നിർമിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ യുഎഇയിൽ പ്രത്യേക ഗവേഷണ ലാബുകൾ തുടങ്ങുന്നു. വിവിധരാജ്യങ്ങളിൽ നിന്നുള്ളവർക്കും ഗവേഷണത്തിനുൾപ്പെടെ അവസരമൊരുങ്ങുന്ന പദ്ധതിയാണിത്. ഉന്നതസാങ്കേതിക വിദ്യകളുടെ രാജ്യാന്തര ആസ്ഥാനമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം.
നാളെയുടെ സാങ്കേതികവിദ്യയായ നിർമിത ബുദ്ധിയുടെ വലിയ സാധ്യതകൾ തിരിച്ചറിയുന്നതിനും അതിലൂടെ സാമ്പത്തികമേഖലയിലടക്കം വികസനം ഉറപ്പാക്കുന്നതിനുമാണ് യുഎഇയിൽ ഗവേഷണ ലാബുകൾ തുറക്കുന്നത്. ഇതിനു മുന്നോടിയായി നിർമിത ബുദ്ധിയിൽ വൈദഗ്ധ്യമുള്ള യുവനിരയെ സജ്ജമാക്കാൻ നടപടിയാരംഭിച്ചു. ഗവേഷണ ലാബുകളിൽ വിവിധരാജ്യക്കാരായവർക്ക് പ്രവേശനം അനുവദിക്കും. നിർമിത ബുദ്ധിയിൽ ബിരുദം പൂർത്തിയാക്കുന്ന 260ലേറെ വിദ്യാർഥികൾക്ക് ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ചു ഗവേഷണ പരിശീലന സൌകര്യമൊരുക്കും.
യുഎഇ കൌൺസിൽ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡിജിറ്റൽ ട്രാൻസാക്ഷൻസിൻറെ കീഴിലാണ് ലാബുകൾ നിലവിൽ വരുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠനാവസരങ്ങൾ ഉണ്ടാകുമെന്നു നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണോമി വകുപ്പ് സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലാമ വ്യക്തമാക്കി. രാജ്യത്തിൻറെ മൊത്തം ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ എ.ഐ സാങ്കേതികവിദ്യക്കു കഴിയുമെന്നും രണ്ടായിരത്തിമുപ്പതോടെ ഈ മേഖലയിൽ നിന്നുള്ള സംഭാവന 14 ശതമാനമാകുമെന്നുമാണ് വിലയിരുത്തൽ. നിർമിത ബുദ്ധിയിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്,ഡി എന്നീ കോഴ്സുകളുള്ള ലോകത്തിലെ ആദ്യ നിർമിത ബുദ്ധി സർവകലാശാല രണ്ടുവർഷം മുൻപ് അബുദാബിയിൽ തുടങ്ങിയിരുന്നു.













