വാലന്റൈൻസ് ഡേ പ്രമാണിച്ച് പ്രണയത്തെക്കുറിച്ച് എഴുതാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു നിശബ്ദതയും പിന്നെ സംശയം കലർന്ന ഒരു മുഖഭാവവും ആയിരുന്നു കൂട്ടുകാരുടെ ഇടയിൽ. എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചപ്പോൾ പലതരം ഉത്തരങ്ങളും. സമരങ്ങളെയും ദുരന്തങ്ങളെയും കുറിച്ചെഴുതാനായിരുന്നു കൂടുതൽ പേരും പറഞ്ഞത്. പ്രണയം പോലുള്ള പഴയ വിഷയങ്ങൾ വിട്ടു കളയൂ എന്നും അഭിപ്രായം വന്നു. പ്രണയം കൊണ്ട് മാത്രം കൈവിട്ടു പോയ മനസും ജീവിതവും തിരിച്ചു പിടിച്ച സ്കൂൾ കാലത്തിലെ ഒരു കൂട്ടുകാരി മാത്രം പറഞ്ഞതിങ്ങനെ.
“ഓരോരുത്തരും പ്രണയത്തെ സ്വീകരിക്കുന്നത് വ്യത്യസ്തമായ രീതികളിലും അളവിലുമാണ് . സമയം, സമയമാണെല്ലാം തീരുമാനിക്കുന്നത്. സമയത്തെ നിശ്ചയിക്കുന്നത് നമ്മുടെ കർമ്മങ്ങളും.”
സ്കൂൾ കാലത്ത് പ്രണയം ഒരു പരിധി വരെ വിലക്കപ്പെട്ട ഒരു വാക്കായിരുന്നു. എന്നാൽ സ്കൂൾ ലോഗോയിൽ ലവ് നെവർ ഫെയിലെത്ത് എന്ന ബൈബിൾ വാക്യമായിരുന്നു എഴുതിയിരുന്നത്. അതിനെക്കുറിച്ച് ചിന്തിക്കാനിടം കിട്ടുന്നതിന് മുൻപു രസകരമായ മലയാളം പരിഭാഷയും കൂടെയെത്തും. “സ്നേഹം ഒരു നാളും ഉതിർന്നു പോകയില്ല.” ചുവന്ന കല്ലുള്ള മാല പൊട്ടി കല്ലുകൾ ഉതിർന്നു വീണു ചിതറിപ്പോയതിനെക്കുറിച്ചുള്ള ഓർമകളിൽ ചിന്തകൾ അവസാനിക്കുകയും ചെയ്യും.
പ്രണയത്തെക്കുറിച്ച് ചിന്തിക്കാനൊന്നും നമ്മൾ മിനക്കെ ടാറില്ലായിരുന്നെങ്കിലും പ്രണയത്തെക്കുറിച്ച് ചിന്തിച്ച ഒരു കവി നമുക്കുണ്ടായിരുന്നത് കൊണ്ട് നമ്മുടെ പ്രണയസങ്കൽപ്പങ്ങൾക്കു എന്നും ഒരു മിനിമം ഗ്യാരണ്ടി നിലവാരം ഉണ്ടായിരുന്നു. റേഡിയോയിലൂടെ കേട്ടിരുന്ന ഒ.എൻ.വി. കവിതകളിൽ നിന്നും ഇന്നും പുറത്തു വരാത്തവരാണ് ഞങ്ങളുടെ തലമുറയിൽ ഒരുപാടുപേർ. “ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന, ശരദിന്ദു മലർദീപനാളം നീട്ടി, പറന്നുപോയ് നീയകലെ” തുടങ്ങിയ പാട്ടുകളൊക്കെ ഉദാഹരണങ്ങളാണ്. എന്നാൽ ഭൂമിയിലെ സ്നേഹാമൃതത്തെക്കുറിച്ച് കവിതയിൽ അദ്ദേഹം പറഞ്ഞതിങ്ങനെ..
ഒരിക്കൽ നുകർന്നാല-
തെങ്ങനെ മറക്കുവാൻ!
ഒരു നൂറാവൃത്തിനാ-
മതിനായ് ജനിപ്പവർ.
രാധാകൃഷ്ണ പ്രണയം പാട്ടുകളിലൂടെയും, കഥകളിലൂടെയും, ചിത്രങ്ങളിലൂടെയും നമ്മുടെ കൂടെത്തന്നെ ഉണ്ടായിരുന്നെങ്കിലും, പ്രണയത്തെക്കുറിച്ച് അതിനപ്പുറം ഇന്നും ഒന്നും മനസ്സിലാക്കിയിട്ടില്ലെങ്കിലും, പ്രണയത്തെ ഒരു ഗൌരവമുള്ള വിഷയമായി ഞാൻ കാണാൻ തുടങ്ങിയതു സാറാ തോമസ് എന്ന നോവലിസ്റ്റുമായി ടി. വി. യിൽ വന്ന ഒരു അഭിമുഖം കണ്ടതിനു ശേഷമാണ്.
” മനുഷ്യബന്ധങ്ങളിൽ ഏറ്റവും പ്രത്യേകതയുള്ളതും പ്രധാനവുമായി എനിക്കു തോന്നിയത് പ്രണയമാണ്” എന്നവർ പറഞ്ഞു.
എന്നാൽ ജലാലുദ്ദീൻ റൂമി എന്നൊരു സൂഫികവിയെ വായിച്ചതിന് ശേഷമാണ് പ്രണയത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാട് തന്നെ മാറിയത്.
“നിങ്ങളുടെ ദൌത്യം പ്രണയത്തെ തിരഞ്ഞു നടക്കലല്ല, മറിച്ച് നിങ്ങളുടെ ഉള്ളിൽ പ്രണയത്തിനെതിരെ നിങ്ങൾ ഉണ്ടാക്കിയിട്ടുള്ള തടസ്സങ്ങളെ കണ്ടെത്തുക എന്നതാണ്.
അവസാനം ഒരിടത്ത് കണ്ടുമുട്ടുന്നവരല്ല പ്രണയികൾ. അവർ അവരിൽ തന്നെ വസിക്കുന്നു.
വിരഹം എന്നത് ആത്മാവിലേക്ക് പോകാതെ ബാഹ്യസൌന്ദര്യം മാത്രം കാണുന്നവർക്കുള്ളതാണ്. ഹൃദയം കൊണ്ടും, ആത്മാവു കൊണ്ടും സ്നേഹിക്കുന്നവർക്ക് വിരഹം എന്നൊരു കാര്യമേയില്ല.
വിശദീകരിച്ചു പറയുന്നത് എല്ലാ കാര്യങ്ങളെയും വ്യക്തമാക്കുന്നു. എന്നാൽ വിശദീകരിക്കാത്ത സ്നേഹമാണ് കൂടുതൽ വ്യക്തം.”
നമ്മൾ മലയാളിയായി കാണുന്ന കൊളംബിയൻ എഴുത്തുകാരൻ മാർകേസും ആത്മീയതലത്തിലേക്ക് പോകുന്നുണ്ട്.
“പ്രണയത്തെ കൃപയുടെ അവസ്ഥയായി ചിന്തിക്കാൻ എനിക്കവളെ പഠിപ്പിക്കേണ്ടി വന്നു. പ്രണയം ഒരു മാർഗമല്ല. ആദ്യവും അവസാനവും അത് തന്നെ.”
“സ്നേഹം എന്താണെന്നു എനിക്കറിയാമെങ്കിൽ, അത് നീ കാരണം മാത്രമാണ്.” എന്നാണ് ഹെർമൻ ഹെസ്സെ പറഞ്ഞത്.
വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്ന കഥയിങ്ങനെയാണ്. മൂന്നാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ആയിരുന്ന ക്ലോഡിയസ് രണ്ടാമൻ വിവാഹം നിയമവിരുദ്ധമാക്കി. വിവാഹിതരായവർ അക്കാലത്ത് യുദ്ധത്തിൽ പങ്കെടുക്കേണ്ടിയിരുന്നില്ല. ആളുകളെ യുദ്ധത്തിൽ പങ്കെടുപ്പിക്കാൻ വേണ്ടിയായിരുന്നു വിവാഹം നിയമ വിരുദ്ധമാക്കിയത്. ഒരു പുരോഹിതനായിരുന്ന വാലന്റയിൻ വിവാഹം എന്ന കൂദാശ തിരികെ കൊണ്ട് വരുന്നതിനു വേണ്ടി പോരാടി. ചക്രവർത്തി അദ്ദേഹത്തെ തുറങ്കിലിട്ടു. അതിനിടെ ജയിലറുടെ അന്ധയായിരുന്ന മകൾക്ക് അദ്ദേഹം കാഴ്ച നല്കി. ഫെബ്രുവരി 14 നു അദ്ദേഹം വധിക്കപ്പെട്ടു. മരിക്കുന്നതിന്റ അന്ന് അദ്ദേഹം ജയിലരുടെ മകൾക്കു നിന്റെ വാലന്റയിൻ എന്നെഴുതിയ ഒരു സന്ദേശം കൊടുത്തു എന്നു പറയപ്പെടുന്നു. പിന്നീടദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. കാലക്രമത്തിൽ ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിക്കപ്പെട്ടു. കാലം കടന്നു പോകെ കൂടുതൽ കൂടുതൽ ആഡംബരങ്ങൾ പ്രണയദിനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.
പ്രണയത്തിന് വേണ്ടി ഒരു ദിവസം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രണയവും, പ്രണയത്തെ അന്വേഷിക്കുന്നവരും ഉണ്ടാവും. നമ്മൾ പ്രണയത്തെ അന്വേഷിച്ചു തുടങ്ങുന്ന നിമിഷം പ്രണയം നമ്മളെയും അന്വേഷിച്ചു തുടങ്ങുകയും മുക്തിയിലേക്ക് നയിക്കുകയും ചെയ്യും എന്നു പൌലോ കൊയിലോ പറയുന്നു. ആത്മാവിന്റെ അനന്തമായ യാത്രയിൽ ഒരു നിമിഷം നമ്മളീ ഭൂമിയിൽ നിന്നതാണെന്ന് തിരിച്ചറിയും എന്നും പറയുന്നു. ശരിക്കും പ്രധാനപ്പെട്ട കണ്ടുമുട്ടലുകൾ ശരീരങ്ങൾ പരസ്പരം കാണുന്നതിന് വളരെ മുൻപു തന്നെ ആത്മാക്കൾ തീരുമാനിച്ചുറച്ചതാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ പ്രണയം എപ്പോഴും പുതിയതാണ്. നിങ്ങൾ ഒന്നല്ല. രണ്ടല്ല ഒരു ഡസൻ തവണ പ്രണയിച്ചെന്നിരിക്കട്ടെ, ഓരോ തവണയും പുതിയൊരു സാഹചര്യം ആയിരിക്കും നിങ്ങൾക്കു അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
സ്ത്രീകൾ പ്രണയത്തെക്കുറിച്ച് പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എമിലി ബ്രോൻടെ പറഞ്ഞത് തന്നെയാണ്. “അവൻ എന്നേക്കാൾ കൂടുതൽ ഞാൻ തന്നെയാണ്. ഞങ്ങളുടെ ആത്മാക്കളെ എന്തുകൊണ്ട് സൃഷ്ടിച്ചതായാലും അത് ഒരേ വസ്തു കൊണ്ട് തന്നെയാണ്.”
“സ്നേഹം ഒരു നദി പോലെയാണ്. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര ഭാഗം സൌഹൃദം എന്നു വേർതിരിക്കാൻ പറ്റില്ല. അത് കൊണ്ടല്ലേ സ്നേഹത്തിനിത്ര ഭംഗി” എന്നു മാധവിക്കുട്ടി പറയുന്നു.
കവിതയെഴുതി തുടങ്ങി അധിക കാലമായിട്ടില്ലാത്ത പുഷ്പ ബേബി തോമസ് എന്ന സുഹൃത്ത് ഇങ്ങനെ എഴുതി
” എന്റെ വരികളിൽ നീയാണ്
നിന്റെ സ്വരങ്ങളിൽ ഞാനും”.
പ്രണയത്തെ അന്വേഷിക്കുന്നവരെ ജീവിതത്തിൽ ഏതെങ്കിലും സമയത്ത് പ്രണയം തേടിയെത്തുക തന്നെ ചെയ്യും. ഇനിയൊന്നും പറയാനില്ലാത്തത് പോലുള്ള നിറഞ്ഞ സ്നേഹം. നിന്റെ ജീവിതം കൊണ്ട് നീയെനിക്ക് കാണിച്ചു തന്നതെന്താണോ അതാണെനിക്ക് പ്രണയം എന്നു മാത്രമേ അപ്പോൾ പറയാനാവുകയുമുള്ളൂ.
“പ്രണയദിനാശംസകൾ”
About The Author
No related posts.