സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കവിഞ്ഞു. ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നു. ഔദ്യോഗിക കോവിഡ് മരണസംഖ്യ അരലക്ഷത്തിനടുത്തെത്തി. വിദേശയാത്രക്കാർക്കുള്ള നിർബന്ധിത ക്വാറൻ്റീൻ നിലവിൽ വന്നു.
കോവിഡ് കണക്കുകൾ വീണ്ടും കുന്നു കയറുന്നു. ഇതിനു മുമ്പ് ഡിസംബർ 8 നായിരുന്നു അയ്യായിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ വീണ്ടും അയ്യായിരത്തിലേറെ പോസിറ്റീവ് കേസുകൾ. എറണാകുളത്തും തിരുവനന്തപുരത്തും ടി പി ആർ ഉയരുന്നു. ക്രിസ്മസ് – ന്യൂ ഇയർ തിരക്കാണ് രോഗികളുടെ എണ്ണം കൂട്ടിയത്.
വൈറസ് ബാധിതരുടെ എണ്ണമുയരുന്നത് ഒമിക്രോൺ വ്യാപനത്തിൻ്റെ സൂചനയായും വിദഗ്ധർ വിലയിരുത്തുന്നു. 305 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ ഡൽഹിയും മഹാരാഷ്ട്രയും കഴിഞ്ഞാൽ തൊട്ടുപിന്നിലുണ്ട് കേരളം. ഔദ്യോഗിക കണക്കിൽ 49305 പേർ കോവിഡ് ബാധിച്ച് മരിച്ചു. അനദ്യോഗിക കണക്കുകൾ വേറെ. ഇന്നു മുതൽ വിദേശത്ത് നിന്നെത്തുന്ന എല്ലാവരും 7 ദിവസം നിർബന്ധിത ക്വാറൻ്റീനിൽ കഴിയണം. എട്ടാം ദിവസം ആർ ടി പി സി ആർ നടത്തണം. നെഗറ്റീവായാലും ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം.













