ഓരോ മണൽത്തരിയിലും ഞങ്ങൾ ആനന്ദം കണ്ടെത്തിയിരുന്നു…
പകൽവെളിച്ചത്തിന് ചൂട് കൂടി തുടങ്ങിയപ്പോൾ പഴയ സിനിമ കാണിക്കലാണ് ഓർമ്മ വന്നത്…
എന്റെ വീടിനടുത്താണ് വെട്ടുറോഡ് ശ്രീകല തീയേറ്റർ…
ഞങ്ങളുടെ സഹപാഠിയും ഇപ്പോൾ മാർബിൾ കോൺട്രാക്ടറുമായ അശോകന്റെ അണ്ണൻ മോഹനണ്ണനാണ് ശ്രീകല തീയേറ്ററിലെ ഓപ്പറേറ്ററുടെ സഹായി ആയിരുന്നത്…
മാറ്റിനി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ ഫിലിം ചുറ്റലും ചുരുട്ടലും ഒട്ടിക്കലുമായി മോഹനണ്ണൻ തീയേറ്ററിൽ കാണും…
അവധി ദിവസങ്ങളിൽ
ഞങ്ങൾ പാത്തും പതുങ്ങിയും തീയേറ്ററിൽ ചെന്ന് മോഹനണ്ണനോട് കെഞ്ചിയും കൊഞ്ചിയും പൊട്ടിയ ഫിലിമുകൾ വാങ്ങിക്കും…
എന്നിട്ട്…,
പിറ്റേ ദിവസം രാവിലെ എവിടെ നിന്നെങ്കിലും കേടായ ബൾബ് സംഘടിപ്പിക്കും…
ഫിലമെന്റിനെ ശ്രദ്ധയോടെ ഇളക്കിയെടുത്തതിന് ശേഷം കഴുകി വൃത്തിയാക്കിയ
ബൾബിൽ വെള്ളം നിറച്ച് ചുമരിന് അഭിമുഖമായി കെട്ടി തൂക്കിയിടും…
മുഖം നോക്കുന്ന കണ്ണാടി സൂര്യപ്രകാശത്തിൽ പിടിക്കുമ്പോൾ കിട്ടുന്ന തീവ്രപ്രകാശത്തെ ബൾബിനെ നേരെയാക്കി പിടിക്കും…
വെള്ളം നിറച്ച
ബൾബിൽ കണ്ണാടിയുടെ വെട്ടം വീഴുന്നിടത്ത് സിനിമയുടെ ഫിലിം വെക്കുമ്പോൾ ഫിലിമിലെ രംഗം ചുമരിൽ വലുതായി കാണാൻ കഴിയും…
പൊട്ടിയ ഫിലിമുകൾ
മാറി മാറി കാണിച്ചു കൊണ്ടിരിക്കുന്നതാണ് ഞങ്ങളുടെ സിനിമാ പ്രദർശനം…
അഞ്ചു പൈസയാണ് സിനിമാ ടിക്കറ്റിന്റെ ചാർജ്…
അഞ്ചു പൈസ തന്ന് സിനിമ കാണുന്നവർക്ക് ‘ആഹാര’വും കൊടുക്കും…
പച്ചമാങ്ങ ഉപ്പും മുളകും ജീരകവും ചേർത്ത് ഉരലിൽ ഇടിച്ചു വാരിയത് പ്ലാവിലയിൽ വിളമ്പുന്നതാണ് ആഹാരം…
അന്ന്…,
ഇന്നത്തെ പോലെ മണ്ണിലും മനസിലും മതിലുകളില്ലാത്തതു കൊണ്ട് അയൽവീട്ടിലെ കുട്ടികളും തമാശയായി അയൽവീട്ടിലേയും ഞങ്ങളുടെ വീടുകളിലേയും ചേച്ചിമാരും സിനിമ കാണാൻ വരുമായിരുന്നു…
സംഘാടകർ ഒരേ സമയം മൂന്ന് ഗ്രൂപ്പുകളായി തിരിയും…
ഒരു കൂട്ടർ തീയേറ്ററിന്റെ പണിപ്പുരയിലായിരിക്കും…
രണ്ടാമത്തെ കൂട്ടർ മാങ്ങ എറിയാനും ഉരലിൽ ഇടിക്കാനും പോകും…
മൂന്നാമത്തെ ഗ്രൂപ്പ് സിനിമാ പ്രദർശനത്തിന്റെ പരസ്യം അറിയിക്കാനായി ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഇടവഴിയിലൂടെ വയൽവരമ്പിലൂടെ ഓടും…
ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഓടുന്നതിനിടയിൽ തിലോത്തമ ടീച്ചറിന്റേയോ മംഗ്ലാവിലെ രാധ ചേച്ചിയുടേയോ മുന്നിൽ പെട്ടാൽ പേടിച്ച് തിരിച്ചോടും…
അഞ്ചു പൈസയില്ലാതെ ‘സിനിമ’ കാണാനുള്ള മോഹവുമായി കടം പറയുന്നവരും ഉണ്ടായിരുന്നു…
കണ്ണാടിയിലൂടെ തെളിയുന്ന വെളിച്ചത്തിൽ,
കേടായ ബൾബിലൂടെ
‘സിനിമ’ കണ്ടിരുന്ന കാലവും ഒരു കാലമായിരുന്നേ…………………………..











