” അന്ന് ഗ്യാസ് ബുക്ക് ചെയ്യാനാണ് രാവിലെ അദ്ദേഹത്തിന്റെ ഫോണെടുത്തത്. പതിവു രീതികൾ
തെറ്റിച്ച് ‘പാസ് വേർഡ്’ ഉപയോഗിച്ചു ഫോൺ ലോക്ക് ചെയ്തു വച്ചിരിക്കുന്നതു കണ്ടു.
ചോദിച്ചപ്പോൾ ദേഷ്യമായി.വഴക്കായി.ഒന്നു മറിയാൻ പാടില്ലാത്ത കഴുതയാണ് ഞാനെന്ന്.എന്നെപ്പോലെ ഒരാളായിരുന്നില്ല അദ്ദേഹത്തിനു വേണ്ടിയിരുന്നതെന്ന്.. എന്റെ സങ്കടങ്ങൾക്കോ പരിഭവങ്ങൾക്കോ യാതൊരു വിലയും അദ്ദേഹം നൽകുന്നില്ലെന്ന് വേദനയോടെ
മനസ്സിലാക്കുമ്പോൾ ഞാൻ തകർന്നു പോയി സർ..
എനിക്ക് സംശയരോഗമാണത്രേ.കംപ്യൂട്ടർ പരിജ്ഞാനമോ ഒന്നുമില്ലാതെ നടക്കുകയാണത്രേ.അങ്ങനെ ഒരു പാടു കുറ്റങ്ങൾ.
അവളുടെ കണ്ണുകളിൽ ഒരു നീർത്തിളക്കം കാണായി.
“കുറച്ചു നാളായി ഓഫീസ് വിട്ടു വന്നാൽ നേരെ റൂമിൽ കയറി വാതിലടയ്ക്കാൻ തുടങ്ങി.ഒൻപത് മണി കഴിയണം ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങണമെങ്കിൽ”.
സ്വർണ്ണ ആ സമയങ്ങളിൽ ഫോണുമായിഇരിക്കാറുള്ളതും താൻ വഴക്കു പറഞ്ഞിട്ടുള്ളതും അയാളോർത്തു.
“കിടപ്പുമുറിയിലേക്കു പോലും എനിക്കു പ്രവേശനമില്ലാതായി.കതകിനടിയിൽ നിന്നും വരുന്ന വെളിച്ചവും ശ്രദ്ധിച്ച് അടുത്ത മുറിയിൽ ഞാൻ ഒരു വർഷമായി ഉറങ്ങാതെ ഉറങ്ങുന്നു…
എന്റെ വേദനകൾ ഇരുട്ടിൽ അലിയുന്നതല്ലാതെ അദ്ദേഹത്തിന് ഒരു മാറ്റവും വന്നില്ല. തൊട്ടതിനും,പിടിച്ചതിനുമെല്ലാം ദേഷ്യം.എതിർത്ത്
ഒരു വാക്കു പറഞ്ഞാൽ അടി.ഹൊ.എന്തൊരു കഷ്ടം പിടിച്ച ദിവസങ്ങൾ.ഒരു കല്യാണത്തിനോ
മറ്റോ പോയാൽ ഫോണുമായി മാറിയിരിക്കുന്നതു
കാണാം”
അവൾ പുറം കൈകൊണ്ട് കണ്ണുകൾ തുടച്ചു.
“എനിക്കധികം പ്രതികരിക്കാനാവില്ലല്ലോ സാർ.
പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ.. അവരുടെ ഭാവി.ഭാര്യ വരയ്ക്കുന്ന വരയ്ക്കപ്പുറം ചലിക്കാത്ത
സഹോദരന് എന്റെ വിഷമങ്ങൾ കേൾക്കുമ്പോൾ പരിഹാസം. അളിയനെ പിണക്കിയാൽ അച്ഛന്റെ സംരക്ഷണച്ചുമതല തലയിലാവുമല്ലോ.
‘നീയെന്തു ചെയ്യാനാടീ’ എന്ന ഭാവം ഭർത്താവിന്റെ മുഖത്ത്. എല്ലാം പറഞ്ഞ് ഒന്ന് പൊട്ടിക്കരയാൻ പോലും എനിക്കാരുമില്ലായിരുന്നു സർ.”
“എന്താ പ്രശ്നം”
“ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നുണ്ട് .കരയാതിരിക്ക്”
“ആത്മ ഹത്യയെക്കുറിച്ച് ചിന്തിക്കാനാവില്ലെങ്കിലും
ഒരു വട്ടം ഞാനതിനു തുനിഞ്ഞു സാർ”
“എന്റെ മോളെ “രാമൻ കുട്ടി നായർ അറിയാതെ
അവളുടെ കയ്യിൽ പിടിച്ചു.
” ഒരു വർഷമായി ഞാനനുഭവിക്കുന്ന മാനസിക
പീഡനങ്ങൾക്കു പകരമായി വയ്ക്കുവാൻ സ്വർണ യുടെ ഭർത്താവിനെയാണ് ആദ്യം ഉദ്ദേശിച്ചത്.പ്രതികാരമാണെങ്കിൽ കൂടി പ്രായത്തിനിളപ്പമുള്ള ആളോട്..ഛെ.അങ്ങനെ ഒരു ധാർമിക ചിന്ത എന്നെ മാറ്റി ചിന്തിപ്പിച്ചു.
അപ്പോഴാണ് ഒരു ദിവസം സ്വർണ സാറിനെയും കൂട്ടി ട്രഷറിയിൽ വരുന്നതു കാണാനിടയായത്.അന്നു മുതൽ സാറിന്റെ പുറകേ
ഞാനുണ്ട്.”
“ഹ..ഹ..ഹ ട്രഷറിയിലെ പ്രതികാരം അല്ലേ”
ഒറ്റയടിക്കു വിഷമങ്ങളെല്ലാം പറഞ്ഞു തീർത്തപ്പോൾ
അവളുടെ മനസ്സിനു തെല്ലൊരാശ്വാസം കിട്ടിയിട്ടുണ്ടാവണം.ചെറിയൊരു വരണ്ട ചിരി ആ ചുണ്ടത്തു മിന്നുന്നു.
” സാറിനു തമാശ .സ്വന്തം ഭർത്താവു തള്ളിപ്പറയുമ്പോൾ ഒരു പെണ്ണിന്റെ നെഞ്ചിലുണ്ടാകുന്ന പിടച്ചിൽ സാറിനറിയില്ല”.
“എന്റെ മോളേ ഇനി ഇയാളുടെ ജീവിതത്തിലേക്ക് സ്വർണയുടെ ശല്യം ഉണ്ടാവില്ല”
“അയ്യോ ഞാൻ പറഞ്ഞെന്നറിഞ്ഞാൽ എന്നെ കൊല്ലും”
അവർ നിസ്സഹായ ആയതു പോലെ വിതുമ്പി.
“ആരെയാണ് പേടിക്കുന്നത്? ഈ ഭയമാണ്
നിങ്ങളുടെ ഭർത്താവ് മുതലെടുത്തത്.ഇന്നു തന്നെ
സ്വർണയുടെ ഫോൺ പിടിച്ചു വാങ്ങി കള്ളക്കളി
കണ്ടു പിടിച്ചെന്ന മട്ടിൽ,രണ്ടു പേരെയും ‘സ്റ്റോപ്പ്’ ചെയ്യിച്ചേക്കാം.അടുത്ത വർഷം സ്വർണ തിരുവനന്തപുരത്തുള്ള ഏതെങ്കിലും ഓഫീസിലാവും ജോലി ചെയ്യുന്നത്. ഉണ്ണി അറിയുമെന്നറിഞ്ഞാൽ അവൾ പിന്മാറിക്കൊള്ളും.
അവിടെ വീടു നോക്കാൻ ഞാനവനോട് വേണ്ട പോലെ പറഞ്ഞോളാം.
” സാറു വിചാരിക്കുന്നതു പോലെയല്ല.ഈ വാട്സ് ആപ്പും,മെസേജും ഉള്ളിടത്തോളം കാലം ഒന്നും മാറില്ല. അത്രയ്ക്ക് ആത്മബന്ധമാ”.
വിശ്വാസം വരാത്തതു പോലെ അവർ പറയുന്നതു
കേട്ടിട്ടും അയാൾക്ക് ദേഷ്യം തോന്നിയില്ല.
“എന്താത്മബന്ധം.വിവാഹ ശേഷം ഒരു പുരുഷന്റെ
ഹൃദയത്തോടു ചേർത്തു വയ്ക്കേണ്ട ആൾ അവന്റെ
ഭാര്യ തന്നെയാണെന്ന് ഇയാളുടെ ഭർത്താവിനെ
പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തേക്കാം.അതു വരെ ക്ഷമയോടെ,പ്രാർത്ഥനയോടെ കാത്തിരിക്കുക.
എങ്കിൽ ചെല്ല്,സുഖമില്ലാത്ത അച്ഛൻ ഇയാളെയും
കാത്തിരിപ്പുണ്ടാവും.”
“താങ്ക്യു സർ”
നന്ദി നിറഞ്ഞ മനസ്സോടെ അവൾ അയാളെ നോക്കി. വലിയൊരു സ്ഫോടനത്തിനു ശേഷം
ശാന്തമായ അഗ്നിപർവ്വതം പോലെ
മനസ്സിലെ തിരകളടങ്ങുന്നത് അവൾ തിരിച്ചറിഞ്ഞു.
പിന്നെ ആശ്വാസത്തോടെ തിരികെ നടന്നു.
-2016 മെയ്ൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്.
About The Author
No related posts.
One thought on “നോവലെറ്റ് സ്വർണ്ണ മത്സ്യം – മിനി സുരേഷ്”
കഥ വായിച്ചു ഇന്ന് നടക്കുന്ന സ്ഥിരം സംഭവങ്ങളാണ്. സോഷ്യൽ മീഡിയ കുടുംബ ബന്ധങ്ങളെ മാറ്റി മറിക്കുന്നു.
ശ്രീമതി മിനി സുരേഷിന് അഭിനന്ദനങ്ങൾ