(മഹാനായ ജോര്‍ജ് ഓര്‍വെല്ലിന്റെ അനുവാദത്തോടെ.)
ഏകദേശം ഏഴോളം ഏക്കര്‍ വിസ്താരം.ചുറ്റിനും, മരക്കുറ്റികള്‍ ഒരേ അളവില്‍ മുറിച്ചെടുത്തു നാട്ടിയുണ്ടാക്കിയ ചെറിയ വേലി. മരക്കഷണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചെറിയ പ്രവേശന കവാടവും ഓടാമ്പലും. സത്യത്തില്‍ തന്റെ ഫാമിന് ജോണ്‍ ഇങ്ങനെയൊരു സുരക്ഷിത കവചം നിര്‍മ്മിച്ചിരിക്കുന്നത് തന്റെ പന്നികള്‍ പുറത്തേയ്ക്കു ചാടിപ്പോകും എന്നു ഭയന്നിട്ടല്ല. പുറത്തു നിന്നും ഒരാക്രമണം പന്നികള്‍ക്കു നേരെ ഉണ്ടാകരുത് എന്ന് മുന്‍കരുതല്‍ എടുത്തതുകൊണ്ടാണ്. ഫാമിനു നടുവിലായി ദൂരെ നിന്നു നോക്കിയാല്‍ സര്‍പ്പിളാകൃതിയിലുള്ള ഒരു ഗോളം മണ്ണില്‍ അല്‍പ്പം പുതച്ചു വച്ചതു പോലുള്ള ജോണിന്റെ വീട്. വീടിന്റെ ഏതു വശത്തു നിന്നും ഫാമിലേയ്ക്കിറങ്ങാന്‍ വാതിലുകളുമുണ്ട്.
ആവശ്യത്തിനുവേണ്ട എല്ലാവസ്തുക്കളും ഫാമിനു ചുറ്റും ശേഖരിച്ച്, കൊണ്ടും കൊടുത്തും ഐക്യത്തോടെ ജീവിക്കാന്‍ ജോണ്‍ പന്നികളോട് കല്‍പ്പിച്ചു.
ഫാമിന്റെ പല ഭാഗത്തായിട്ടാണ് പന്നികളുടെ വാസസ്ഥലം.വെളുത്ത പന്നികളുടേയും കറുത്ത പന്നികളുടേയും വാസസ്ഥലങ്ങള്‍ക്കിടയില്‍യില്‍ ചെറിയ ജലാശയമാണ്. കറുത്ത പന്നികളുടേയും ചുമപ്പന്‍ പന്നികളുടേയും ഇടയില്‍ ചെറിയൊരു കുന്ന്. വെള്ളപ്പന്നികളുടെ തന്നെ ഒരു വിഭാഗമാണ് ചുമന്ന പന്നികള്‍ .കൊഴുപ്പിന്റെ അംശം അല്‍പം കൂടുതലായതിനാല്‍ ചുമന്ന രാശി നിറത്തിലുണ്ട് എന്നതാണ് വൈജാത്യം. അല്ലാതെ അവ പൂര്‍ണമായും ചുമപ്പല്ല.
ഓരോ ഭൂപ്രദേശത്തു ജനിക്കുകയും അവിടങ്ങളില്‍ നിന്നും ലഭ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഭക്ഷിക്കുകയും ചെയ്തതിനാലും അവിടങ്ങളിലെ കാലാവസ്ഥയുടെ പ്രത്യേകതകളാലുമാണ് അവ കറുപ്പും വെളുപ്പും ചുമപ്പുമൊക്കെയായത്. ക്രമേണ ഓരോ വര്‍ഗ്ഗവും അവരവരുടെ വര്‍ഗ്ഗമഹിമകളെ കുറിച്ച് പാട്ടും കീര്‍ത്തനങ്ങളും രചിക്കുകയും അവ പാടി നടക്കുകയും ചെയ്തു. എപ്പോഴെങ്കിലും വ്യത്യസ്ത വര്‍ഗ്ഗങ്ങള്‍ തമ്മില്‍ കണ്ടാല്‍ തങ്ങളുടെ പാട്ടുകള്‍ ഉറക്കെപ്പാടുകയും പാട്ടുകള്‍ ഏറ്റുമുട്ടി അന്തരീക്ഷം ഒരുതരം ഓരിശബ്ദത്താല്‍ നിറയുകയും ചെയ്യുമായിരുന്നു.പലപ്പോഴും ജോണിനു ഈ ശബ്ദത്തില്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമായിരുന്നില്ല. ജോണിന്റെ ആദി കല്‍പ്പനയൊക്കെ കാലാന്തരത്തില്‍ പന്നികള്‍ മറന്നു. കൊണ്ടും കൊടുത്തും എന്നാല്‍ കൊന്നും കൊല്ലപ്പെട്ടും മുന്നേറണം എന്ന അര്‍ത്ഥാന്തരം ഉണ്ടാവുകയും അതില്‍ നിന്നും ഐക്യം എന്ന പദം ലോപിക്കുകയും ചെയ്തു.അങ്ങനെ പന്നികള്‍ വലിയ വലിയ മരക്കുറ്റികളുപയോഗിച്ച് വന്‍ ഉയരത്തില്‍ വേലികള്‍ തീര്‍ത്ത് പരസ്പരം വേര്‍തിരിഞ്ഞു.
നിറത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടിരുന്നത് കറുത്ത പന്നികളായിരുന്നു. പ്രത്യാക്രമണത്തില്‍ കറുത്ത പന്നികളും ഒട്ടും പിന്നിലായിരുന്നില്ല. കതിനക്കുറ്റികള്‍ നിര്‍മ്മിച്ച് അതും കത്തിച്ചു കൊണ്ട് എതിര്‍ പന്നിക്കൂട്ടങ്ങളിലേയ്ക്ക് ഓടിക്കയറി പൊട്ടിത്തെറിച്ച് വര്‍ഗ്ഗത്തിനു വേണ്ടി ചില പന്നികള്‍ ചാവേറുകളായി. ഈ ചാവേറ്റുപട ഇപ്പോള്‍ എല്ലാ വര്‍ഗ്ഗത്തിലുമുണ്ട്. ഈ പടയുപയോഗിച്ച് പന്നിലോകത്തെ പിടിച്ചടക്കി തങ്ങളുടേത് മാത്രമാക്കിത്തീര്‍ക്കാമെന്ന് ഓരോ വര്‍ഗവും ഗൂഢമായി ഒരു സ്വപ്നത്തെ താലോലിക്കുന്നു.
ഓരോ പന്നിവര്‍ഗ്ഗത്തേയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു സത്യവസ്തുത, കറുത്ത -വെളുത്ത – ചുമന്ന- പന്നികള്‍ അങ്ങനെ അവകാശപ്പെടുന്നെങ്കിലും അവ പൂര്‍ണമായും കറുത്ത വെളുത്ത ചുമന്ന പന്നികളല്ല. ജലാശയത്തിന്റെ കരയില്‍ വച്ചും മലയടിവാരത്തു വച്ചും വ്യത്യസ്ത പന്നിവര്‍ഗങ്ങകളില്‍ ആണ്‍ പെണ്‍ പന്നികള്‍ കണ്ട് അനുരക്തരാവുകയും ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കിടയില്‍ അനുരാഗമുദിച്ചത് നിറഭേദങ്ങളാല്‍ ആയിരുന്നില്ല, പന്നിക്കാമനകളായിരുന്നു.
തങ്ങളിലേയ്ക്ക് വന്ന പന്നികളെ മറ്റുള്ളവര്‍ മുണ്ടിട്ടു സ്വീകരിക്കുക എന്നൊരു ചടങ്ങുണ്ട്. ഈ ചടങ്ങു നടത്തി സ്വവര്‍ഗമാക്കിയെങ്കിലും അവയുടെ ജനിതകഘടനകള്‍ മാറിയില്ല. അവയില്‍ പിറന്ന കുഞ്ഞുങ്ങള്‍ നിറം കലര്‍ന്നവരായി. അത്തരത്തില്‍ സങ്കരമായി മാറിയ പന്നികളേ ഇപ്പോള്‍ ഫാമിലുള്ളൂ. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള പന്നികളെല്ലാം വെറും പന്നികള്‍ മാത്രമോ അല്ലെങ്കില്‍ സങ്കരവര്‍ഗങ്ങളാണെന്നോ ചില പഠിപ്പുള്ള പന്നികള്‍ വാദിക്കാറുണ്ട്.
ഓരോ വര്‍ഗ്ഗത്തിനിടയിലും കലശലായ വിഭാഗീയതയുണ്ടായിരുന്നു. വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം കലാപമാകുമ്പോള്‍ അതിനെ ആഭ്യന്തര കലാപമാക്കി മൂപ്പിച്ചെടുത്ത് കൊലക്കളം സൃഷ്ടിക്കുന്നതിന് ഓരോ പന്നിവര്‍ഗ്ഗത്തിനും പ്രത്യേക ചാര – സൈനിക വിഭാഗങ്ങള്‍ തന്നെയുണ്ട്. തമ്മിലടിച്ച് ചത്ത് എണ്ണം കുറഞ്ഞാല്‍ പിന്നെ അവയെ ആക്രമിച്ചു കീഴ്‌പ്പെടുത്തല്‍ നിഷ്പ്രയാസമാണെന്ന് ഓരോ വര്‍ഗ്ഗത്തിന്റെയും അധികാരികള്‍ വിശ്വസിച്ചു. വിഭാഗീയതയുണ്ടെങ്കിലും പലപ്പോഴും പൊതു ശത്രുവിനെതിരെ അവര്‍ ഒരുമിച്ചു നിന്നു. ചുവന്ന പന്നികള്‍ കൂടുതല്‍ സൂത്രശാലികളായിരുന്നു. ആഭ്യന്തര കലാപങ്ങള്‍ പന്നിവര്‍ഗങ്ങള്‍ക്കിടയില്‍ സംഘടിപ്പിക്കുന്നതും അവയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതും ചുമന്ന പന്നികളാണെന്ന് എല്ലാ പന്നിവര്‍ഗത്തിലേയും പഠിപ്പുള്ളവര്‍ പറഞ്ഞിരുന്നു.
മറ്റൊരു രസകരമായ വസ്തുത ഓരോ വര്‍ഗ്ഗത്തിന്റെയും ഫാമിനുള്ളില്‍ മറ്റൊരു വര്‍ഗ്ഗത്തിന്റെ കുറച്ചു പന്നികളുണ്ടായിരുന്നു. ന്യൂനപക്ഷമെന്നവയെ വിളിച്ചിരുന്നു. സത്യത്തില്‍ ജോണ്‍ കൊണ്ടുവന്ന് കെട്ടിയിട്ടു പോകുന്നവയായിരുന്നു അത്. കറുത്തവന്റെ പ്രദേശത്തു വച്ച് ഒരു വെളുത്തവന്‍ ആക്രമിക്കപ്പെട്ടാല്‍ വെളുത്തവന്‍ ഉടന്‍ തന്നെ തന്റെ പ്രദേശത്തുള്ള കറുത്തവനെന്ന ന്യൂനപക്ഷത്തെ ആക്രമിച്ചു പ്രതികാരം ചെയ്യും, കുറച്ചൊരു ആശ്വാസത്തിനായി.
തങ്ങള്‍ക്കു കിട്ടിയ പ്രദേശത്ത് നിന്ന് ജോണ്‍ നട്ടുവളര്‍ത്തുന്ന കായ്കനികളും മറ്റ് ആഹാര വിഭവങ്ങളും തിന്ന് മദിച്ച് ചെളിക്കുണ്ടിലിറങ്ങി പന്നികള്‍ പന്നിമദിക്കല്‍ നടത്തിയിരുന്നു. കാലുകള്‍ കൊണ്ട് ചെളി കോരി തെറിപ്പിക്കുക, തേറ്റ ചെളിയില്‍ പുതച്ച് മുക്രയിടുക, തന്റെ ദേഹത്തു പറ്റിയ ചെളി മറ്റൊരുത്തനെ തേയ്പ്പിക്കുക, തല മുകളിലേയ്ക്കുയര്‍ത്തി ചെളി മൂക്കിലൂടെ ശക്തമായി മുക്രയിട്ടു തെറിപ്പിക്കുക. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്തിരുന്നു. ചിലപ്പോള്‍ ഈ മദിക്കല്‍ അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ഓരോ പന്നിക്കും തോന്നിയിരുന്നു മൊത്തം പന്നിവര്‍ഗ്ഗത്തിന്റെയും ഉടയോന്‍ തനിക്കാകണമെന്ന് .അതിന് ജോണിനെ പുറത്താക്കണം.പന്നി മദിക്കല്‍ അധികമായി അന്തരീക്ഷമാകെ കലുഷിതമാകുമ്പോള്‍ ജോണ്‍ പല താക്കീതുകളും നല്‍കിയിരുന്നു. ചിലപ്പോള്‍ ജലക്കുഴല്‍ അടച്ച് ജലാശയം വറ്റിച്ചുകൊണ്ട് എല്ലാത്തിന്റേയും വെള്ളം കുടി മുട്ടിക്കും. കുറച്ചു ദിവസം കഴിയുമ്പോള്‍ എല്ലാം കൂടി ജോണിന്റെ വീടിനു മുന്നില്‍ പോയി സാഷ്ടാംഗം നമസ്‌കരിക്കും പിന്നെ യാചിക്കും.ജോണ്‍ യഥാര്‍ഥത്തില്‍ ദയാലുവാണ്. മനസലിഞ്ഞ് വെള്ളം തുറന്നു വിടും. പക്ഷേ പന്നിക്ക് പന്നിയല്ലാതാകാനാകുമോ. അവന്‍ വീണ്ടും ചെളിയില്‍ കുത്തിക്കുതര്‍ക്കും.ജോണ്‍ അപ്പോള്‍ അവയെ കടുത്ത വേനലിലേയ്ക്ക് തുറന്നു വിടും. പന്നികള്‍ ചൂടില്‍ വെന്തുരുകും. വേറെ ചിലപ്പോള്‍ ജലാശയത്തില്‍ അധികം ജലം തുറന്നു വിട്ട് വെള്ളപ്പൊക്കമുണ്ടാക്കും. പന്നിമദിക്കല്‍ പതിയെ അടങ്ങും.
അങ്ങനെയിരിക്കെ ഒരിക്കല്‍ പന്നികള്‍ക്കൊരു തിരിച്ചറിവുണ്ടായി. ഈ ജോണ്‍ തങ്ങളെ ശിക്ഷിച്ചപ്പോഴൊക്കെ അവയെ സ്വയം കരുത്തിനാല്‍ തങ്ങള്‍ മറികടക്കുകയായിരുന്നില്ലേ.സത്യം അതല്ലേ. അങ്ങനെ അവ പന്നിക്കരുത്ത് തിരിച്ചറിഞ്ഞു. മാത്രമല്ല ഇത്രയും കാലം ജോണ്‍ തങ്ങളെ നഗ്‌നരാക്കി പ്രാകൃതമായി തന്നെ നിലനിര്‍ത്തുകയായിരുന്നു. അങ്ങനെ പല ആകൃതിയും വലിപ്പവുമുള്ള വള്ളിട്രൗസറുകള്‍ തയ്ച്ചിട്ട് പന്നികള്‍ പരിഷ്‌കാരികളുമായി.
കരുത്തും പരിഷ്‌കാരവും വര്‍ദ്ധിച്ചപ്പോള്‍ പല പന്നികള്‍ക്കും താനാണ് ജോണെന്ന തോന്നലുണ്ടായി.അങ്ങനെ പന്നികള്‍ക്കിടയില്‍ ജോണ്‍ പന്നികളുണ്ടായി.അവ ജോണിന്റെ ഗൃഹത്തെ അനുകരിച്ച് ചെറിയ വീടുകളുണ്ടാക്കി. പിന്നീട് ചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിച്ചു. ആ ചടങ്ങുകള്‍ പന്നിക്കുത്തല്‍ എന്നും പന്നിക്കേളി എന്നും അറിയപ്പെട്ടു.ഓരോയിടത്തെയും ചടങ്ങുകള്‍ക്കും രീതികള്‍ക്കും നേര്‍ത്ത വ്യത്യാസമുണ്ടായിരുന്നെങ്കിലും അവയുടെ അന്തസാരം ഒന്നു തന്നെയായിരുന്നു. പക്ഷേ ഈ വസ്തുത പന്നിപുസ്തകങ്ങളില്‍ പഠിപ്പിച്ചില്ല.
ക്രമേണ യഥാര്‍ത്ഥജോണിനെ ഏവരും മറന്നു. ജോണ്‍പന്നികള്‍ തക്കം പാര്‍ത്തിരുന്ന് ഒരിക്കല്‍ ജോണിന്റെ വീട് ആക്രമിച്ചു. യഥാര്‍ത്ഥത്തില്‍ ജോണ്‍ അപ്പോള്‍ എന്തോ ആവശ്യത്തിന് പുറത്തു പോയിരിക്കുകയായിരുന്നു. ജോണിന്റെ വാസസ്ഥലം പിടിച്ചെടുത്ത് അനിമല്‍ ഫാമില്‍ നിന്നും ജോണിനെ പുറത്താക്കുക. പിന്നെ പന്നി ലോകത്തിന്റെ ഉടമകളായി സസുഖം വാഴുക .ഇതായിരുന്നു ഓരോ ജോണ്‍ പന്നിയുടേയും മനസിലിരിപ്പ്.
ജോണിന്റെ വാസസ്ഥലം ഒരു രക്തരഹിത വിപ്ലവത്തിലൂടെ ജോണ്‍പന്നികള്‍ക്കു പിടിച്ചെടുക്കാനായി. ഒപ്പം കവാടത്തിലെ അനിമല്‍ ഫാം എന്ന ഫലകം എടുത്തു ദൂരേയ്‌ക്കെറിഞ്ഞ് പന്നിഫാം എന്ന ഫലകവും നാട്ടി.മലയും പുഴയും ഒക്കെ തങ്ങള്‍ക്കു സ്വന്തമാണ്. ഇനി ജോണിന് ഒരിക്കലും തങ്ങളെ വെയിലത്ത് നിര്‍ത്തിയോ വെള്ളം നല്‍കാതിരുന്നോ പ്രളയം സൃഷ്ടിച്ചോ ശിക്ഷിക്കാനാകില്ല. അങ്ങനെ പന്നിക്കരുത്തില്‍ എല്ലാം പിടിച്ചടക്കി അവ അഭിമാന പുളകിതരായി .
കാലങ്ങള്‍ കടന്നു പോയി. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ജോണ്‍ ആ സത്യം തിരിച്ചറിഞ്ഞു.താന്‍ ഓമനിച്ചു പരിപാലിച്ചിരുന്ന തന്റെ അനിമല്‍ ഫാം പന്നികളാല്‍ പിടിച്ചടക്കപ്പെട്ടിരിക്കുന്നു. ജോണിന്റെ മുന്നില്‍ മല മുതല്‍ മരം വരെയും പുഴു മുതല്‍ പുഴവരെയും സങ്കടം പറഞ്ഞെത്തി ‘ജോണ്‍ … ജോണ്‍ …. നീ, ഇതുവരെ എവിടെയായിരുന്നു? നോക്ക് ഈ പന്നികള്‍ ഞങ്ങളുടെ വാസസ്ഥലങ്ങള്‍ തകര്‍ത്തു. ഞങ്ങളുടെ പൊറുതി മുട്ടി ജോണ്‍….’
ജോണ്‍ ചുറ്റിലും നോക്കി. അനിമല്‍ ഫാം എന്ന ഫലകം കാണാനില്ല. ഫാമിന്റെ ഓരോ പ്രദേശവും പടനിലമായി മാറിയിരിക്കുന്നു. പരസ്പരം ആക്രമിച്ചും യുദ്ധം ചെയ്തും അണുബോംബിട്ടും വര്‍ഗകലാപം നടത്തിയും പന്നിമദിക്കലും പന്നിക്കുത്തലും നടത്തി ഫാമിനെയാകെ നശിപ്പിച്ചിരിക്കുന്നു. താന്‍ പരിപാലിച്ചു വളര്‍ത്തിയിരുന്ന വൃക്ഷങ്ങള്‍ പോലും പന്നികള്‍ കുത്തി മറിച്ചു നിലം തരിശുഭൂമിയാക്കിയിരിക്കുന്നു.
ജോണ്‍ വന്ന വിവരമറിഞ്ഞ് പന്നികള്‍ മരവേലിക്കു ചുറ്റും പീരങ്കികളുമായി യുദ്ധസന്നദ്ധരായി. ‘ഇനി നമുക്ക് ജോണിന്റെ ആവശ്യമില്ല….. വെടിവെച്ചിടവനെ .’ പന്നികളുടെ വെടിയുണ്ടകള്‍ ജോണിനെ കടന്നു പോയി. പക്ഷേ ഒരുണ്ടയും ജോണിനേറ്റില്ല.ജോണ്‍ ഒരു സുതാര്യനായിരുന്നു.
ജോണിനു സങ്കടവും ദേഷ്യവുമെല്ലാം ഒരുമിച്ചു വന്നു. കൈയ്യില്‍ കിട്ടിയ ഒരു മരക്കഷണമെടുത്ത് പന്നിവര്‍ഗ്ഗത്തെ ലാക്കാക്കി സര്‍വ്വ സങ്കടത്തോടെയും വലിച്ചെറിഞ്ഞു. നിലവിളിച്ചു കൊണ്ട് ഒരു വെള്ളപ്പന്നി പിന്നിലേയ്ക്ക് മറിഞ്ഞു. അതിന്റെ പിളര്‍ന്ന വയറില്‍ നിന്നും ഒരു അദൃശ്യനായ പടയാളി പുറത്തിറങ്ങി. അവന്റെ ശരീരം തന്നെയായിരുന്നു ആയുധം. യഥാര്‍ത്ഥ ചാവേറ്. ജോണിന്റെ ആജ്ഞയാല്‍, പന്നികള്‍ ഇമവെട്ടിത്തുറക്കും മുന്‍പ് ഒരുവന്‍ രണ്ടായി.രണ്ടു നാലായി നാലെട്ടായി. അതങ്ങ് സമുദ്രം പോല്‍ പെരുകി. അതങ്ങ് പെരുകി പന്നിപ്പുറത്ത് അടിഞ്ഞുകൂടി. മൂക്കിലൂടെയും വായിലൂടെയും വീണ്ടും അകത്തു കയറി പെറ്റുപെരുകി പൊട്ടിത്തെറിച്ചു.മുക്രയിട്ട് ആ പന്നി അടുത്ത പന്നിയുടെ മേലേ മറിഞ്ഞു. ആ പന്നിയില്‍ നിന്നും അടുത്ത പന്നിയിലേയ്ക്ക് പടയാളികള്‍ ചാടിക്കയറി .ജോണിന്റെ അദൃശ്യ സംഘത്തിന്റെ താണ്ഡവമായി പിന്നെ. ഒരു കൂട്ടില്‍ നിന്നും മറ്റു കൂട്ടിലേയ്ക്കും അടുത്ത കൂട്ടിലേക്കും അവ പടര്‍ന്നു പിടിച്ചു. ആരാണ് തങ്ങളെ ആക്രമിക്കുന്നതെന്നോ എവിടുന്ന് വന്നുവെന്നോ എന്താണ് ആയുധമെന്നോ പന്നികള്‍ക്ക് ഒരു തിട്ടവുമില്ലാതായി. ഓരോ പന്നിയും പരസ്പരം കൊല്ലാന്‍ വന്നവനെയെന്നപോല്‍ ഭയന്നു. അവ അകന്നു മാറി. തൊടാതായി.ഭാര്യയും ഭര്‍ത്താവും പോലും പരസ്പരം തൊടാന്‍ പാടില്ലാത്തവരായി. വീട്ടിനകത്തും പുറത്തും വസിക്കാനാകാതായി. പന്നികള്‍ പരക്കം പാഞ്ഞു. മുക്രയിട്ടു.അമറി. ഒരറ്റത്തൂന്ന് അവ ചത്തുമലച്ചു.ജോണ്‍പന്നികളുടെ കൊട്ടകകള്‍ അടച്ചു പൂട്ടി. പന്നിക്കുത്തലുകളും പന്നിക്കേളികളും അനിശ്ചിതമായി നിര്‍ത്തലാക്കി.
പന്നികള്‍ വാളെടുത്ത് അന്തരീക്ഷത്തില്‍ വീശി. ട്രൗസറുകള്‍ വള്ളി പൊട്ടി ഊരി വീണ് നഗ്‌നരായി.ഓതിരം കടകം വായുവില്‍ ചാടി മലര്‍ന്ന് വലിഞ്ഞമര്‍ന്ന് ചത്തുവീണു. കറുപ്പ് വെളുപ്പ് ചുമപ്പ് ഭേദം മറന്നു.ഓരോ ഗൃഹത്തില്‍ നിന്നും ഓരോ പ്രദേശത്തു നിന്നും ഉയര്‍ന്ന നിലവിളികള്‍ക്ക് ഒരേ അന്തസാരമായിരുന്നു. ജോണിന്റെ പടയാളികള്‍ക്കെതിരെ പ്രതിരോധിക്കാനാകാതെ ആവനാഴിയൊഴിഞ്ഞ് പന്നികള്‍ തളര്‍ന്നു വീണു.പന്നി മദിക്കലും പന്നിക്കുത്തലും മറന്നു.
നിറഭേദങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം പരസ്പരം ഇടകലര്‍ന്ന് വിരലുകള്‍ പോലും പരസ്പരം സ്പര്‍ശിക്കാതെ എന്നാല്‍ എല്ലാ വംശീയ വൈവിധ്യങ്ങള്‍ക്കുമപ്പുറം ഹൃദയങ്ങള്‍ തൊട്ടു വച്ച് മുട്ടുകുത്തിയിരുന്ന് ആകാശങ്ങളിലേയ്ക്ക് മിഴിയയച്ച് പന്നികള്‍ ഒന്നിച്ച് വിളിച്ചു, ‘ജോണേ , രക്ഷിക്കൂ….. ജോണേ രക്ഷിക്കൂ….’ ജോണ്‍ വിളി കേട്ടില്ല.
ആഴ്ചകളും മാസങ്ങളും കടന്നു പോയി. പന്നികള്‍ കൂട്ടം കൂട്ടമായി ചത്തുവീണു കൊണ്ടിരുന്നു…… ചെറുതും വലുതുമായ പന്നികള്‍ ചത്തു തണുത്തു. ആശുപത്രി വരാന്തകള്‍ ചത്ത പന്നികളെ കൊണ്ട് നിറഞ്ഞു. ചാവു വിളഞ്ഞ പന്നികള്‍ കിടക്കാനിടമില്ലാതെ ചത്തവയ്‌ക്കൊപ്പം കലര്‍ന്നു.മരണത്തിന്റെ തണുത്ത ചുംബനത്തില്‍ നിന്നും രക്ഷതേടി പന്നികള്‍ ഫാം മുഴുവന്‍ പരക്കം പാഞ്ഞു.ഇടവഴിയിലും പെരുവഴിയിലും ബസ്റ്റാന്റിലും റെയില്‍വേ പ്ലാറ്റ്‌ഫോമിലും വച്ച് ചത്തുവീണു. ചാവെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍ അമ്മമുലയില്‍ അപ്പോഴും വിശപ്പിനമൃത് നുണഞ്ഞു. ചത്ത പന്നികളെ തൊടാന്‍ ഏവരും മടിച്ചു.അവയെ കൂട്ടം കൂട്ടമായി കുഴികളിലേയ്ക്ക് വലിച്ചിറക്കി മണ്ണിട്ടു മൂടി. ഒരു വംശത്തിന്റെയും അന്ത്യശുശ്രൂഷകളും അവയ്ക്കു ലഭിച്ചില്ല. അന്നുവരെ തുടര്‍ന്ന ഒരാചാരങ്ങളും കൂട്ടിനു വന്നില്ല. എല്ലാം വെറും പന്നിമരണങ്ങള്‍ മാത്രമായി അവശേഷിച്ചു.
ഇതര ജീവജാലങ്ങള്‍ ജോണിന്റെ ദയാരാഹിത്യത്തില്‍ അന്ധാളിച്ചു. ഭയം ക്രമേണ അവയേയും ഗ്രസിച്ചു.
മല മുതല്‍ മരം വരെയും പുഴു മുതല്‍ പുഴ വരെയും ജോണിനോടപേക്ഷിച്ചു. ‘ക്ഷമിക്കൂ ജോണ്‍ …നീ ക്ഷമിക്കൂ….. ‘ ദലമര്‍മ്മരങ്ങളാലും ഉച്ഛ്വാസനിശ്വാസങ്ങളാലും അവര്‍ അപേക്ഷിച്ചു കൊണ്ടിരുന്നു.
നീലവാനം നിഴലിട്ട ജോണിന്റെ കവിള്‍ത്തടം സങ്കടം കൊണ്ട് കറുത്തു.ഇടിവെട്ടിപ്പെയ്ത് സങ്കട പുഴ ഭൂമിയിലേയ്‌ക്കൊഴുകി…പതിയെ മാലാഖമാര്‍ പന്നികള്‍ക്കിടയിലേയ്ക്കിറങ്ങി….. പന്നികള്‍ മഴയില്‍ സ്‌നാനപ്പെട്ടു.ഒരു നൂറ്റാണ്ടുകാലത്തേയ്ക്ക് പന്നികള്‍ പരിശുദ്ധരായി …. ആഞ്ഞുവീശിയ ഒരു കാറ്റില്‍ മണ്ണില്‍ പുതഞ്ഞു കിടന്ന ഫലകം പതിയെ തെളിഞ്ഞു വന്നു. അനിമല്‍ ഫാം.











