അടവിയിലി അപരാഹ്ന നേരത്തിൽ
എന്തിന്നൊരപരാധി ആയി നീ മാറിടുന്നു.
ഈ അപഥ സഞ്ചാരം അപരിഹാര്യമാം
അഘമെന്നു നീയിന്നറിഞ്ഞുകൊൾക.
മതി മതി മാമുനേ ഞാൻ ചെയ്യൂമീ കർമ്മ
മത്രയും പുത്രകളത്രാദികൾക്കായ്.
കനകം പകുത്ത നിൻ കാമിനി നിന്നുടെ
കർമ്മഫലങ്ങൾ പകുത്തിടുമോ..
ഇല്ലില്ല തെല്ലും സന്ദേഹമില്ലതിൽ
പാപത്തിൽ പകുതിയത് അവരെടുക്കും.
പോകുക സോദരാ നിൻ നികേതത്തിങ്കൽ
അവിടെയീ പ്രശ്ന നിവൃത്തി തേടൂ.
സത്യോപാസന ചെയ്യും തപസ്വി നാം
ശങ്ക കൂടാതെ നീ പോയ് വരിക.
ഝടിതിയിൽ ഓടി കിതച്ചു രത്‌നാകരൻ
ചാരത്തണഞ്ഞു തൻ പത്നിയിങ്കൽ.
ഞാൻ ചെയ്ത ഈ നീച കർമ്മങ്ങൾ ഒക്കെയും
ചാരുതേ നിൻ ചിരി കാണുവാനായ്.
പൊന്നും പവിഴവും ഒന്നിച്ചെടുത്ത നാം
കർമ്മ ഭലവും പകുക്കുകില്ലേ.
ഇല്ലില്ല തെല്ലും പങ്കില്ലെനിക്കതിൽ
പാപം പകുത്തിടാൻ ആവതില്ല.
കരളു കല്ലായ ക്രൂരനാണെങ്കിലും
കണ്ണുനീരിന്റെ രുചിയന്നറിഞ്ഞയാൾ.
അമ്പുകൊണ്ടു പിടയുന്ന നെഞ്ചുമായ്
ഖിന്നനായി നടന്നാനിഷാദനും.
ഗർവ്വമൊക്കെ ഉപേക്ഷിച്ചു താന്തനായ്
വന്നു ചേർന്നു തമസാ നദിക്കരെ.
ഉള്ളുരുകി പറഞ്ഞു മഹാമുനെ
പൊള്ളയായിരുന്നെന്റെ വിചാരങ്ങൾ.
അന്തരാത്മാവു ധാവനം ചെയ്തെനി
ക്കവനി വിട്ടു പോയീടണം പ്രഭോ.
ഈമരങ്ങൾക്കിടയിൽ ഇരുന്നു നീ
രാമ നാമം ഉറക്കെ ജപിക്കണം.
അമരലോകത്തിൻ അതിരുകൾ ഭേദിച്ച്
നിൻ നിനദം മാറ്റൊലി കൊള്ളട്ടെ.
ഏറെ വർഷം കഴിഞ്ഞു പോയങ്ങനെ
ആമയങ്ങൾ മറന്നു രത്നാകരൻ.
മണ്ണുമൂടി ചിതൽ പുറ്റുമായതിൽ
തന്നെ അങ്ങനെ ധ്യാനിച്ചിരുന്നയാൾ.
വന്നു പിന്നെയും മാമുനി ആവഴി
ഏറെ വർഷം കഴിഞ്ഞൊരു നാളതിൽ.
രാമ നാമം വിഴിയും ചിതൽ പുറ്റിൽ
കണ്ടു ദ്യുതിത വദനനാം ശ്രേഷ്ഠനെ.
കന്മഷങ്ങൾ ഉരുകി ഒലിച്ചുപോയ്
നിൻ തപസ്സിന്റെ വഹ്നിയിൽ എപ്പോഴോ.
വരിക വാല്മീക ഭിത്തികൾ ഭേദിച്ച്
അമരുകമരനാം വാല്മീകിയായങ്ങ്.
വി.ജി. ഗോപീകൃഷ്ണൻ
(കടപ്പാട് ദീപിക)
About The Author
No related posts.