കൊളംബോ ∙ ശ്രീലങ്കയിൽ അവിശ്വാസ പ്രമേയ നീക്കവുമായി മുന്നോട്ടുപോകുന്ന മുഖ്യപ്രതിപക്ഷ പാർട്ടി സമാഗി ജന ബലവേഗയ (എസ്ജെബി) അടുത്ത ആഴ്ച പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുമെന്നു വ്യക്തമാക്കി. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനായി പ്രതിപക്ഷത്തോട് ഭൂരിപക്ഷം തെളിയിക്കാൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ആവശ്യപ്പെട്ടിരുന്നു. 225 അംഗ പാർലമെന്റിൽ 150 സീറ്റുമായി അധികാരത്തിലേറിയ മഹിന്ദ സർക്കാരിന് ഇപ്പോൾ 109 എംപിമാരുടെ പിന്തുണയേയുള്ളൂ.
ദേശീയ സർക്കാർ രൂപീകരിക്കാൻ വിവിധ കക്ഷികളെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് മഹിന്ദ രാജപക്സെ മാറുന്നതിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇടക്കാല സർക്കാരിനെ താൻ തന്നെ നയിക്കുമെന്ന നിലപാടിലാണു മഹിന്ദ. എന്നാൽ, മഹിന്ദയുടെ കീഴിൽ സർക്കാരിനു സന്നദ്ധമല്ലെന്നു പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Srilanka crisis continues













