ലോക ഭൂമി ശാസ്ത്രത്തിൽ ചരിത്രം ഉറങ്ങിക്കിടക്കുന്ന ദേശങ്ങൾ ഉണർന്നു വരുന്നത് സമർത്ഥരായ ഭരണാധിപന്മാരും സർഗ്ഗ പ്രതിഭകളും ഉള്ളതുകൊണ്ടാണ്. ഈ അവസരം ഓർമ്മ വരുന്നത് ഖലീൽ ജിബ്രാന്റെ വാക്കുകളാണ്. “എന്റെ ജീവിതം ഒരു ക്ഷണിക സമുദ്രമാണ്. അവിടേക്ക് ഒഴുകി വരുന്ന പ്രവാഹങ്ങളെ എനിക്ക് തടഞ്ഞു നിർത്താനാകില്ല. ആ ആനന്ദത്തെ ഞാൻ പ്രാർത്ഥനപോലെ സ്വീകരിക്കുന്നു”. ജനങ്ങൾ തങ്ങളുടെ വിശ്വാസമർപ്പിച്ചുകൊണ്ട് ജീവിതത്തെ ജീവിത യോഗ്യമാക്കാൻ പച്ചപ്പട്ടു വിരിച്ച അധികാര പൂപ്പന്തലിനുള്ളിലേക്ക് ജനപ്രതിനിധികളെ തെരെഞ്ഞെടുത്തയാക്കുന്നു. അവിടുത്തെ പൂമണം പരത്തുന്ന മെത്തകൾക്കുള്ളിൽ പഞ്ഞിപ്പൂക്കളേക്കാൾ വന്യ സൗന്ദര്യ൦ നിറഞ്ഞ പ്രസരിപ്പുള്ള നോട്ടുകെട്ടുകൾ കണ്ടാൽ ആ പ്രവാഹത്തെ തടഞ്ഞു നിർത്താൻ പ്രതിപക്ഷത്തിനും സാധിക്കില്ല. ആഴകടലിൽ നിന്ന് കിട്ടുന്ന പവിഴമുത്തുകൾ ഒരു പ്രാർത്ഥനപോലെ അത്യാനന്ദത്തോടെ അധികാരത്തിലെത്തുന്ന പ്രതിപക്ഷവും സ്വീകരിക്കുന്നതല്ലാതെ നദിയിലേക്ക് വലിച്ചെറിയാറില്ല. സ്വാതന്ത്യം കിട്ടിയ നാൾ മുതൽ അധികാരത്തിൽ തളിർത്ത വിരലുകൾ ഇന്ത്യയിലാകെ ജനങ്ങളെ അനീതിയിലേക്കും അത്യാചാരത്തിലേക്കും വഴി നടത്തുന്ന കാഴ്ചകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം തുരുമ്പ് പിടിക്കുന്നതുപോലെ ലോകായുക്തക്ക് തുരുമ്പുണ്ടെങ്കിൽ ആ തുരുമ്പ് മാറ്റുന്നതിൽ കുറ്റം കാണേണ്ടതുണ്ടോ?
അധികാര സ്ഥാനങ്ങളിലുള്ള പൊതുപ്രവർത്തകർക്കെതിരായ അഴിമതി കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല എന്നത് കണ്ടുകൊണ്ടാണ് നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ മന്ത്രി സഭ കുടി ഓർഡിനൻസ് പുറത്തിറക്കിയത് എന്ന വാദവും അത് ലോകായുക്തയുടെ അധികാരം കവരുന്ന പ്രവർത്തിയെന്ന് പ്രതിപക്ഷ പാർട്ടികളുടെ മുറവിളിയും തുലാസിൽ ആടിക്കൊണ്ടിരിക്കുന്നു. 1999 ലോകായുക്ത വകുപ്പ് 14 അനുസരിച്ചു് അഴിമതി കേസിൽ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കേണ്ടത് ഗവർണ്ണർ, മുഖ്യ മന്ത്രി, സംസ്ഥാന സർക്കാരുകളാണ്. പ്രതിപക്ഷത്തിന് റ ആശങ്ക മുഖ്യമന്ത്രിക്കും ഉന്നത വിദ്യഭ്യാസ മന്ത്രിക്കുമെതിരെ പരാതികൾ ലോകായുക്തയിയുള്ളപ്പോൾ എന്തിനാണ് ഓർഡിനൻസ് കൊണ്ടുവന്നത്? എന്തുകൊണ്ടാണ് നിയമ സഭയിൽ ഈ വിഷയം അവതരിപ്പിച്ചു് അവരുടെ അഭിപ്രായം ആരാഞ്ഞില്ല തുടങ്ങി ധാരാളം ചോദ്യങ്ങൾ മുന്നിലുണ്ട്. ഇതൊക്കെ സങ്കല്പികമായ മിഥ്യാധാരണകളെന്നും ജനങ്ങളിൽ പ്രതിപക്ഷത്തുള്ളവർ ഭീതി പരത്തുകയെന്നും ഭരണ രംഗത്തുള്ളവർ വാദിച്ചാൽ എന്താണ് മറുപടി പറയുക?
ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളിൽ നഗ്നസത്യങ്ങളുടെ യഥാർത്ഥ മുഖം തുറന്നു കാട്ടാൻ അവരിലെ അബദ്ധ ജടിലമായ അറിവില്ലായ്‍മ അല്ലെങ്കിൽ അജ്ഞത തുറന്ന് സമ്മതിക്കാൻ ഉണർന്നു വരാറില്ല. അവിടെയാണ് ഉപജാപങ്ങളും കുടിലതകളും നീതിനിഷേധങ്ങളും അരങ്ങേറുന്നത്. ഇന്ത്യയിലെ ദരിദ്രർ ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ ആ ദിവസം വീട്ടിൽ തീ പുകയില്ല. പാവങ്ങൾക്ക് വിശപ്പടക്കാനോ പോഷകമൂല്യമുള്ള ഭക്ഷണമോ കിട്ടാതെ വിശപ്പിന്റെ നിഴലിൽ കഴിയുമ്പോഴാണ് സമ്പന്നർ അവരുടെ സമ്പത്തു് വർദ്ധിപ്പിക്കുന്നത്. വീഞ്ഞുകോപ്പകളുടെ മുന്നിലിരുന്ന് കുടിച്ചു് രസിക്കുന്ന ഭരണാധിപന്മാർ ഇന്ത്യയിലെ പാവങ്ങൾഅനുഭവിക്കുന്ന ഭയാനകമായ ഉത്കണ്ഠകളെപ്പറ്റി അതിസുഷ്മമായി പഠിക്കാൻ തയ്യാറായിട്ടില്ല. അതിലൊരു അഴിച്ചുപണി നടത്തിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. പാവങ്ങളുടെ പ്രശ്നങ്ങൾ മൗലികമായ രീതിയിൽ കുറച്ചെങ്കിലും അവർ അഭിസംബധന ചെയ്യുന്നു. സാമൂഹ്യ തിന്മകൾക്കെതിരെ വിയർപ്പും ചോരയും കൊടുത്തു വളർത്തിയ, അഴിമതിക്കെതിരെ നിലകൊള്ളുന്ന കേരള സർക്കാർ ലോകായുക്തയിൽ വെള്ളം ചേർക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അഴിമതിക്കാരായ പൊതു പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി, അഴിമതിയുടെ വിത്തുകൾ വിതച്ചു് കൊയ്ത്തു നടത്താൻ അനുവദിക്കരുത്. അനന്തതയിലേക്ക് നീളുന്ന ഈ കൂട്ടരുടെ അജ്ഞാതമായ പണമിടപാടുകൾ, സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനുള്ള നിയമങ്ങൾ കേരള നിയമ സഭ എതിർപ്പുകളില്ലാതെ അംഗീകരിക്കണം. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തും എഴുതിവിടുന്നവരെപോലെ എന്തിനേയും പല്ലും നഖവും ഉപയോഗിച്ചു് എതിർക്കുന്നവർ അഴിമതി നടത്തുന്നവരെ തുറുങ്കിലടക്കാൻ മുന്നോട്ട് വരുമോ?













