മൂന്നാമതും ബൂസ്റ്റർ ഡോസായി വാക്സീനെടുക്കണമെന്നതു പോലും സംശയകരമായി നോക്കിക്കാണുന്ന സാഹചര്യത്തില്‍ 12 തവണ കോവിഡ് വാക്സീനെടുത്തു എന്ന അവകാശവാദവുമായി ഒരാൾ. ബിഹാർ സ്വദേശിയും 84–കാരനുമായ ബ്രഹ്മദേവ് മണ്ഡൽ എന്നയാളാണ് തനിക്ക് 12 തവണ കോവിഡ് വാക്സീൻ കുത്തിവെച്ചു എന്ന് പറയുന്നത്. ഓരോ തവണ വാക്സീനെടുത്തപ്പോഴും തനിക്ക് സുഖം തോന്നിയതായും പറയുന്നു.
ഓരോ ഡോസും എന്റെ വിട്ടുമാറാത്ത നടുവേദന മാറാൻ സഹായിച്ചു. 11 മാസം മുമ്പാണ് ആദ്യ ഡോസെടുത്തത്. അതിൽ പിന്നെ ജലദോഷം വന്നിട്ടില്ല. കുത്തിവെയ്പ് രജിസ്റ്റർ ചെയ്യാനായി ആധാർ കാർഡും വോട്ടർ ഐഡി കാർഡും ഉപയോഗിച്ചിട്ടുണ്ട്. ഓരോ കുത്തിവെയ്പ്പ് എടുത്ത തീയതിയും സമയവും സ്ഥലവും കടലാസിൽ കുറിച്ച് വെച്ചിട്ടുണ്ട്. വിരമിച്ച തപാൽ വകുപ്പ് ജീവനക്കാരനായ മണ്ഡൽ പറയുന്നത് ഇങ്ങനെ.
മണ്ഡൽ പറയുന്നത് താൻ ഓഫ്‍ലൈനായാണ് വാക്സീൻ രജിസ്റ്റർ ചെയ്തത് എന്നാണ്. ഇതാകാം ചിലപ്പോൾ താൻ മുമ്പ് വാക്സീൻ എടുത്തതിന്റെ വിവരങ്ങൾ രേഖപ്പെടുത്താത്തത്. 12–ാമത്തെ ഡോസ് എടുത്തതിന് ശേഷം മാത്രമാണ് പരിധി കഴിഞ്ഞുവെന്ന് അറിയുന്നതെന്നും പറയുന്നു. ജനുവരി 4–നാണ് 12–ാം ഡോസ് സ്വീകരിച്ചത്.
എന്നാൽ തന്റെ പക്കൽ വാക്സീൻ സ്വീകരിച്ചതിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റുകളൊന്നുമില്ലെന്നും മണ്ഡൽ പറയുന്നു. മണ്ഡൽ പറയുന്നതിലെ വസ്തുത പരിശോധിക്കുമെന്ന് ജില്ലാ സിവിൽ സർജൻ അമരേന്ദ്ര നാരായൺ ഷാഹി വ്യക്തമാക്കി. മണ്ഡലിന്റെ അവകാശവാദം ഇപ്പോൾ വാക്സീൻ നൽകുന്നതിലെ കാര്യക്ഷമതയെ ചോദ്യം ചെയ്യുകയാണ്. വിവാദത്തിനും വഴിവെച്ചിട്ടുണ്ട്.













