന്റ ജന്മസ്ഥലമായ സ്കോട്ലൻഡിലെ ബ്ലാൻടയറിൽ ലിവിങ്സ്റ്റന്റെ മ്യൂസിയം ഞാൻ കണ്ടിട്ടുണ്ട്. ആഫ്രിക്കയടക്കം ബ്രിട്ടൻ,  യൂറോപ്പ്,  അമേരിക്ക, സൗത്ത് അമേരിക്ക, ഏഷ്യ, ന്യൂസ്‌ലാൻഡ്, ആസ്‌ത്രേലിയ, കാനഡ  ഇങ്ങനെ എത്രയെത്ര രാജ്യങ്ങളിലാണ്  ലിവിങ്‌സ്റ്റന്റെ മ്യൂസിയങ്ങൾ, വിദ്യാഭാസ-ജീവകാരുണ്യ സ്ഥാപനങ്ങൾ,  ആശുപത്രികൾ, പ്രതിമകൾ കാണാനുള്ളത്.  ആഫ്രിക്കൻ വനാന്തരങ്ങളിൽ  സുവിശേഷഘോക്ഷണ൦ നടത്തികൊണ്ടിരിക്കെ  മെയ് 01, 1873 ൽ (ഇന്നത്തെ) ചിറ്റാമ്പൊ,  മൊസാംബിക്കിൽ വെച്ച് മലേറിയ പിടിപെട്ട് മരിച്ചു.  ഭാര്യ മേരി മോഫിറ്റ്നെയും 1862 ൽ മലേറിയ ബാധിച്ചാണ് മരിച്ചത്.  അവർക്ക് ആറ് മക്കൾ.  ലണ്ടനിലെ പ്രമുഖരെ അടക്കം ചെയ്തിട്ടുള്ള  വെസ്റ്റമിനിസ്റ്റർ ആബിയിൽ  ദൈവ രാജ്യത്തിന്റ മഹത്വം ഭൂമിയിലെങ്ങും ഉജ്ജലദീപ്തിയോടെ പ്രകാശിപ്പിച്ച അവതാരപുരുഷന്റെ ശവശരീരം മൊസാംബിക്ക് ൽ  നിന്ന് കൊണ്ടുവന്ന്  ഒരു സ്മരണയായി  അടക്കം ചെയ്തിട്ടുണ്ട്. ഹൃദയം ബോട്സ്വാനയിൽ തന്നെ.   പതിനഞ്ചാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ പോർട്ടുഗീസുകാർ സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ലണ്ടൻ മിഷനറി സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിശുദ്ധ സുവിശേഷകനായിരിന്നു ലിവിങ്‌സ്റ്റൻ. നാമമാത്ര സുവിശേഷകർക്കും പുരോഹിതർക്കും അദ്ദേഹം ഒരു മാതൃകയാണ്. ലിവിങ്‌സ്റ്റനെ കാണേണ്ടത് സാധാരണ കണ്ടുവരുന്ന  ഒരു ദേശത്തുനിന്നുള്ള വിശുദ്ധനായിട്ടല്ല അതിലുപരി എല്ലാം ഭൂഖണ്ഡങ്ങളിലും നിറഞ്ഞു നിൽക്കുന്ന ലോകമെങ്ങും ആദരിക്കുന്ന സ്വർഗ്ഗത്തോളം ഉയർന്നുനിൽക്കുന്ന ഒരു വിശുദ്ധ ക്രിസ്തുശിഷ്യനായിട്ടാണ്.
……………………………………
….

LEAVE A REPLY

Please enter your comment!
Please enter your name here