LIMA WORLD LIBRARY

കേരളത്തിലെ ഗ്രാമീണ സുന്ദരിമാർ പ്രദർശന വസ്തുക്കളല്ല. – കാരൂർ സോമൻ, ലണ്ടൻ


പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ നടപടി സ്വാഗതാർഹമെന്ന് പൊതു പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. ജോൺസൻ വി.ഇടിക്കുള രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിന് കിട്ടിയ അംഗീകാരം  ഇന്ത്യൻ പെൺകുട്ടികൾക്ക് ഒരാശ്വാസമായി. ഇന്ത്യയിലെ പെൺകുട്ടികൾ ശൈശവ പ്രായം മുതൽ സ്വന്തം കുടുംബത്തിൽ നിന്നുവരെ പീഡനങ്ങൾ ഏറ്റുവാങ്ങുന്നവരും അസ്വാതന്ത്ര്യത്തിൽ കഴിയുന്നവരുമാണ്.  അവരെ നിയന്ത്രിക്കുന്നത് മത രാഷ്ട്രീയ ശക്തികളാണ്. ഒരു സിനിമയുടെ തിരക്കഥപോലെ പെൺകുട്ടികളെ ഈ കൂട്ടർ ഒരു അസംസ്കൃത വസ്തുവായി വിറ്റഴിച്ചു കാശുണ്ടാക്കുന്നു അല്ലെങ്കിൽ ദാമ്പത്യ ജീവിതം താറുമാറാക്കുന്നു.    അത് കച്ചവട സിനിമ ദാമ്പത്യ തകർച്ചപോലെ വിവാഹ ജീവിതത്തിലുമെത്തുന്നു.  അസംതൃപ്തിയുള്ള  ദാമ്പത്യ ജീവിതം ദുരന്ത കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. എല്ലാം പ്രപഞ്ച ജീവികളും ജീവിക്കുന്നത് പ്രണയത്തിലാണ്. വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പെൺകുട്ടികൾ ആ പ്രണയത്തിൽ വീർപ്പുമുട്ടുകയാണ്. ഇന്ത്യയിലെ ഭൂരിഭാഗം പെൺകുട്ടികളും സ്ത്രീകളും അടിമകളായി പുരുഷന്റെ താളത്തിന് തുള്ളുന്ന ചട്ടുകങ്ങളായി മാറുന്നു. കേന്ദ്ര സർക്കാർ സ്ത്രീകളുടെ പൗര അവകാശത്തിന് ഊന്നൽ കൊടുക്കുമ്പോൾ മത രാഷ്ട്രീയ തല്പര സ്വാർത്ഥർ അതിന് തുരങ്കം വെക്കുന്നത് നന്നല്ല. പതിനെട്ടിൽ നിന്ന് ഇരുപത്തിയൊന്നിലേക്ക് പോകുമ്പോൾ ജനപെരുപ്പം കുറയുക മാത്രമല്ല പെൺകുട്ടികൾ ശാരീരികമായി പീഡിപ്പിക്കപ്പെടില്ല. അവരുടെ സ്വന്തം കാലിൽ നിൽക്കാൻ അവരെ അനുവദിക്കുക.  കന്യാസുഗന്ധം ലഹരിയായി കാണുന്നവർ മണലാരണ്യ മനസ്സുള്ളവരാണ്.  അവരുടെ കൈകളിൽ പെൺകുട്ടികൾ അകപ്പെട്ടാൽ അവരുടെ സ്വപ്നങ്ങൾ മണലാരണ്യങ്ങളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നതും മിഴികൾ നിറഞ്ഞൊഴുകുന്നതും നമ്മൾ തിരിച്ചറിയണം.

ആഫ്രിക്ക പോലുള്ള ദരിദ്ര രാജ്യങ്ങളിലാണ് സ്ത്രീകൾ കൂടുതൽ പീഡിപ്പിക്കപ്പെടുന്നത്. അവിടെ വിവാഹത്തിന് കൈമാറുന്നത് മൃഗങ്ങളെയാണ്. അല്ലാതെ പൊന്നും പണവുമല്ല. അറേബ്യൻ നാടുകളിൽ പുരുഷനല്ല ധനം കൊടുക്കുന്നത് സ്ത്രീകൾക്കാണ്. ഇന്ത്യയെപ്പോലെ  വിദ്യയിലും സംസ്കാരത്തിലും വളരാത്ത  ഈ രാജ്യങ്ങൾ  സ്ത്രീകളെ ധനമായി കാണുന്നു. സ്ത്രീകളെ സ്വന്തമാക്കാൻ ധനമില്ലത്ത പുരുഷന്മാരുടെ എണ്ണം ഈ രാജ്യങ്ങളിൽ കൂടിക്കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളിൽ, പാശ്ചാത്യ രാജ്യങ്ങളിൽ  പെൺകുട്ടികൾ സ്വതന്ത്രരാണ്. അവരെ വിവാഹത്തിന് ആരും പ്രേരിപ്പിക്കാറില്ല. അവരുടെ ഇച്ഛക്ക് വിടുന്നു. അതിൽ ചിലത്  കടിഞ്ഞാണില്ലാത്ത കുതിരയെപോലുള്ള ദാമ്പത്യ ജീവിതങ്ങളാണ്. നമ്മെപോലെ നല്ല ദാമ്പത്യ ജീവിതം നയിക്കുന്നവരുമുണ്ട്.       ഇന്ത്യയിൽ വിവാഹത്തിന്  താല്പര്യമില്ലാത്ത, തുടർ പഠനം ആഗ്രഹിക്കുന്ന, സ്വന്തം കാലിൽ നിൽക്കാൻ ഒരു തെഴിലിനായി കാത്തിരിക്കുമ്പോഴാണ് കറവ പശുക്കളെപോലെ  പെൺകുട്ടികളെ മാനസിക പിരിമുറുക്കത്തിലെത്തിച്ചുകൊണ്ട് വിവാഹ മണ്ഡപത്തിലേക്ക് നയിക്കുന്നത്. ഇത് ഭാവിയിലേക്കുള്ള അവരുടെ ജീവിത ചിറകുകൾ അരിഞ്ഞുവീഴ്ത്തുന്നതിന് തുല്യമാണ്. ഇവിടെ  വിവാഹ മോചന കേസുകൾ നിത്യവുമുണ്ടാകുന്നതിന്റെ പ്രധാന കാരണം അന്ധവിശ്വാസങ്ങൾ, അറിവില്ലായ്‍മ, പരസ്പര ബഹുമാനമില്ലാത്തത്, ആത്മ സ്‌നേഹമില്ലാത്തത്, അഹന്ത, അഹംങ്കാരം,  മാതാപിതാക്കൾ, മതം, രാഷ്ട്രീയം മുതലായവയാണ്. ദാമ്പത്യ ജീവിതത്തിൽ ഒരു കമ്പോള സംസ്കാരം വളരുന്നു. അതിന് പാശ്ചാത്യരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇന്ത്യൻ സ്ത്രീകളെ കറവ പശുക്കളെപോലെ  അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നവർക്ക് ബോധവൽക്കരണ ക്ലാസുകൾ നല്ലതാണ്.

ഒരു സിനിമ തിരക്കഥയുടെ രൂപ രേഖപോലെ  പാവം പെൺകുട്ടികളുടെ ജീവിതത്തെ മാതാപിതാക്കൾ, സാമൂഹ്യ പരമ്പരാഗത വിശ്വാസങ്ങൾ തകർക്കുന്നു.  ഇന്ത്യയിൽ സ്ത്രീകൾക്ക് വേണ്ടുന്ന പരിഗണന, അവകാശ  സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ഇവർ പതിനാറാം നുറ്റാണ്ടിലേക്ക് പെൺകുട്ടികളെ നയിക്കുന്നു.  പെൺകുട്ടികളുടെ അവകാശത്തിനൊപ്പം നിൽക്കാതെ ജാതി മത രാഷ്ട്രീയത്തിലെ ഒരു കൂട്ടർ ഹൃദ്യമായ തീരുമാനമില്ലാതെ ഒളിത്താവളങ്ങളിലിരുന്ന് ആദർശങ്ങളുടെ നേരിയ സുഗന്ധം പുരട്ടി തെറ്റായ ദിശയിലേക്ക് സമൂഹത്തെ വഴി നടത്തുന്നു.  ഇവർ സമൂഹത്തിന്റ വളർച്ച ആഗ്രഹിക്കുന്നവരല്ല.  ഇവർ പുരോഗമനവാദികളെന്ന്  വീമ്പിളക്കുന്നുണ്ടെങ്കിലും ശാസ്ത്ര സാങ്കേതിക വളർച്ചക്കൊപ്പം ഇവർ വളർന്നിട്ടില്ല. അതിനാലാണ് ഒരു പെൺകുട്ടിയുടെ വളർച്ചയും വികാസവും അവകാശങ്ങളും ഇവർ തിരിച്ചറിയാത്തത്.   ഒരു കുടുംബത്തിലെ ആൺകുട്ടികൾക്കുള്ള അവകാശം പോലെ പെൺകുട്ടികൾക്കും അവകാശങ്ങളുണ്ട്.  അവിടെ പെൺകുട്ടികൾക്ക്  മാത്രം  ഏറ്റക്കുറച്ചിലുകൾ, വേലിക്കെട്ടുകൾ എന്തിനാണ്?   ഇന്ത്യയിലെ പെൺകുട്ടികൾ ഗത്യന്തരമില്ലതെ വിവാഹ കമ്പോളത്തിലെ ആടുമാടുകളായി വില്പന കമ്പോളത്തിൽ നിൽക്കുമ്പോൾ കേരളത്തിലെ പാർട്ടി  സാംസ്‌കാരിക നായകരുടെ പ്രതിപത്തി ആർക്കൊപ്പമാണ്? പെണ്കുട്ടികൾക്കൊപ്പമോ അതോ രാഷ്ട്രീ പാർട്ടികൾക്കൊപ്പമോ? മലയാള മണ്ണിന്റെ മാദകസൗന്ദര്യം തുളുമ്പുന്ന കന്യകമാർ മണിയറയിൽ നിന്ന്  അണിയറയിലേക്ക് കടന്നു വരിക. നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടുക. സർഗ്ഗ ധനരായ എഴുത്തുകാർ, സത്യവും നീതിയും ആഗ്രഹിക്കുന്നവർ  നിങ്ങൾക്കൊപ്പമുണ്ട്.
…………………………………………….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts