ആമസോൺ പുസ്തകങ്ങൾ സംസാരിക്കുന്നു. – കാരൂർ സോമൻ, ലണ്ടൻ

Facebook
Twitter
WhatsApp
Email
പാശ്ചാത്യർ പുസ്തകങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്നവരാണ്. അവരുടെ മുറികളിൽ കൈകളിൽ പുസ്തകങ്ങളില്ലെങ്കിൽ ആത്മാവില്ലാത്ത ശരീരം പോലെയാണ്.   നൂറ്റാണ്ടുകളായി അവർ കെട്ടിപ്പൊക്കിയ പുസ്തകപുരയിലേക്ക് ആമസോൺ കടന്നുവന്നത്  അത്ഭുതത്തെക്കാൾ  ആദരവോടെയാണവർ കണ്ടത്. ഫ്രഞ്ച് വിപ്ലവം അപ്രതീക്ഷിത സംഭവമായി മാറിയതുപോലെ ആമസോൺ പുസ്തകങ്ങങ്ങൾ കൊടുങ്കാറ്റിന്റെ വേഗതയിൽ പുസ്തക പ്രസാധകരെ  തല്ലാൻ ഒരു കുറവടിയായിട്ടാണ് വന്നത്.  അത് പാശ്ചാത്യലോകത്തുള്ള എഴുത്തുകാർക്ക് ഒരു തണലായി മാറുകയുണ്ടായി. നൂറ്റാണ്ടുകളായി   പ്രസാധക രംഗത്തു്  സമ്പത്തുല്പാദിപ്പിച്ചുകൊണ്ടിരിന്നവർക്ക് ആമസോൺ ചാട്ടവാറടിയാണ് കൊടുക്കുന്നത്.  ഇന്റർനെറ്റ് വായന പുതിയ ഇടങ്ങൾ തേടി സഞ്ചരിക്കുന്നു. പ്രസാധക രംഗത്ത് ചിലർ ദരിദ്രരും മറ്റ് ചിലർ സമ്പന്നരുമായി. ചിലർ മെലിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ന്    പുസ്തകങ്ങൾ വാങ്ങാൻ പുസ്തക കടയിൽ പോകേണ്ട ആവശ്യമില്ല.  വായനക്കാരന്റെ രുചിഭേദങ്ങൾക്കനുസരിച്ചു് ആ സോൺ വഴി പുസ്തകം വീട്ടിലെത്തും.   
 
പ്രശസ്തിയെന്ന പ്രേതം പിടികൂടിയാൽ  അതിന്റെ മുർദ്ധന്യാവസ്ഥ പുസ്തകം കണ്ടാൽ മാത്രമെ അവസാനിക്കു. ഏതാനം എഴുത്തുകാരെ  പ്രസാധകർ വളരെ വാത്സല്യത്തോടെ നനച്ചു വളർത്തി മരമാക്കി അതിന്റെ മരക്കൊമ്പുകളിലിരുന്ന്  തുള്ളിച്ചാടുന്നു. ഈ എഴുത്തുകാർ പ്രസാധകന്റെ ആജ്ഞകൾ ശിരസ്സാ വഹിച്ചു നടക്കുന്നു. ഇന്നും അവർക്ക് ആമസോൺ പുസ്തകങ്ങളെപ്പറ്റി അധികമറിവില്ല. അവരുടെ കാലശേഷം പുസ്തകങ്ങൾ ജീവിച്ചിരിക്കുമോയെന്നത് കുലങ്കഷമായി പരിശോധിക്കുന്നില്ല.    അങ്ങിങ്ങായി ഏതെങ്കിലും ഭാഷകളിലേക്ക് വിവർത്തനം ചെയ്തുവെന്ന് കേട്ടാൽ, പുരസ്‌കാര സദസ്സിൽ പ്രസാധകൻ ഒപ്പിച്ചുകൊടുത്ത പുരസ്‌കാരം തന്റെ മടിത്തട്ടിലെടുത്തുവെച്ചു് തടവി തടവിയങ്ങനെ പോകുന്നു. നെൽ പ്പാടങ്ങളിലെ  കൊയ്ത്തുപോലെ പുസ്തകങ്ങൾ വിറ്റ്  കളപ്പുര നിറക്കുന്നതോന്നും  ഏകാന്തതയുടെ തടവറയിൽ കഴിയുന്ന എഴുത്തുകാരനറിയുന്നില്ല.  ഇന്ത്യയുടെ അതിർത്തി കടന്ന് പ്രമുഖ  പാശ്ചാത്യ സാഹിത്യകാരന്മാരെപോലെ, രവീന്ദ്രനാഥ്‌ ടാഗോറിനെപോലെ സാഹിത്യ സമുദ്രത്തിൽ ഒഴുകി നടക്കാൻ സാഹിത്യപ്രസ്ഥാനങ്ങൾ ഒരു ശ്രമവും നടത്താറില്ല.   ആരാണ് ഇതിനുത്തരവാദിയെന്നത് അരങ്ങുവാഴുന്നവർ രാഷ്ട്രീയ മനഃശാസ്ത്രം നോക്കാതെ  സമചിത്തതയോടെ ചിന്തിക്കണം. പ്രതിഭാധനരായ പലരും കടൽച്ചൊരുക്കിൽപ്പെട്ടൂപോകുന്നത് എന്തുകൊണ്ടാണ്? 
 
മനുഷ്യന് എല്ലാം അറിവുകളും ലഭ്യമാകുന്നത് പ്രകാശം എന്ന മാധ്യമത്തിലൂടെയാണ്. ആ പ്രകാശത്തിൽ കടന്നുവരുന്ന ജ്ഞാനം പുസ്തകങ്ങളാണ്.  പല സർഗ്ഗ പ്രതിഭകളും ദൈവത്തിനും ചെകുത്താനുമിടയിലാണ്.   ഇംഗ്ലീഷ്, ഫ്രഞ്ച്, ഗ്രീക്ക്, റഷ്യൻ തുടങ്ങി ധാരാളം എഴുത്തുകാരുടെ പുസ്തകകങ്ങൾ ലോക വിപണിയിലും, വീടുകളിലും  ലഭ്യമാണ്. ഏതാനം പ്രസാധകരെ തൃപ്തിപ്പെടുത്തുന്ന നമ്മുടെ പുസ്തകമേളകളിലൂടെ എന്ത് നേട്ടമാണ്  സാംസ്കാരിക കേരളത്തിനുണ്ടായത്? മനുഷ്യരിൽ വായനാശീലം വളർത്തുന്നതുപോലെ ഈ രംഗത്ത് എന്ത് പുരോഗതിയാണുണ്ടായത്? വിദേശത്തുള്ള  എഴുത്തുകാരെ കറിവേപ്പിലപോലെ വലിച്ചെറിയുന്നതും ഈ കുട്ടത്തിൽ വായിക്കാം.  സർക്കാർ സംവിധാനങ്ങൾ മുന്നിട്ടറങ്ങാതെ, തിരിച്ചറിയാതെ  ഇതിനൊന്നും പരിഹാരം കാണില്ല. പത്താം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജകുടുംബത്തിൽ നിന്നാണ് ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. മാത്രവുമല്ല ബ്രിട്ടൻ ഭരിച്ച എല്ലാം രാജ്യങ്ങളോടും പറഞ്ഞു. നിങ്ങളുടെ നാട്ടിലിറങ്ങുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ബ്രിട്ടനിൽ കിട്ടണം.  കരുത്തരായ രാജാക്കന്മാർ അവരുടെ മാതൃഭാഷ ലോകമെങ്ങുമെത്തിച്ചു.  അങ്ങനെയാണ് ഇംഗ്ലീഷ് ലോകമെങ്ങും അറിയപ്പെട്ടത്.  ബ്രിട്ടീഷ് ലൈബ്രറി ലോകഭൂപടത്തിൽ ഇടം പിടിച്ചത്. നമ്മുടെ ഭഗവത്‌ഗീത, രാമായണമടക്കം പലതും  എനിക്കവിടെ കാണാനിടയായി. ഇതിന് പരിഹാരം കണ്ടെത്താൻ  എം.എ.ബേബി, ജി.സുധാകരൻ,  പന്ന്യൻ രവിന്ദ്രൻ, കെ..സച്ചിദാനന്ദൻ, അശോകൻ ചരുവിലിനെപ്പോലുള്ളവരും കേരളത്തിലെ അസാധാരണ ബുദ്ധിവൈഭവമുള്ള  വിദ്യാഭാസ ശാസ്ത മേഖലകളിലെ പ്രമുഖരും മലയാള ഭാഷയുടെ സൗരഭ്യ൦ വഹിക്കുന്ന സന്ദേശവാഹകരാകണം.   ഒരു സർഗ്ഗ സൃഷ്ഠിയുടെ അതുല്യ സൗന്ദര്യത്തെ മുൻനിർത്തി സർക്കാർ ചിലവിൽ വിജ്ഞാനപ്രദങ്ങളായ സാഹിത്യ സൃഷ്ഠികൾ പാശ്ചാത്യ  ഭാഷകളിലേക്ക് വിവർത്തനം ചെയ്യാത്തത്  നിർഭാഗ്യകരമാണ്.   രാജാവിന് ബുദ്ധിഭ്രമം സംഭവിച്ചതുപോലെയാണ് കേരളത്തിലെ വിദ്യാഭാസ സാഹിത്യ സാംസ്കാരിക രംഗം കടന്നുപോകുന്നത്. വികസനം വേണമെന്ന മുദ്രാവാക്യങ്ങളുമായി രംഗത്തുള്ള സർക്കാർ ഈ മേഖലയിൽ എന്തുകൊണ്ടാണ് ഒരു വികസനം കൊണ്ടു വരാത്തത്? പ്രവാസി എഴുത്തുകാരെ പലതിൽ നിന്നും ഒഴുവാക്കുന്നത്?
ആമസോൺ ലോകമെങ്ങും മിന്നൽവേഗത്തിൽ പാഞ്ഞുവരുമെന്ന് ആരും കരുതിയതല്ല. ലോകത്തുള്ള പുസ്തക  പ്രസാധകരുടെ ചെറുതും വലുതുമായ മതിലുകൾ ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. കാലത്തിന്റ  കണക്ക് പുസ്തകത്തിൽ മനുഷ്യർ ചെയ്തുകൂട്ടിയ തിന്മകൾക്കെതിരെ കൊറോണ ദൈവം എങ്ങനെ വന്നുവോ അതുപോലെയാണ് പാവപ്പെട്ട എഴുത്തുകാരന്റെ തലച്ചോർ തിന്ന് ജീവിക്കുന്ന പ്രസാധകരുടെ മധ്യത്തിലേക്ക് ആമസോൺ വന്നത്.    കേരളത്തിൽ നൂറു രൂപ വിലയുള്ള ഒരു പുസ്തകത്തിന്  സാധാരണ എഴുത്തുകാരന് കിട്ടുന്നത് പത്തു രൂപ റോയൽറ്റിയാണ്.  പുസ്തക മുതലാളിക്ക് കിട്ടുന്നത് തൊണ്ണൂറ് രൂപ. കേരളത്തിലെ സർക്കാർ സ്ഥാപനമടക്കമുള്ള   പ്രമുഖ പ്രസാധകരിൽ നിന്ന് എനിക്ക് കിട്ടിയിട്ടുള്ളത് പത്തു ശതമാനം റോയൽറ്റിയാണ്. സർക്കാർ സ്ഥാപനംപോലും റോയൽറ്റി കുട്ടി കൊടുക്കുന്നില്ല.  ആമസോൺ എഴുത്തുകാരന് കൊടുക്കുന്നത് എഴുപത് ശതമാനമാണ്.   മലയാളി എഴുത്തുകാരുടെ വിശേഷിച്ചും വിഭിന്ന  സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന മലയാള ഇംഗ്ലീഷ്  പുസ്തകങ്ങൾ ലണ്ടനിലെ  കെ.പി. ആമസോൺ പബ്ലിക്കേഷൻ  യാതൊരു കമ്മീഷനുമെടുക്കാതെ മലയാളം ഇംഗ്ലീഷ് എഴുത്തുകാർക്കായി രൂപീകരിച്ചത്. മലയാള ഭാഷയും സംസ്കാരവും ലോകമെങ്ങും എത്തിക്കുകയാണ് ലക്‌ഷ്യം.  ഒരു സർഗ്ഗ പ്രതിഭയുടെ ലോകോത്തരമായ കർമ്മമാണ്‌ ആസ്വാദകനിൽ കാവ്യ ഭാഷയുടെ തേൻ തുള്ളികൾ നിറക്കുന്നത്. അതുകൊണ്ടാണ്  കാലത്തിന്റെ അനന്തമായ വഴിത്താരയിൽ ലോകോത്തരമായി നമ്മുടെ അന്തരാത്മാവിൽ പാശ്ചാത്യ സാഹിത്യ സൃഷ്ഠികൾ  ജ്വലിച്ചു നിൽക്കുന്നത്.  
 കേരളത്തിലെ എഴുത്തുകാർ  കടലാസിൽ കോറിയിടുന്ന സാഹിത്യ സൃഷ്ഠികൾ ആ  ദേശത്തിന്റെ മേഘപാളികളിൽ അവസാനിക്കുന്നു.  അതിൽ  നിന്ന് ഊർന്നു വീഴുന്ന മഴത്തുള്ളികളിൽ  തുള്ളിനീന്തിക്കളിക്കുന്നു. അത്   ആനക്ക് അലങ്കാരമെന്നപോലെ എഴുത്തുകാരന്   സംതൃപ്‍തി  പകരുക മാത്രമല്ല  ആനയുടെ  വലുപ്പവും നൽകുന്നു.  എഴുത്തുകാർ  ദീര്ഘവീക്ഷണമില്ലാത്തവരായി പാരമ്പരാഗത വഴിയിലൂടെയാണ് ഇന്നും സഞ്ചരിക്കുന്നത്. ആമസോൺ പുസ്തകകങ്ങൾ ചുരുങ്ങിയ നിരക്കിൽ  ലോകമെങ്ങുമിരുന്ന്  ഇന്റർനെറ്റിൽ വായിക്കാമെന്നും അത് പുസ്തകമായി വാങ്ങാമെന്നുപോലും പലർക്കുമാറിയില്ല.  കാലത്തിനനുസരിച്ചു് എഴുത്തുകാർ ആമസോൺ ബുക്കുകളുടെ മഹത്വം മനസ്സിലാക്കി  ചിന്തിക്കണം. ചിലരുടെ  കൃതികൾ വിരളമായി പല  ഭാഷയിലേക്ക് തർജ്ജമ ചെയ്തുവെന്ന് പറയുമെങ്കിലും അതൊന്നും ചരിത്രത്തിൽ ഇടം പിടിക്കുന്നില്ല.    ചില എഴുത്തുകാരെ  ഒരു  ബിംബം പോലെ ഇരുട്ടറകളിൽ വിളക്ക് കത്തിച്ചു   കൊളുത്തിയിട്ട് പാടിപുകഴ്ത്തുന്നു.   ആ ചുറ്റുവട്ടത്തിൽ നിന്നോ അരണ്ട വെളിച്ചത്തിൽ നിന്നോ  രക്ഷപെടാൻ അവരും  ആഗ്രഹിക്കുന്നില്ല. ഇവരുടെ കൃതികൾ  ലോകസാഹിത്യത്തിലേക്കോ സാഹിത്യത്തിന്റ ഊഷ്മളമായ പ്രകാശം പരത്തുന്ന ആമസോൺ വിതരണ കേന്ദ്രത്തിലേക്കോ  കടന്നു വരുന്നില്ല. ചില എഴുത്തുകാരിൽ നിന്ന് മനസ്സിലാക്കിയത്   ആമസോണിൽ പുസ്തകം ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്നുള്ള ഉത്തരമല്ലാതെ അവർക്ക് ആമസോൺ കൊടുക്കുന്ന തുക കിട്ടുകയോ എല്ലാം  മാസവും ആമസോൺ കൊടുക്കുന്ന വില്പനവിവര പട്ടികയോ കിട്ടാറില്ല.   ആമസോൺ ബുക്കുകളുടെ ഏറ്റവും വലിയ പ്രേത്യകത എഴുത്തുകാരന്റെ പുസ്തകങ്ങൾ ഒരു സ്മരണികപോലെ അതിൽ ജീവിച്ചിരിക്കുന്നു. മരണമില്ലാത്ത പുസ്തകകങ്ങൾ. എത്ര വർഷങ്ങൾ കഴിഞ്ഞാലും അതിന്റെ പ്രിന്റഡ്  കോപ്പിയെടുക്കാം. ലോകരാജ്യങ്ങളിൽ ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ  മണ്മറഞ്ഞ എഴുത്തുകാരുടെ കൃതികൾ ഒരു വിരൽത്തുമ്പിലെന്നപോലെ നമ്മുടെ പടിവാതിലിലെത്തുന്നു. എന്നിട്ടും നമ്മുടെ എഴുത്തുകാരുടെ  സർഗ്ഗ  സൗന്ദര്യ൦  തിരിച്ചറിയാൻ കേരളത്തിൽ ഒരു മുന്നേറ്റമോ ഗവേഷണമോ  നടക്കുന്നില്ല.   പല സാഹിത്യകാരന്മാരും കവികളും എഴുത്തുകാരും  പ്രസാധകരുടെ വാക്കുകളിൽ വിശ്വസിച്ചു് എല്ലാം ആനകളെപോലെ കണ്ണടച്ച് കേൾക്കുന്നു. പ്രസാധകൻ കൊടുക്കുന്ന ധനത്തിൽ സംത്രിപ്തിയടയുന്നു. ആമസോൺ വഴി    ലോകത്തു്  സമ്പൽ സമ്രദ്ധിയിൽ ജീവിക്കുന്ന എഴുത്തുകാരെപോലുമാറിയില്ല.   മലയാള ഭാഷയുടെ മണവും മധുരവുമുള്ള അക്ഷരത്തിന്റ യഥാർത്ഥ ശക്തി അവർ തിരിച്ചറിയാതെ പ്രസാധകന്റെ കടാക്ഷ൦ കാത്തുകഴിയുന്നു. 
 
 ആമസോൺ വഴി പുസ്തകങ്ങളുടെ മുഖഭാവം മാറിയെങ്കിലും കേരളത്തിൽ ആമസോൺ ബുക്കുകളുടെ പ്രാതിനിധ്യം കുറവാണ്. ആധുനിക പ്രസാധകലോകം ഇന്റെർനെറ്റിലേക്ക്  കടന്നു വന്നിട്ടും നല്ലൊരു വിഭാഗം എഴുത്തുകാരും കേരളത്തിലെ പ്രസാധക മുതലാളിമാരിൽ നിന്ന് മുക്തി നേടിയിട്ടില്ല. അതിന്റെ പ്രധാന കാരണം പ്രസാധകരും അധികാരികളും തമ്മിലുള്ള അന്തർലോക ബന്ധങ്ങളാണ്. ആമസോൺ രംഗത്ത് വന്നാൽ പ്രസാധക മുതലാളിമാർക്ക് കൊള്ളലാഭം കിട്ടില്ല.   അതിന്റെ ഗുണഭോക്താക്കൾ എഴുത്തുകാരാണ്. ഈ കാര്യത്തിൽ കേരളത്തിലെ എഴുത്തുകാർ ബോധവാന്മാരല്ല.  നിസ്സയഹനായ ഒരെഴുത്തുകാരൻ എത്തിപിടിക്കുന്ന കച്ചിത്തുരുമ്പാണ് പ്രസാധകൻ. ആ കച്ചിയിലൂടെ എഴുത്തുകാരനെ വിറ്റ് കാശുണ്ടാക്കുന്ന പുസ്തക കച്ചവടക്കാർ. അത്തരത്തിൽ  ധനമോഹികളായ പുസ്തക കച്ചവടക്കാർ സ്വദേശ വിദേശ രാജ്യങ്ങളിലുള്ള പല എഴുത്തുകാരേയും ചുഷണം ചെയ്തിട്ടുണ്ട്.  
 
 ഒരു സ്ത്രീ ഗർഭിണിയായി  കുഞ്ഞിനെ പ്രസവിക്കാൻ കാത്തിരിക്കുന്നതുപോലെയാണ്  ഒരെഴുത്തുകാരന്റെ അന്തരംഗം. തന്റെ സർഗ്ഗ സാഹിത്യത്തിന്റ സൗന്ദര്യം കവിഞ്ഞൊഴുകി കാണുന്നത്  കുഞ്ഞിനെ പുറത്തുകാണുമ്പോലെ  പുസ്തകം പുറത്തുവരുമ്പോഴാണ്. ശ്രീമൂല നഗരം വിജയൻ അവതരികയെഴുതിയ 1985 ൽ വിദ്യാർത്ഥി മിത്രം കുട്ടികൾക്കായി പുറത്തിറക്കിയ എന്റെ സംഗീത നാടകം “കടൽക്കര” കണ്ടപ്പോൾ ഞാനും ഈ  അനുഭൂതി തീവൃതയുടെ ദിവ്യാനുഭുതിയിലായിരുന്നു.   മാതൃഭാഷക്ക്  സൗന്ദര്യം നൽകുന്ന വിദേശത്തു നിന്നുള്ള  ഹ്ര്യദയഹാരിയായ  പാശ്ചാത്യ സാഹിത്യ സൃഷ്ഠികൾ  നല്ല വായനക്കാർ കാണുന്നില്ല.  എന്റെ “കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ” ഇംഗ്ലണ്ട് യാത്ര വിവരണ കൃതിയിൽ അത് പ്രതിദ്ധ്വനിക്കുന്നു. പ്രഭാത് ബുക്സിലും കെ.പി.ആമസോൺ പബ്ളിക്കേഷനിലും ഈ കൃതി  ലഭ്യമാണ്.  വിദ്യാർത്ഥികൾ പഠിക്കുന്ന പുസ്തകങ്ങളിൽ, സർക്കാർ ലൈബ്രററികളിൽ എന്തുകൊണ്ടാണ് മലയാളികൾ എഴുതുന്ന ആമസോൺ പുസ്തകങ്ങൾ കടന്നുവരാത്തത്? അത് ആരോഗ്യപരമായ ഒരു സമീപനമല്ല. ചില എഴുത്തുകാരുടെ ദിശയിലേക്ക് മാത്രം നമ്മുടെ ഭാഷയെ  വഴിമാറ്റിവിടുന്നത് ഭാഷയോടുള്ള സ്‌നേഹ പ്രകടനമല്ല സ്വാർത്ഥതയാണ്.   നമ്മുടെ വിദ്യഭ്യാസ പുസ്തക വില്പന ശാലകളിൽ, ലൈബ്രറിയിൽ എന്തുകൊണ്ടാണ് ആമസോൺ ബുക്കുകൾ ഇല്ലാത്തത്? നമ്മുടെ ഭാഷാപ്രണയം ഇങ്ങനെ   വരേണ്യ വർഗ്ഗത്തിന് വിട്ടുകൊടുക്കരുത്.  സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ   സ്വയം വിമർശനത്തിന് വിധേയമാകില്ലെങ്കിൽ  ഒരു സാംസ്കാരിക പുരോഗതിയു൦ കേരളത്തിനുണ്ടാകില്ല. അത് വരും തലമുറക്ക് ആപത്താണ്.      
………………………………………..

About The Author

Leave a Reply

Your email address will not be published. Required fields are marked *