മനുഷ്യരിലെ മനുഷത്വമെവിടെ ? – കാരൂർ സോമൻ, ലണ്ടൻ

Facebook
Twitter
WhatsApp
Email

മുഖ്യമന്ത്രി പിണറായി വിജയൻ വർഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ വ്യക്തികൾക്കെതിരെ പരസ്യ മായി അറിയിച്ചത് ‘ആട്ടിൻ തോലിട്ട  ചെന്നായ്ക്കൾ രക്തം കുടിക്കാൻ വരുന്നുണ്ട്’. ആലപ്പുഴയിൽ ഒൻപത് വയസ്സുള്ള കുട്ടിയുടെ നാവിൽ നിന്ന് വന്നതും മത വർഗ്ഗീയത കോരിയൊഴിക്കുന്ന മുദ്രാവാക്യങ്ങളായിരിന്നു.  കേരളം എങ്ങോട്ടാണ് പോകുന്നത്? കാലം എല്ലാം നിശ്ശബ്ദം കേട്ടിരിക്കാറുണ്ട്. ഉറക്കത്തിലാണ്ടുപോയ മനുഷ്യർ ഉണരാൻ കാരണമായത് മുഖ്യമന്ത്രി മത വർഗ്ഗീയതയുടെ കോടാലി വീശിയപ്പോഴാണ്. കേരളത്തിൽ വർ ഗ്ഗീയതയുടെ വിത്ത് വിതച്ചിരിക്കുമ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വർഗ്ഗീയ കൊയ്ത്തു തുടരുന്നു. അവിടെ പാവങ്ങളോട് ക്രൂരതയും സ്തീകളോടെ പരാക്രമവും ഇതര മതസ്ഥരോട് അസഹിഷ്ണതയും  ഇന്നും തുടരുന്നു. ഈ കാടത്വത്തിന് കൂട്ടുനിൽക്കുന്നവരുടെ സൽസ്വഭാവം ദുഃസ്വഭാവമാണ്. സത്യം മിഥ്യ യാണ്. ജാതിഭ്രാന്തിൽ മനുഷ്യരുടെ ജ്ഞാനവും വിവേകവും നഷ്ടപ്പെടുന്നു. അധികാര മിടുക്കിനൊപ്പം അഹംങ്കാരവും വളരുന്നു. അവരിൽ കാണുന്ന വിവേകം വക്രബുദ്ധിയാണ്. വാളിന് തീക്ഷ്ണത കൂടുന്നതുപോലെ മതസ്പർദ്ധ യൗവനക്കാരുടെയിടയിൽ വളർത്തുന്നു.ഗുരു ശങ്കരാചാര്യർ പറഞ്ഞത് ‘കർത്താവില്ലാതെ ഒന്നുമില്ല. അതിനാൽ  ഈ മണ്ണിന് ഒരു കർത്താവുണ്ടാകണം. അതാണ് ഈശ്വരൻ’. ഗുരുദേവൻ 1922-ൽ പറഞ്ഞു. ‘മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി’. നമ്മൾ 2022-ൽ എത്തിനിൽക്കുമ്പോൾ കാറൽ മാർക്‌സ് പറഞ്ഞ ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നു’ തെളിയുന്നു. നമുക്കിപ്പോൾ ഈശ്വരൻ എന്നാൽ മതമാണ്. ഇത് സമൂഹത്തിൽ നിന്ന് ത്യജിക്കപ്പെടേണ്ട ദുരാചാരമാണ്. ഇല്ലെങ്കിൽ മനുഷ്യബന്ധങ്ങൾ വേരോട് പിഴു തെറിയേണ്ടിവരുമെന്നോർക്കുക.

അറിവില്ലാത്തവന്റെ പോഴത്തം പോലെ വിഷയലമ്പടന്മാരുടെ വാക്കുകൾ നമ്മുടെ മനസ്സിനെ മലിനപ്പെടുത്തും. അറിവുള്ളവന്റെ വാക്ക് നമ്മെ ശക്തീകരിക്കുന്നു.നല്ല വാക്കുകളിൽ ചിരിയും പുഞ്ചിരിയു മുണ്ട്. അട്ടഹസിക്കുന്ന വാക്കുകൾ വില്ലിൽ നിന്നകലുന്ന ശരംപോലെയാണ്. അത് പലരിലും മുറിവുകളുണ്ടാക്കുന്നു. ഇങ്ങനെ സോഷ്യൽ മീഡിയയടക്കം അധിക്ഷേപം നടത്തുന്ന മൂഢൻമാർ ധാരാളമുണ്ട്. എന്റെ നാട്ടിലും ചിലരെ കണ്ടു.മുൻകാലങ്ങളിൽ വാക്കുകൾ ഔഷധിയായിരിന്നു.വിശുദ്ധിയുണ്ടായിരുന്നു. വ്യക്തി ഹത്യ, പരിഹാസമില്ലായിരുന്നു. കാലം എത്ര തകിടം മറിഞ്ഞാലും എന്ത് രാഷ്ട്രീയ മതമായാലും നല്ല മനുഷ്യരുടെ വാക്കുകൾക്ക് സൗന്ദര്യ ലഹരിയും  തിളക്കവും ശോഭയുമുണ്ട്. സ്വാർത്ഥതയുള്ളവർ ജടിലവും കുടിലവും നിറഞ്ഞ തന്ത്രങ്ങൾ മെനഞ്ഞു മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെന്നായ്ക്കളെപ്പോലെ ചാടിവീഴും. അവർ സമൂഹത്തിൽ വിനാശകാരികളാണ്. മതങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നവർ തിമിരം ബാധിച്ച ദൂരകാഴ്ചകളുള്ളവ രാണ്.  ഈ വിഷസർപ്പങ്ങളെ ജനങ്ങൾ തിരിച്ചറിയണം.

ഒരു ട്രെയിൻ യാത്രക്കിടയിൽ ഗുരുദേവനോട് ഒരു ബ്രാഹ്‌മണൻ ചോദിച്ചു. ‘എന്താണ് താങ്കളുടെ പേര്? ഉത്തരം. നാരായണൻ. അടുത്ത ചോദ്യം. ഏതാ ജാതി.അതിനുള്ള ഉത്തരം. കണ്ടാൽ അറിയില്ലേ? വീണ്ടും ചോദ്യം. ഇല്ല എനിക്ക് തീർച്ചപ്പെടുത്താനാകുന്നില്ല. ഗുരുവിന്റെ ഉത്തരം. കണ്ടാൽ അറിയില്ലെങ്കിൽ പിന്നെ കേട്ടാൽ എങ്ങനെ അറിയാൻ? ആ ഉത്തരത്തിൽ ബ്രാഹ്‌മണൻ ഇളിഭ്യനായി’. ഈ കൂട്ടരാണ് ഹിന്ദുവെന്ന സംസ്‌ക്കാരത്തിന്റെ പ്രതിനിധികളായി വന്നിരിക്കുന്നത്.തങ്ങളുടെ പിതാക്കന്മാർ ഈ ജാതിയുടെ പിൻതിരിപ്പൻ നയത്തിൽ അനുഭവിച്ച ദുഃഖ ദുരിതങ്ങൾ സ്വകാര്യപുർവ്വം മറക്കുന്നു.  മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരു ചിന്തയിൽ നിന്ന് ഈഴവ സമുദായത്തിലെ കുറച്ചു പേർ ഒരു ശങ്കയും കൂടാതെ വഴുതി പ്പോകുന്നു. അതൊരു സാംസ്‌ക്കാരിക മാറ്റത്തിന്റെ മാനദണ്ഡമല്ല അതിലുപരി പീറ പദവികളോടുള്ള രോഗാതുരമായ കാഴ്ചപ്പാടാണ്. ഗുരുദേവൻ ഒരു മതത്തിന്റെ വക്താവ് ആയിരുന്നില്ല. കേരളത്തിലെ സാമുഹിക  വിപ്ലവത്തിന് തുടക്കം കുറിച്ച 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ട ഈ കൂട്ടർ മറന്നോ? എന്താണ് ആ പ്രതിഷ്ടയുടെ സന്ദേശം. ‘ജാതിഭേദം മതദ്വേഷവുമേതുമില്ലാതെ’. സമത്വം, സാഹോദര്യം സാമൂഹിക നന്മകൾ മാത്ര മാണ് ഗുരുദേവൻ കണ്ടത് അല്ലാതെ ജാതി മത നന്മകളല്ല.

നമ്മൾ മനസ്സിലാക്കേണ്ടത് ജാതിതിരിച്ചുള്ള ഹിന്ദു എന്നത് ഒരു സംസ്‌ക്കാരമാണ്. അല്ലാതെ  ജാതി മതമല്ല. ഈഴവൻ എന്നത് ഒരു ജാതി മതത്തെ സൂചിപ്പിക്കുന്നില്ല. ലങ്കയിൽ നിന്ന് വന്നവൻ-ഈഴവൻ എന്നർത്ഥമാണ്. അതിനിടയിൽ കേരളത്തിന്റെ സമുദായ മൈത്രി തകർക്കാൻ കുറെ പൊള്ളത്തരങ്ങളുമായി      ഈഴവരടക്കമുള്ള കുറെ പിന്നോക്ക സമുദായങ്ങളെ  തോളിലിരിക്കാൻ കണ്ടെത്തലുകൾ നടത്തുമ്പോഴാണ് കുറെ ക്രിസ്തിയാനികളെക്കൂടി ആ കുടകീഴിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.പലരും ആ പാളയത്തി ലേക്ക് ചാടിയത് പദവികൾ കണ്ടാണ്. അല്ലാതെ മറ്റുള്ളവരുടെ നന്മകൾ തേടിയല്ല. ക്രിസ്ത്യൻ പുരോഹിതർ, കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. ദേവാലയങ്ങൾ അടിച്ചുപൊളിച്ചാൽ പോലും പല സഭാമേലധികാരികളും മൗനികളാണ്. തള്ളിപറയേണ്ടവരെ തള്ളിപ്പറയാറില്ല. അധികാരികളുടെ മുന്നിൽ മുട്ടുമടക്കുന്നു.    മുൻകാലങ്ങളിൽ ഈഴവരടക്കമുള്ള പിന്നോക്ക സമുദായങ്ങളോടെ ചെയ്തിട്ടുള്ള ക്രൂരതകൾ പോലെയാണ് യൂ.പി. ഒഡീസ, ഗുജറാത്തിൽ ക്രിസ്ത്യൻ മുസ്ലിം ന്യൂനപക്ഷങ്ങളോട്, പിന്നോക്ക സമുദായങ്ങളോടെ ഈ വരേണ്യവർഗ്ഗം  ചെയ്യുന്നത്. ലോകം തന്നെ വിറങ്ങലിച്ച സംഭവമല്ലേ ക്രിസ്ത്യൻ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റൈയിനെയും രണ്ട് കുഞ്ഞുങ്ങളെയും ഒഡീസയിൽ ജീപ്പിലിട്ട് ചുട്ടെരിച്ചത്. ലോക ജനതയെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നില്ലേ? എത്രയോ ലോക നേതാക്കൾ പ്രതിഷേധിച്ചു.  അങ്ങനെ എത്രയോ പാവപ്പെട്ട ക്രിസ്തിയാനികളെ ചുട്ടുകൊന്നു. എത്രയോ പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും ദേവലയങ്ങൾ തകർക്കുന്നു. എന്തെങ്കിലും ഒരു മാറ്റം വരുത്താൻ ക്രിസ്ത്യൻ സഭകൾക്ക് സാധിച്ചി ട്ടുണ്ടോ? ഇന്ത്യക്കാരൻ മനസ്സിലാക്കേണ്ടത് ലോകത്ത് ഏറ്റവും കൂടുതൽ അംഗബലമുള്ളത് ക്രിസ്തിയാനി കൾക്കാണ്. ഈ ലോകത്തെ നിയന്ത്രിക്കുന്നതും അവരാണ്. ഞാൻ പാർക്കുന്ന ബ്രിട്ടനിലോ മറ്റ് ക്രിസ്ത്യൻ രാജ്യങ്ങളിലോ മതത്തിന്റെ പേരിൽ ആരെയും പീഡിപ്പിക്കുന്നില്ല. ഇന്ത്യയിൽ എന്തുകൊണ്ടാണ് ജാതി മതങ്ങൾ വളരുന്നത്? ഇവരെ തീറ്റിപോറ്റുന്നത് ആരാണ്?  ന്യൂനപക്ഷങ്ങൾ, പിന്നോക്ക സമുദായങ്ങൾ എന്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്നു? മതങ്ങളുടെ വിഴുപ്പ് ചുമക്കാൻ വിദ്യാസമ്പന്നർ മുന്നോട്ട് വരില്ല. മതത്തിന്റെ ഭ്രാന്തൻ കോശങ്ങൾ അവരുടെ തലച്ചോറിൽ വളരില്ല. ഏത് മതത്തിൽപ്പെട്ട വ്യക്തിയായാലും വർഗ്ഗീയ വിഷം വിതക്കുന്നവരെ തുറുങ്കിലടക്കുകയാണ് വേണ്ടത്. മനുഷ്യർ പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുമ്പോൾ ജാതി പടയിറങ്ങി അഴിഞ്ഞാടുന്നു. വിശക്കുന്ന വയറിന് ഭക്ഷണമാണ് വേണ്ടത് അല്ലാതെ ജാതിമതങ്ങളുടെ പിടിയില മരുകയല്ല വേണ്ടത്. ഏത് പാർട്ടിയായാലും നന്മയും കാരുണ്യവും സ്‌നേഹമുള്ളവർ ജയിച്ചുവരട്ടെ. എന്നാൽ ജാതിപ്പേരിൽ വോട്ടുകൊടുത്താൽ അജ്ഞാനമാകുന്ന അന്ധകാരത്തിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്. മതമൈത്രിക്ക് പകരം മതസ്പർദ്ധ വളരുമെന്നോർക്കുക. ക്രിസ്തിയാനികളുടെ കുറെ വോട്ടിനുവേണ്ടി വിടു വായന്മാരെയിറക്കിയാൽ വോട്ട് കിട്ടില്ല. അവർ മാത്രമല്ല  മനുഷ്യ സ്‌നേഹികളാരും മുന്നോട്ട് വരില്ല. ഈശ്വരന് ജാതിമതമില്ലെന്നെള്ളുത് വിവേകമുള്ളവർക്കറിയാം. അധികാരത്തിന്റെ അപ്പക്കഷണം തിന്ന് കൊഴുത്തുതടിക്കാൻ ജാതിമതവുമായി വരുന്നവരെ അനുഗമിക്കാതിരിക്കുക. മത മൗനവ്രതം ഉപേക്ഷിക്കുക. ജാതിപറഞ്ഞു പരസ്പ്പരചിദ്രം വളർത്താതെ മനസമാധാനമായി ജീവിച്ചുമരിക്കാൻ അനുവദിക്കുക. മതമല്ല വലുത് മനുഷ്യനാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *