കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-14

അധ്യായം- 14

പുഴക്കരയിലെ ഇരുട്ടില്‍ മുഖം വ്യക്തമല്ലെങ്കിലും മുന്നിലൊരു രൂപമുണ്ടെന്ന് തിരിച്ചറിയാം. പരന്ന് പറക്കുന്ന മുടിയിഴകള്‍, തൂവെള്ള വസ്ത്രം. മങ്ങിയ വെളിച്ചത്തില്‍ ഒന്ന് കൂടി വ്യക്തമായി ആ രൂപത്തെ കാണാന്‍ ക്ലേശിക്കുകയായിരുന്നു രവി.

‘കുഞ്ഞേ… ഫോണടിക്കുന്നത് കേട്ടില്ലേ? ചിലപ്പോള്‍ ഉമക്കുഞ്ഞാവും.’

നാരായണന്റെ ശബ്ദം കേട്ട്, അയാളെ ഒന്ന് നോക്കി രവി വീണ്ടും തിരിഞ്ഞപ്പോള്‍ ആ രൂപം അവിടെ ഉണ്ടായിരുന്നില്ല.

‘കുഞ്ഞെന്താ നോക്കുന്നത്? നമുക്ക് മടങ്ങിപ്പോവണ്ടേ? നേരം ഒരുപാടായി.’

നാരായണേട്ടന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ രവിക്ക് സംശയമായി. അല്‍പം മുന്‍പ് പ്രത്യക്ഷമായ രൂപത്തെ നാരായണേട്ടന്‍ കണ്ടിരുന്നില്ലേ? പിന്നെന്താണു യാതൊന്നും സംഭവിക്കാഞ്ഞതുപോലെ നാരായണേട്ടന്‍ സംസാരിക്കുന്നത്?

‘കുഞ്ഞാത്തോല്‍… കുഞ്ഞാത്തോലിനെ കണ്ടില്ലേ നാരായണേട്ടാ?’ രവിയുടെ ചോദ്യം കേട്ട് നാരായണന്‍ ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കി.

‘കുഞ്ഞെന്താ രണ്ടുദിവസമായി ഇങ്ങനെ പെരുമാറുന്നത്? കുഞ്ഞാത്തോലെന്ന് നാട്ടുകാര്‍ അടക്കം പറയുന്നതല്ലാതെ അതിലെന്തെങ്കിലും സത്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.’

കുഞ്ഞാത്തോലിനെ താനല്ലാതെ മറ്റാരും കാണുന്നില്ലെന്ന് നേരത്തെയുണ്ടായിരുന്ന തോന്നല്‍ രവിയില്‍ വീണ്ടും ശക്തിപ്പെട്ടു.

‘ശരി, വരൂ നമുക്ക് പോവാം.’

കാറില്‍ കയറിയിരിക്കുമ്പോള്‍ രവി ഉമയെ തിരിച്ചു വിളിച്ചു. അവളുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടപ്പോള്‍ അയാള്‍ വണ്ടിയുടെ വേഗം കൂട്ടി, അഞ്ച് മിനിട്ടിനുള്ളില്‍ വീട്ടിലെത്തി.
ഒരു പകല്‍ മുഴുവന്‍ കടുത്ത ആത്മസംഘര്‍ഷത്തിലാണ്ടുപോയ തോന്നല്‍ കൊണ്ടാവും രവിയെക്കണ്ട മാത്രയില്‍ ഉമ പൊട്ടിക്കരഞ്ഞു. അവളെ സമാധാനിപ്പിച്ച്, ദേവികയെ തിരക്കിയപ്പോളാണു അല്‍പം മുന്‍പ് മട്ടുപ്പാവിലെ മുറിയില്‍ നിന്നും അസാധാരണമായ ശബ്ദം കേട്ടതും ദേവുവിനെ വിളിക്കാന്‍ നാവുയര്‍ത്തിയ നിമിഷം വന്യമായ ഭാവത്തോടെ ദേവു ഏണിപ്പടികളില്‍ ശബ്ദത്തോടെ ചവിട്ടി താഴേക്കു വന്നതുമായ കാര്യം ഉമ പറഞ്ഞത്. കൈകള്‍ വീശി, തന്നെ ശ്രദ്ധിക്കാതെ അവള്‍ അച്ഛന്റെ മുറിയെ ലക്ഷ്യമാക്കി നടക്കുന്നത് കണ്ട് താന്‍ പരിഭ്രമത്തോടെ പിന്നാലെ ചെന്നെങ്കിലും വാതില്‍ വലിച്ചടച്ചത് കൊണ്ട് ഉള്ളില്‍ പോവാനായില്ല. മൂന്നാലുവട്ടം വാതിലിടിച്ച് വിളിച്ചിട്ടും ഫലമുണ്ടായതുമില്ല. ദേവുവിന്റെ മുഖത്തെ ആ അപരിചിതമായ, പേടിപ്പെടുത്തുന്ന ഭാവം. ‘പേടിയാവണൂ രവിയേട്ടാ’. ഉമ വീണ്ടും കരച്ചിലിന്റെ വക്കിലെത്തി.

രവിയില്‍ അകാരണമായൊരു ഭീതി നിറഞ്ഞു. പുഴക്കരയില്‍ വച്ച് താന്‍ കുഞ്ഞാത്തോലിനെ കണ്ട സമയം വച്ച് നോക്കുമ്പോള്‍ ഏകദേശം അതേ സമയത്ത് തന്നെയാണിവിടെയും ദേവുവില്‍ ഭാവമാറ്റമുണ്ടായത്. അയാള്‍ വാര്യരുടെ മുറിയിലേക്കോടി.

വാതില്‍ തള്ളിത്തുറന്ന അയാള്‍ക്ക് മുന്നില്‍ വായുവില്‍ വട്ടം കറങ്ങുന്ന കട്ടിലാണാദ്യം കണ്ടത്. കണ്ണുകള്‍ മിഴിച്ച്, ശ്വാസം കിട്ടാതെ പിടയുന്ന വാര്യരെ കണ്ടതും ദേവൂ എന്നലറിക്കൊണ്ട് രവി ഓടിച്ചെന്നതും അയാളെ തുറിച്ച് നോക്കി മുരണ്ടുകൊണ്ട് ദേവു പിന്നോക്കം മാറി. ഒപ്പം വല്ലാത്തൊരു ശബ്ദത്തോടെ വായുവില്‍ നിന്നിരുന്ന കട്ടില്‍ നിലത്തേക്ക് ഊര്‍ന്നുവീണപ്പോള്‍ വാര്യരുടെ തല രണ്ടുവശത്തേക്കും ഇളകിയാടി. പിന്നില്‍ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടതും, ആശ്വാസത്തോടെ രണ്ടുകൈ കൊണ്ടും വാര്യരുടെ ശിരസ് പിടിച്ചു നേരേ വയ്ക്കുമ്പോള്‍ ഇരുചെന്നിയിലൂടെയും ഒഴുകിയ കണ്ണുനീരാല്‍ രവിയുടെ കൈപ്പത്തികളില്‍ നനവ് പടര്‍ന്നു. അത് കണ്ട് അല്‍പം അലിവ് തോന്നിയെങ്കിലും ചോദിക്കാതിരിക്കാന്‍ രവിക്ക് കഴിഞ്ഞില്ല.

‘എന്തിനായിരുന്നു കുഞ്ഞാത്തോലിനെ കൊന്നത്’ എന്ന ചോദ്യം അന്തരീക്ഷത്തില്‍ പ്രകമ്പനം കൊള്ളുന്നത് പോലെ വാര്യരെ വെട്ടി വിയര്‍ത്തു. അയാള്‍ ആ രാത്രിയെ മുന്നില്‍ കാണുമ്പോലെ ഭയന്ന് ചുരുങ്ങി, നാവനക്കാന്‍ വൃഥാ പ്രയത്‌നിച്ച്, ചലനമറ്റ മരക്കഷണം പോലെ കിടന്നു.

പതിനാറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടാമ്പിയില്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് മടങ്ങി വന്ന ആ രാത്രി അയാളുടെ മനക്കണ്ണില്‍ തെളിഞ്ഞു. ദാമോദരന്‍ ഭാര്യവീട്ടില്‍ പോയിരുന്നതിനാല്‍ തനിയെ ഡ്രൈവ് ചെയ്താണു പോയത്. അല്‍പം മദ്യപിച്ചിരുന്നതിനാലും നേരമേറെ താമസിച്ചതിനാലും അത്ര സുഖകരമായിരുന്നില്ല ഡ്രൈവിംഗ്. ഒരുവിധം ഗ്രാമത്തിലെത്തി വാര്യത്തെ വരമ്പിലേക്കുള്ള വളവ് തിരിഞ്ഞപ്പോളാണു മറുവശത്ത് നിന്നും വേഗത്തില്‍ വന്ന ബൈക്കില്‍ മുട്ടിയത്. ബൈക്ക് ദൂരേക്ക് തെറിച്ച് വീഴുന്നത് കണ്ട് പരിഭ്രമിച്ചാണു കാര്‍ നിര്‍ത്തിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്കോടി ചെന്ന താന്‍ കണ്ടത് നിറവയറില്‍ രണ്ടുകയ്യും പൊത്തി വീണുകിടക്കുന്ന കുഞ്ഞാത്തോലിനെയാണ്. ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് കരുതി കൈകളില്‍ കോരിയെടുക്കാന്‍ തുനിഞ്ഞപ്പോളാണ് ആത്തോലമ്മയുടെ വെല്ലുവിളി ഓര്‍മ്മ വന്നത്. അവര്‍ക്ക് ജീവനുള്ളിടത്തോളം കുഞ്ഞാത്തോലിനെക്കൊണ്ട് ഒപ്പിടീക്കില്ല എന്നാണു അവരന്ന് പറഞ്ഞതെന്നോര്‍ത്തപ്പോള്‍ എന്ത് കൊണ്ടോ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിയണമെന്ന് തോന്നി. അവളന്ന് തന്നെ നോക്കി കരഞ്ഞപേക്ഷിച്ചിട്ടും മദ്യോന്മത്തനായിരുന്ന തന്റെ മനസ്സില്‍ അലിവിന്റെ കണിക പോലും ഉണ്ടായില്ല. അവളെ അവിടെത്തന്നെയുപേക്ഷിച്ചാണു രാത്രിയില്‍ വാര്യത്ത് മടങ്ങിയെത്തിയത്. പുലര്‍ച്ചെ നാരായണന്‍ വിളിച്ചുണര്‍ത്തിയപ്പോഴാണു രക്തം വാര്‍ന്ന് കുഞ്ഞാത്തോല്‍ മരിച്ച കാര്യം അറിയുന്നത്. ഉമയുടെ കൂട്ടുകാരിയായിരുന്നല്ലോ, രക്ഷിക്കാമായിരുന്നു എന്നൊരു കുറ്റബോധവും തോന്നിയിരുന്നു. ഗ്രാമത്തിലൊരേയൊരു വാഹനമേ ഉള്ളൂ എന്നതിനാല്‍ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനും കഴിഞ്ഞില്ല. അങ്ങനെയാണു ദാമോദരന്റെ തലയില്‍ അത് കെട്ടിവെക്കേണ്ടി വന്നത്.

ചിന്തകളില്‍ നിന്നുണര്‍ന്ന വാര്യരുടെ നോട്ടം രവിയുടെ മുഖത്ത് പതിഞ്ഞു. അപ്പോള്‍ ആ മുഖത്ത് മിന്നിമറഞ്ഞ ഭാവഭേദങ്ങളിലൂടെ അറപ്പിന്റെയും വെറുപ്പിന്റെയും രുചിയറിഞ്ഞ വാര്യര്‍ക്ക് ശ്വാസം നിലയ്ക്കുന്നത് പോലെ തോന്നി.

 

LEAVE A REPLY

Please enter your comment!
Please enter your name here