ലണ്ടൻ: യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് വീട് തുറന്നുകൊടുക്കുന്ന യുകെയിലെ കുടുംബങ്ങൾക്ക് പ്രതിമാസം 350 പൗണ്ട് സഹായമായി നൽകുമെന്ന് സർക്കാർ അറിയിച്ചു. ഹോംസ് ഫോർ യുക്രെയ്ൻ പദ്ധതി പ്രകാരം ഒരു അഭയാർഥിക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് ഒരു സ്പെയർ റൂമോ ഒഴിഞ്ഞ സ്ഥലമോ നൽകുന്നവർക്കാണ് സഹായം നൽകുക.
അതേസമയം, യുകെയിലേക്ക് വരുന്ന യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ച് ആശങ്കയുണ്ടെന്ന് യുകെയിലെ അഭയാർഥി കൗൺസിൽ അറിയിച്ചു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണിതെന്നാണ് യുഎൻ വിശേഷിപ്പിക്കുന്നത്.













