അവധാനപൂർവ്വമായ വയോവൃദ്ധിയും പ്രതിവയോജനവൃദ്ധിയും – ആൻ്റെണി പുത്തൻപുരയ്ക്കൽ

Facebook
Twitter
WhatsApp
Email

പ്രതിവയോജനവൃദ്ധി ഇന്ന് ഗവേഷകരെയും വൈദ്യശാസ്ത്രത്തെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ്. ഈ പദത്തിന്റെ അർത്ഥത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും ധാരാളം അഭിപ്രായഭിന്നതകൾ ശാസ്ത്രലോകത്തുണ്ട്.
പ്രതിവയോജനവൃദ്ധിക്ക് ഇപ്പോൾ തികച്ചും വ്യത്യസ്തവും പൊതുവായ അർത്ഥങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്.

പ്രതിവയോജനവൃദ്ധി എന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനോ, തടയുന്നതിനോ, വിപരീതമാക്കുന്നതിനോ ശാസ്ത്ര സമൂഹം നടത്തുന്ന ഗവേഷണങ്ങളെ സൂചിപ്പിക്കുന്നു. ഈ ശാസ്ത്രശാഖ ഭാവിയിൽ വളരെ പ്രതീക്ഷ നൽകുന്നതാണെങ്കിലും, മനുഷ്യരിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കുകയോ, വിപരീതമാക്കുകയോ ചെയ്യുന്നതും തെളിയിക്കപ്പെട്ടതും ലഭ്യമായതുമായ ഒരു മെഡിക്കൽ സാങ്കേതികവിദ്യയും ഇന്നു നിലവിലില്ല. ഇന്ന് നിലവിൽ, പ്രതിവയോജനവൃദ്ധിക്കുറിച്ചുളള ചികിത്സയുടെ ഫലങ്ങൾ കൃത്യമായി അളക്കാൻ ഉപകരിക്കുന്ന വിവരങ്ങളും രീതികളും ഉപകരണങ്ങളും വിപണിയിലില്ല. വൈദ്യശാസ്ത്ര സമൂഹത്തിൽ വാർദ്ധക്യ വിരുദ്ധ മരുന്ന് എന്നാൽ, വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ നേരത്തേ കണ്ടെത്തനും, പ്രതിരോധം, ചികിത്സ എന്നിവയാണ്. പ്രായമാകൽ പ്രക്രിയയെ നേരിടുന്നതിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്.

ബിസിനസ്സ് വിപണിയിൽ വഞ്ചനാപരമോ, നിസ്സാരമോ ആയ നിരവധി സംരംഭങ്ങൾ ഇന്നുണ്ട്. അവർക്കെല്ലാം വാർദ്ധക്യം എന്നത് വിവിധ ബ്രാൻഡുകളുടെ പേരിൽ അനേകം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ വിറ്റഴിക്കുന്നതിനുള്ള പ്രകടമായ മാർഗ്ഗവുമാണ്. പ്രതിവയോജനവൃദ്ധിയെ ചെറുക്കാൻ വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ, ചർമ്മത്തെ ചെറുപ്പമാക്കാനുളള ഗാത്രാനുലേപനി, സൗന്ദര്യവർദ്ധക വസ്തുക്കൾ മുതൽ മയക്കുമരുന്നുകൾ വരെ വിപണിയിൽ ഇന്ന് സുലഭമാണ്. ഈ ഉൽപ്പന്നങ്ങൾ ഒന്നും ഒരാളെ എത്ര കാലം ജീവിപ്പിക്കുമെന്നോ, യഥാർത്ഥത്തിൽ എത്ര ആരോഗ്യവാനാക്കുമെന്നോ എന്നൊഒന്നും ഉറപ്പ് നൽകുന്നിവില്ല.

വാർദ്ധക്യം ബാധിക്കാതെ എങ്ങനെ പ്രയാമാകാം?

അവധാനപൂർവ ജീവിതരീതി വഴി നമ്മുടെ വാർദ്ധക്യത്തെ സാവധാനമാക്കാൻ കഴിയുമെന്ന് മനഃശാസ്ത്രജ്ഞന്മാരും നാഢീരോഗവിദഗദ്ധരും അവരുടെ പഠനങ്ങളിലൂടെ സമർത്ഥിക്കുന്നു.
ഇവരുടെ ചില കണ്ടെത്തലുകളാണ് താഴെ സൂചിപ്പിക്കുന്നത്.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യാതിരിക്കുക

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്. വർഷങ്ങൾ കടന്നുപോകുമ്പോൾ, നമ്മുടെ പ്രായത്തിലുള്ള മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്ത പലതും നമുക്ക് ചെയ്യാൻ കഴിയും. നമ്മൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നമുക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചാണ്, അല്ലാതെ നമുക്ക് ചെയ്യാൻ കഴിയാത്തതിനെക്കുറിച്ചല്ല. ശാരീരികമായും ബൗദ്ധികമായും സാമൂഹ്യമായും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്തെന്ന് അറിയുകയും, നമുക്ക് സന്തോഷം നൽകുന്നതുമായ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

നമ്മളെക്കുറിച്ച് എങ്ങനെ സംസാരിക്കുന്നു എന്നത് ശ്രദ്ധിക്കുക

നമ്മുടെ മനസ്സ് പ്രായമാകൽ പ്രക്രിയയുടെ അഭിഭജ്യഘടകമാണ്. നമ്മൾ വളരെ സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ മനസ്സിലെ ചിന്തകൾ വയോവൃത്തി എന്ന പ്രക്രിയയെ കൂടുതൽ വഷളാക്കാൻ ഏറെ സാധ്യതയുണ്ട്. നമ്മെക്കുറിച്ച് തന്നെയുള്ള നിഷേധാത്മകമായ ചിന്തകളും അഭിപ്രായങ്ങളും നമ്മുടെ ദുഃഖത്തിനും ദുരിതത്തിനും കാരണമാകും. ഏതെങ്കിലുമൊരു കാര്യം മറക്കാനിടയായാൽ ‘എനിക്ക് മറവിരോഗം ബാധിച്ചേക്കുമെന്നും’, ‘എനിക്ക് പ്രായാധിക്യമായെന്നും’ എന്നുമുള്ള നാടകീയമായ ഭയമുളള ചിന്തകളോ, സംസാരങ്ങളോ നമ്മൾ നടത്തരുത്. ആശങ്കകൾ നമ്മെ ഭരിക്കാൻ അനുവദിക്കരുത്. നമ്മുടെ മണ്ടത്തരങ്ങളും മറവിയും ഓർത്ത് സ്വയം ചിരിക്കാൻ പഠിക്കുക.

എപ്പോഴും സജീവമായിരിക്കുക

ഒരു പ്രവൃർത്തിയും അരമണിക്കൂറോ, അല്ലെങ്കിൽ ഏറ്റവും കൂടിയത് ഒരു മണിക്കൂറിൽ കൂടുതലോ തുടർച്ചയായി ചെയ്യാതിരിക്കുക. അതിനുശേഷം അഞ്ചു മുതൽ പത്തു മിനിറ്റു വരെ വീടിനുള്ളിലോ, വീടിനു പുറത്തോ നടക്കുവാൻ ശ്രദ്ധിക്കുക. ശാരീരികമായി ബുദ്ധിമുട്ടില്ലെങ്കിൽ പടികൾ കയറണം. വാർദ്ധക്യത്തിലെ ഉദാസീനമായ ജീവിതശൈലി നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് തിരിച്ചറിയുക. കമ്പ്യൂട്ടറുകളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും വ്യാപകമായ ഉപയോഗം എന്നത്തേക്കാളും കൂടുതൽ ഇരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. ഇത് അപകടമാണെന്ന് തിരിച്ചറിയുക. എപ്പോഴും സജീവമായിരിക്കുവാനുള്ള വഴികൾ ഓരോ വ്യക്തിയും കണ്ടെത്തണം.

പ്രതിവയോജനവൃദ്ധി (anti-ageing) എങ്ങനെ അഭ്യസിക്കാം?

പ്രായമാകൽ പ്രക്രിയയെ നമുക്ക് തടയാൻ കഴിയില്ല. കാരണം ഇത് ജീവിത ചക്രത്തിന്റെ ഭാഗമാണ്. എന്നാൽ, കൃത്യമായ സ്വയം പരിപാലനത്തിലൂടെ നമുക്ക് വയോവൃത്തിയെ മന്ദഗതിയിലാക്കാൻ കഴിയും. ചില ആളുകൾ കരുതുന്നതുപോലെ സ്വയം പരിപാലനം എന്ന ആശയം സ്വാർത്ഥതയല്ല. സ്വയം പരിചരണം യഥാർത്ഥത്തിൽ സ്വാർത്ഥതയുടെ വിപരീതമാണ്. പ്രതിവയോജനവൃത്തിക്ക് മാനസികവും ശാരീരികവും സാമൂഹികവുമായ മാനങ്ങളുണ്ട്. ഇതൊരു സമഗ്രമായ പദ്ധതിയും വളർച്ചയുമാണ്. ഓരോ വ്യക്തിയും വളരെ ശ്രദ്ധയോടും അച്ചടക്കത്തോടും കൂടി പരിശീലിക്കുകയും പരിശ്രമിക്കുകയും ചെയ്താൽ മാത്രമേ നമുക്ക് നമ്മുടെ വാർദ്ധക്യത്തിലേയ്ക്കുളള വളർച്ചെയെ മന്ദഗതിയിൽലക്കാൻ കഴിയൂ.

വാർദ്ധക്യം സാവധാനത്തിലാക്കാൻ സഹായിക്കുന്ന ലളിതമായ വഴികൾ

വാർദ്ധക്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഓരോ ശരീരഭാഗങ്ങളിലും നിശ്ചിത പ്രായപരിധിയിൽ സംഭവിക്കുന്ന പ്രവർത്തനങ്ങളും മാറ്റങ്ങളും അവയുടെ പരിപാലനവും എങ്ങനെ സാധിക്കുമെന്ന് നാം അറിയണം. ഉദാഹരണത്തിന്, നമ്മുടെ ശരീരത്തിലെ പല്ലുകൾ, ചർമ്മം, ആന്തരിക അവയവങ്ങൾ, അസ്ഥികൾ, മുടി, കണ്ണുകൾ, കേൾവി, എല്ലാറ്റിനേയും കുറിച്ചും അവയുടെ സമയാസമയങ്ങളിലുള്ള സംരക്ഷണവും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. താഴെപ്പറയുന്ന ലളിതമായ കാര്യങ്ങളിലൂടെ നമുക്ക് നമ്മുടെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻകഴിയും.

നന്നായി ഉറങ്ങുക

ഓരോ രാത്രിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. അല്ലെങ്കിൽ ആവശ്യമെങ്കിൽ കൂടുതൽ സമയം ഉറങ്ങുന്നതും നല്ലതാണ്. മതിയായ ഉറക്കവും വിശ്രമവും നമ്മുടെ വാർദ്ധക്യം സാവധാനത്തിലാക്കാൻ സഹായിക്കും.

ധാരാളം വെള്ളം കുടിക്കുക

ശരാശരി മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം. എന്തുകൊണ്ടെണ് നമ്മൾ ധാരാളം വെള്ളം കുടിക്കേണ്ടത്? മുതിർന്ന മനുഷ്യശരീരത്തിൽ 60 ശതമാനം വരെ വെള്ളമുണ്ട്. തലച്ചോറും ഹൃദയവും 73 ശതമാനം വെള്ളമാണ്. ശ്വാസകോശത്തിൽ ഏകദേശം 83 ശതമാനം വെള്ളമുണ്ട്. ചർമ്മത്തിൽ 64 ശതമാനവും പേശികളിലും വൃക്കകളിലും 79 ശതമാനം വെള്ളമാണ്.

 

പതിവായി വ്യായാമം ചെയുക

ദിവസേന കുറച്ച് വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. എല്ലാദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ശരീരത്തിനും മനസ്സിനും പ്രയോജനകരമാണ്. ഓരോരുത്തരുടെ ശരീരത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ ഏതെങ്കിലും വ്യായാമം ഓരോരുത്തർക്കും തെരഞ്ഞെടുക്കാം. ഇതുവഴി നാം നമ്മുടെ സന്ധികളേയും പേശികളേയും വഴക്കമുള്ളതും സമതുലിതവുമാക്കും. ഒട്ടനവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും രക്തചംക്രമണം സുഗമമാക്കുന്നതിനും, ചർമ്മത്തിന്റെ തിളക്കം മെച്ചപ്പെടുത്തുന്നതിനും വ്യായാമം അത്യന്താപേക്ഷിതമാണ്. ശാരീരിക വ്യായാമം നമ്മുടെ മസ്തിഷ്കത്തിന്റെ ആരോഗ്യം കൂട്ടാനും ഓർമ്മശക്തി നിലനിർത്താനും സഹായിക്കും. ശാരീരിക വ്യായാമത്തിന് സമയമില്ലെന്ന് കരുതുന്നവർ താമസിയാതെ, അല്ലെങ്കിൽ പിന്നീട് അസുഖത്തിന് സമയം കണ്ടെത്തേണ്ടിവരും.

നിങ്ങളുടെ ചർമ്മത്തെയും പല്ലിനെയും നന്നായി പരിപാലിക്കുക

രാവിലെയും വൈകുന്നേരവും മുഖം വൃത്തിയാക്കി സൂക്ഷിക്കുകയും, മറ്റു ശരീരം ഭാഗങ്ങൾ ഈർപ്പമുള്ളതാക്കി നിലനിർത്താനും സമയം കണ്ടെത്തണം. കാരണം, പ്രായമാകുന്തോറും നമ്മുടെ ചർമ്മത്തിൽ ചുളിവുകൾ വീഴുകയും വരളുകയും കനം കുറഞ്ഞതാവുകയും ഇലാസ്തികത കുറയുകയും ചെയ്യും. അതുപോലെ, അമിത സമയം സൂര്യപ്രകാശത്തിൽ ചിലവഴിക്കരുത്. കാരണം ഇത് ചർമ്മത്തിലെ ചുളിവുകൾ വികസിപ്പിക്കുന്നതിനുള്ള ഒരു ഉറപ്പായ മാർഗമാണ്. ഇത് പിന്നീട് ത്വക്കിൽ കറുത്ത പാടുകൾ വീഴ്ത്താൻ കാരണമാകും.

 

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ധാരാളം മത്സ്യം, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ദിവസും കഴിക്കുക.
അന്നജം അടങ്ങിയ ആഹാരങ്ങളുടെ അമിതമായ ഉപയോഗം ഒഴിവാക്കുക.
റൊട്ടി,, ചിപ്‌സ്, ബേക്കറി സാധനങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. അമിതമായി ഭക്ഷണം കഴിക്കരുത്. ആവശ്യമെങ്കിൽ ജീവകങ്ങളും സംപൂരകങ്ങളും (supplements) പതിവായി കഴിക്കുക.
അതുപോലെ വർദ്ധിച്ച കലോറി ഉപയോഗവും ഒഴിവാക്കാണം. കൂടുതൽ പരിപ്പ്, മഞ്ഞൾ, സസ്യഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും നല്ലതാണ്.

പുകവലി പൂർണ്ണമായും നിർത്തുക

പുകവലിക്കുന്ന ആളുകൾക്ക് പത്തു വർഷം വരെ ആയുസ്സ് നഷ്ടപ്പെടുകയും ഒരിക്കലും സിഗരറ്റ് വലിത്താവരേക്കാൾ മൂന്ന് മടങ്ങ് അകാലത്തിൽ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് എല്ലാവർക്കും അറിവുള്ളതാണ്. പുകവലി ഉപേക്ഷിക്കാൻ ഒരിക്കലും വൈകിയിട്ടില്ലെന്നും ഓർക്കുക.

മദ്യപാനം മിതമാക്കുക

അമിതമായ മദ്യപാനം കരൾ, ഹൃദയം, ആഗ്നേയഗ്രന്ഥി (pancreas) രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രോഗങ്ങൾ അകാല മരണത്തിനുള്ള സാധ്യത കൂട്ടും. എന്നാൽ, മിതമായ ഉപയോഗം നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതുമെന്നും കരുതുന്നു. നിങ്ങൾ സാധാരണയായി മദ്യം കഴിക്കുന്നില്ലെങ്കിൽ കുടിക്കാൻ തുടങ്ങേണ്ട ആവശ്യമില്ല.

ചിരിക്കുക, വിനോദിക്കുക

ചിരി നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. നാലു വയസ്സുള്ള കുട്ടി ശരാശരി ഒരു ദിവസം നാനൂറ് പ്രാവശ്യം ചിരിക്കുന്നുണ്ട്. എന്നാൽ മുതിർന്ന ഒരാൾ ഒരു ദിവസം ശരാശരി നാല് പ്രാവശ്യം മാത്രമാണ് ചിരിക്കാറുളളു. ജീവിതത്തിൽ കൂടുതൽ ചിരിക്കുകയും വിനോദിക്കുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം അത് നമ്മുടെ ആരോഗ്യവും യൗവനവും നിലനിർത്താൻ സഹായിക്കും. സന്തോഷം തോന്നുന്നത് നിങ്ങളുടെ ആയുർദൈർഘ്യം ഗണ്യമായി വർദ്ധിപ്പിക്കും. ജീവിതത്തിൽ സന്തുഷ്ടരായ വ്യക്തികൾക്ക് നേരത്തെയുള്ള മരണത്തിൽ 3.7% കുറവുണ്ടായതായി പഠനങ്ങൾ തെളിയിക്കുന്നു.

നല്ല സൗഹൃദങ്ങൾ കണ്ടെത്തുക

നല്ല സൗഹൃദങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജീവിതത്തെ ഭാവാത്മകമായി കാണുന്ന വ്യക്തികളുമായുളള ബന്ധമാണ്. ജീവിതത്തെ നിഷേധാത്മകമായി കാണുകയും എല്ലാറ്റിലും കുറ്റവും കുറവും കണ്ടെത്തുകയും എപ്പോഴും നിരാശയോടെ സംസാരിക്കുകയും ചെയ്യുന്ന ആളുകളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുന്നു നല്ലതാണ്. നാം അറിയാതെ അവരിലെ നിഷേധാത്മകത്വം നമ്മിലേക്കും പ്രവേശിക്കും. അതിനാൽ വാർദ്ധക്യകാല സൗഹൃദങ്ങൾ തെരഞ്ഞെടുക്കുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധാലുക്കളായിരിക്കണം. ഇത്തരക്കാരെ പൂർണ്ണമായും നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണം എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അവരിൽ നിന്നും അല്പം അകലം പാലിക്കണം എന്നുമാത്രമാണ് ഉദ്ദേശിക്കുന്നത്.

സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുക

ഉത്കണ്ഠയും സമ്മർദ്ദവും നിങ്ങളുടെ ആയുസ്സ് ഗണ്യമായി കുറക്കും. ഉദാഹരണത്തിന്, സമ്മർദ്ദമോ ഉത്കണ്ഠയോ ഉള്ള സ്ത്രീകൾ ഹൃദ്രോഗം, ആഘാതം അല്ലെങ്കിൽ ശ്വാസകോശ അർബുദം എന്നിവയാൽ മരിക്കാനുള്ള സാധ്യത രണ്ടിരട്ടി വരെ കൂടുതലാണ്. അതുപോലെ, ഉത്കണ്ഠാകുലരായ അല്ലെങ്കിൽ സമ്മർദ്ദത്തിലായ പുരുഷന്മാർക്ക് അകാല മരണത്തിനുള്ള സാധ്യത അവരുടെ കൂടുതൽ ശാന്തരായ സുഹൃത്തുക്കളെ അപേക്ഷിച്ച് മൂന്നിരട്ടി വരെ കൂടുതലാണ്. നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ചിരിയും ശുഭാപ്തിവിശ്വാസവും വർദ്ധിപ്പിക്കുക. അതുപോലെ അവധാനപൂർവ്വ ധ്യാനവും പരിശീലിക്കുക.

നിങ്ങളുടെ സാമൂഹ്യ ബന്ധം പരിപോഷിപ്പിക്കുക

ആരോഗ്യകരമായ സാമൂഹ്യ ബന്ധം നിലനിർത്തുന്നത് അൻപതു ശതമാനം വരെ കൂടുതൽ കാലം ജീവിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഹൃദയം, മസ്തിഷ്കം, ഹോർമോൺ, രോഗപ്രതിരോധ പ്രവർത്തനം എന്നിവയിലെ നല്ല മാറ്റങ്ങളുമായി പഠനങ്ങൾ ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങളുമായി ബന്ധിപ്പിക്കുന്നു.

മറ്റുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തുക

മറ്റുള്ളവർക്ക് പിന്തുണ നൽകുന്നത് അല്ലെങ്കിൽ സഹായിക്കുന്നത് സഹായം സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ പ്രയോജനകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പരിചരണവും സഹായവും സ്വീകരിക്കുമ്പോൾ അതിൽ കൂടുതൽ അവർക്കും മറ്റുള്ളവർക്കും തിരികെ നൽകുന്നത് ഉറപ്പാക്കുക. കൂടുതൽ സന്നദ്ധ സേവനത്തിനുള്ള ഒരു മനസ്സ് തീർച്ചയായും നമ്മളിൽ സൃഷ്ടിക്കുന്നത് നമ്മുടെ സന്തോഷത്തിനും ദീർഘായുസ്സിനും ആവശ്യമാണ്.

മാനസിക സമ്മർദ്ദം കഴിവതും കുറയ്ക്കുക

മാനസിക സമ്മർദ്ദം ജീവിതത്തിന്റെ ഭാഗമാണ്. ആർക്കും അത് പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല. അമിത സമ്മർദ്ദം മിക്കവാറും എല്ലാവരെയും ബാധിക്കുന്ന ഒരു വൈറസ് പോലെയായി മാറിയിരിക്കുന്നു. പക്ഷേ, അമിത സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ അവധാന പൂർവ്വ ജീവിതം നമ്മെ സഹായിക്കും. നമ്മുടെ ശരീരത്തെ ശ്രദ്ധിച്ചാൽ നമുക്ക് അറിയാൻ കഴിയും നമ്മൾ സമ്മർദ്ദത്തിലാണോ അല്ലയോയെന്ന്. മാനസികമായി സമ്മർദ്ദം ഉണ്ടാകുമ്പോൾ നമ്മെ അറിയിക്കാൻ നമ്മുടെ ശരീരം സുസജ്ജമാണ്. സമയാസമയങ്ങളിൽ നമ്മുടെ ശരീരം നൽകുന്ന സൂചനകൾ നമ്മൾ അവഗണിക്കരുത്. പലരും തീവ്രമായ സമ്മർദ്ദത്തിൽ ജീവിക്കുമ്പോഴും തങ്ങളുടെ ജീവിതം സാധാരണമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇതാണ് ഏറ്റവും അപകടകരമായ മനോനില. ആത്മബോധത്തിൻ്റെയും ആത്മ നിരീക്ഷണത്തിൻ്റെയും അഭാവമാണിത്.

ശ്രദ്ധാപൂർവമായ വാർദ്ധക്യം എന്താണെന്ന് മനസിലാക്കാൻ, അത് എന്തല്ലെന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം. അവധാനതയോടെയുളള വാർദ്ധക്യം ഒരു നിഷേധത്തിന്റെ രൂപമോ പ്രായമാകുന്നതിന്റെ യാഥാർത്ഥ്യത്തെ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗമോ അല്ല. നമ്മൾ എല്ലാവരും പ്രായമാകുകയാണ് എന്നതാണ് വസ്തുത.

തുറന്ന കണ്ണുകളോടും ശുഭാപ്തിവിശ്വാസത്തോടും യാഥാർത്ഥ്യബോധത്തോടും കൂടി പ്രായമാകാൻ ശ്രമിക്കുന്നതാണ് ശ്രദ്ധാപൂർവമായ വാർദ്ധക്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാർദ്ധക്യത്തിന്റെ നിഷേധാത്മക വശങ്ങളിലല്ല നമ്മുടെ പ്രധാന ശ്രദ്ധാകേന്ദ്രം, പക്ഷേ അവയും നമ്മൾ നിഷേധിക്കുന്നില്ല. നാമെല്ലാവരും പ്രായപൂർത്തിയാകുന്നു, പക്ഷേ നമുക്ക് ലഭ്യമായിരിക്കുന്ന സമയം ഉപയോഗിച്ച് നമ്മൾ എന്താണ് ചെയ്യുന്നത്? ലഭ്യമായ സമയം നാം എങ്ങനെ കൈകാര്യം ചെയ്യുന്നു, അതാണ് ഏറ്റവും വലിയ കാര്യം. നമ്മൾ ആയിരിക്കുന്ന സാഹചര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിലൂടെ ലഭിക്കുന്ന സ്വീകാര്യതയുടെ ഒരു പ്രക്രിയയാണിത്. നമ്മുടെ മുടി കൂടുതൽ നരയ്ക്കുന്നതോ, അല്ലെങ്കിൽ സന്ധികളിൽ ഇടയ്ക്കിടെ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ നമ്മൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നിന്നും നമ്മെ പിന്തിരിപ്പിക്കാരുത്. ശ്രദ്ധയോടെയുള്ള വാർദ്ധക്യം നമ്മൾ എന്ത് നേടാൻ ആഗ്രഹിക്കുന്നുവോ അതിൽനിന്ന് നമ്മെ തടയാൻ അനുവദിക്കില്ല. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാളും, അല്ലെങ്കിൽ നാം ഒരിക്കൽ എങ്ങനെയായിരുന്നോ (നല്ലതായാലും മോശമായാലും) എന്ന ഓർമ്മകളിലേക്ക് പിൻവാങ്ങുന്നതിനുപകരം ഈ നിമിഷത്തിൽ ആയിരിക്കാനും വർത്തമാനകാലത്തെ സ്വീകരിക്കാനും നാം നമ്മെത്തന്നെ അനുവദിക്കുക എന്നതാണ് ശ്രദ്ധാപൂർവമായ വാർദ്ധക്യത്തിലേക്കുള്ള ആദ്യപടി. ഇതോടൊപ്പം തന്നെ ഭാവികാലത്തെക്കുറിച്ചുള്ള ആശങ്കകളും ഒഴിവാക്കാൻ നാം പഠിക്കണം. യൗവനത്തിലയാലും വാർദ്ധക്യത്തിലായാലും ജീവിതം വിരിയുന്നതും വിടരുന്നതും വികസിക്കുന്നതും വർത്തമാന നിമിഷത്തിൽ മാത്രമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *