മലയാള കവിതയിൽ പുതിയ ഒരു വസന്തം
തളിർക്കുന്നത്ഇടപ്പള്ളിയുടെയും ,ചങ്ങമ്പുഴയുടെയും കാലത്താണ്.
മലയാളത്തിലെ കവിത്രയങ്ങൾക്കു ശേഷം
കാല്പനികതയും,ഭാവുകത്വവും നിറഞ്ഞ ചങ്ങമ്പുഴക്കവിതകളുടെ തരംഗം അന്നത്ത തലമുറ
ഹൃദയത്തിലേക്ക്ഏറ്റുവാങ്ങി.
കവിതാസമാഹാരങ്ങളും.ഖണ്ഡകാവ്യങ്ങളും,നോവലുംഉൾപ്പെടെ അൻപത്തിയേഴ് കൃതികൾ പുറത്തു വന്നിട്ടുണ്ട്.
1936 ൽ പുറത്തു വന്ന ഭാവകാവ്യമാണ് രമണൻ.
അടുത്ത സുഹൃത്തായ കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയിൽ മനം നൊന്ത്
എഴുതിയ വിലാപകാവ്യമാണ് രമണൻ.ഈ ആംഗലേയസാഹിത്യത്തിൽ എലിജി എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ കാവ്യം
മധുരോധാരമായ നാടൻശീലുകളാൽ സമ്പുഷ്ടമാണ്.രമണൻറെ പ്രചാരം മലയാളകവിതയെയും അന്നു വരെയുള്ള ആസ്വാദനാഭിരുചികളെയും നിർണ്ണായകമായി സ്വാധീനിച്ചു.1936 ൽ ആദ്യമായി സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ശേഷം 51 പതിപ്പുകൾ പുറത്തിറങ്ങി.2003 ൽ പകർപ്പവകാശം ചങ്ങമ്പുഴയുടെ മകൾ
ലളിത ഡി.സി.ബുക്സിനു കൈമാറി.
കർണ്ണാനന്ദകരമായ സംഗീത മാധുര്യം,സരളമായ
പ്രതിപാദനശൈലി എന്നിവ രമണൻറെ പ്രത്യേകതയാണ്.പണ്ഡിതനിലും,പാമരനിലും
ഒരു പോലെ സ്വാധീനം ചെലുത്തിയ മറ്റൊരു
കൃതി മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു
തന്നെ സംശയമാണ്.
പരിഷ്കൃത ലോകത്തിൻറെ ആർഭാടങ്ങളിൽ
നിന്നകുന്നു ഗ്രാമീണജീവിതം നയിക്കുന്ന ഇടയയുവാവുമായി ഉന്നതകുല ജാതിയിലെ യുവതിയായ ചന്ദ്രിക പ്രണയത്തിലാകുന്നു.രമണൻറെ പ്രണയത്തെ
ബലപ്പെടുത്തുവാൻ മദനൻ എന്ന കഥാപാത്രവും,ചന്ദ്രികക്ക് തോഴി എന്നൊരു കഥാപാത്രവുമുണ്ട്.പിതാവിൻറെ തീരുമാനം
അനുസരിച്ച് നായിക മറ്റൊരു വിവാഹത്തിന്
നിർബന്ധിതയാകുന്നു.ചന്ദ്രികയെ നഷ്ടപ്പെട്ട രമണൻ മനം നൊന്ത് ആത്മഹത്യയിൽ അഭയം
തേടുന്നു.രമണൻറെ നിശ്ചലമായ ശരീരം കണ്ട
മദനൻറെ ആത്മവിലാപത്തിൽ കവിത അവസാനിക്കുന്നു.
മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങി മുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
സരളവും,വികാരതരളവുമായ ശൈലിയിലുള്ള
പ്രകൃതി വർണ്ണനകൾ ഈ ഖണ്ഡകാവ്യത്തിൻറെ
പ്രത്യേകതയാണ്.
കാനനഛായയിലാടു മേയ്ക്കാൻ
ഞാനും വരട്ടയൊ നിൻറെ കൂടെ..
മലയാളത്തിൻറെ ആർദ്രഭംഗിയുള്ള നാടൻ ചൊല്ലുകളാലും,പ്രാണൻ പിടയുന്നപോലുള്ള
അസഹനീയമായ ആത്മനൊമ്പരവും വരികളിൽ
ദർശിക്കാം.
ലോകം കണ്ട മികച്ച പ്രണയകാവ്യങ്ങളിലൊന്നായും
രമണനെ വിശേഷിപ്പിക്കാം.
വെണ്ണക്കുളിർക്കൽ വിരിപ്പുകളാൽ
കണ്ണാടിയിട്ട നിലത്തു നീളെ
ചെമ്പനിനീരലർ ചേവടികൾ
കല്ലിലും മുള്ളിലും വിന്യസിക്കാനാവില്ല
ഞാൻ സമ്മതമേകുകില്ല എന്ന് രമണനും
ജീവേശ നിൻ വഴിത്താരകളിൽ
പൂ വിരിക്കട്ടെ തരുനിരകൾ എന്ന് ചന്ദ്രികയും
മൊഴിയുമ്പോൾ ചങ്ങമ്പുഴയെ നക്ഷത്രങ്ങളുടെ
പ്രേമഭാജനം എന്നു വിളിക്കാതിരിക്കുവാൻ
എങ്ങനെ കഴിയും.
മാതാപിതാക്കളുടെ സന്തോഷങ്ങൾക്ക് വേണ്ടി
ബലിയാടായ ചന്ദ്രികയെ വിശ്വവിപത്തിൻറെനാരായവേരുകൾഎന്ന് വിശേഷിപ്പിക്കുന്നുണ്ട്.ചന്ദ്രികയുടെ മനസ്സ് കവി കാണാതെ പോയോ എന്നൊരു ശങ്ക ഇവിടെ
ഇല്ലാതില്ല.
ഗ്രാമീണാനുരാഗക്കഥയുടെ
പശ്ചാത്തലത്തിൽ സൗന്ദര്യം ചോരാതെ കഥാപാത്രങ്ങളെയും,ഭാവങ്ങളെയും സന്നിവേശിപ്പിക്കുവാൻ സാധിച്ചു എന്നതാണ് രമണൻറെ ഏറ്റവും വലിയ പ്രത്യേകത.
മഹാകാവ്യം എഴുതാതെ മലയാളം മഹാകവി
പട്ടം നൽകി ആദരിച്ച കവിയാണ് ചങ്ങമ്പുഴ.
മലയാളത്തിൻറെ ഓർഫിയസ് എന്നാണ് ഡോ .ലീലാവതി ചങ്ങമ്പുഴയെ വിശേഷിപ്പിച്ചിട്ടുള്ളത്.ശരീരം ഛിന്നഭിന്നമായി
തീർന്നതിന് ശേഷവും ശിരസ്സ് വീണയോടൊപ്പം
പാടിക്കൊണ്ട് നദികളിലൂടെ അലഞ്ഞ ഓർഫിയസിനെപ്പോലെ രമണനിലെ വരികൾ
ഇന്നും മലയാളികളുടെ മനസ്സിൽ അലയടിക്കുന്നു.
കാലത്തെ അതിജീവിച്ച്,പ്രണയത്തെക്കുറിച്ച്,
മനുഷ്യമനസ്സിൻറെ വിഹ്വലതകളെക്കുറിച്ച്
അമരനായി രമണൻ ഇന്നും പാടുന്നു.
ഭാഷക്ക് മരണമില്ലാത്തിടത്തോളം കാലം
മലയാളികളുടെ മനസ്സിൽ രമണനും,ചങ്ങമ്പുഴക്കും
മരണമില്ല.
About The Author
No related posts.