LIMA WORLD LIBRARY

നീ നിന്റെ വേദനയല്ല – ആന്റെണി പുത്തന്‍പുരയ്ക്കല്‍ (Antony Puthenpurackal)

ഒരു കൊടുങ്കാറ്റ് കടലിനെ ഇളക്കിമറിക്കുന്നു. ഓളങ്ങള്‍ ആര്‍ത്തിരമ്പി, നുരഞ്ഞുപൊങ്ങി തീരത്തേക്ക് ആഞ്ഞടിക്കുന്നു. എന്നാല്‍ കടലിന്റെ ആഴം, അടിത്തട്ട്, നിശ്ചലമാണ്. കൊടുങ്കാറ്റ് അവിടെ എത്തുന്നില്ല.
വേദന ഓളങ്ങളാണ്. നീ കടലാണ്.

ഒരു മനുഷ്യജീവും വേദനകളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ ജീവിച്ചു തീര്‍ക്കുന്നില്ല. നഷ്ടങ്ങള്‍, പരാജയങ്ങള്‍, നിരസിക്കപ്പെടലുകള്‍, അപമാനങ്ങള്‍, രോഗങ്ങള്‍-ഇവയെല്ലാം നമ്മെ ഒരുവിധത്തില്‍ അല്ലെങ്കില്‍, മറ്റൊരു വിധത്തില്‍ അലട്ടിക്കൊണ്ടിരിക്കും. എന്നാല്‍ ഈ അനുഭവങ്ങള്‍ നമ്മെ സ്പര്‍ശിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ.എന്നാല്‍ വേദന തന്നെയാണ് നമ്മള്‍ എന്ന തെറ്റിദ്ധാരണയായി മാറുന്ന നിമിഷങ്ങളിലാണ് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ തളരുന്നത്. അതാണ് നാം ഓര്‍മ്മിക്കേണ്ടത്: നീ നിന്റെ വേദനയല്ല.

വേദന ഒരു അനുഭവമാണ്; വ്യക്തിത്വമല്ല, സ്വത്വമല്ല. അത് നിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഒരു ഘട്ടമാണ്; നിന്റെ മുഴുവന്‍ സ്വരൂപമല്ല. എന്നാല്‍ പലപ്പോഴും നമ്മള്‍ വേദനയോട് വളരെയധികം ഐക്യപ്പെടുന്നു. അത് നാം തന്നെയാണെന്ന് സ്വന്തം തിരിച്ചറിയലാക്കി മാറ്റുന്നു. ”ഞാന്‍ പരാജയമാണ്”, ”ഞാന്‍ സ്‌നേഹം അര്‍ഹിക്കുന്നില്ല”, ”എനിക്ക് എന്നും ഇങ്ങനെ തന്നെയാകും” എന്നുള്ള ചിന്തകള്‍, വിലാപങ്ങള്‍ അങ്ങനെ രൂപപ്പെടുന്നു. യഥാര്‍ത്ഥ്യത്തില്‍ ഇവ വേദനയുടെ ശബ്ദങ്ങളാണ്; നിന്റെ യഥാര്‍ത്ഥ ശബ്ദമല്ല. ദുഃഖം നമ്മുടെ സ്വത്വമാകുമ്പോള്‍, ഒരു വ്യക്തി ദുഃഖത്തില്‍ മുങ്ങിപ്പോകുന്നു. ആ നിമിഷം, ‘ഞാന്‍’ എന്നതും ‘വേദന’ എന്നതും തമ്മിലുള്ള അതിര്‍ത്തി അലിഞ്ഞു ഇല്ലാതാകുന്നു. അപ്പോള്‍ വേദന ഒരു അനുഭവമല്ലാതെ, ഒരു അസ്തിത്വമായി മാറുന്നു.

വേദന നമ്മെ മൂടുമ്പോള്‍, നമ്മുടെ ഉള്ളിലെ ശേഷികളും സാധ്യതകളും മറഞ്ഞുപോകുന്നു. എന്നാല്‍ വേദന അനുഭവിക്കുന്നതുകൊണ്ട് മാത്രമല്ല മനുഷ്യന്‍ നിര്‍വ്വചിക്കപ്പെടുന്നത്. വേദനയെ കാണുകയും, അതിനെ അംഗീകരിക്കുകയും, അതിലൂടെ വളരുകയും ചെയ്യുന്ന കഴിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. വേദനയെ നിഷേധിക്കലല്ല, മറിച്ച് അതില്‍ പൂര്‍ണ്ണമായി ലയിക്കാതെ, അതിനെ അകലത്തില്‍ നിന്ന് കാണാനുള്ള ബോധമാണ് സുഖപ്പെടുത്തലിന്റെ തുടക്കം.

ഒരു മുറിവ് ശരീരത്തില്‍ ഉണ്ടാകുമ്പോള്‍, ആ മുറിവ് നിന്റെ ശരീരത്തില്‍ ഉള്ളതാണ്, നീ ആ മുറിവല്ല. മനസ്സിലും ഇങ്ങനെ തന്നെ – ദുഃഖം, ഭയം, നഷ്ടബോധം, ഒറ്റപ്പെടല്‍ – ഇവ നിന്നിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്, നിന്റെ ആഴത്തിലുള്ള സ്വത്വമല്ല. ആകാശത്ത് കൂടി കടന്നുപോകുന്ന മേഘം ആകാശത്തെ മാറ്റുന്നില്ല – ഇരുണ്ട മേഘം പോലും.

നിന്റെ വേദന നിന്റെ കഥയുടെ ഭാഗമാണ്. പക്ഷേ നീ ആ കഥ മാത്രമല്ല – നീ ആ കഥ വായിക്കുന്നവനും കൂടിയാണ്. കഥ മാറാം, ഭാഷ മാറാം, അര്‍ഥം മാറാം. എന്നാല്‍ വായിക്കുന്നവന്‍ – ആ ഉള്ളിലെ നിശ്ചലത – അത് വേദനയ്ക്ക് തൊടാന്‍ കഴിയാത്ത ഒന്നാണ്. വേദനയ്ക്ക് സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്ന ഒരാള്‍ നിനക്കുള്ളില്‍ ഉണ്ട് – അത് വേദന കൊണ്ട് നിര്‍മ്മിക്കപ്പെട്ടതല്ല.

”നീ നിന്റെ വേദനയല്ല” എന്ന ബോധ്യം നമ്മെ ഉത്തരവാദിത്തബോധത്തിലേക്കും കരുണയിലേക്കും നയിക്കുന്നു. സ്വന്തം വേദനയോട് കരുണ കാണിക്കുമ്പോള്‍, മറ്റുള്ളവരുടെ വേദനയോടും നമ്മള്‍ കൂടുതല്‍ സാവധാനമാകുന്നു. അപ്പോള്‍ വേദന ഒരു തടസ്സമല്ല; അത് മനുഷ്യബന്ധങ്ങളെ കൂടുതല്‍ ആഴപ്പെടുത്തുന്ന ഒരു പാലമാകുന്നു.

വേദന ശരീരത്തില്‍ അനുഭവപ്പെടുന്നു, പക്ഷേ അത് എത്രത്തോളം ”വേദന” ആകുന്നു എന്നത് മനസാണ് തീരുമാനിക്കുന്നത്.

വേദനയെ: ശ്രദ്ധയോടെ കാണുക, അതിന് ഭാഷ നല്‍കുക, അതില്‍ മുഴുവനായി ലയിക്കാതിരിക്കുക, ഇതാണ് സുഖപ്പെടുത്തലിന്റെ തുടക്കം.

ജീവിതത്തില്‍ ആഴത്തില്‍ മുറിപ്പെട്ടവര്‍ ചിലപ്പോള്‍ പറയുന്നത് ഇങ്ങനെ: ‘ഇത് ഞാന്‍ തന്നെയാണ്, ഇതാണ് ഞാന്‍.’ ബാല്യത്തിലെ ഉപേക്ഷ, ഒരു ബന്ധത്തിന്റെ തകര്‍ച്ച, ആരും കാണാതെ പോയ വര്‍ഷങ്ങള്‍ – ഇവ സ്വത്വത്തിന്റെ ഭാഗമായി ഉള്‍വലിഞ്ഞിരിക്കുന്നു. ‘ഞാന്‍ ഉപേക്ഷിക്കപ്പെടാന്‍ യോഗ്യനാണ്’ എന്ന ചിന്ത, ഒരു ചിന്ത എന്ന നിലയില്‍ അല്ല, ഒരു സത്യം എന്ന നിലയില്‍ ജീവിക്കുന്നു.

എന്നാല്‍ ആ വേദനയ്ക്ക് ഒരു ആരംഭം ഉണ്ടായിരുന്നു. ആരംഭമുള്ളതിന് അന്തവും ഉണ്ട്. നീ അതിനു മുന്‍പും ഉണ്ടായിരുന്നു.

ധ്യാനത്തില്‍ ഒരു ലളിതമായ പരിശീലനമുണ്ട്. വേദന വരുമ്പോള്‍, അതിനെ തള്ളിമാറ്റാതെ, അതില്‍ മുങ്ങിപ്പോകാതെ, ഒരു ചോദ്യം ഉള്ളില്‍ ഉണര്‍ത്തുക – ‘ഇത് അനുഭവിക്കുന്ന ഞാന്‍ ആരാണ്?’ ആ ചോദ്യം ഉത്തരം തരില്ല. അത് ഒരു ഇടം തുറക്കും – വേദനയ്ക്കും നിനക്കും ഇടയില്‍ ഒരു ചെറിയ, ജീവദായകമായ ദൂരം.

ആ ദൂരത്തിലാണ്, സൗഖ്യം ആരംഭിക്കുന്നത്.

നീ നിന്റെ വേദനയല്ല. നീ അതിനെ വഹിക്കുന്ന ആഴമാണ്.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px