കല്യാണവീട് അതിമനോഹരമായി അലങ്കരിച്ചിരുന്നു. ആധുനികരീതിയിൽ മോടിയായി പണിത ഇരുനില മാളിക. വഴിനീളെ നല്ലനല്ല കാഴ്ചകളിൽ ദിനേശൻ ആവേശം കൊണ്ടു. നന്ദിനിയുടെ മൂകത അയാൾ തിരിച്ചറിയുന്നോ എന്നറിഞ്ഞില്ല. കല്യാണത്തലേന്നുതന്നെ എത്തണമെന്ന് ജോൺസൺ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടിൽനിന്നും ഒരു സമ്മതം നന്ദിനി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ദിനേശന്റെ കൂടെ ഈ ഭൂമിയുടെ അറ്റം വരെ തന്നെ അയയ്ക്കാൻ തന്റെ വീട്ടുകാർക്ക് ഇനി ഒരു ആലോചന, ആവശ്യം ഇല്ലായിരുന്നു. അതിഥികൾക്ക് താമസിക്കാൻ പട്ടണത്തിനു മധ്യത്തിലൊരു ഹോട്ടലിൽ ആണ് മുറികൾ ഒരുക്കിയിരുന്നത്. പക്ഷേ നന്ദിനിക്കും ദിനേശനും വീട്ടിൽത്തന്നെ താമസസൗകര്യം ഒരുക്കിയിരുന്നു ജോൺസൺ. ജോൺസന്റെ ഓഫീസിൽ ഉള്ളവർക്കൊക്കെ പിറ്റേ ദിവസത്തേക്കായിരുന്നു ക്ഷണം. കല്യാണ പെണ്ണിന്റെ കുറച്ച് സുഹൃത്തുക്കളും വീട്ടിൽ തന്നെ ആണ് തങ്ങിയത്. രാത്രി ഒരു മണി വരെ ആഘോഷത്തിമിർപ്പ് നീണ്ടുപോയി. പുലർച്ചെ എഴുന്നേറ്റു മുറി തുറന്നപ്പോൾ കണി കണ്ടത്, കൈലി മുണ്ടു ബനിയനും ധരിച്ചു തലയിൽ ഒരു കെട്ടുംകെട്ടി നാടൻ കൃഷിക്കാരനെപ്പോലെ ജോൺസൺ! മുന്നിൽ വന്നു വിഷ് ചെയ്തപ്പോൾ നന്ദിനി ഞെട്ടി.
‘ പേടിക്കേണ്ട… ജോൺസേട്ടൻ തന്നെയാ!’
നന്ദിനി വിസ്മയഭരിതയായി. വാതിൽപ്പാളി മെല്ലെ മാറ്റി അകത്തു കയറി നന്ദിനിയെ മാറി ചേർത്ത് പുല്കി അദ്ദേഹം.
‘ വിടൂ… ആരെങ്കിലും…’
‘ ആരും വരില്ല… എന്റെ പൊന്നേ!’
ചുണ്ടിൽ ഒരു മധുര ചുംബനം നൽകി ജോൺസൺ പുറത്തു പോയി. എന്തൊരു ചങ്കൂറ്റം! നന്ദിനി നാണിച്ചു പോയി. ശ്വാസം മുട്ടൽ നിലയ്ക്കാത്തത് പോലെ. എന്തൊരു ആലിംഗനം!
എല്ലാവരും പെട്ടെന്ന് കുളിച്ചൊരുങ്ങി. പ്രാതൽ വീട്ടിൽ തന്നെ ഒരുക്കിയിരുന്നു. പാലപ്പവും സ്റ്റൂവും… എന്ത് ഇറച്ചിയാണാവോ? നന്ദിനി ആദ്യമായി കണ്ണും പൂട്ടി ഒക്കെ കഴിച്ചു. എല്ലാ പുതിയ അനുഭവവും നേടി എടുത്തല്ലേ പറ്റൂ. വധുവിനെ ഒരുക്കുന്ന തിരക്കാണ് അകത്ത്. ഒരുക്കാനുള്ള സ്ത്രീ വന്നിട്ടുണ്ട്. നന്ദിനി തനിക്കു കരുതിക്കൊണ്ട് വന്ന വസ്ത്രങ്ങൾ എടുത്തു നിവർത്തി. ആദ്യമായാണ് സാരി ഉടുത്തു പുറത്തിറങ്ങുന്നത്. റോസാപ്പൂ നിറത്തിൽ കസവുനൂൽചിത്രം രചിച്ച പട്ടുസാരി അമ്മ പ്രത്യേകം തിരഞ്ഞെടുത്തതാണ്. ദിനേശന്റെ കൂടെ നടക്കാനുള്ള യോഗ്യത മകൾക്കുണ്ടെന്നു ബോധ്യപ്പെടുത്താൻ കരുതി വാങ്ങിയ വസ്ത്രങ്ങൾ! പുഷ്യരാഗം പ്രഭ ചിതറുന്ന നേർത്ത നെക്ക്‌ലസും, കൗസ്തുഭം കോർത്ത് ജിമുക്കിയും, തരിവളകളുമണിഞ്ഞു ഒരു കിന്നര കന്യകയെപ്പോലെ ഒരുങ്ങി നന്ദിനി വധുസമക്ഷം എത്തിയപ്പോൾ എല്ലാ കണ്ണുകളും അവളിൽ തങ്ങി നിന്നു. എന്തൊരു സൗന്ദര്യം! പാരിജാതം പൂത്തു വിലസും പോലെ.
സർവ്വാഭരണ വിഭൂഷിതയായി വധു ഇറങ്ങി വന്നപ്പോൾ നന്ദിനികും തോന്നി. എന്തൊരു സൗന്ദര്യം
സഹോദരിയുടെ അണിവിരലിൽ വൈര മോതിരമണിയിച്ചു ജോൺസൺ നന്ദിനിയുടെ നേരെ നോക്കി. പാതി വിടർന്ന പനിനീർപ്പൂപോലെ നന്ദിനി തിളങ്ങിനിന്നു.
ആ വിരൽ തുമ്പിലൊന്നു സ്പർശിക്കാൻ അയാൾ കൊതിക്കുന്നപോലെ തോന്നി. ദിനേശനും, ജോൺസനും, നന്ദിനിയും ഒരു വാഹനത്തിലാണ് കയറിയത്. കാറിന്റെ കണ്ണാടി തന്റെ നേരെ തിരിച്ചു വച്ചിരിക്കയാണെന്നും നന്ദിനി മനസ്സിലാക്കാതിരുന്നില്ല. ഇടയ്ക്കിടയ്ക്ക് പാളി വീഴുന്ന കടാക്ഷങ്ങൾ! പൂപുഞ്ചിരി, ഇളംകറുപ്പിൽ ചുവപ്പ് ചാലിച്ച ആ കവിൾത്തടങ്ങൾ എത്ര മനോഹരം! ഫോട്ടോ എടുപ്പിന് വളരെനേരം വേണ്ടിവന്നു. ദിനേശന്റെ കഴുത്തിലൂടെ കൈയിട്ട്, അടുത്ത് നിന്ന നന്ദിനിയുടെ പുറത്തു ചിത്രംവരച്ചു, ജോൺസൺ വിരൽതുമ്പുകൾ. നന്ദിനിയിൽ നാണം ഇരച്ചുകയറി. വൈകുന്നേരം ചടങ്ങുകൾ തീർത്തു തിരിച്ചു യാത്ര ചെയ്യുമ്പോഴും ആ വിരൽത്തുമ്പു ശരീരത്തിൽ ഇഴഞ്ഞു നടക്കുന്ന പോലെ തോന്നി. കൊച്ചു വെളുപ്പാൻകാലത്ത് കയറി വന്നു ചേർത്തണച്ചു നൽകിയ ചുടുചുംബനത്തിന്റെ ചൂട് ഇപ്പോഴും തങ്ങി നില്ക്കുന്നു. നന്ദിനി ചുണ്ടുകൾ കൂട്ടിക്കടിച്ചു. കൈത്തലം കൊണ്ട് ആ ചുംബനം തടഞ്ഞുനിർത്തും പോലെ അവൾ ചുണ്ടുകൾ അടക്കിപിടിച്ചു. ഓർക്കുമ്പോഴൊക്കെ രോമാഞ്ചം വിരിഞ്ഞു വരുന്നു. ഇനി എന്നാണ് കാണാൻ പറ്റുക! അവധി രണ്ടുമാസത്തിൽ കൂടുതൽ ഉണ്ട്. പുതിയ കോഴ്‌സിന് ചേരാൻ സമയം പിടിക്കും. അതേ കോളേജിൽ തന്നെ തുടരാൻ നന്ദിനി തീരുമാനിച്ചിരുന്നു.
പരീക്ഷാ ഫലം വന്നു. നന്ദിനിക്ക് മൂന്നാം റാങ്ക്. പത്രക്കാർ ഓടി വന്നു. ഫോട്ടോ എടുത്തു. ചോദ്യങ്ങൾ, ഉത്തരങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ നാട്ടുകാരുടെ സ്വീകരണം. പത്രത്താളിൽ പ്രിയപ്പെട്ട നാടിന്റെ പുത്രിയെ കണ്ടു അയൽവാസികളും, വിദ്യാർഥിനിയെ കണ്ടു പഴയ അധ്യാപകരും ഓടി എത്തി. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ, സമ്മാനങ്ങൾ! ഒരു കോലാഹലം തന്നെയായിരുന്നു വീട്ടിൽ. ദിനേശനും അമ്മയും കൂടെ വന്നു. പഴയ പിണക്കമൊക്കെ മറന്നു നാത്തൂൻ വന്നതിൽ അമ്മുക്കുട്ടിയമ്മ വളരെ സന്തോഷിച്ചു.
സന്ധ്യാ നാമം കഴിഞ്ഞു നെറ്റിയിൽ ഭസ്മക്കുറി വരച്ചു തിരിഞ്ഞപ്പോൾ ഫോൺ ബെൽ മുഴങ്ങി. നന്ദിനി ഫോൺ എടുത്തു.
‘ അഭിനന്ദനങ്ങൾ… നന്ദു.’
മുഴങ്ങുന്ന ശബ്ദം നന്ദിനി തിരിച്ചറിഞ്ഞു.’ ജോൺസൺ സർ’
‘ സാറല്ല… ജോൺസേട്ടൻ! ഒന്ന് വിളിക്കൂ നന്ദു..!
‘ ജോൺസേട്ടാ…’
ഒരു ചുടുചുംബനം പറന്നു വന്നു. കാതോരം ചുട്ടു പൊള്ളിച്ചു കൊണ്ട് ഇത്ര വലിയൊരു സമ്മാനം അവൾക്ക് ആരുനൽകാൻ.
അടുക്കളയിൽ പായസം തിളച്ചു മറിഞ്ഞു. നാടടക്കം സദ്യയാണ് നാളെ. അച്ഛനും പരിവാരങ്ങളും ഓടി നടന്നു ക്ഷണിക്കുകയാണ്. ടീച്ചർമാരും മറ്റ് സതീർത്ഥ്യരും എല്ലാവരും എത്തും നാളെ. പഞ്ചായത്ത് പ്രത്യേകം സ്വീകരണം ഒരുക്കിയിട്ടുണ്ട്.
രാവിലെ അമ്മയോടും സഹോദരിമാരോടും കൂടി ക്ഷേത്രദർശനത്തിന് ഇറങ്ങി. അമ്മ പ്രത്യേക വഴിപാടൊക്കെ നടത്തി. ഇത്ര വലിയ പ്രശസ്തി ഇതിനു മുൻപൊന്നും ഉണ്ടായിട്ടില്ലല്ലോ. വഴിയരികിൽ നാട്ടുകാർ തിങ്ങിക്കൂടി അഭിനന്ദിച്ചു. പലർക്കും എന്ത് മനസ്സിലായിട്ടോ എന്തോ. വഴിയോരം നിറഞ്ഞു നിന്നു.
‘ കുട്ടിക്ക് കല്യാണമുറച്ചതാ?’ നങ്ങേലിയമ്മ നിഷ്‌കളങ്കയായി ചോദിച്ചു. നന്ദിനിയുടെ തലയിൽ അവർ കൈ വച്ച് അനുഗ്രഹിച്ചു.’ പത്തും പെറ്റു…’
‘ കല്യാണമല്ല അമ്മൂമ്മേ…’ അമ്മുക്കുട്ടിയമ്മ തിരുത്തി.
‘ പിന്നെന്താ എന്റെ കുട്ട്യേ?’
‘ അവൾക്ക് റാങ്ക് കിട്ടീതിന…’
‘ റാങ്കോ അതെന്താ കുട്ട്യേ?’
‘ വലിയ പഠിത്തതിനാ’
‘ഹാ.. ഹാ… അതാണോ കാര്യം?’
കാര്യം എത്ര നിസ്സാരം എന്ന മട്ടിൽ, അവർ തിരിഞ്ഞു നടന്നു. നാരായണി പൊട്ടിച്ചിരിച്ചു.
‘മതി മോളെ അവർക്ക് അത്രയ്ക്കല്ലേ അറിവുള്ളൂ ‘ അമ്മുക്കുട്ടിയമ്മ.
നന്ദിനിയും ചിരി അമർത്തി.’പത്തും പെറ്റും…’ എന്ന അനുഗ്രഹം!അവൾ വാപൊത്തി പിന്നെയും ചിരിച്ചു. ജോൺസണോട് പങ്കുവയ്ക്കാൻ ഒരു സമ്മാനം!
നിനച്ചിരിക്കാതെ ജോൺസൺ വന്നു. സമ്മാനപൊതി നന്ദിനിക്ക് നൽകി ആശംസിച്ചു.
‘അഭിനന്ദനങ്ങൾ ‘
‘താങ്ക്യു ‘ അദ്ദേഹം തിരിച്ചു പോയപ്പോൾ ഒരു ശൂന്യത. രാത്രി എല്ലാരും ഉറങ്ങിയെന്ന ഉറപ്പു വരുത്തി നന്ദിനി ഫോണിന് അടുത്ത് എത്തി. ജോൺസന്റെ റൂമിലെ നമ്പർ കറക്കി. നിമിഷങ്ങൾക്കകം മുഴക്കമുള്ള ശബ്ദം മറുതലക്കൽ.
‘നന്ദു… വീട്ടിൽ നിന്ന് തന്നാ…’
‘ഉം…. വിശ്വാസം ആയില്ല്യേ?’
‘എന്ന, ആദ്യം ഒരുമ്മ പിടിച്ചോ…’
‘തിരിച്ചും വേണ്ടേ?’
‘പിന്നെ ഒന്നു പോരാട്ടോ ‘
ആദ്യ ചുംബനം തിരിച്ചു നൽകി നന്ദിനി കുളിര്‌കോരി നിന്നു.
തന്റെ ഉറച്ച മനസ്സിൽ ഭൂകമ്പം സൃഷ്ടിച്ചു.പാറ പിളർന്നു സ്‌നേഹകുളിർചോല ഊറിയിറങ്ങിയ അദ്ദേഹത്തെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി. കൂടെ അന്നത്തെ വിശേഷങ്ങളും. നങ്ങേലി അമ്മൂമ്മയുടെ അനുഗ്രഹ വർഷവും!
‘ ഹേ! ഒന്നും കൂടെ പറഞ്ഞേ.. ഞാനൊന്ന് കേൾക്കട്ടെ!’ജോൺസന്റെ പൊട്ടിച്ചിരി കാതിൽ നിലയ്ക്കാതെ മുഴങ്ങി.
പുറത്തിടിവെട്ടി മഴ പെയ്യുന്നുണ്ടായിരുന്നു. കർക്കിടക വരവ് തിമിർത്താടുന്നു. നന്ദിനിയുടെ മനസ്സിലും മിന്നലും മഴയും തകർത്തു പെയ്തു. തണുപ്പ് അരച്ചു കയറുന്ന പുതപ്പിനടിയിലൂടെ ചൂടുള്ള വിരലുകൾ പരതി നടന്നു. ചുടുചുംബനങ്ങൾ, അടക്കിപിടിച്ച സീൽക്കാരങ്ങൾ.
‘ നന്ദിനിചേച്ചി….ചായ.. ‘നാരായണിയുടെ വിളിക്കേട്ട് ഉണർന്നപ്പോൾ നേരം പരപരാ വെളുത്തിരുന്നു.മഴ മാറി,ആകാശം തെളിഞ്ഞു നിന്നു… തെങ്ങോല തുമ്പുകളിൽ നിന്നും മഴത്തുള്ളികൾ അപ്പോഴും താഴോട്ട് തുള്ളികുത്തി വീണുകൊണ്ടിരുന്നു. ആകാശം നല്ലൊരു കുളി കഴിഞ്ഞിറങ്ങിയ ആത്തോലമ്മയെപോലെ മൂടി പുതച്ചിരുന്നു. തലേ രാത്രിയിലെ മധുരസല്ലാപം ഓർത്തുകൊണ്ട് മധുരമുള്ള ചായ മൊത്തിക്കുടിച്ചു നന്ദിനി മന്ദഹസിച്ചു. എന്തൊക്കെയാണ് പരസ്പരം പറഞ്ഞത്. തനിക്കും നാണം ഇല്ലാതായോ!നന്ദിനി വിസ്മയം പൂണ്ടു. ഇങ്ങനെയൊക്കെ സംസാരിക്കാൻ എങ്ങനെ കഴിഞ്ഞു!ഓർത്തോർത്തു അവൾ വിസ്മയിച്ചു. കൂടെ നാണം വന്നു തൊട്ടപ്പോൾ തന്നെത്താൻ പറഞ്ഞു.
‘ഛെ!’
ആകാശം മഴവില്ല് ചൂടിനിന്നു. ഏഴു നിറങ്ങളിൽ ആടിനിന്ന പ്രകൃതിസൗന്ദര്യം കടലാസിൽ പകർത്തി നന്ദിനി ആശ്വസിച്ചു. എത്ര കാലങ്ങൾക്ക് ശേഷമാണ് ഇത്ര മനോഹരമായ ഒരു കവിത വിരിഞ്ഞിറങ്ങിയത്. മനസ്സിന്റെ തിരശ്ശീലയിൽ തൂവൽസ്പർശം പോലെ, മനോഹരമായൊരു വിരൽ അരിച്ചു നീങ്ങുന്ന പോലെ, കാറ്റിലാടുന്ന മുല്ലമലർക്കുല പോലെ…കവിത അരിച്ചരിച്ചു ഇറങ്ങി വന്നു കടലാസിൽ അക്ഷരമാല തീർത്തു. പ്രകൃതിയും മനുഷ്യനും ഇണ ചേർന്ന് പുണർന്നുരുണ്ടു. പറ്റുവിരിപ്പിൽ, പാലഴി തീർത്ത്… നക്ഷത്ര ഗീതം പാടി ഉണർത്തി… ഒരു പുതിയ ദിവസം പൊട്ടി വിരിഞ്ഞു.
നനഞ്ഞു നിന്ന് നന്ത്യാർവട്ട പൂങ്കുലയിൽ കവിൾ ചേർത്ത് നന്ദിനി തേങ്ങി. നീ എത്ര സുന്ദരിയായിരുന്നു ഇന്നലെ! ഇതളിനുള്ളിലെ മഞ്ഞനിറം വിളറി വെളുത്തിരുന്നു. മഞ്ഞ മന്ദാരവും, ചെമ്പരത്തി പൂക്കളും തല കുമ്പിട്ടു നിന്നു. വേലിപ്പടർപ്പിൽ വിളർത്ത കോളാമ്പിപ്പൂക്കൾ തലയാട്ടി രസിച്ചു. ഇറങ്ങിച്ചെന്ന് ഓരോ പൂവിനോടും കിന്നാരം പറഞ്ഞ്,പൂമ്പാറ്റയ്ക്ക് പിന്നാലെ ഓടി നടന്ന്, ഓലകൈയാൽ കരിവണ്ടിനെ ആട്ടി ഓടിച്ച്, പുത്തൻ ഉടുപ്പിട്ട് പുന്നാരം പറയുന്ന ഓണപ്പൂക്കൾ ഇറുത്തു,മടി നിറച്ച്,വീണ്ടും ഒരു പാവാടകരിയാവാൻ നന്ദിനി കൊതിച്ചു. വെറുതെ.. വെറുതെ… കടന്നുപോയ ബാല്യം! പൂത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചു രസിച്ച നാരായിണിയുടെ തലയിൽ ഞൊട്ടി വേദനിപ്പിച്ച്, അവളെ കരയിച്ചതിനു അമ്മയുടെ വഴക്ക് കേട്ട്, മൂവാണ്ടൻ മാങ്ങ ചപ്പിരസിക്കുന്ന അണ്ണാറക്കണ്ണനെ കല്ലെറിഞ്ഞ് ഓടിച്ച്, തവളക്കണ്ണൻ നെല്ല് കുലച്ചാടി നിന്ന വയൽ വരമ്പുകളിലൂടെ ഓലപ്പമ്പരം കറക്കി ഓടി നടന്ന് നല്ല ബാല്യം!ഇന്നിനി വരാത്തവണ്ണം കടന്നു പോയ നല്ല നാളുകൾ ഓർത്തോർത്തു നെടുവീർപ്പിടാൻ നന്ദിനിക്ക് ആവുന്നില്ല. വളരാതിരുന്നെങ്കിൽ എന്ന് എങ്ങനെ ആസിക്കും!വളർന്ന കൊണ്ടല്ലേ കോളേജിൽ എത്തിയത്. തന്റെ പൊന്നിന്റെ പൊന്നായ ജോൺസേട്ടന്റെ ഉൾകുളിർ ആയത്!
‘ എന്റെ ജോൺസേട്ടാ…’
ചിങ്ങകൊയ്ത്തു തുടങ്ങിക്കഴിഞ്ഞു.പാടത്തുനിന്നും കൊയ്ത്തു പാട്ട് കേൾക്കുന്നുണ്ട്. കതിർക്കറ്റ കെട്ടി മുറുക്കി പുലയിപ്പെണ്ണുങ്ങൾ ആർത്തു പാടി.
‘ ആറ്റും മണംമേലെ ഉണ്ണിയാർച്ച ഊണും കഴിഞ്ഞു ഉറക്കമായി…
ഉറക്കത്തിൽ സ്വപ്നവും കണ്ടു പെണ്ണ്… അല്ലിമലർക്കാവിൽ പൂതല്ലാണ്…’
നന്ദിനി നടന്നു നടന്നു വയൽവരമ്പിൽ എത്തി. കറ്റകൾ തലയിലേറ്റി എതിരെ നടന്നു വന്ന കാളിയും നീലിയും അത്ഭുതം കൂറി.’ മാനത്തൂന്നെങ്ങാനും പൊട്ടി വീണോ!’ നന്ദിനിയുടെ സുന്ദര മുഖത്ത് നോക്കി അവർ പരസ്പരം പറഞ്ഞു.
‘ ഇതെന്താ അമ്പ്രാട്ടിക്കൊച്ച് ഇവിടെ?’
‘ഓ… വെറുതെ… ചിരുതേയി എവിടെ?’
‘ ഓടെ… മംഗലം കഴിഞ്ഞേനേ… മാരന്റെ അവിട്യ…’
‘ ഹേ!അവളുടെ കല്യാണം കഴിഞ്ഞോ?
പത്താംതരം വരെ കൂടെപഠിച്ച ഒരേ ഒരു ‘പറയിപ്പെണ്ണാ’ അവൾ. ഒരു വിധം നന്നായി പഠിക്കുമായിരുന്നു. തന്റെ പാവാടകളും ഉടുപ്പുമൊക്കെ അണിഞ്ഞാ അവൾ സ്‌കൂളിൽ വന്നിരുന്നത്.അവൾക്കൊരു ആഗ്രഹം ഉണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞു ടി. ടി. സിക്ക് പോകണം. സ്‌കൂൾ ടീച്ചർ ആകണം, ഇതൊക്കെ അവൾ പലപ്പോഴും
പറഞ്ഞിരുന്നു. അതൊക്കെ മറന്നു ഇപ്പോൾ കല്യാണം കഴിച്ചു വീട്ടമ്മയായി കഴിയുന്നോ?
‘അവൾ ടീച്ചർ ആവണം, അതിനു പഠിക്കണം എന്നൊക്കെ പറഞ്ഞിരുന്നല്ലോ?’
‘അതിനു കാശ് വേണ്ടേ തമ്പ്രാട്ടി? മംഗലോം കഴുഞ്ഞു ഇപ്പോൾ വയറ്റിക്കണ്ണിയാ..’
നന്ദിനി ഒന്നും പറഞ്ഞില്ല. ഇവർക്കൊക്കെ ഫീസ് ആനുകൂല്യം ലഭിക്കും. പക്ഷെ അതൊക്ക ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടേ? എന്തായാലും അവളുടെ ‘കുടി ‘വരെയൊന്നു പോയി നോക്കട്ടെ.ചിറവരമ്പത്തൂടെ നടന്നു ‘പെലത്തറയിൽ’ എത്തി. പുറത്തൊന്നും ആരും ഇല്ല. വല്ല പാടത്തു പണിക്കും പോയിരിക്കും.
‘ആരൂല്യെ ഇവിടെ?’നന്ദിനി ഉറക്കെ ചോദിച്ചു. അകത്തോരനക്കം കേട്ടു. കുറച്ചുകഴിഞ്ഞ് ചെറ്റവാതിൽ തുറന്നു ചിരുതേയി പുറത്തു വന്നു. വിളറി വെളുത്തു, വലിയ വയറും വലിച്ചു ഒരു പേക്കോലം പോലെ ചിരുതേയിയെ കണ്ടു നന്ദിനി അന്തം വിട്ടു. കരിക്കറുപ്പാണെങ്കിലും അവൾ സുന്ദരിയായിരുന്നു.ചുരുണ്ട മുടിയും നീണ്ടിടപെട്ട തിളങ്ങുന്ന കണ്ണുകളും ഉണ്ടായിരുന്നു.
‘ നിനക്കെന്തു പറ്റി,ചിരുതേയീ?’
അവൾ തേങ്ങിത്തേങ്ങി കരഞ്ഞു. നന്ദിനി അവിടെ വരുമെന്ന് ഒട്ടും കരുതിയതല്ല. കുടിയിൽ ഒന്ന് ഇരിക്കാൻ പറയാൻ പോലും ഒന്നുമില്ല. നന്ദിനി മെല്ലെ മെല്ലെ നടന്നു. കൂടെ ചിരുതേയിയും. പത്തുവരെ പഠിച്ചു പാസായിട്ട് ജീവിതം തുലക്കുന്നതെന്തിന്?
‘ എന്തായാലും നിന്റെ പ്രസവം കഴിയട്ടെ. ഞാൻ വന്നു നിന്നെ കണ്ടോളാം. നിനക്കൊരു ജോലി കിട്ടും.അത് മറക്കരുത്. ടി.ടി.സി ഒന്നും പഠിച്ചില്ലെങ്കിലും നിനക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടും. അങ്ങനെ ഒരു ജോലിയും.’
പിറ്റേന്ന് നന്ദിനി ജോൺസണോട് ഇക്കാര്യം ഫോണിൽ പറഞ്ഞു. ദിനേശനും വിവരമറിഞ്ഞ് സഹായത്തിനെത്തി. പുതിയ വിദ്യുച്ഛക്തി വിഭാഗത്തിൽ നിയമനത്തിന്റെ സമയമായിരുന്നു. ചിരുതേയിയുടെ അപേക്ഷ നന്ദിനി തന്നെ പൂരിപ്പിച്ചു അവളുടെ ഒപ്പും വാങ്ങി അയച്ചു.പ്രസവിച്ച് ഒരാഴ്ചയ്ക്കകം ചിരുതേയി ജോലിയിൽ പ്രവേശിച്ചു. നാട്ടിൽ അത് ഒരു വാർത്തയായിരുന്നു. നന്ദിനിയെ കാണാൻ ചിരുതേയി വന്നത് വലിയ സന്തോഷത്തിലായിരുന്നു. കോളേജിൽ അപേക്ഷ കൊടുക്കാൻ പോയി തിരിച്ചു വന്നിരിക്കുകയായിരുന്നു നന്ദിനി. അവിടെ അടുത്തു തന്നെയായിരുന്നു ചിരുതേയിയുടെ ജോലി സ്ഥലം. അവൾ അവിടെ ഒരു കൊച്ചു വീട് വാടകയ്ക്ക് എടുത്തു. അവളുടെ അമ്മ കൂടെ കുഞ്ഞിനെ നോക്കാൻ ഉണ്ടായിരുന്നു. ഒരു നല്ല കാര്യം ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി നന്ദനയ്ക്ക്.
കോളേജിൽ ക്ലാസുകൾ തുടങ്ങാറായിരുന്നു.നന്ദിനി വീണ്ടും ഹോസ്റ്റലിൽ എത്തി. വെറോനിക്കാമ്മ അവൾക്കുള്ള നല്ല മുറിയൊക്കെ ഒരുക്കിയിട്ടിരുന്നു. ജോൺസന്റെ വീട്ടിൽ വിവാഹത്തിന് പോയപ്പോൾ ഒന്നിച്ചെടുത്ത ഫോട്ടോ അവൾ പുസ്തകത്തിന് അകത്ത് മറച്ചുവച്ചിരുന്നു. ഇടയ്ക്ക് ആ ഫോട്ടോയിൽ നോക്കിയിരുന്നു സംസാരിക്കുന്നത് നന്ദിനിക്ക് വലിയ സംതൃപ്തി നൽകിയിരുന്നു.ആരും കാണാതിരിക്കാനുള്ള ശ്രമം ആയിരുന്നു പ്രധാനം, പ്രത്യേകിച്ച് നളിനി. അവൾക്ക് രഹസ്യങ്ങൾ കണ്ടുപിടിക്കാൻ വലിയ കഴിവായിരുന്നു.ഒരിക്കൽ ഫോട്ടോ അവൾ കണ്ടെടുക്കുക തന്നെ ചെയ്തു. പക്ഷേ പ്രത്യേകിച്ചൊന്നും ചികഞ്ഞെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. കാരണം പടത്തിൽ തന്നോട് ചേർന്ന് നിന്നത് ദിനേശേട്ടൻ ആയിരുന്നു. ദിനേശേട്ടന്റെ തോളിലൂടെ കൈയിട്ടു കാമിനിയുടെ പുറത്ത് ചിത്രം വരച്ചു തന്നെ അസ്വസ്ഥത ആക്കിയിരുന്ന
ReplyForward
വില്ലൻ ആണ് ശരിയായ നായകനെന്ന് ആർക്കും മനസ്സിലായില്ല! ദിനേശനും, നന്ദിനിയുമായുള്ള ബന്ധം കോളേജിൽ അംഗീകരിക്കപ്പെട്ടതായിരുന്നല്ലോ.
‘കള്ളച്ചിരി ഒതുക്കി കുസൃതിക്കാരൻ ഒന്നും അറിയാത്തവനെ പോലെ നിൽക്കുന്നത് കണ്ടില്ലേ?’
ചെഞ്ചുണ്ടിൽ ആരും അറിയാതെ ചുംബിച്ചു നന്ദിനി തൃപ്തി അടഞ്ഞു. ഒരിക്കൽ ഫോണിലൂടെ ഇക്കാര്യം പറഞ്ഞു കുറെ ചിരിച്ച നന്ദിനിയോട് ജോൺസൺ രഹസ്യം പറഞ്ഞു.
‘ എന്റെ കയ്യിലെ ഫോട്ടോയിൽ നിന്നും ദിനേശൻ അപ്രത്യക്ഷനായി കേട്ടോ?’
‘ഹേ… എന്തായീ കാണിച്ചേ? അത് ആരെങ്കിലും കണ്ടാലോ.’
‘ കാണട്ടെ, അച്ചായന്റെ കൂടെ നിൽക്കണ നായരച്ചിയേ എല്ലാവരും കാണട്ടെ.’
‘ ജോൺസേട്ടാ… വേണ്ടാട്ടോ… എന്നെ വിഷമിപ്പിക്കല്ലേ.’
‘എന്റെ ചക്കരേ…ജോൺസേട്ടന്റെ പൊന്നു വിഷമിക്കില്ലാട്ടോ..’
‘ വീട്ടിൽ എങ്ങാനും ഒരു തുമ്പ് കിട്ടിയാൽ തീർന്നു….എല്ലാം… എന്റെ പഠിപ്പും.’
‘അതിനു പുളിക്കും… അന്ന് നീ എന്റെ സ്വന്തം ശ്രീമതി!’
‘ പോ….ജോൺസേട്ടാ, കളിക്കേണ്ടാട്ടോ… എനിക്ക് പഠിക്കണം. വയസ്സ് പതിനേഴേ ആയിട്ടുള്ളൂ… ഓർത്തോ..’
‘ മധുരപ്പതിനേഴുകാരി…വിരുന്നുകാരീ …’
‘ മതി….മതി…നിർത്ത്.. അടുത്ത് ആരെങ്കിലുമുണ്ടോ?’
‘ ഇല്ലാ … അതാണ് കഷ്ടം.. എന്റെ സന്തോഷം പങ്കുവയ്ക്കാൻ ആരും ഇല്ല വരുന്നോ കോട്ടമൈതാനത്ത്? എനിക്കിത് അവിടെനിന്ന് ഒന്നു വിളിച്ചു കൂവണം.’
‘ മതി.. മതി.. ഞാൻ നിർത്താ.. ഇതെന്താ പ്രാന്തായോ?’
‘ ആ… പ്രാന്ത് തന്നെ… എന്റെ പൊന്നേ…’
പിന്നെ നിർത്താതെ ചുംബന വർഷമായിരുന്നു. നന്ദിനി നിന്നു കോൾമയിർ കൊണ്ടു. ഹോസ്റ്റലിൽ ആരുമില്ലാത്ത തക്കത്തിലൊന്നു വിളിച്ചതാ… ആരെങ്കിലും വരുന്നതിനു മുൻപ് ഫോൺ താഴെ വച്ചു നന്ദിനി.ചെവിച്ചുവട്ടിലും കവിളിലുമൊക്കെ ചുടുചുംബനങ്ങൾ ഇപ്പോഴും അരിച്ചു നടക്കുന്നു.
രാവിലെ പുതിയ ക്ലാസ്സ് തുടങ്ങുകയാണ്.കണക്ക് മെയിൻ എടുത്തത് ഭാവിയിൽ ടീച്ചർ ആകുമ്പോൾ പഠിപ്പിക്കാൻ നല്ല വിഷയം ആണെന്നു തോന്നിയതിനാലാണ്.
ക്ലാസുകൾ അധികം തുടങ്ങിയിരുന്നില്ല. പലപ്പോഴും ഒഴിവായിരുന്നു. പഴയ ചില കൂട്ടുകാരെയൊക്കെ പരിചയപ്പെട്ടു. പുതിയ കുട്ടികൾക്കായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടായിരുന്നു. ഒരുപാട് പുതിയ കുട്ടികൾ എത്തിയിരുന്നു.ഈ കൂട്ടത്തിൽ നാരായണിയും വേണ്ടതായിരുന്നു.പക്ഷേ ആ മണ്ടിപ്പെണ്ണിന് അത് മനസ്സിലാവേണ്ടേ?
അവൾക്കു നന്ദിനിയുടെ പുസ്തകങ്ങൾ കണ്ടിട്ട് തല ചുറ്റുന്നുവെന്നാണ് പറഞ്ഞത്.അവൾ പഠിക്കാൻ ഇറങ്ങി എങ്കിൽ നന്ദിനിക്ക് അല്പം ആശ്വസിക്കാമായിരുന്നു.ഇപ്പോൾ വീട്ടിൽ ഒരു പ്രശ്‌നം കൂടെ ഉണ്ടാകാം. പത്താംക്ലാസ് കഴിഞ്ഞ് നിൽക്കുന്ന നാരായണിക്ക് വിവാഹാലോചനകൾ വരുമ്പോൾ ഭൂകമ്പത്തിന് ആണ് സാധ്യത. നന്ദിനി ഇനി എത്രകാലം പഠിക്കാൻ ഉദ്ദേശിക്കുന്നു എന്ന് ആർക്കറിയാം? ചേച്ചിയെ നിർത്തി അനിയത്തിയെ കല്യാണം കഴിച്ചയയ്ക്കുന്നതെങ്ങനെ ഒരു വലിയ ചോദ്യം അവിടെ ഉയരും എന്നത് നന്ദി മനസ്സിൽ കണ്ടിരുന്നു. നാരായണി ആണെങ്കിൽ.
എടുത്തു വച്ചത് പോലെയാണ് വളരുന്നത്.’തള്ളിപ്പുളച്ചു ‘ വളരുന്നെന്ന് തന്നെ പറയാം. പതിനഞ്ചു വയസ്സ് കഴിഞ്ഞതേ ഉള്ളൂ. കണ്ടാൽ ഒരൊത്ത പെണ്ണ്.സൗന്ദര്യം ആണെങ്കിൽ വേണ്ടുവോളം.തൽക്കാലം ടൈപ്പും ഷോർട്ട് ഹാന്റും പഠിക്കട്ടെ. നന്ദിനി പറഞ്ഞു.
നാട്ടിൽ ഇപ്പോൾ ആ സ്ഥാപനം തുറന്നിട്ടുണ്ട്. എട്ടാം ക്ലാസ്സ് പഠിച്ചവർ പോലും ടൈപ്പ് പഠിക്കാൻ പോയിത്തുടങ്ങി. പഠിപ്പിന്റെ മഹാത്മ്യമൊക്കെ ആളുകൾക്ക് എന്ന് തിരിച്ചറിയാം. കമ്യൂണിസ്റ്റ് സർക്കാർ ഭരണത്തിൽ എത്തിയതോടെ താണ ജാതിക്കാരൊക്കെ ഉദ്യോഗം സ്വപ്നം കണ്ടു തുടങ്ങി. ജന്മിമാരുടെ ഭരണം അവസാനിച്ചു.
എല്ലാ കുടികിടപ്പു കാർക്കും പത്തു സെന്റ് പുരയിടം ലഭിച്ചു കഴിഞ്ഞു. ഭൂമിയൊക്കെ ജന്മിമാർക്ക് നഷ്ടപ്പെട്ടു എന്ന അവസ്ഥയാണ്. കേരളമൊന്നാകെ സമഗ്ര മാറ്റങ്ങൾ വന്നുപെട്ടു. തൊഴിലാളി, മുതലാളി, ജന്മി വ്യത്യാസങ്ങൾ ആകെ മാറ്റി ‘സമത്വം’ പാലിച്ചെന്നപ്രഖ്യാപനം കൊടുമ്പിരി കൊണ്ടു.
About The Author
No related posts.