വിളാകം റെസിഡന്‍സ് അസോസിയേഷന്റെ അടിയന്തര സമിതി യോഗം ചേരാന്‍ തീരുമാനിച്ചത് പ്രസിഡണ്ട് കോയിക്കല്‍ കുഞ്ഞുമോന്‍ ചേട്ടന്‍ ആണ്. അസോസിയേഷന്റെ സെക്രട്ടറി ബി. പി. രാജേഷ് കുമാറിന്റെ കുടുംബ വീട്ടില്‍ നടന്ന പ്രശ്‌നങ്ങള്‍ അടിയന്തര മായി ചര്‍ച്ച ചെയ്യണമെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആണ് യോഗം ചേരാന്‍ തീരുമാനിച്ചത്.
രാവിലെ 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു.
ഈശ്വര പ്രാത്ഥന കഴിഞ്ഞപ്പോള്‍ തന്നെ
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ മാവിന്‍ കൂട്ടത്തില്‍ സുഗുണന്‍ ചാടി എഴുന്നേറ്റു മുദ്രാവാക്യം വിളിച്ചു
‘ആഭാസനായ സെക്രട്ടറി ബി.പി.രാജേഷ് കുമാര്‍ രാജിവെയ്ക്കുക.
നമ്മുടെ കോളനിയുടെ പേര് നശിപ്പിച്ചു… കുടുംബ വീട്ടില്‍ എത്തിയ ഭാര്യ രണ്ടു സ്ത്രീകളുടെ കൂടെ ‘കാണരുതാത്ത സാഹചര്യത്തില്‍’ കണ്ടെന്നും ഒക്കെ നാട്ടില്‍ പാട്ടായി..
ബി. പി രാജേഷ് കുമാര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..
‘ഞാനൊരു ട്രാന്‍സ്പോര്‍ട് ബിസിനസുകാരനാണ്. എന്നെ കാണാന്‍ പലരും വരും. എനിക്ക് അയ്യായിരത്തിലധികം കസ്റ്റമേഴ്‌സ് ഉണ്ട്.അവരോട് ബിസിനസ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരും. അസോസിയേഷന്റെ സെക്രട്ടറി ആയത് കൊണ്ട് കസ്റ്റമേഴ്‌സിനെ കളയാന്‍ പറ്റുമോ..? കസ്റ്റമറേ സഹായിക്കാത്തവര്‍ പൊട്ടന്മാര്‍ ആണ്.. സത്യം ആണെന്റെ ദൈവം..
മാവിന്‍ കൂട്ടത്തില്‍ കാര്യങ്ങള്‍ അറിയാതെ എന്നെ കുറ്റപ്പെടുത്തുന്നു എന്റെ ഭാര്യ പോലും എന്നോട് കോംപ്രമൈസ് ആയി.എന്റെ കുടുംബകാര്യം അസോസിയേഷന്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.’
അസോസിയേഷന്‍ പ്രസിഡന്റ് കോയിക്കല്‍ കുഞ്ഞുമോന്‍ ചേട്ടന്‍ ചര്‍ച്ചക്ക് വിരാമമിട്ട് ഗൗരവത്തോടെ കാര്യങ്ങള്‍
വിശദീകരിച്ചു…..
‘ഇതൊരു താര്‍ക്കിക പ്രാധാന്യം ഉള്ള സംഭവം ആണ്.
വസ്തുനിഷ്ഠ ഘടകത്തെ മാത്രം നോക്കി ആത്മ നിഷ്ഠഘടകത്തെ കാണാതെ ഒരു ഘട്ടത്തെ നിര്‍ണയിക്കാന്‍ കഴിയില്ല.
നമ്മുടെ സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന ഒരു വ്യവസായിയാണ്. അദ്ദേഹത്തിന് ഒരുപാട് ക്ലയിന്റ്‌സുകള്‍ ഉണ്ടാവും.
സെക്രട്ടറിയുടെ കുടുംബവീട്ടില്‍ നടന്ന സംഭവം ഞാന്‍ വിശകലനം ചെയ്തു മനസ്സിലാക്കി.
ബിസിനസ് കാര്യം ചര്‍ച്ച ചെയ്യാന്‍ രണ്ടു സ്ത്രീകള്‍ രാജ്കുമാറിന്റെ കുടുംബവീട്ടില്‍ എത്തി.
ചര്‍ച്ചക്കിടയില്‍ അതില്‍ ഒരു സ്ത്രീ ബോധം കേട്ട് വീണു.
ഓഫീസില്‍ കസേരകള്‍ മാത്രം ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹവും മറ്റേ സ്ത്രീയും കൂടി അകത്തെ മുറിയില്‍ കൊണ്ട് പോയി.
ബോധം കേട്ടുകിടന്ന സ്ത്രീക്ക് കൃതിമ ശ്വാസം നല്‍കി കൊണ്ടിരിമ്പോള്‍ ആണ് അദ്ദേഹത്തിന്റെ ഭാര്യ വന്നതും ബഹളം വെച്ചതും. അവര്‍ ഒരു ഡിലുഷണല്‍ ഡിസൊര്‍ഡര്‍ അഥവാ ഒതല്ലൊ സിന്ധ്രുംസ് ഉള്ള സ്ത്രീയാണ്.
ഒരു പാവം സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച രാജേഷ് കുമാറിനെ നമ്മുടെ അസോസിയേഷന്‍ ആദരിക്കുകയാണ് വേണ്ടത്….’
കുഞ്ഞുമോന്‍ ചേട്ടന്റെ വിശദീകരണം നടക്കുമ്പോള്‍ സെക്രട്ടറി രാജേഷ് കുമാറും മാവിന്‍ കൂട്ടത്തില്‍ സുഗുണനും സെക്രട്ടറിയുടെ മുറിയില്‍ ചര്‍ച്ചയില്‍ ആയിരുന്നു.
സെക്രട്ടറിയുടെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയ സുഗണന്‍ ഷര്‍ട്ടിന്റെ വീര്‍ത്ത പോക്കറ്റില്‍ അമക്കി പിടിച്ച് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു…
‘രാജേഷ് കുമാര്‍ജി സിന്ദാബാദ്…
കുഞ്ഞുമോന്‍ ചേട്ടന്‍ സിന്ദാബാദ്…
ലക്ഷം ലക്ഷം പിന്നാലെ..’
കുഞ്ഞുമോന്‍ ചേട്ടന്റെ വിശദീകരണം ഒന്നും മനസ്സില്‍ ആയില്ലെങ്കിലും മറ്റുള്ള കമ്മറ്റി അംഗങ്ങളും സുഗുണന്റെ മുദ്രാവാക്യം ഏറ്റു വിളിച്ചു.
മുദ്രാവാക്യത്തിനിടയില്‍ ആരോ ചോദിച്ചു ‘ഡിലുഷണല്‍ ഡിസോര്‍ഡര്‍ അഥവാ ഒതല്ലോ സിന്ധ്രം എന്നാല്‍ എന്താ…?’
ആരോ ഉത്തരവും പറഞ്ഞു….
‘സംശയ രോഗം ‘
(ഈ കഥയിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമാണ്…)











