LIMA WORLD LIBRARY

ഗുരുദേവുണര്‍ത്തിയ ചര്‍ക്ക – സനീഷ് നജീബ് (Saneesh Najeeb)

ഇന്നുദിച്ച സൂര്യന്‍ വിളറിയിരുന്നു.
പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നുണരാതെ

അല്പം കൂനോടെ മേഘങ്ങളെ

താങ്ങിയാണ് ഭൂമിയെ തെളിച്ചത്.
അതിനാല്‍, ഇന്നത്തെ സൂര്യന്

മുന്നില്‍ തലതാഴ്ത്തി മാത്രമേ

സൂര്യകാന്തിക്കുപോലും വേരൂന്നാന്‍ കഴിഞ്ഞുള്ളൂ.
അതുകൊണ്ടുതന്നെ സമുദ്രം

ഒരുപക്ഷേ തന്റെ മെത്തയിന്ന് ഒരുക്കിയേക്കില്ല;

സൗരയൂഥത്തിലിപ്പോള്‍ ന്യൂട്ടന്റെ*

മഷി മങ്ങിത്തുടങ്ങിയിരിക്കുന്നു.
‘ഗുരുത്വം’ എന്നതിപ്പോഴും ഒരു

സിദ്ധാന്തമായി നിലനില്‍ക്കുന്നുണ്ട്.
സൂര്യനിന്നും നിന്നിടം വിട്ടുപോയിട്ടില്ല.
എരിയുന്ന കണ്ണുകള്‍ക്കുപിന്നില്‍,

ഒരു വിലങ്ങിന്റെ മിന്നായമുണ്ടായിരുന്നുവോ?
മറ്റു ഗ്രഹങ്ങള്‍ക്ക് സ്വന്തമായി ഒരു പാതയുണ്ട്.
സൂര്യന്റെ വിലങ്ങവിടെയുണ്ടോ

എന്നുറപ്പിക്കാനാണോ ആ പാതയിലൂടെയുള്ള പാച്ചില്‍?

സൂര്യന്റെ വെളിച്ചം കടംകൊണ്ട നിലാവൊരുക്കിയ

രാവിനാണിന്ന് കൂടുതല്‍ തെളിച്ചം.
പകല്‍ മങ്ങിയെങ്കിലും ഉഷ്ണം തീക്ഷ്ണമാണ്.
വിയര്‍പ്പിന്റെയുപ്പുരസം മാത്രം അത്താഴത്തിനലങ്കാരമുള്ളവര്‍ക്ക്,

സൂര്യന്റെ ആ കൂനൊരു താങ്ങും, എരിവ് കൂട്ടാനുമായി.

ചുണ്ടിന്റെയറ്റത്ത് പൊടിഞ്ഞ കഥകളേറെയും നെഞ്ചകത്തെരിച്ചിലായി,

ഒരര്‍ഥനഗ്‌നന്‍** ഒരുമുറിനെയ്തനക്കമറ്റ ചര്‍ക്കയുടെ

വെള്ളപുതച്ചവര്‍ നേര്‍ത്ത പായകളില്‍ ചാഞ്ഞപ്പോള്‍,
സന്ധ്യമങ്ങിയ നേരം ‘ഗീതാ’തീര്‍ഥാടനത്തില്‍*** അഭയമനുഷ്ടിച്ച സൂര്യന്‍

തെളിച്ച നിലാവെളിച്ചമാ, വരികളവരുടെ

ആത്മാവിലണിയിച്ചപ്പോള്‍,
വലിച്ചുകെട്ടിയ മാറാലകള്‍ക്കിടയില്‍ നിന്നൊരുചര്‍ക്ക,
എന്തോ ഒന്ന് നെയ്തുതുടങ്ങി.

===
*ഗുരുത്വാകര്‍ഷണ സിദ്ധാന്തം മുന്നോട്ടുവെച്ച ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടണ്‍
**മഹാത്മാ ഗാന്ധി
***മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ ‘ഗീതാഞ്ജലി’]

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px