LIMA WORLD LIBRARY

സായംകാലത്ത്….. – പുഷ്പ ബേബി തോമസ്

ചിറകിൻ കരുത്ത് തിരിച്ചറിഞ്ഞ്
പറന്നകന്നു കിളിക്കുഞ്ഞുങ്ങൾ .

ചിറകിൻ കരുത്ത് കുറഞ്ഞെന്ന്
തിരിച്ചറിയുന്നൂ നാമും .

ഒച്ചു പോലിഴയും
സൂചിക്കാലുകളെ നോക്കിയിരിയ്ക്കും
സായംകാലത്ത് ,

ഗുൽമോഹർ അതിരിടുന്ന
അയൽ വീടുകളിൽ
കഴിയണം നമുക്ക് .

കണ്ണീർത്തുള്ളിയും, മുക്കുറ്റിയും
തെരയും മട്ടിൽ
എന്നെ കാത്തു നിൽക്കും നീയാവണം
പുലരിയിൽ പടിവാതിൽ തുറക്കുമ്പോൾ
എന്നുമെൻ കണി.

മഴയിൽ കുതിർന്നു കിടക്കും വാകപ്പൂക്കൾ
തിരികെ തടത്തുന്നു നമ്മെ
വീണ്ടും; ആ വാകമരച്ചുവട്ടിലേയ്ക്ക് ….

പൂക്കൾ പെറുക്കിയതും
മിഴികൾ കൊരുത്തതും
കുരു കല്ലിലുരസി പൊള്ളിച്ചൂ
നീയെൻ വിരലുകൾ
ആ തുലാവർഷക്കുളിരിൽ .

രുചിയേറാരുണ്ട്
നിനക്ക് പകർച്ച തരും വിഭവങ്ങളിൽ
എൻ പ്രണയം ചാലിച്ചതിനാൽ .

നാമൊന്നിച്ച് നടക്കുമ്പോൾ
കൊതിപ്പൂ എൻ കാലൊന്നിടറാൻ ….
വിശ്വാസമുണ്ടെനിക്ക്
വീഴാതെ ചേർത്തു പിടിക്കും നീയെന്നെ .

നിൻ നുണക്കഴിയിലെൻ
നുണക്കുഴി ചേർത്ത്
വിരലുകളിൽ മുറുകെ പിടിച്ച്
ചാരത്തിരിക്കാൻ
കൊതിയാവുന്നില്ലേ കൂട്ടുകാരാ ….

സായംകാലത്ത്
ഗുൽമോഹർ അതിരിടുന്ന
അയൽ വീടുകളിൽ
ജീവിക്കണം നമുക്ക് .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px