സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിൽ കിടന്ന പത്രാധിപർ. – എം. രാജീവ് കുമാർ

Facebook
Twitter
WhatsApp
Email

ഈയിടെ സമകാലിക മലയാളത്തിൽ 39 കാരനായരാഹുൽ ഈശ്വരനെ കൊന്ന് പെട്ടിയിലാക്കുന്നൊരു  കുറിപ്പ് 93 കാരനായ ടി.ജെ.എസ്. ജോർജ് എഴുതിയിട്ടുണ്ട്.
അത് വായിച്ചപ്പോൾ ഇത് ഞാനെഴുതിയതാണോ എന്ന് സന്ദേഹമുണ്ടാക്കിയപ്പോഴാണ് ലേഖകനെപ്പറ്റി കൂടുതൽ അന്വേഷിച്ചുതുടങ്ങിയത്. ഫോട്ടോ കണ്ടാൽ കെ.ജി.എസ് ന്റെ ചേട്ടനാണെന്നു തോന്നും ടി.ജെ.എസ്! എന്നാൽ അന്വേഷിച്ചപ്പോഴല്ലേ അറിയു ന്നത്  ആൾ ത്രികാലൻ !
ത്രികാലങ്ങളിൽ സഞ്ചരിക്കുന്ന പുപ്പുലി .
യൂണിവേഴ്സിറ്റി കോളേജിൽ അടൂർ ഭാസിക്കൊപ്പം പഠിച്ച ആൾ. അന്നത്തെ വിദ്യാർത്ഥികൾ ആരൊക്കെയെന്നോ ? കെ.വി.രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ ,കാർട്ടൂണിസ്റ്റ് അബു,സി.എൻ. ശ്രീകണ്ഠൻ നായർ , തുടങ്ങിയ പ്രതിഭാശാലികൾ .സി.പി.രാമസ്വാമി അയ്യരുടെ ഭരണവും.
കൂടെയുള്ളവരെല്ലാം പോയി.
പ്രൊ.എസ്. ഗുപ്തൻ നായരുടെ ക്ലാസ്സിലിരുന്നാണ് തയ്യൽ ജേക്കബ് സോണി ജോർജ് മലയാളം പഠിച്ചത്. അതിന്റെ പച്ച  ആത്മകഥവായിച്ചാലറിയാം. അതിനു പിന്നിലെ ഗുട്ടൻസ് ഒടുവിൽ പറയാം.
1928 മേയ് 7 ന് മജിസ്ട്രേറ്റ് തയ്യൽ തോമസ് ജേക്കബ്ബിന്റേയും ചാച്ചിയമ്മ ജേക്കബിന്റെയും 8 മക്കളിൽ നാലാമനായ ജോർജ് 2011 ൽ പത്മഭൂഷൺ വാങ്ങുമ്പോൾ ചില്ലറക്കാരനല്ലെന്ന് മനസ്സിലായിക്കാണുമല്ലോ!
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് ബി.എ. ഓണേഴ്സിൽ ബിരുദം നേടി 1950 ൽ ഇരുപത്തിരണ്ടാം വയസ്സിൽബോംബെ ഫ്രീ പ്രസ്സിൽ കയറിയതാണ് ആ തുമ്പമൺകാരൻ.
പിന്നെ യങ്ങോട്ട് സംഭവ ബഹുലമായ അദ്ധ്യായങ്ങളായിരുന്നു. പ്രഗത്ഭരെപ്പറ്റിയുള്ള ജീവചരിത്രങ്ങൾ, സാഹസികാനുഭവ യാത്രകൾ, എന്നു വേണ്ട മുളയിലേ നുള്ളിക്കളയേണ്ടുന്ന ആക്ഷേപഹാസ്യം വരെ. മകൻ ജിത്ത് തയ്യൽ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനാണ്. ബാംഗ്ലൂരുകാരനാണിപ്പോൾ ടി.ജെ.എസ്. ജോർജ് !

കൂടുതൽ വായിച്ചറിഞ്ഞപ്പോൾ
മനസ്സിലായി അദ്ദേഹം പുലിയല്ല. പപ്പുലിയാണെന്ന് . പൊട്ടക്കിണറ്റിലെ തവളയല്ല ദേശാടനപ്പക്ഷിയാണെന്ന്.. ഇന്ത്യൻ പത്രപ്രവർത്തനത്തിന് കേരളത്തിലെ സംഭാവന !
മുംബയിലെ ഫ്രീലാൻസ് ജേർണലിൽ നിന്ന് ഹോങ്കോങ്ങിലെ ഏഷ്യാ വീക്കിൽ വരെ കയറിപ്പോയി പിന്നെ ഇന്ത്യൻ എക്സ്പ്രസ്സിലും ഇപ്പോൾ സമകാലിക മലയാളത്തിലും വിശ്രമജീവിതം നയിക്കുന്ന ടി.ജെ.എസ് ജോർജിനൊപ്പം തലപ്പൊക്കമുള്ള ലോകം കണ്ട പത്രാധിപന്മാർ ഇന്ന് ജീവിച്ചിരിപ്പുണ്ടോ സംശയമാണ്!
ഇന്ത്യാ ചൈനാ ബന്ധങ്ങളെപ്പറ്റി അസ്വാരസ്യങ്ങളെപ്പറ്റി ആധുനിക ചൈനയെപ്പറ്റി പ്രബലനായ ചൈനീസ് ഭരണാധിപൻ ലീ ക്വാൻ യുവിനെപ്പറ്റി ഇത്ര ആഴത്തിൽ വിശകലനം ചെയ്ത വേറെ ഏത് പത്രാധിപരുണ്ട്? എഴുത്തുകാരനുണ്ട് ? ഇന്ത്യയിലിരുന്ന് എഴുതുകയല്ല. അനുഭവിച്ചറിഞ്ഞാണ് രസകരമായി കാര്യങ്ങൾ അനുഭവിപ്പിക്കുന്നത്. “നാടോടിക്കപ്പലിൽ നാലുമാസം ” ഒന്നു വായിച്ചു നോക്കുക. നമ്മുടെ ഏത് നോവലിസ്റ്റിനേക്കാളും മുകളിൽ നിൽക്കും ടി.ജെ.എസ്.
എം.എസ്.സുബ്ബലക്ഷിയുടെ
ജീവിതവും സംഗീതവും അതുപോലെ നർഗീസിന്റെ ജീവിതം … ഇംഗ്ലീഷിലും എന്നും പാഠാവലികളാകേണ്ടുന്ന മൂന്ന് നാല് ഗ്രന്ഥങ്ങൾ!

1964 ൽ ബീഹാറിലെ പറ്റ് നയിൽ കെ.കെ. ബിർളയുടെ
“സെർച്ച്  ലൈറ്റി ” ൽ പത്രാധിപരായി ജോലിചെയ്തിരുന്ന കാലത്താണ് ടി.ജെ.എസ്. ജോർജിനെ പിടിച്ച്  ജയിലിലിടുന്നത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിലടക്കപ്പെട്ട പത്രാധിപരെന്ന ഖ്യാതി അങ്ങനെ ടി.ജെ.എസ്. ജോർജിന് സ്വന്തമായി.
ഡൽഹിയിലെ ഫ്രീ പ്രസ്സിൽ നിന്നാണ് സി.പി.രാമചന്റേയും ബിജി വർഗ്ഗീസിന്റെയും പാതയിൽ ടി.ജെ. എസ് ജോർജും നടന്നത്. അവരുടെ വഴി വേറെ ടി.ജെ.എസ്സിന്റെ വഴി വേറെ.

കരിഞ്ചന്തയോ കള്ളക്കടത്തോ കൊലപാതകമോ പെണ്ണുകേസിനോ ആയിരുന്നില്ല പത്രാധിപരെ പിടിച്ച് അകത്തിട്ടത്.പാറ്റ്ന ബന്ദിനോടനുബന്ധിച്ചു നടന്ന വെടിവയ്പിനെ തുടർന്നുണ്ടായ വാർത്തകളും റിട്ടോർട്ടുകളും ദൃക്സാക്ഷി വിവരണങ്ങളും പ്രസിദ്ധപ്പെടുത്തിയതിന്! രാജ്യദ്രോഹക്കുറ്റം ചുമത്തി അന്നത്തെ മുഖ്യമന്ത്രി കെ.ബി. സഹായിയാണത് ചെയ്തത്. അഴിമതിക്കെതിരെ
സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും ഏകാധിപത്യ രാഷ്ട്രീയത്തിനുമെതിരെ അന്നും ഇന്നും ടി.ജെ.എസ്.
ശബ്ദിക്കുകയാണ്. അല്ലെങ്കിൽ പിഞ്ചാണെങ്കിലും കള കണ്ടാൽ കണ്ടില്ലെന്നു നടിക്കാൻ ഈ പ്രായത്തിലും അദ്ദേഹത്തിന് കഴിയുമോ?

ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാവും.
2008 മേയിൽ ഡി.സി.ബുക്സ് പ്രസിദ്ധപ്പെടുത്തിയ ടി.ജെ.എസ്. ജോർജിന്റെ ആത്മകഥയായ ” ഘോഷയാത്ര ” ഒന്ന് വായിക്കേണ്ടതുതന്നെ.പിറ്റേക്കൊല്ലത്തെസാഹിത്യ അക്കാദമി അവാർഡ് ഈകൃതിക്കായിരുന്നു. സമകാലിക മലയാളത്തിന്റെ തുടക്കകാലത്ത് അതിൽ വന്ന തുടരനെ പുസ്തകമാക്കിയതാണ്.
345 പുറങ്ങളും ഒറ്റയിരിപ്പിന് കഥപോലെ വായിച്ചു പോകും. കഥയിലേക്ക് പ്രവേശിക്കാൻ വഴിമരുന്നേകുന്നതു് നാണപ്പനാണ്. സാക്ഷാൽ എം.പി.നാരായണപിള്ള.
നർമ്മം തുളുമ്പുന്ന അദ്ദേഹത്തിന്റെ എഴുത്ത് അവതാരികാ ചരിത്രത്തിൽ തന്നെ ഒരധ്യായം കുറിച്ചിരിക്കുന്നു.

ഘോഷയാത്ര വായിച്ചാൽ കണ്ണ് തള്ളിപ്പോകും.
എന്തെന്തു് ജീവിതാ നുഭവങ്ങളുടെ കടന്നൽ കൂടാണ് ഇദ്ദേഹം മനസ്സിലൊളിപ്പിച്ചിരിക്കുന്നത്.
ഞാനീ പുസ്തകത്തിൽ കണ്ട രണ്ട് കാര്യങ്ങൾ പറയാം. പരേതരായവരെ എന്ത് ലാളിത്യത്തോടയാണ് വരച്ചിടുന്നത്. പൊങ്ങച്ചം തീരെ യില്ലാതെ സൂക്ഷ്മ യാഥാർഥ്യങ്ങളെ വലിച്ച് പുറത്തിടാൻ കാട്ടുന്ന കൗശലമാണ് മറ്റൊന്ന്.

വിദേശത്ത് പോകുന്ന മലയാള പത്രപ്രവർത്തകരുടെ ഒരു സ്വഭാവം ലേഖകൻ വെളിവാക്കുന്നത് കാണുക:
“ഒരു പരിചയമില്ലാത്ത രാജ്യങ്ങളിൽ എത്തിപ്പെട്ടാലും ആദ്യം ചെയ്യുന്നത് സ്ഥലത്തെ ടെലഫോൺ ഡയറക്ടറി എടുത്ത് മലയാളച്ചുവയുള്ള പേരുകൾ കണ്ടുപിടിക്കുകയാണ്. പിന്നെ ഫോൺ കറക്കലിന്റെ ബഹളമാണ്. രണ്ട് മൂന്ന് മലയാളികളെയെങ്കിലും പരിചയപ്പെട്ട് വീട്ടുകളും മറ്റും സന്ദർശിച്ച് സൗഹൃദം സ്ഥാപിച്ച ശേഷമായിരിക്കും യാത്ര തുടരുന്നത്. “

കുത്തേണ്ടിടത്ത് കുത്താൻ ടി.ജെ.എസിന് നന്നായറിയാം 40 കളിലെ കോളേജ് രാഷ്ട്രീയത്തെപ്പറ്റി എഴുതുന്നതു തന്നെ അതിന് ഉദാഹരണം:
“രാഷ്ട്രീയം സജീവമായിരുന്നു കോളേജിൽ .പക്ഷേ, കാലു തല്ലിയൊടിക്കുക , കത്തികൊണ്ട് അക്ഷരങ്ങൾ കോറിയിടുക, മുതലായ പരിപാടികൾ ദേശ സേവനത്തിന്റെ പര്യായങ്ങളായി വളർന്നിരുന്നില്ല “

ഇനി യൂണിവേഴ്സിറ്റി കോളേജിലെ ഗുരുനാഥൻ എസ്. ഗുപ്തൻ നായരെപ്പറ്റി ടി.ജെ.എസ്. ജോർജിന്റെ വാക്കുകളിൽ തന്നെ പകർത്താം:
” പല കുട്ടികളുടേയും സ്നേഹിതനായിരുന്നു ഗുപ്തൻ നായർ സാർ. ഹാജരെടുത്തുകഴിഞ്ഞാൽ പോറ്റി ഹോട്ടലിലേക്ക് പോകാൻ ആവേശം കൊണ്ടിരിക്കുന്നവരെ കണ്ണിറുക്കിക്കാണിക്കും. പൊയ്ക്കോളൂ എന്നർഥം. ക്ലാസ്സു നടക്കുമ്പോൾ അലക്ഷ്യമായി ഹോട്ടലിൽ പോകുന്നതിന്റെ പകിട്ടിനു വേണ്ടി ചിലർ പോകും. പക്ഷേ, ഒന്നോ രണ്ടോ പ്രവശ്യം മാത്രം. പിന്നെ മനസ്സിലാകും പോറ്റിയുടെ കാപ്പിയേക്കാൾ സാറിന്റെ ക്ലാസ്സാണ് ആസ്വാദ്യമെന്ന്.
ഒരിക്കൽ സാറിന്റെ വക ഒരെഴുത്തു പരീക്ഷയുണ്ടായിരുന്നു. എന്റെ ഉപന്യാസത്തിൽ ആദ്യത്തെ പേജിലെ വാക്കുകൾ മുഴുവൻ അകാരത്തിൽ തുടങ്ങുന്നവയായിരുന്നു. സാറത് ക്ലാസ്സിൽ വായിച്ചു. ഖ്യാതി നേടിയതിൽ സന്തുഷ്ടനായി ഞാൻ ക്ലാസ് പിരിഞ്ഞപ്പോൾ സാർ എന്നെ അടുത്തു വിളിച്ച് സ്വകാര്യമായി പറഞ്ഞു. അധികമായാൽ പ്രാസവും ബോറാണെന്ന് . വാക്കുകൾ കൊണ്ട് പിന്നൊരിക്കലും ഞാൻ കസർ ത്തു ചെയ്തില്ല. ”
എഴുത്തുകാർക്കിതിലപ്പുറമൊരു ഗുണപാഠമുണ്ടോ ?
ധൂർത്തമായ ജീവിതം കൊണ്ട് അമ്മാനമാടി സ്പിരിറ്റിൽ മുക്കിപ്പിഴിഞ്ഞ് കാഞ്ഞു പോകുന്ന ഇന്ത്യൻ പത്രപ്രവർത്തകർക്കിടയിൽ ഒരത്ഭുത മനുഷ്യനായി ഇപ്പോഴും ടി.ജെ.എസ്. ജോർജ് നമ്മോടൊപ്പമുണ്ടെന്നതു തന്നെ മലയാളിക്ക് അഭിമാനമല്ലേ?

About The Author

Leave a Reply

Your email address will not be published. Required fields are marked *