ട്രഷറിയിലേക്കുള്ള സിമന്റ് പടികൾ ശ്രദ്ധാപൂർവ്വം
കയറുകയായിരുന്നു രാമൻകുട്ടി നായർ.തലേന്നു
പെയ്ത മഴയുടെ വെള്ളവും ,മുറ്റത്തിനരികെ നിൽക്കുന്ന പേരറിയാത്ത മരം കൊഴിച്ച ഇലകളുമെല്ലാം ചേർന്ന് പടികൾ വല്ലാതെ തെന്നുന്നുണ്ട്.
” അച്ഛനീ പെൻഷൻ ബാങ്കിലേക്കാക്കിക്കൂടേ?”
“വയ്യാതെ എല്ലാ മാസവും എന്തിനാ മനുഷ്യാ ഇങ്ങനെ കഷ്ടപ്പെടുന്നത്?’
പെൻഷൻ വാങ്ങാനിറങ്ങുമ്പോൾ കേൾക്കാറുള്ള
സ്ഥിരം പല്ലവികൾ…
പടികൾ കയറാനുള്ള ബുദ്ധിമുട്ടേയുള്ളൂ.കയറിച്ചെന്നാൽ ‘പ്ലാറ്റ്ഫോറം’ പോലുള്ള ഇടമാണ്. ഒരു മേശയിട്ട് ചായയും ,ചെറുകടിയും ഒക്കെയായി ഒരു ലഘുഭക്ഷണശാല കുടുംബശ്രീക്കാർ അവിടെ നടത്തുന്നുണ്ട്.
കടുപ്പത്തിലൊരു ചായ കുടിച്ച് ഒന്നു റിലാക്സ് ചെയ്ത് പെൻഷനും വാങ്ങി മടങ്ങുന്നതിനൊരു സുഖമുണ്ട്.
മാത്രവുമല്ല പണ്ടു കൂടെ ജോലി ചെയ്തിരുന്നവരും,
മറ്റു വകുപ്പുകളിൽ നിന്നൊക്കെപെൻഷനായവരുമായ ഒരു പാടു
ചങ്ങാതിമാരുണ്ട് രാമൻകുട്ടി നായർക്കു ട്രഷറിയിൽ.
” സാറേ.അരിയറ് ബുക്കിൽ ചേർത്തിട്ടുണ്ടോന്നു നോക്കണേ”
“രാമൻകുട്ടി സാറു കഴിഞ്ഞ മാസം പതിവു തെറ്റിച്ചോ,മൂന്നാം തീയതിയല്ലേ വന്നത് .ഞാൻ
കണ്ടില്ലല്ലോ?
“ലീലാമ്മ ടീച്ചറുടെ കൊച്ചു മോളുടെ കല്യാണത്തിന്
ഒന്നിച്ചു പോകാംവിളിക്കണേ..
സ്നേഹത്തിന്റെ ഇഴയടുപ്പമുള്ള സൗഹൃദങ്ങളാണ്
ഇവിടെ എല്ലാവർക്കും തമ്മിൽ ഉള്ളത്.
മുഷിഞ്ഞ പകലുകളിൽ ടി.വി കണ്ട് മടുക്കുമ്പോൾ
കൊഴിഞ്ഞു വീണ ഔദ്യോഗിക ജീവിതത്തിന്റെ ഓർമ്മകളിലേക്കൊരു മടക്കയാത്ര.
സമപ്രായക്കാരുമായി കൂട്ടു കൂടുമ്പോൾ മനസ്സിൽ
നിറയുന്ന ഊർജ്ജം. അതൊന്നും പറഞ്ഞാൽ വീട്ടിലുള്ളവർക്ക് മനസ്സിലാവില്ല.
മരുമകൾ സ്വർണചിലപ്പോഴൊക്കെ കൂട്ടു വരുമായിരുന്നു. ഈയിടെയായി ആ കുട്ടി ഒഴിഞ്ഞു
മാറുകയാണ്. ചോദിച്ചാൽ ഓഫീസിൽ തിരക്കാണ്
എന്നു മറുപടി. അല്ലെങ്കിലും അവൾക്കിപ്പോൾ മെസേജോ,വാട്ട്സ് ആപ്പോ ഒക്കെയായി ഭർത്താവുമായി സല്ലപിച്ചിരിക്കാനേ നേരമുള്ളൂ
ആണും,പെണ്ണുമായി ഒറ്റ മകനേയുള്ളൂ രാമൻ കുട്ടി
നായർക്ക്. തിരുവനന്തപുരത്ത് സ്വകാര്യസ്ഥാപനത്തിലാണ് മകനു ജോലി .വിവാഹം കഴിച്ചിരിക്കുന്നതു രാമൻകുട്ടി നായരുടെ പെങ്ങൾ ശോഭിതയുടെ മകൾ സ്വർണയെ.ടൗണിൽ തന്നെയുള്ള പി.ഡബ്ള്യുയുഡി ഓഫീസിൽ ക്ലർക്കാണ് സ്വർണ.
തറവാട്ടു വീട്ടിൽ രാമൻ കുട്ടി നായർക്കും .ഭാര്യയ്ക്കും ഒപ്പമാണ് സ്വർണയും,മകൾ
മാളൂട്ടിയും .മകൻ എല്ലാ ആഴ്ചയും ജോലി സ്ഥലത്തു നിന്നും വന്നു പോകും.”നീയും കൂടെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം മേടിച്ചോ മോളേ” എന്നു പറഞ്ഞാൽ”വേണ്ടച്ഛാ അച്ഛനും
അമ്മയും ഒറ്റക്കാവില്ലേ ?” എന്നാണ് സ്വർണയുടെ
മറുപടി.വയസ്സായ മാതാ പിതാക്കളെ മക്കൾ തള്ളിപ്പറയുന്ന ഇക്കാലത്ത് ഭർത്താവിന്റെ അച്ഛന്റെയും,അമ്മയുടെയും ശുശ്രൂഷയ്ക്കായി
മരുമകൾ ചെലുത്തുന്ന ശ്രദ്ധ കാണുമ്പോൾ
പൂർവ്വ ജന്മ സുകൃതമാണെന്നു തോന്നാറുണ്ട്.
അല്ലലൊന്നുമില്ലാത്ത ജീവിതം
പോളിടെക്നിക്കിലെ ജോലിയിൽ നിന്നു വിരമിച്ചപ്പോൾ കിട്ടിയ ആനുകൂല്യങ്ങൾ കൊണ്ട്
റോഡരികിലുള്ള പുരയിടത്തിൽ അഞ്ചാറു
കടമുറികൾ പണിതു വാടകയ്ക്കു കൊടുത്തിട്ടുണ്ട്.
അത്യാവശ്യം കൃഷിയുമൊക്കെയായി ഭാര്യ കല്യാണിക്കും തിരക്കാണ്.
“ഹൊ,ഇപ്പം വീണേനെ”
ചായ കുടിച്ചു കൊണ്ടിരുന്നവരിൽ നിന്നു ഭീതി നിറഞ്ഞ ശബ്ദം ഒന്നിച്ചുയർന്നു.ഓരോന്നും ചിന്തിച്ചു പടി കയറുന്നതിനിടയ്ക്കു ശ്രദ്ധ പാളി.
കാലു വഴുക്കി വീഴേണ്ടതായിരുന്നു.ഭാഗ്യത്തിന്
ആരോ പിടിച്ചു.
“ചേട്ടാ എന്തേലും പറ്റിയോ”
“ഇല്ല,ഇല്ല”
അപ്പോഴാണു ശ്രദ്ധിച്ചത്.കാഴ്ചയിൽ കുലീനത്വം
തോന്നിക്കുന്ന ഒരു സ്ത്രീയാണ് തന്നെ പിടിച്ചിരിക്കുന്നത്. നാൽപത്തി രണ്ടു നാൽപത്തിമൂന്നു വയസ്സു തോന്നിക്കും.
“ചേട്ടന്പോളിലെ ഓഫീസിലല്ലായിരുന്നോ ജോലി?
എന്റെ ചിറ്റപ്പനവിടെപ്രിൻസിപ്പലായിരുന്നു. ഒരിക്കലവിടെ വന്നപ്പോൾ കണ്ടിട്ടുണ്ട്.
” ലക്ഷ്മണൻപിള്ള സാറിൻെറയാണോ?”,
“ങ്ങ,ഭാര്യേടെ ചേച്ചീടെ മോളാ”
“ഇവിടെ?”
അച്ഛന്റെ പെൻഷൻ വാങ്ങാൻ വന്നതാ.നടക്കാനുള്ള
ബുദ്ധിമുട്ടു കൊണ്ട് എന്റെ പേരിൽ ചെക്ക് തന്നു വിടും.
“ഇയാൾക്ക് ജോലിയുണ്ടോ”
“ഇല്ല.പി എസ് സി ലിസ്റ്റിലൊക്കെ കേറിപ്പറ്റീതാ.പിന്നെയീ സംവരണോം ഒക്കെ വന്നപ്പം
വീട്ടിലിരിക്കാനായിരുന്നു യോഗം.ഹസ്ബൻഡ് ഗൾഫിലാ.രണ്ടു പെൺ..
വിടുന്ന ലക്ഷണമില്ല
” എന്നാ ഞാൻ ടോക്കണെടുക്കട്ടെ”
“അയ്യോ ദാ എന്റെ കയ്യിൽ ഒന്നൂടൊണ്ടെന്നേ.അടുത്തുള്ള ഒരു ടീച്ചർ വരാറുണ്ട്.വന്നാൽ കൊടുക്കാമെന്നു കരുതി എടുത്തതാ”
തിക്കും തിരക്കും ഒഴിവാക്കാൻ ക്രമനമ്പറും,ലഭ്യമാകുന്ന കൗണ്ടറും മുദ്രണം ചെയ്ത കാർഡുകൾ ഇട്ടിരിക്കുന്ന പെട്ടിയിൽ നിന്നും പരിചയക്കാർക്കുള്ളത് ആദ്യം വരുന്നവർ
എടുത്തു മാറ്റി വയ്ക്കുന്നത് പതിവാണ്.രാമൻ കുട്ടി
നായർക്ക് ആ പ്രവണതയോട് എതിർപ്പാണ്.
“അതവർക്കു തന്നെ കൊടുത്തേക്ക്ഞാൻ വേറെ
എടുത്തോളാം.
കണ്ടിട്ട് പാവമാണെന്നൊക്കെ തോന്നുന്നു.
പക്ഷേ അപരിചിതരോട് പെട്ടെന്ന് അടുക്കുന്ന
ശീലം ഇല്ല.
About The Author
No related posts.