LIMA WORLD LIBRARY

ഒരുമിച്ചിരിക്കുമ്പോള്‍ – ഉണ്ണിക്കൃഷ്ണന്‍ അരിക്കത്ത്

ഒരു ഭദ്രദീപം കൊളുത്തി വെയ്ക്കട്ടെ ഞാ-
നിരുളിനെ വാതില്‍പ്പുറത്തു തള്ളാന്‍,
പ്രണയം നിറക്കൂട്ടു ചാര്‍ത്തുന്ന നിന്‍ മുഖ-
ത്തണയാത്ത പുഞ്ചിരി കണ്ടിരിക്കാന്‍.
ഒരു പാനപാത്രം നിറച്ചു വെയ്ക്കട്ടെ നാ-
മിരുവര്‍ക്കുമായിക്കുടിച്ചു തീര്‍ക്കാന്‍.
മധുരമല്ലതില്‍ നമ്മളൊരുമിച്ചതിന്‍ തീവ്ര-
ലഹരിയാണതു പങ്കു വെച്ചിരിക്കാം.

ചിതറിത്തെറിക്കുന്ന ചിന്തകള്‍ ചേര്‍ത്തു വെ-
ച്ചൊരു ജീവിതത്തെ തിരിഞ്ഞു നോക്കാം;
അറിയാത്ത ലാഭക്കണക്ക് നോക്കേണ്ടതിന്‍
നിറഭംഗി മാത്രം നുണഞ്ഞിരിക്കാം.
ഒരു വര്‍ണ്ണനൂലില്‍ നാമൊരുമിച്ചു മററാരു-
മറിയാത്ത മുത്തുകള്‍ കോര്‍ത്തെടുക്കാം.
നിറവസന്തം വായ്ച്ച വഴികളില്‍ കൈകള്‍ ചേര്‍-
ത്തൊരു മാത്ര കൂടിക്കടന്നു പോകാം.

പതിയെപ്പതുങ്ങി വന്നിരുളതാ വാതിലിന്‍
പടി വരെ വന്നെത്തി നോക്കി നില്പൂ.
പകരട്ടെ ഞാനീ വിളക്കില്‍ വീണ്ടും സ്‌നേഹ-
മൊരുമിച്ചിരിക്കാം നമുക്കിങ്ങനെ.

(‘ചില്ലക്ഷരങ്ങള്‍’ എന്ന കവിതാസമാഹാരത്തില്‍ നിന്ന്)

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px