നമ്മുടെ ധനമന്ത്രി ഉറക്കിളച്ചും കഷ്ടപ്പെട്ടും കടമെടുത്തും വിഖ്യാത വിദൂര മിസൈൽ പോലെ ദീർഘവീക്ഷണത്തോടെ വികസിപ്പെച്ചെടുത്ത ബജറ്റിന് യാഥാർഥ്യവുമായി പുലബന്ധമില്ലെന്ന് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം മനസ്സിലൊളിഞ്ഞിരിന്ന കുറ്റബോധ൦ പൊന്തി വരിക മാത്രമല്ല ഒരല്പം വിനാശവും വിതക്കുന്നുണ്ട്. ഏത് പാർട്ടി ഭരിച്ചാലും വിതക്കാതെ കൊയ്യാൻ പറ്റില്ല. നമ്മുടെ പല ബജറ്റുകളും വിത്തുകളും കുടത്തിലകപ്പെട്ട വിത്തുകളായി വെയിലിൽ കിളിർക്കാനാവാതെ എത്രയോ കാലങ്ങളായി വീർപ്പുമുട്ടുന്നു. നമ്മുടെ ധനമന്ത്രിയുടെ വെളിപ്പെടുത്തൽ കുടത്തിൽ അടക്കം ചെയ്യപ്പെട്ട വിത്തുകൾക്ക് മുളച്ചുവരാൻ സ്വന്തന്ത്യം നൽകിയിരിക്കുന്നു. ചില ദുഷ്ടലാക്കുള്ളവരുടെ ചോദ്യം ഇത് പ്രണയ വാഗ്ദാനംപോലെ പറഞ്ഞുപറ്റിക്കയാണോ? അതിന്റെ അന്ത്യമോ പ്രണയ വാഗ്ദാനങ്ങളിലൂടെ ശാരീരിക പീഡനങ്ങൾ മാത്രമല്ല പെൺവാണിഭങ്ങളും നടക്കാറുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ ശക്തമായ നിലപാടുകൾ മാറ്റുരച്ചു കാണിക്കുന്ന ഈ ബജറ്റിനോടുള്ള ചോദ്യം. നമ്മുടെ നാടും നഗരവും മാലിന്യത്തിൽ നിന്ന് എന്താണ് മുക്തി നേടാത്തത്? ഒരു ശവം മറവ് ചെയ്യാൻ നമ്മുക്ക് സംവിധാനങ്ങളുണ്ട്. എന്നാൽ ഒരു കുപ്പിച്ചില്ല് മറവ് ചെയ്യാൻ എന്ത് സംവിധാനമാണുള്ളത്? വികസിത രാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഈ ദുരവസ്‌ഥയില്ലാത്തത്?
ധനമന്തി അവതരിപ്പിച്ച ജാനകിയ ബജറ്റിൽ ഉന്നത വിദ്യാഭാസത്തിന് 2,546 കോടി മാറ്റിവെച്ചത് നല്ലത്. അതിൽ യുക്രൈയിനിൽ നിന്നുള്ള കുട്ടികൾക്ക് പഠനസഹായം, വിദേശത്തു പഠിക്കുന്നവരുടെ ഡാറ്റ ബാങ്ക്, അവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നോർക്ക ഒരു പ്രേത്യക സമിതിയുണ്ടാക്കും ഇതെല്ലം പ്രവാസികൾക്ക് ഗുണം ചെയ്യും. എന്നാൽ കേരള മിഷൻ, ലോക കേരള സഭകൾ പോലെ സ്വന്തക്കാർ, ഇഷ്ടക്കാർ, സമ്പന്നർ, രാഷ്ട്രീയം നോക്കി ആളുകളെ ഇതിലും കുത്തി നിറക്കരുത്. അര്ഹതയില്ലാത്തവരെ അർഹിക്കാത്ത സ്ഥാനങ്ങളിൽ കുടിയിരുത്തുന്ന സമ്പ്രദായം കേരളം അവസാനിപ്പിക്കണം. ഇത് കേരളത്തിൽ വർധിച്ചുവരുന്ന ധാർമ്മികാധഃപതനമാണ്. നോർക്ക കേരളത്തിൽ നിന്ന് പുറത്തുപോയിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണമെടുക്കുമ്പോൾ പ്രവാസികളു ടെ എണ്ണവുമെടുക്കണം. കേരളത്തിൽ പഠിക്കുന്ന നമ്മുടെ കുട്ടികൾക്ക് മാതൃഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും സംസാരിക്കാനറിയുമോ? പഠനഗുണനിലവാരമുയർത്തേണ്ടത് കുറെ കെട്ടിടങ്ങൾ കെട്ടിപൊക്കുന്നതിലല്ല. കുട്ടികളിൽ പുതുജീവൻ പുലരണമെങ്കിൽ കച്ചവട പഠന൦ അവസാനിപ്പിച്ച് ഫലപ്രദമായ വിഞ്ജാനം നൽകണം. കേരളത്തിൽ അന്യായമായ ഫീസ് പിഴിഞ്ഞെടുക്കുന്നതുകൊണ്ടാണ് കുട്ടികൾ വിദേശങ്ങളിൽ പഠിക്കാൻ പോകുന്നത്. ഇത് തടയുന്നതിന് ക്രിയാത്‌മകമായ പരിഷ്‌ക്കാരങ്ങൾ ഈ രംഗത്ത് ഇടതുപക്ഷ സർക്കാർ കൊണ്ടുവരണം. വരണ്ടുണങ്ങിയ മരുഭൂമിയിലെ ജീവിതങ്ങളും വിതുമ്പിനിൽക്കുന്ന യുക്രൈയിനി ലെ മേഘങ്ങളും വിതുമ്പിക്കരഞ്ഞ വിദ്യാർത്ഥികളെയും നമ്മൾ കണ്ടു. ഇവരെ ജന്മനാട്ടിൽ നിന്ന് ആട്ടിയോടിക്കുന്നത് എന്നവസാനിക്കും? ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും നമ്മുടെ യുവജനങ്ങൾ വിദ്യാഭാസം തേടി, തൊഴിൽ തേടി വിദേശത്തു് എന്തുകൊണ്ടു പോകുന്നു? വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഈ നീറുന്ന വിഷയങ്ങളിൽ വിലപ്പെട്ട പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല? യുവജനങ്ങൾക്ക് വിദ്യാഭാസം, തൊഴിൽ രംഗത്ത് സാമൂഹിക നീതി എന്തുകൊണ്ട് ലഭിക്കുന്നില്ല? വിദ്യാഭാസ രംഗo മാലിന്യമുക്തമാക്കണം.
ടൂറിസം വികസനത്തിന് 1000 കോടി വായ്‌പാ പദ്ധതി. കാരവൻ പാർക്കുകൾക്ക് 5 കോടി. ഇക്കോ ടൂറിസത്തിന് 10 കോടി. ഫെറി ബോട്ടുകൾ സോളാർ തുടങ്ങിയവ ടൂറിസം രംഗത്ത് നല്ലൊരു വിരുന്നാണ്. അൻപതോളം രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള എനിക്ക് പറയാനുള്ളത് ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്നത് യാത്രകൾ സുഖകരമായി പര്യവസാനിക്കണമെന്നാണ്. കേരളത്തിലെ ഏതെങ്കിലും ഒരു പാർക്കിലോ, കടൽത്തീരത്തോ, തെരുവീഥികളിലോ ഒരു സ്ത്രീക്ക് സന്ധ്യ കഴിഞ്ഞാൽ പുറത്തുനടക്കാൻ സാധിക്കുമോ? സ്വന്തം സ്ത്രീകൾക്ക് സാധിക്കുന്നില്ല അപ്പോഴാണ് വിദേശ സ്ത്രീകൾ. വിദേശങ്ങളിൽ സഞ്ചാരികൾ കാണുന്നത് ഭംഗിയുള്ള പകൽ മാത്രമല്ല മയിൽപീലിപോലെ പ്രകാശിക്കുന്ന റോഡുകളിലെ പ്രകാശധോരണിയിലൂടെ രാത്രി കാലങ്ങളിലും അവർ സഞ്ചരിക്കുന്നു. വഴിയോരങ്ങളിലെ ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കാനെത്തുന്നു. ആകാശത്തു് പറന്നിറങ്ങുന്ന നക്ഷത്രങ്ങളെയും കണ്ടിട്ടാണ് അവർ വാസസ്ഥലത്തേക്ക് മടങ്ങുന്നത്. നേർത്ത വസ്ത്രധാരികളായ ഈ സ്ത്രീകളെ കാണുന്ന നമ്മുടെ കുറെ പുരുഷകേസരികൾ അവളുടെ സർവ്വ അവയങ്ങളിലും കണ്ണോടിക്കും. മദ്യപാനിയെങ്കിൽ കഥ മാറും. ഈ വൈകൃത സ്വഭാവം കുറെ മലയാളികളുടെ വ്യക്തിചേതനയിലുണ്ട്. അതിൽ സദാചാര ഗുണ്ടകളുമുണ്ട്. അവരിൽ ചിലർ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ടൂറിസ്റ്റുകൾക്ക് ദുരാനുഭവങ്ങൾ പലതുണ്ട്. പലപ്പോഴും പരാതി പറയാറില്ല. മലയാളക്കരയിൽ ടൂറിസ്റ്റുകൾക്ക് ഭയം, ഭീതി കൂടാതെ സഞ്ചരിക്കാനുള്ള നല്ല വഴികളും, വഴിയോര ഭോജനശാലകളും, വഴികാഴ്ച്ചകളും സുരക്ഷയുമാണ് ആദ്യം ഒരുക്കേണ്ടത്. ലോകത്തുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണുമ്പൊൾ നമ്മുടെ കേരളം എത്ര സുന്ദരമെന്ന് ഏതൊരു വിദേശിയും പറയും. നമ്മുടെ റോഡുകൾ, കായലിലെ പായൽ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹികമായ സഞ്ചാരികളോടുള്ള പെരുമാറ്റം, വ്യത്തിഹീനമായ ചുറ്റുപാടുകൾ മാനസികമായി സഞ്ചാരികളെ തളർത്തുന്നു. കുട്ടികളുടെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുപോലെ ഈ രംഗത്തും പരിഷ്‌ക്കാരങ്ങൾ വരുത്തിയാൽ ആഗോളതലത്തിൽ നമ്മുടെ സുന്ദര ഗ്രാമ വനാന്തരങ്ങളിൽ വിദേശികൾ താമസിക്കും. വന്യമൃഗങ്ങളുള്ള ആഫ്രിക്കൻ കാടുകളിൽ വിദേശത്തു് നിന്ന് സഞ്ചാരികൾ പോകുന്നത് മൃഗങ്ങളെ കാണാൻ മാത്രമല്ല ആ നാടിൻറെ ഗോത്ര സംസ്കാരം, കലാവിരുന്നുകൾ കാണാൻ കൂടിയാണ്. എന്തുകൊണ്ടാണ് നമ്മുടെ വനപ്രദേശങ്ങൾ, പുഴകൾ, തടാകങ്ങൾ സഞ്ചാരികളുടെ ഇഷ്ടസങ്കേതമാകുന്നില്ല? നമ്മുടെ കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്ട്യം തുടങ്ങിയ കലാരൂപങ്ങൾ കാണാൻ സാധിക്കുന്നില്ല? മലയാളത്തനിമ നിറഞ്ഞ നാടൻ ഭക്ഷണം രുചിച്ചുനോക്കാൻ സാധിക്കുന്നില്ല? വിദേശത്തു് കാണുന്നതുപോലെ കൽപടവുകളിലും റോഡുകളിലുമിരുന്നു കലാകാരൻ മധുരഗാനം പാടണമെന്ന് പറയുന്നില്ല. സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങൾ, ഇഷ്ടസങ്കേതങ്ങൾ അതിസൂക്ഷമമായി വിലയിരുത്താൻ നാലുകെട്ടിലെ തമ്പുരാക്കന്മാർക്ക് സാധിച്ചിട്ടില്ല. ടൂറിസ൦ വകുപ്പ് മാലിന്യമുക്തമാകണം. സൂക്ഷ
മുൻകാലങ്ങളിൽ സാഹിത്യ ശകലങ്ങങ്ങളെ കൂട്ടുപിടിച്ചാണ് ധനമന്ത്രിമാർ ബജറ്റിന് തുടക്കം കുറിച്ചത്. എന്തിനും ഒരു ഗുരുത്വ൦ നല്ലതാണ്. എന്തുകൊണ്ടെന്നാൽ അക്ഷരവും ആത്മാവും ഒരേ നാണയത്തിന്റ രണ്ട് വശങ്ങളാണ്. ആത്മാവ് അനശ്വരമാണ്. അക്ഷരം അറിവാണ്. ഇവ രണ്ടും സമൂഹത്തിൽ ചൂഴ്ന്നു നിൽക്കുന്ന അന്ധകാരങ്ങളെ, ജീർണ്ണതകളെ, അജ്ഞതകളെ തളർത്തി പുതിയൊരു സംസ്കാരത്തെ വളർത്തുന്നു. ആ മനോഗതം മനസ്സിലാക്കിയാണ് സുഗന്ധമാർന്ന വരികൾ പ്രേമാർദ്രമായ മിഴികളോടെ മുൻ ധനമന്ത്രിമാർ അവതരിപ്പിച്ചിട്ടുള്ളത്. കഥാകൃത്തു് സക്കറിയ പറഞ്ഞത് കേരളത്തിലെ എഴുത്തുകാർ ഭാഗ്യമുള്ളവരാണ്. ധനമൂല്യമുള്ള സർക്കാർ അവാർഡുകൾ ലഭിക്കുന്നു. അതിനോട് കുട്ടിച്ചേർക്കാനുള്ളത് ഒരു കൂട്ടർ സാഹിത്യത്തെ ചുമലിലിട്ട് ചേരിപ്പോര് നടത്തി പുരസ്‌കാര-പദവികൾ സ്വന്തമാക്കുന്നത് പുരോഗമനസാഹിത്യത്തിന്റെ അപചയമാണ്. മനുഷ്യമനസ്സിൽ ഒരിരുണ്ട ഭാഗമുണ്ട്. അത് ഒരു കള്ളനെപ്പോലെ പതുങ്ങിയിരിക്കും. അവരുടെ പ്രേത്യകത സ്വാർത്ഥത, അസൂയ, പരമ്പരാഗതമൂല്യ പ്രമാണങ്ങളിൽ ജീവിക്കുന്നതിനാൽ വികസിതമായ കാഴ്ചപ്പാടുകൾ വിസ്മരിക്കപ്പെടുന്നു. അവർ ഭൂതകാലത്തിന്റെ ശ്മശാനങ്ങളിൽ ഇന്നും ഉല്ലസിച്ചുറങ്ങുന്നു. കേരളത്തിലുള്ളതുപോലെ വിദേശ രാജ്യങ്ങളിലും എഴുത്തുകാരുണ്ട്. ഈ ദീർഘദൂര സുസ്ഥിര വികസന ബജറ്റിൽ പ്രവാസി മേഖലയിൽ അവഗണന അനുഭവിക്കുന്നവരെ കണ്ടില്ല. അത് മറ്റാരുമല്ല സാഹിത്യ പ്രതിഭകളും എഴുത്തുകാരും മാധ്യമങ്ങളുമാണ്. അവരെ ആരും തിരിച്ചറിയുന്നില്ല. വിശാലമായ കാഴ്ചപ്പാടുള്ള സർക്കാർ മലയാളഭാഷയോടുള്ള ഈ പ്രവാസി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണം. ഇവർ അവിടുത്തേതുപോലെ ചേരിപ്രമാണിമാരല്ല. ആ പേരിൽ കലാസാഹിത്യ സന്നദ്ധസേവകരാക്കരുത്. മാതൃഭാഷയെ വിദേശ രാജ്യങ്ങളിൽ നിലനിർത്തുന്നവർക്ക് അവരുടെ സംഭാവനകളെ കണ്ട് അല്പം ഇളവുകളും അർഹിക്കുന്ന ആദരവും കൊടുക്കാം. അവർ പ്രതികരിക്കുന്നില്ലെങ്കിലും മലയാള ഭാഷയെ പ്രതിനിധികരിക്കുന്നവരാണ്. ശക്തമായ നിലപാടുകൾ കേരള സർക്കാർ ഇതിൽ സ്വീകരിക്കണം. സാഹിത്യസാംസ്കാരി ക രംഗം മാലിന്യമുക്തമാകണം. സർക്കാരുകൾ അവതരിപ്പിക്കുന്ന ബജറ്റുകൾ പാഴ്‌ച്ചെലവുകൾ നടത്തുന്നതും കീശ വീർപ്പിക്കുന്നതുമായി മാറാതിരിക്കട്ടെ.
………………………… ……………………













