കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-15

വാര്യരുടെ മുറിയില്‍ നിന്നും ഇറങ്ങിയ രവിശങ്കര്‍ ഉമയുടെ അടുത്തെത്തി. ആശങ്കാകുലമായ മുഖത്തോടെ അയാളെ കാത്തുനിന്നിരുന്ന ഉമയോട് എന്ത് പറയണമെന്നറിയാതെ രവി വിഷമിച്ചു. എല്ലാം പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ദിവസം മതിയാവില്ല. ഉമ തന്നോട് എങ്ങനെ പ്രതികരിക്കുമെന്നും അറിയില്ല. നാളെ സൂര്യദേവന്‍ തിരുമേനിയെ കാണണം. അറിഞ്ഞതൊക്കെയും അദ്ദേഹത്തോട് പറഞ്ഞ് എന്തെങ്കിലും പ്രതിവിധി കണ്ടേ പറ്റൂ.

‘രവിയേട്ടാ…. ദേവൂട്ടി ഇപ്പോ മുകളിലേക്ക് പോയല്ലോ? എന്നെ നോക്കി ചിരിച്ചുകൊണ്ടാ പോയത്. ഹോ, അല്‍പ്പം മുന്‍പു എന്തായിരുന്നു ഭാവം? ആകെ ചാടിത്തുള്ളി കലികൊണ്ട മാതിരി…. ഞാന്‍ വല്ലാതെ പേടിച്ചു.’ ഉമയുടെ ആശ്വാസം തുളുമ്പുന്ന ശബ്ദം കേട്ടപ്പോള്‍ രവിയൊന്ന് ചിരിച്ചു.

‘തിരുമേനിയെക്കാണാന്‍ പോയിട്ടെന്തായി രവിയേട്ടാ? അച്ഛന്റെ കാര്യത്തിലെന്തു പറഞ്ഞു?’ ഉമയുടെ ചോദ്യത്തിനു മറുപടി പറയാന്‍ തുനിഞ്ഞപ്പോളാണു രവിയുടെ മൊബൈല്‍ ശബ്ദിച്ചത്. പരിചിതമല്ലാത്ത നമ്പര്‍ കണ്ട് ആദ്യം എടുക്കണ്ട എന്ന് കരുതിയെങ്കിലും പിന്നെയൊരുള്‍ പ്രേരണയാല്‍ രവി ഫോണെടുത്തു.

‘രവിശങ്കര്‍….’ പ്രൗഢമായ ആ ശബ്ദം കേട്ടതും രവിക്ക് ആളെ മനസിലായി! സൂര്യദേവന്‍ തിരുമേനി! ‘അവിടെ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ അല്ലേ?’ അദ്ദേഹത്തിന്റെ ചോദ്യം കേട്ട് രവി അമ്പരന്നു.

‘സന്ധ്യയായപ്പോള്‍ മുതല്‍ അസുഖകരമായ ഒരസ്വസ്ഥത. പ്രാര്‍ത്ഥനാമുറിയില്‍ ഇരുന്നപ്പോള്‍ അവിടെയെന്തോ അസ്വാഭാവികമായി നടന്നുവെന്നൊരു തോന്നല്‍. ഞാന്‍ കൈമളെയങ്ങു വിട്ടിട്ടുണ്ട്. ജപിച്ച ചരടുകളും കൂവളമാലകളും കൊടുത്തുവിട്ടിട്ടുണ്ട്. ചരട് നിങ്ങളെല്ലാവരും കഴുത്തിലണിയണം. അപ്പോള്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനയും കൈമള്‍ പറഞ്ഞുതരും. കൂവളമാലകള്‍ വീടിന്റെ വാതിലുകളില്‍ തൂക്കണം. ഇന്നൊരു രാത്രി നിങ്ങള്‍ക്കുള്ള സംരക്ഷണത്തിനാണിവയൊക്കെ. നാളെ രാവിലെ ഞാനങ്ങ് വരാം. ഹോമത്തിനുള്ള തയ്യാറെടുപ്പുകളോടെ… ലക്ഷണങ്ങള്‍ കണ്ടതില്‍ നിന്നും നമുക്കിനി താമസിപ്പിക്കാനാവില്ല എന്നു മനസിലായിരിക്കുന്നു. എന്തായാലും ഭയം വേണ്ട. നാളെ കാണാം.’

അദ്ദേഹം സംസാരം അവസാനിപ്പിച്ചപ്പോള്‍ വിളറിവെളുത്ത മുഖവുമായി നിന്ന രവിയെ ഉമ സംശയത്തോടെ നോക്കി. രവിയേട്ടന്‍ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. ഇവിടെ വന്ന നാള്‍ മുതല്‍ രവിയേട്ടനിലും ഒരു ഭാവമാറ്റമുണ്ട്. ഒരു നിഗൂഢമായ ഭാവം… ദേവുവിനും രവിയേട്ടനും എന്ത് പറ്റിയെന്നാലോചിച്ച് തനിക്ക് ഭ്രാന്ത് പിടിക്കുമോ എന്നുപോലും ചിലപ്പോള്‍ തോന്നും.

ഉമയുടെ ചോദ്യഭാവങ്ങള്‍ക്ക് ലളിതമായൊരുത്തരം ആലോചിക്കുകയായിരുന്നു രവി. തങ്ങള്‍ കുടുങ്ങിക്കിടക്കുന്ന കുരുക്കിനെക്കുറിച്ചു അവളോടു പറയണം. അവള്‍ ഭയക്കരുത് എന്നാല്‍ കാര്യങ്ങള്‍ ഗൗരവമായി ഗ്രഹിക്കുകയും വേണം. പടിപ്പുരയിലെ മണിയടിക്കുന്ന ശബ്ദം അയാളെ ആലോചനയില്‍ നിന്നുമുണര്‍ത്തി. കൈമള്‍ വന്നിട്ടുണ്ടാവും.

പ്രതീക്ഷിച്ചതുപോലെ കൈമളായിരുന്നു പടിപ്പുരയില്‍. കണ്ണോത്ത് മനയില്‍ നിന്നും വാര്യത്തേക്കുള്ള ദൂരം കണക്കുകൂട്ടിയാല്‍ താന്‍ പുഴയോരത്ത് നിന്ന സമയത്ത് തന്നെ സൂര്യദേവന്‍ തിരുമേനിക്ക് ലക്ഷണങ്ങള്‍ കിട്ടിയെന്നാണു മനസ്സിലാക്കേണ്ടത്. അദ്ദേഹത്തിന്റെ കഴിവിലും പ്രാവീണ്യത്തിലും ഉണ്ടായിരുന്ന മതിപ്പ് പതിന്മടങ്ങു വര്‍ദ്ധിച്ചതായി രവിക്ക് തോന്നി. ഒപ്പം ഉള്ളില്‍ അടിഞ്ഞുകൂടിയിരുന്ന ഭയം അലിഞ്ഞലിഞ്ഞില്ലാതാവുന്നതായും.

കൈമളെയും കൂട്ടി വീട്ടിലെത്തിയപ്പോള്‍ രാത്രിയിലെത്തിയ അപരിചിതനെക്കണ്ട് ഉമ അമ്പരന്നു. ഒന്നും മനസ്സിലായില്ലെങ്കിലും നിലവിളക്കു കത്തിച്ച് വയ്ക്കണമെന്ന കൈമളുടെ നിര്‍ദ്ദേശം അവള്‍ വേഗം അനുസരിച്ചു. തോളില്‍ തൂക്കിയിരുന്ന തുണിസഞ്ചിയില്‍ നിന്നും നാക്കിലയില്‍ പൊതിഞ്ഞ ചരടുകളും കൂവളമാലകളും വിളക്കിന്റെ മുന്നില്‍ വച്ച് പ്രാര്‍ത്ഥിച്ചതിനു ശേഷം കൈമള്‍ കൂവളമാലകള്‍ വാര്യത്തിന്റെ പുറംവാതിലുകളിലെല്ലാം ചാര്‍ത്താന്‍ തുടങ്ങി. അന്തരീക്ഷത്തില്‍ പെട്ടെന്നുണ്ടായ ഭാവമാറ്റം അയാള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു. വീശിയടിച്ച പൊടിക്കാറ്റില്‍ കണ്ണൊന്നു ചിമ്മേണ്ടി വന്നെങ്കിലും പ്രാര്‍ത്ഥനകളോടെ കൈമള്‍ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി. അതിനു ശേഷം അയാള്‍ തളത്തിലേക്ക് മടങ്ങിവന്നപ്പോള്‍ രവിയും ദേവികയും ഉമയും കൈകാലുകള്‍ കഴുകി ശുദ്ധി വരുത്തി കഴുത്തില്‍ ചരടണിയാന്‍ തയ്യാറായി കഴിഞ്ഞിരുന്നു.

‘ഓം ത്രയമ്പകം യജാമഹേം
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുക മിവ ബന്ധനാത്
മൃത്യോര്‍ മൂഷീയ
മാമൃതാത്
സ്വാഹ:’

കൈമള്‍ പറഞ്ഞുകൊടുത്ത മൃത്യുഞ്ജയമന്ത്രം ജപിച്ച് അവരിരുവരും ചരട് കഴുത്തിലണിഞ്ഞു. ദേവൂട്ടിയെ വിളിച്ച് ഉമ അവളുടെ കഴുത്തില്‍ ചരട് അണിയിച്ചപ്പോള്‍ അവളൊന്ന് കുതറി. വാര്യരുടെ മുറി തുറന്ന് അദ്ദേഹത്തിന്റെ കഴുത്തില്‍ ചരട് കെട്ടാന്‍ തുനിഞ്ഞ രവി എന്തുകൊണ്ടോ അതുചെയ്യാന്‍ മടിച്ചു. രവിയുടെ കയ്യില്‍ നിന്നും ചരട് വാങ്ങി അതുകെട്ടാന്‍ കുനിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ ഇടിയും മിന്നലും കൈമള്‍ ശ്രദ്ധിച്ചു. ജനല്‍ച്ചില്ലിലൂടെ കടന്നു വന്ന മിന്നല്‍പ്പിണറുകള്‍ക്ക് തൊട്ടുപിന്നാലെ ഒരു പൂച്ചയുടെ ഭീതിദമായ കരച്ചില്‍ ചുറ്റുവട്ടത്ത് മുഴങ്ങിത്തുടങ്ങി. അരോചകമായ ആ ശബ്ദം കേട്ട് ഉമയും ദേവുവും കാത് പൊത്തി. ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ കൈമള്‍ നിലകൊള്ളവേ വാര്യരുടെ മുഖത്ത് മിന്നിയ ഭയത്തിന്റെ ലാഞ്ചനയില്‍ രവിയ്‌കെന്തുകൊണ്ടോ ഗൂഢമായൊരു ആഹ്ലാദം തോന്നിപ്പോയി.

യാത്ര പറഞ്ഞു കൈമള്‍ മടങ്ങിപ്പോയപ്പോള്‍ കുഞ്ഞാത്തോല്‍ പ്രതികാരേച്ഛയോടെ ഇവിടെത്തന്നെയുണ്ടോ എന്നൊരു സംശയം തിരുമേനി പറയുന്നുവെന്ന് ഉമയോട് സൂചിപ്പിക്കേണ്ടിവന്നു രവിക്ക്.
‘ഒരിക്കലുമില്ല’ ഉമയുടെ ദൃഢമായ ഉത്തരം.

‘ആരെന്തുപറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ഒരെറുമ്പിനെപ്പോലും നോവിക്കാനെന്റെ കുഞ്ഞാത്തോലിനറിയില്ല. അവള്‍ക്കെന്നെ ജീവനായിരുന്നു. എന്നെയും കുടുംബത്തേയും അവളൊരിക്കലും ദ്രോഹിക്കില്ല’

ഉമയുടെ ആവേശം നിറഞ്ഞ സംസാരം കേട്ടപ്പോള്‍ അയാള്‍ പിന്നെയൊന്നും പറഞ്ഞില്ല. ഈ പ്രതികരണം തന്നെയാണല്ലോ താന്‍ പ്രതീക്ഷിച്ചത് എന്നും അയാള്‍ ഓര്‍ത്തു. അത്താഴം കഴിയ്ക്കുമ്പോള്‍ അയാള്‍ ദേവുവിനെ ശ്രദ്ധിച്ചു. ആഹാരം കഴിക്കുന്നുണ്ടെന്നല്ലാതെ അവളുടെ മനസ് വിദൂരതയിലെവിടെയോ ആണെന്നയാള്‍ക്ക് തോന്നി. ഇടയ്‌ക്കെപ്പോഴോ അവളുടെ നോട്ടമൊന്നു തന്നിലേക്ക് പാറിവീണപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു, അവളും.

അത്താഴം കഴിഞ്ഞ് രവി വേഗം മയങ്ങിപ്പോയി. എത്ര ശ്രമിച്ചിട്ടും ഉമയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളുടെ ഓര്‍മ്മകളില്‍ കുഞ്ഞാത്തോല്‍ ഉണര്‍ന്നു കഴിഞ്ഞു, തങ്ങളുടെ ബാല്യവും. അമ്പലമുറ്റത്തും വയല്‍ വരമ്പത്തും പള്ളിക്കൂടത്തിലും എന്നുവേണ്ട കുഞ്ഞാത്തോലില്ലാത്ത യാതൊരോര്‍മ്മയും ഉമയ്ക്കില്ല. ഒരു കുടന്ന നിറയെ താമരപ്പൂക്കളും പിടിച്ചു അമ്പലകുളത്തിന്റെ പടവില്‍ ഇരുന്നിരുന്ന അഞ്ചുവയസ്സുകാരിയെ ഉമയോര്‍ത്തു. അന്നായിരുന്നു അവര്‍ ആദ്യമായി കണ്ടത്. താഴെയുള്ള കുളത്തില്‍ കയ്യും കാലും കഴുകിയിട്ടാണു അമ്പലത്തിലേക്കുള്ള നട കയറുക. കുളത്തിന്റെ ഒരുവശം നിറയെ താമര പടര്‍ന്നുകിടന്നിരുന്നു. പൂജാരിക്കല്ലാതെ മറ്റാര്‍ക്കും പൂവിറുക്കാനവകാശമില്ല. ഇല്ലത്തെ കുട്ടിയാണെന്ന പരിഗണനയില്‍ പൂജാരി കുഞ്ഞാത്തോലിനു കൊടുത്ത പൂക്കള്‍. താനതിലേക്ക് കൊതിയോടെ നോക്കുന്നത് കണ്ടാവണം നാലഞ്ച് പൂക്കള്‍ പുഞ്ചിരിയോടെ നീട്ടി അവള്‍ സൗഹൃദം സ്ഥാപിച്ചത്. പിന്നീടെന്നും, രവിയേട്ടന്റെ കൈ പിടിച്ചു ഈ വീട് വിടുന്നത് വരെ ഉമയുടെ സ്വന്തമായിരുന്നു കുഞ്ഞാത്തോല്‍. പിന്നെയെന്തുകൊണ്ടാണു തങ്ങളെ ദ്രോഹിക്കാന്‍ അവള്‍ വരുമെന്നു രവിയേട്ടന്‍ പറഞ്ഞത്? ഉമയ്ക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ആ ഓര്‍മ്മകളിലവളൊന്നു മയങ്ങി. ആ മയക്കത്തില്‍ ഒരു തിരശ്ശീലയിലെന്നവണ്ണം കുഞ്ഞാത്തോലിനെ അവള്‍ വീണ്ടും കണ്ടു. പക്ഷെ, താമരപ്പൂക്കള്‍ തനിക്ക് നേരെ നീട്ടിക്കൊണ്ട് ആ അഞ്ചുവയസുകാരി അമ്പലക്കുളത്തിലേക്കു താണുതാണപ്രത്യക്ഷമാവുന്നത് കണ്ട് ഉമ അലറിക്കരഞ്ഞുകൊണ്ടെഴുന്നേറ്റു. കണ്ണുതുറന്നപ്പോള്‍ തനിക്കു ചുറ്റും നിറഞ്ഞ ഇരുട്ടും രവിയുടെ നിശ്വാസങ്ങളും മാത്രമാണെന്ന് തിരിച്ചറിഞ്ഞ ഉമ പുറത്ത് മുഴങ്ങുന്ന പേടിപ്പെടുത്തുന്ന മുരള്‍ച്ച കേട്ട് ഭയപ്പാടോടെ, കണ്ണുകളടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here