കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-26

Facebook
Twitter
WhatsApp
Email

അലറിവിളിച്ച് സംഹാരരുദ്രയായി തന്നെ സമീപിച്ച കുഞ്ഞാത്തോലിന്റെ കണ്ണുകളിലെ പ്രതികാരാഗ്‌നിയില്‍ വാര്യര്‍ പൊള്ളിപ്പിടഞ്ഞു. ജീവിതം മടുത്തു. അല്ലെങ്കില്‍ത്തന്നെ ഇനിയെന്തുണ്ട് മിച്ചം? ഉമയ്ക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. ഇന്നിപ്പോള്‍ കുറ്റവാളിയെന്ന് മുദ്രകുത്തി അവള്‍ തന്നെ സ്വന്തം പിതാവിന്റെ വിധി നിര്‍ണ്ണയിച്ചു.

‘നിത്യവും ചെയ്യുന്ന കര്‍മഗുണഫലം
കര്‍ത്താവൊഴിച്ച് മറ്റന്യന് ഭുജിക്കുമോ?’

അക്കരെക്കാവില്‍ നിന്നും അപ്പോഴും ഒഴുകിവരുന്ന രാമായണത്തിന്റെ ഈരടികള്‍ കാതില്‍പ്പതിക്കുന്നു. ജീവനോടുള്ള അഭിവാഞ്ജ അശേഷം നഷ്ടപ്പെട്ട അയാള്‍ തന്റെ അന്ത്യം മനസാവരിച്ച് കണ്ണുകളടച്ചു കിടന്നു.

ഉമ ഹോമകുണ്ഡത്തിനു സമീപം വെറും നിലത്ത് കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം തിരുകി കരച്ചിലടക്കാന്‍ പാടുപെട്ടു. കിഴക്കേടത്ത് മൂസ്സും സൂര്യദേവന്‍ തിരുമേനിയും അപ്പോഴും മൗനമായി ഭദ്രകാളി ഗായത്രിമന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. ബ്രാഹ്മണ യുവതിയായിരുന്ന കുഞ്ഞാത്തോല്‍, വാര്യരുടെ ഒരുതുള്ളി രക്തമെങ്കിലും ചിന്തുന്ന അവസ്ഥയുണ്ടായാല്‍ പിന്നെ സാത്വികത്വം വെടിഞ്ഞ് ബ്രഹ്മരക്ഷസ്സായി മാറാനും സാധ്യതയുണ്ട്.

വന്യമായി മുരണ്ടുകൊണ്ട് അതിഗൂഢമായ ആനന്ദത്തോടെ വാര്യരെ ഒന്നുനോക്കി, കുഞ്ഞാത്തോല്‍ തന്റെ വലതുകാല്‍ ഉയര്‍ത്തിയതും അതിശക്തമായ ഇടിയും മിന്നലും അലറിക്കരയുന്ന പക്ഷിമൃഗാദികളുടെ ശബ്ദവും മുഴങ്ങി. വാര്യരുടെ നെഞ്ചില്‍ ഭീമാകാരരൂപിയായ കുഞ്ഞാത്തോലിന്റെ തൂണ് പോലെ ഭാരമേറിയ കാല്‍ പതിക്കുന്നതിനൊരു നിമിഷം മാത്രം ബാക്കി നില്‍ക്കേ കുഞ്ഞാത്തോലിന്റെ മുരള്‍ച്ചയുടെ ശബ്ദം നിലച്ചു. വാര്യരുടെ കഥ കഴിഞ്ഞെന്ന് കരുതി ഒന്നു സംശയിച്ച് തിരിഞ്ഞുനോക്കിയ രവി കണ്ടത് ഉയര്‍ത്തിയ കാല്‍ അങ്ങനെതന്നെ വച്ച് തുറിച്ച കണ്ണുകളാല്‍ എമ്പാടും ഉറ്റുനോക്കുന്ന കുഞ്ഞാത്തോലിനെയാണ്.

പതിഞ്ഞ സ്വരത്തില്‍ ‘അമ്മേ’ യെന്ന് കര്‍ണ്ണപുടത്തില്‍ അലയടിക്കുന്ന ഒരു മധുരശബ്ദം.

അനിര്‍വ്വചനീയമായൊരു അനുഭൂതി പകര്‍ന്ന് ആ ശബ്ദം തന്നിലേക്കൊഴുകി വരുന്നത് പോലെ… എവിടെ നിന്നാണതെന്ന് കുഞ്ഞാത്തോല്‍ ആകാംക്ഷയോടെ പരതവേ, ദേവൂട്ടിയുടെ വിളിയൊച്ച രവിയും കേട്ടു. അബോധാവസ്ഥയില്‍ കിടന്നിരുന്ന ദേവൂട്ടിയ്ക്ക് ബോധം വന്നു തുടങ്ങിയിരിക്കുന്നു.

അന്തരീക്ഷത്തില്‍ പൊടുന്നനെയുണ്ടായ ശാന്തഭാവത്തില്‍ വാര്യരുടെ മരണം സംഭവിച്ചെന്ന് തന്നെ മൂസ്സും തിരുമേനിയും വിനയനും കരുതി. ഹോമപ്പുരയ്ക്കു പുറത്തേക്ക് നോക്കിയ അവര്‍ക്കും ആ കാഴ്ച വിശ്വസിക്കാനായില്ല. അല്‍പം മുന്‍പുവരെ സംഹാരരുദ്രയായി അലറിവിളിച്ച് നിന്നിരുന്ന കുഞ്ഞാത്തോലിതാ ഒരു കരിങ്കല്‍ ശില്‍പം പോലെ ഉയര്‍ത്തിയ കാലുമായി സ്വച്ഛന്ദഭാവത്തില്‍, എന്തിലോ ലയിച്ചെന്ന മട്ടില്‍ നില്‍ക്കുന്നു. മൂസ്സ് കൂപ്പുകൈകളുമായി ഹോമപ്പുരയ്ക്ക് പുറത്തേക്ക് ചെന്നു. ഒരു ലക്ഷം ഉരു യക്ഷിണീമന്ത്രം ഉരുക്കഴിച്ചിട്ടും അടങ്ങാത്ത കുഞ്ഞാത്തോല്‍ ഇതാ ശാന്തസ്വരൂപിണിയായി മുന്നില്‍. ഈ അത്ഭുതകരമായ മാറ്റത്തിനു പിന്നില്‍ എന്താണെന്ന് അദ്ദേഹം അമ്പരന്നു. രവി വിനയനെ സമീപിച്ച് ദേവുവിന്റെ ശബ്ദമാണ് ഈ മാറ്റത്തിനു കാരണം എന്നറിയിച്ചു.

കുഞ്ഞാത്തോല്‍ വീണ്ടും ചുറ്റുപാടും തിരഞ്ഞുകൊണ്ടേയിരുന്നു. ‘അമ്മേ’ എന്നുള്ള ഒറ്റവിളിയില്‍ തന്നിലെന്തൊക്കെയോ പരിവര്‍ത്തനങ്ങള്‍ നടന്നതുപോലെ അവള്‍ക്കും അനുഭവപ്പെട്ടു. അമാനുഷികമായ ശക്തി ക്ഷയിച്ച് താന്‍ ഒരു പഞ്ഞിത്തുണ്ട് പോലെ പറന്നുവീഴുന്നുവോ? അവള്‍ ഉയര്‍ത്തിയ കാല്‍ പിന്നിലേക്ക് വച്ച് നിലത്ത് മുട്ടുകുത്തി. കര്‍ണ്ണപുടങ്ങളില്‍ അലയടിക്കുന്ന അമ്മേ വിളിയില്‍ അസ്വസ്ഥയായെന്നവണ്ണം കുഞ്ഞാത്തോല്‍ കാതുകള്‍ പൊത്തി. കണ്ണുകളില്‍ അപ്പോഴും തിരയുന്ന ഭാവം. വിനയന് ഇനിയും പിടിച്ചു നില്‍ക്കാനായില്ല.

‘കുഞ്ഞൂ… നമ്മുടെ കുഞ്ഞ്. അവളാണ് നിന്നെ വിളിക്കുന്നത്’ ദേവു കിടക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി വിനയന്‍ വിളിച്ചുകൂവി. ഇനിയെന്തുണ്ടാവും എന്ന് എല്ലാവരും സ്തബ്ധരായി നോക്കി നില്‍ക്കേ കുഞ്ഞാത്തോല്‍ ഹോമപ്പുരയുടെ സമീപം വന്നെങ്കിലും ഉള്ളിലേക്ക് കടക്കാനാവാതെ നിസ്സഹായയായി നിന്നു.

മൂസ്സിന്റെ മനക്കണ്ണില്‍ കുഞ്ഞാത്തോലിന്റെ വൈഷമ്യം തെളിയുന്നുണ്ടായിരുന്നു. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ കരുതിയ കൂട്ടുകാരിയുടെ മോക്ഷത്തിനുവേണ്ടി സ്വന്തം പിതാവിനെ ബലികഴിക്കാന്‍ അനുവദിച്ചവളാണ് ഉമ. അവളുടെ അനുവാദമില്ലാതെ ദേവുവിനെ കാണാനാവില്ല കുഞ്ഞാത്തോലിന്. ഉമയെന്ന മകളുടെ, അമ്മയുടെ സ്വാര്‍ത്ഥലേശമില്ലാത്ത സ്‌നേഹത്തിന്റെ പ്രഭാവത്തിന് മുന്നില്‍ ഒരു ശക്തിക്കും ജയിക്കാനാവില്ല.

ഇത്തവണയും മൂസ്സ് തന്നെ ഉമയോട് സംസാരിക്കാന്‍ തീരുമാനിച്ചു. മൂസ്സ് വിളിച്ചപ്പോള്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ നിന്നും കരഞ്ഞുതളര്‍ന്ന മുഖമുയര്‍ത്തിയ ഉമ അച്ഛന്‍ ജീവനോടെയുണ്ടെന്ന വിവരം കേട്ട് അവിശ്വനീയതയോടെ അദ്ദേഹത്തെ ഉറ്റുനോക്കി. ദേവുവിനെ ഒരുവട്ടം കാണാന്‍ കുഞ്ഞാത്തോലിനെ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ ഉമ നഖശിഖാന്തം എതിര്‍ത്തു.

‘ദേവുവിന്റെ ജീവനൊരാപത്തും ഉണ്ടായിക്കൂടാ’. അവള്‍ തേങ്ങിക്കരഞ്ഞു. ദേവുവിനപകടമൊന്നും വരുത്താതെ രക്ഷിച്ചുകൊള്ളാമെന്ന് മൂസ്സ് വാക്കുകൊടുത്തപ്പോള്‍ രവിയുടെയും വിനയന്റെയും നിര്‍ബന്ധത്തിനു വഴങ്ങി ദേവുവിനെ കുഞ്ഞാത്തോലിനു കാട്ടിക്കൊടുക്കാന്‍ അവള്‍ സമ്മതിച്ചു.

മയക്കത്തിലാഴ്ന്നു കിടക്കുമ്പോഴും അമ്മേയെന്ന് മൃദുവായി മന്ത്രിച്ചു കൊണ്ടിരുന്ന ദേവുവിന്റെ നെറ്റിയില്‍ ചുംബിച്ച് മിടിക്കുന്ന നെഞ്ചോടെ ഉമ അവളെ വിനയനു കൈമാറി. ‘മനസ് കൊണ്ടൊരമ്മയായവളാണ് കുഞ്ഞാത്തോല്‍. അവളിലെ മാതൃത്വത്തെ വിശ്വസിക്കാം.’ ഉമയുടെ മനസ്സ് പറഞ്ഞു.

ഹോമപ്പുരക്ക് പുറത്ത് വെറും നിലത്ത് ചമ്രം പടഞ്ഞിരുന്ന കുഞ്ഞാത്തോലിന്റെ മടിയിലേക്ക് വിനയന്‍ ദേവൂട്ടിയെ കിടത്തി. അടുത്തനിമിഷം കുഞ്ഞാത്തോല്‍ ക്രൂരമായൊന്ന് പൊട്ടിച്ചിരിച്ചപ്പോള്‍ ദേവുവിനെ അവളെ ഏല്‍പിച്ചത് ബുദ്ധിമോശമായോ എന്നവര്‍ ശങ്കിച്ചു. തൊട്ടടുത്ത നിമിഷം ചിരി നിര്‍ത്തി അസഹ്യമായ മനോവേദനയിലെന്നവണ്ണം അവള്‍ പൊട്ടിക്കരഞ്ഞു. ദേവുവിന്റെ മുടിയിലും കവിള്‍ത്തടങ്ങളിലും തഴുകി നെറ്റിയില്‍ ചുണ്ടമര്‍ത്തി മാറോട് ചേര്‍ത്താശ്ലേഷിച്ച് ആനന്ദനിര്‍വൃതിയില്‍ സ്വയം മറന്ന് കുഞ്ഞാത്തോല്‍ ഇരുന്നു. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി ഉമയെന്ന അമ്മ അത് നോക്കിനിന്നു.

ദേവൂട്ടിയുടെ മൂര്‍ദ്ധാവില്‍ പുല്‍കിചുംബിച്ച കുഞ്ഞാത്തോലിന്റെ മുഖത്തെ ഭാവഭേദങ്ങള്‍ ഏതൊരുവന്റെയും മനസലിയിക്കാന്‍ പോന്നതായിരുന്നു. മാതൃവാത്സല്യത്തിന്റെ മൂര്‍ത്തീഭാവമായി മാറിയ ആ രക്ഷസിനെ ആവാഹനമന്ത്രത്തില്‍ വീഴിക്കാന്‍ എളുപ്പമാണിപ്പോള്‍. പക്ഷേ അങ്ങനെയൊരു ചിന്ത പോലും മൂസ്സിലോ തിരുമേനിയിലോ ഉണ്ടായില്ല, മറിച്ച് ഒരു അമ്മയ്ക്ക് മകളെ കാണാനവസരമൊരുക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണവര്‍.

ദേവുവിന്റെ മുഖം വാത്സല്യപൂര്‍വ്വം ഉഴിഞ്ഞിരുന്ന കുഞ്ഞാത്തോലിന്റെ കൈകള്‍ പൊടുന്നനെ നിശ്ചലമായി. അടുത്ത നിമിഷം അവള്‍ അന്തരീക്ഷത്തിലേക്ക് കൈകള്‍ നീട്ടിയപ്പോള്‍ മിന്നാമിനുങ്ങ് പോലെ തിളക്കമുള്ളൊരു വസ്തു കുഞ്ഞാത്തോലിന്റെ കൈക്കുമ്പിളില്‍ നിന്നും അന്തരീക്ഷത്തിലേക്കുയര്‍ന്നു പൊങ്ങി.

പേടിച്ചരണ്ട മുഖവുമായി അടുത്ത് ചെന്ന വിനയനോട് അവള്‍ പറയുന്നത് എല്ലാവരും കേട്ടു.

‘നമ്മുടെ കുഞ്ഞിന്റെ ആത്മാവിനെ സ്വതന്ത്രയാക്കി. ഇനിയിവള്‍ ഉമയുടെ മാത്രം കുഞ്ഞാണ്.’

കുഞ്ഞൂ…! അവളുടെ സ്‌നേഹമസൃണമായ ശബ്ദം വീണ്ടും കേള്‍ക്കാനിടയായതിന്റെ വികാരമൂര്‍ച്ചയില്‍ വിനയന്‍ കരഞ്ഞു.

‘പോവാറായി എനിക്ക്…കറുത്തപക്ഷം കഴിയുന്നു. സന്തോഷമായി, മനസ്സ് നിറഞ്ഞാണ് ഞാന്‍ പോവുന്നത്…’ അവളുടെ ശബ്ദം മൃദുവായി എല്ലാ കാതുകളിലുമെത്തി.

‘ഇനിയൊന്നുണരുമ്പോള്‍ കുട്ടിയ്‌ക്കൊന്നുമോര്‍മ്മയുണ്ടാവില്ല. ഇവള്‍ വളര്‍ന്ന് മിടുക്കിയാവും’.

പിന്നെ വാര്യരെ ഒന്നു നോക്കി കുഞ്ഞാത്തോല്‍ വലതുകയ്യ് നീട്ടി. അടുത്ത നിമിഷം മൃതശരീരം പോലെ കിടന്നിരുന്ന വാര്യരില്‍ അനക്കം വച്ചു തുടങ്ങി. കൈകള്‍ അനക്കാമെന്നായപ്പോള്‍ അയാള്‍ കുഞ്ഞാത്തോലിനു നേരെ കൈ കൂപ്പി.

കുഞ്ഞാത്തോല്‍ ഹോമപ്പുരയ്ക്ക് പുറത്ത് മുറ്റത്ത് നിന്ന് ആകാശത്തേക്ക് നോക്കി കൈകള്‍ കൂപ്പി. മേഘങ്ങള്‍ പൊട്ടിയൊഴുകിയതുപോലെ പെയ്ത പേമാരിയില്‍ മുറ്റമാകെ വെള്ളം നിറഞ്ഞു. അമ്പരന്ന് നോക്കി നിന്ന എല്ലാവരും പിന്നെക്കണ്ടത് കൂലംകുത്തിയൊഴുകിയ മഴയില്‍ കുഞ്ഞാത്തോലിന്റെ ശരീരം അലിഞ്ഞുചേരുന്നതായിരുന്നു. അവര്‍ പ്രാര്‍ത്ഥനകളോടെ വീണ്ടും കണ്ണുകള്‍ തുറന്നപ്പോള്‍ വെള്ളമോ കുഞ്ഞാത്തോലോ മുറ്റത്തുണ്ടായിരുന്നില്ല, എന്നുമാത്രമല്ല മണ്ണു പോലും നനഞ്ഞിരുന്നുമില്ല, പക്ഷെ നിലാവും നക്ഷത്രങ്ങളും മേഘങ്ങളുമൊഴിഞ്ഞ വിഹായസ്സില്‍ പുതിയൊരു വാല്‍നക്ഷത്രം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു!

 

About The Author

Leave a Reply

Your email address will not be published. Required fields are marked *