തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജയൻ മഠത്തിലിന്റെ ‘ആത്മാവിൽ പ്രണയത്തിന് തീകൊളുത്തുക’ എന്ന പുസ്തകവും പരിസ്ഥിതി വകുപ്പ് അഡീഷണൽ സെക്രട്ടറി ഷർമിള സി.നായരുടെ ‘ഫാന്റസിയിൽ ജീവിച്ചവർക്കതേ പറ്റൂ’ എന്ന കവിതാസമാഹാരവും തിരുവനന്തപുരം വൈഎംസിഎ ഹാളിൽ കെ.ജയകുമാറും കെ.വി. മോഹൻ കുമാറും പ്രകാശനം ചെയ്തു. ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ് അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്കാര ജേതാവ് ചവറ കെ.എസ്.പിള്ളയെ സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ ആദരിച്ചു. പച്ചമലയാളം പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ഇളവൂർ ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. ജനയുഗം ജനറൽ മാനേജർ സി.ആർ. ജോസ് പ്രകാശ്, മലയാള സർവകലാശാല മലയാള വിഭാഗം പ്രൊഫസർ ഡോ.ടി. അനിതകുമാരി, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസു എന്നിവർ സംസാരിച്ചു. ചവറ.കെ.എസ്. പിള്ള, ഷർമിള സി. നായർ എന്നിവർ മറുപടി പ്രസംഗം നടത്തി. ജനയുഗം കൊല്ലം റസിഡന്റ് എഡിറ്റർ പി.എസ്.സുരേഷ് സ്വാഗതവും ജയൻ മഠത്തിൽ നന്ദിയും പറഞ്ഞു.പച്ചമലയാളം ബുക്സാണ് പ്രസാധകർ.