LIMA WORLD LIBRARY

പറക്കാന്‍ പഠിക്കുന്നവര്‍ – ഉദയചന്ദ്രന്‍ (Udayachandran)

‘അമ്മേ, ഇത് നോക്കൂ, ഇത് നോക്കൂ’, പറക്ക മുറ്റാത്ത കുഞ്ഞിപ്പക്ഷി തിടുക്കത്തോടെ ചൊല്ലി.

‘ആ കുട്ടി പറക്കാന്‍ പഠിക്ക്യാ ന്നു തോന്നുണൂ. ബാല്‍ക്കണീന്നു ചാടാന്‍ തെയ്യാറായി നിക്കണ മാതിരി ണ്ടല്ലോ. അമ്മ ഇനിക്ക് പറഞ്ഞു തരണ പോലെ കൈയുയര്‍ത്തി കുതിക്കാന്‍ നിക്കണ് ണ്ട്. ഒറ്റ വിത്യാസം. എനിക്കമ്മ പറഞ്ഞു തരുമ്പോ, അമ്മ കൂടെണ്ടാവും. ഇതിലിപ്പോ ആരേം കൂടെ കാണിണില്ല്യല്ലോ, അമ്മേ.’

അമ്മപ്പക്ഷി അപ്പോഴാണത് ശ്രദ്ധിച്ചത്. ശരിയാണ്. താന്‍ കൂടു കൂടിയിരിക്കുന്ന എട്ടാം നമ്പര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുട്ടിയാണത്. സജിത്!

കോളേജില്‍ ഇക്കഴിഞ്ഞ കൊല്ലമല്ലേ അവന്‍ ചേര്‍ന്നത്. നല്ല ഉല്ലാസവാനായി നടന്നിരുന്ന കുട്ടിയല്ലേ. എന്താണിതിപ്പോള്‍, ഇവന്?

അമ്മക്കിളി നടുക്കത്തോടെ കണ്ണ് തിരിക്കുന്നതിന്റെ ഉള്ളില്‍ സജിത് കുതിച്ചു. കൈ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചുകൊണ്ടു താഴോട്ടു സജിത് പതിക്കുന്നതിനിടയില്‍, കുഞ്ഞിക്കിളി വീണ്ടും അമ്മയോട് സംശയങ്ങളുമായി വന്നു,
‘പറയൂ അമ്മെ, എന്താ ആ കുട്ടിക്ക് പറക്കാന്‍ ആവാഞ്ഞ്? കയ്യ് കുറച്ചൂടെ വേഗത്തില്‍ അടിച്ചാ പറക്ക്വായിരുന്നോ? താഴെ വീണാ വേദനിക്കില്ല്യേ, അമ്മേ? ചത്തുപോവില്ലേ?’

കുഞ്ഞിനെ ചേര്‍ത്തു പിടിച്ച്, അവള്‍ കാണാതെ കണ്‍കോണില്‍നിന്നു ഒരു കണ്ണീര്‍ക്കണം ഉതിര്‍ത്തുകൊണ്ട്, ഒരു നിശ്വാസം വിട്ടുകൊണ്ട്, അമ്മക്കിളി പറഞ്ഞു,
‘മനുഷ്യര്‍ക്ക് പറക്കാന്‍ ആവില്ല, കുട്ടീ. ഭാരം കുറവാണെങ്കില്‍ മാത്രല്ലേ പറക്കാനാവൂ, കുഞ്ഞേ. സ്വന്തം ഭാരം മനുഷ്യര്‍ക്ക് താങ്ങാനാവുന്നതിലും കൂടുതലാ. അമിതഭാരം കൊറക്കാന്‍ അവര് പാട് പെടണത് നീ കണ്ടിട്ടില്ലേ?’

അമ്മപ്പക്ഷി തുടര്‍ന്നു.
‘നമ്മിലാരെങ്കിലും ഓടാന്‍ വേണ്ടി മാത്രം ഓട്വോ, പറക്കാന്‍ വേണ്ടി മാത്രം പറക്ക്വോ, നോവിക്കാന്‍ വേണ്ടി മാത്രം നോവിക്ക്വോ, കൊല്ലാന്‍ മാത്രായി കൊല്ല്വോ ചെയ്യാറുണ്ടോ, മോളെ? അവരങ്ങന്യാ, അവരുടെ രീതിയാണത്. രാവിലേം വൈകുന്നേരോം, എന്ന് വേണ്ട, സമയം കിട്ടുമ്പോഴൊക്കെ യാന്ത്രികായങ്ങനെ!’.

അമ്മക്കിളി ഒരു നിമിഷം ഒന്ന് നിര്‍ത്തി. വീണു കിടക്കുന്ന സജിത്തിന്റെ നേരെ സങ്കടത്തോടെ ഒരു നോക്ക് കണ്ണയച്ച്, വീണ്ടും പറഞ്ഞു,
‘മോളെ, നീ കുട്ട്യാണ്. നിനക്കറിയില്ലായിരിക്കാം. വെറും ശരീരഭാരം മാത്രം നോക്ക്യാ പോര മക്കളേ, പറക്കണന്ന് ണ്ടെങ്കില്! മനസ്സിന്റെ ഭാരോം ശരീരഭാരം പോലെ മുഖ്യാണ്. പറക്കാനായി മനസ്സും ലഘുവാക്കേണ്ടതുണ്ട്. അതവര്‍ക്കറിയില്ല. അല്ലെങ്കില്, അവര്‍ക്കത് മനസ്സിലാവണതേയില്ല മോളെ. ശരീരം ശോഷിച്ചാലും, മനസ്സിന്ന് മലടെ ഭാരണ്ടെങ്കില്‍ എങ്ങിന്യാ പറക്കാനാവ്വാ കുട്ടീ, എങ്ങിനെ പറക്കാനാവും?’

എട്ടു നിലകളുടെ താഴെ നിലത്ത് പെരുകുന്ന തിരക്കിലേക്ക് കുട്ടിക്കിളിയുടെ ശ്രദ്ധ പൊടുന്നനെ തിരിഞ്ഞു.

സജിത്തിന്റെ ക്ഷതമേറ്റ ശരീരം കിടക്കുന്നതിന്റെ അടുത്ത് നിന്ന് ആള്‍ക്കൂട്ടത്തിന്റെയും അലമുറയിട്ട കരച്ചിലിന്റെയും, അടുത്തേക്കടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ആംബുലന്‍സിന്റെയും ശബ്ദം വല്ലാതെ അലയ്ക്കുന്നുണ്ടായിരുന്നു.

കാണാതെ പോവരുത് എന്ന വ്യഗ്രതയിലാവണം, കുട്ടിക്കിളിയെ നോണ്ടിക്കൊണ്ടമ്മക്കിളി ചൊല്ലി,
‘പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്, മോളേ. മനസ്സിന്റെ ഭാരം തീരെ ഇല്ലാതാവുന്ന ചില നിമിഷങ്ങളില്‍ മനുഷ്യര്‍ പറന്നു കാണാറുണ്ട്.
കാണ് ണണ്ടോ നെനക്ക് സജിത്തിനെ? അതാ, അതാ……, സജിത്തതാ പറക്കുന്നു. ഒന്നാം നില ബാല്‍ക്കണി ആര്‍ച്ചിന്റെ ഭാഗത്തു നോക്ക്.’

കിളി തുടര്‍ന്നു.
‘ജീവിതത്തില്, ശരീരത്തിന്റേം മനസ്സിന്റേം ഭാരം അഴിച്ചു വെക്കാനാവണ നിമിഷങ്ങളില് , മനുഷ്യര്‍ക്കങ്ങിനെ ചെയ്യാനാവുന്നു ന്നാണ് എനിക്ക് തോന്നീട്ട് ള്ളത് . മിക്കവാറും പ്രായമേറ്യായി മാത്രാണ് അവര്‍ക്കിത് ചെയ്‌തെടുക്കാന്‍ പറ്റാറുള്ളത്. ചിലര് മാത്രം, സജിത്തിനെപ്പോലെ, ദുര്‍ലഭായിട്ട്, ചെറുപ്രായങ്ങളില്‍ കൂടെ പറക്കാന്‍ പഠിക്കാറും ണ്ട്.’

‘നമുക്ക് വിടാം, മക്കളെ, മനുഷ്യരടെ കാര്യങ്ങള്. അവരെന്തോ ചെയ്യട്ടെ. നമുക്കവരെ പഠിപ്പിക്കാനോ മാറ്റാനോ പറ്റില്ലാലോ കുട്ടീ. നമുക്ക് നമ്മടെ കാര്യങ്ങളില്‍ക്ക് തിരിച്ചുപോവാം.’ അമ്മ മൊഴിഞ്ഞു തീരുന്നതിനുള്ളില്‍, ബാല്‍ക്കണിയുടെ അറ്റത്തേക്ക് കുഞ്ഞിക്കിളി നീങ്ങിയത് അമ്മക്കിളിയുടെ മനസ്സില്‍ വേവലാതി നിറച്ചു.

‘അയ്യോ, നീ വീഴല്ലേ,……..ഏയ് നീ എവിടേക്കാ, ഇപ്പോ ചാടാന്‍ ഒരുമ്പെട്ട് …..?’

പറഞ്ഞു തീര്‍ന്നില്ല, അതിന് മുന്നേ കുഞ്ഞിക്കിളി കുതിച്ചു കഴിഞ്ഞിരുന്നു. പിന്തുടര്‍ന്ന് കൊണ്ട് അമ്മക്കിളിയും.

ഒരു നിമിഷം കൂട്ടിക്കിളി താഴോട്ട് കുത്തനെ വീണെന്നു തോന്നിയെങ്കിലും, അടുത്ത നൊടിയില്‍ത്തന്നെ, അവള്‍ ചിറകുവീശി തന്റെ സമനില വീണ്ടെടുത്തു. ആത്മവിശ്വാസം നിറഞ്ഞ കണ്ണുകളാല്‍ അമ്മക്കിളിയെ നോക്കികൊണ്ടവള്‍ , സജിത് പറക്കുന്ന ഇടത്തേക്ക് ഊഴ്ന്നിറങ്ങി.

അലട്ടല്‍ ഒഴിഞ്ഞ സന്തോഷത്തോടേ അമ്മക്കിളി തിരിച്ചു എട്ടാം നിലയിലേക്ക് എത്തുമ്പോഴേക്കും, കുട്ടിക്കിളിയും സജിത്തും എല്ലാം മറന്നുല്ലസിച്ചു പറക്കുകയായിരുന്നു, എത്രയോ കാലത്തെ പരിചയമുള്ള കൂട്ടുകാരെപ്പോലെ!

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px