കൊത്തിയരിഞ്ഞ തലയുമായി
ഒറ്റപ്പിലാവിന്നെന്‍റെ
മടിയിൽ പിടഞ്ഞിടുന്നു..
രക്തമിറ്റുന്ന മൌനവുമായി
ഉമ്മറപ്പടിയിലേക്കു
ഞാനതൊഴിച്ചീടുന്നു.
ത്രിശ്ശങ്കുവിലേറിയ
ബോധവുമായി
അകത്തളത്തിലേക്കൊതുങ്ങിടുന്നു.
ഉടലിൽ ഈർച്ചവാൾ കേറീടുമ്പോൾ
എന്റെ ഒറ്റപ്പിലാവ്
വേദനയാൽ നുറുങ്ങിടുന്നു…
കൈയ്യടർന്ന്, മെയ്യടർന്ന്
ഞരമ്പറ്റ്, ചോരചിന്തി
ആർത്തനാദം പൊഴിച്ചീടുന്നു..
നിലവിളി കേൾക്കവയ്യാതെ
ഞാൻ
കാതുകൾ രണ്ടും പറിച്ചെറിയുന്നു…
ഒഴിഞ്ഞ മുറ്റത്തെ മണ്ണിൽ
ഞാനെന്റെ
കണ്ണുകൾ തോണ്ടി കുഴിച്ചിടുന്നു…
ഒറ്റപ്പിലാവിന്റെ
പച്ചിലച്ചാർത്തുകൾ തന്നോർമ്മയിൽ
ഞാനെന്റെ ജീവനെ ബന്ധിച്ചിടുന്നു….
പിടയുന്നൂ ഞാനും
ഈയിരുട്ടിൽ
ഒറ്റപ്പിലാവിന്റെ തണലിനായി …
എന്നും
എന്റെ
ഒറ്റപ്പിലാവിന്റെ തണലിനായി….
കടപുഴക്കിയിട്ട വേരുകളിൽ
ഞാനെന്റെ
ജീവശ്വാസം പങ്കിടുന്നു…
വ്രണിതമാം മണ്ണിന്റെ മുറിവിനെ
മിഴിനീരിനാൽ നനച്ചു ഞാൻ
പുതുഹരിതകം പാകിടുന്നു…
കാത്തിരിപ്പാണ്…
കാത്തിരിപ്പാണെന്‍റെ ഒറ്റപ്പിലാവേ
നിന്റെ പുതുജന്മത്തിനായി…
കാത്തിരിപ്പാണ്…
കാത്തിരിപ്പാണെന്‍റെ ഒറ്റപ്പിലാവേ
നിന്റെ പുതുജന്മത്തിനായി…
സുനിത ഗണേഷ്
About The Author
No related posts.